മരണം വഴിമാറിയ നിമിഷം

memories
SHARE

1986 ൽ നടന്ന ഒരു സംഭവമാണ്. ആയുർവേദത്തിൽ സർവാംഗവാതം എന്ന പേരിൽ അറിയപ്പെടുന്ന ഗില്ലൻ ബാരി സിൻഡ്രോം എന്ന രോഗം ബാധിച്ച ഞാൻ കോട്ടയം ജില്ലയിലെ പാലായിൽ പ്രവർത്തിക്കുന്ന മാതാ ആയുർവേദ ആശുപത്രിയിൽ 36 വർഷം മുമ്പ് അഡ്മിറ്റായി. 1984ൽ കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ വിഭാഗത്തിൽ, ശരീരം മുഴുവൻ തളർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ മൂന്നു പ്രാവശ്യമായി ഏകദേശം ഒന്നേകാൽ വർഷം കിടക്കുകയും അവിടത്തെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സകൊണ്ട് മരണത്തിൽനിന്നു കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. 

തുടർന്ന് ഫിസിയോതെറപ്പി നിർദേശിച്ചെങ്കിലും എന്റെ അപ്പോഴത്തെ ശാരീരിക അവസ്ഥ അതിന് യോജിക്കാത്തതിനാൽ ആയുർവേദത്തെ ആശ്രയിക്കുകയായിരുന്നു. ശ്വാസകോശം സാധാരണ ഗതിയിൽ പ്രവർത്തനക്ഷമമാകാഞ്ഞതുകൊണ്ട് ചുമച്ചു തുപ്പാൻ എനിക്ക് സാധിച്ചിരുന്നില്ല. അതിനാൽ ഒരു ട്യൂബും തൊണ്ടയിൽ നിക്ഷേപിച്ചാണു ഡോക്ടർമാർ എന്നെ യാത്രയാക്കിയത്. കൈകാലുകൾ ശോഷിച്ച് ജോയിന്റുകളെല്ലാം ചലനമില്ലാതെ മെലിഞ്ഞുണങ്ങിയ അവസ്ഥയിലായിരുന്നു ഞാൻ. സ്പർശനശേഷി നശിച്ചിരുന്നില്ല, എന്റെ കഴുത്തിനു മുകളിലോട്ടു തളർച്ച ബാധിച്ചിരുന്നുമില്ല. ഈ രണ്ടു സാധ്യതകൾ മാത്രമായിരുന്നു ആ ആയുർവേദ ഡോക്ടർക്ക് എന്റെ മേലുള്ള പിടിവള്ളി. സന്ധിവാതരോഗത്തിനും പഞ്ചകർമ ചികിത്സകൾക്കും മറ്റനേകം രോഗങ്ങൾക്കുള്ള ചികിത്സകളിലും വിദഗ്ധനായിരുന്ന ഡോ.ടി.എൽ.പൈലി എന്നെ ധൈര്യസമേതം ഏറ്റെടുത്തു.

ഞാനും അമ്മയും ആ ആശുപത്രിയിലെ ഒരു മുറിയിൽ താമസമാക്കി. ചികിത്സകൾ ആരംഭിച്ചു. ഒരാഴ്ച സസുഖം പോയെങ്കിലും എന്റെ ഭാവം മാറിത്തുടങ്ങി. ചുമ, തുമ്മൽ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രയാസങ്ങൾ അലട്ടിത്തുടങ്ങി. രോഗശമനത്തിന് അനുയോജ്യമായ എല്ലാ മരുന്നുകളും ഡോക്ടർ യഥാസമയം നൽകിയെങ്കിലും എന്റെ അവസ്ഥ മോശമായിത്തുടർന്നു. എനിക്ക് ശ്വാസംമുട്ടൽ വർധിച്ചുവന്നു. മരുന്നുകൾ മാറിമാറിത്തന്നു. അദ്ദേഹത്തിന്റെ മരുന്നുകൾ ഒന്നും എന്നെ അപ്പോൾ തുണച്ചില്ല. ശ്വാസം ഉള്ളിലേക്കെടുക്കാനാകാതെ ഞാൻ തലയിട്ടടിച്ചുതുടങ്ങി. നാഡി പരിശോധിക്കുന്നതിനനുസരിച്ച് ഡോക്ടറുടെ മുഖം മങ്ങിത്തുടങ്ങി. 

ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. ആ സമയം ഒന്നും ചെയ്യാനാവാതെ നിന്ന ഡോക്ടറോട് എന്നിൽ അവശേഷിച്ചിരുന്ന അവസാന ശബ്ദവും എടുത്തു ഞാൻ പറഞ്ഞു : ‘ഇൻജക്‌ഷൻ ചെയ്യണം...’ബാക്കിയുണ്ടായിരുന്ന ശബ്ദത്തിൽ ഞാൻ എന്റെ ശ്വാസതടസത്തിന്റെ മരുന്നിന്റെ പേരും പറഞ്ഞുകൊടുത്തു അതോടെ ബോധവും നഷ്ടപ്പെടുന്നതായി തോന്നി. മരണം എന്റെ കിടയ്ക്കയ്ക്കരികിൽ നിൽക്കുന്നുണ്ട്. ശരീരം തണുത്തു തുടങ്ങി. വേഗം മരുന്നെത്തി. എന്റെ കൈവെള്ളയും നഖങ്ങളും നാക്കും ഓക്സിജൻ കിട്ടാതെ മെല്ലെ നീലച്ചുതുടങ്ങിയത് ഡോക്ടർ കാണുന്നുണ്ട്. പൾസ് റേറ്റും തീരെ താണിരിക്കുന്നു. അമ്മ കരയുകയാണ്. ശ്വാസം നിലയ്ക്കുകയാണ്.. മെല്ലെ എന്റെ കണ്ണുകൾ അടഞ്ഞു. 

പിന്നെ അമാന്തിച്ചില്ല. ഡോക്ടർ വിറയ്ക്കുന്ന കരങ്ങളാൽ സിറിഞ്ചിൽ മരുന്നെടുത്ത് എന്റെ കയ്യിലെ ഞരമ്പ് കണ്ടെത്തി മെല്ലെ കുത്തിവച്ചു. മരണം എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് എന്നെ ഉപേക്ഷിച്ച് മനസില്ലാമനസോടെ അവിടെനിന്നും ഇറങ്ങി. ഓക്സിജൻ വർധിച്ചുവന്നു, പൾസ് നോർമൽ ആയി. ഞാൻ കണ്ണു തുറന്നു. ആശ്വാസത്തിന്റെ നെടുവീർപ്പുകൾ എല്ലാവരിൽനിന്നും ഉയർന്നു. എന്റെ കവിളിൽ തട്ടി ഡോക്ടർ പറഞ്ഞു ‘താൻ എല്ലാവരെയും പേടിപ്പിച്ചുകളഞ്ഞല്ലോ.’ ആശങ്കകൾ അകന്നുപോയ ആ നിമിഷത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാൻ എല്ലാവരെയും നോക്കി ചിരിച്ചു. തുടർന്ന് ഏതാണ്ട് രണ്ടേകാൽ വർഷം തുടർച്ചയായി ആ ഡോക്ടറുടെ ചികിത്സയിൽ ഞാൻ ആ ആശുപത്രിയിൽ കിടന്നു. പഞ്ചകർമ ചികിത്സകൾകൊണ്ട് എനിക്കു പല മാറ്റങ്ങളും സംഭവിച്ചു. അതുവരെ അമ്മ ആഹാരം വാരിത്തന്ന് കഴിപ്പിച്ചിരുന്ന സ്ഥാനത്ത് ഇടതുകയ്യുടെ സഹായത്താൽ സ്വയം സ്പൂൺ ഉപയോഗിച്ച് കഴിക്കുവാൻ തുടങ്ങി. മാത്രമല്ല, കട്ടിലിലും ചക്രക്കസേരയിലും ഇരിക്കാൻ തുടങ്ങി.

കാലങ്ങൾ കടന്നുപോയി. ഒരു നാൾ ആ ഡോക്ടറും ഈ ലോകത്തുനിന്ന് വിടവാങ്ങി. ഞാൻ ഇപ്പോഴും ചക്രക്കസേരയിൽ ഉരുളുകയാണ്. ആ ഓർമകൾ ഒരിക്കലും മാഞ്ഞു പോകുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS