ADVERTISEMENT

കാലം കാത്തുവച്ച ഒരു സമാഗമമായിരുന്നു അത്. ആ നിശ്ചയത്തിനു മുന്നിൽ പ്രകൃതി പോലും വഴിയൊരുക്കിക്കൊടുത്തു. മൂന്നു ദിവസമായി ഇടവതടവില്ലാതെ പെയ്തിരുന്ന മഴ മാറി ആകാശം തെളിഞ്ഞു. മഴയിൽ കുതിർന്നു ചെളി പുതഞ്ഞ പാത സഞ്ചാരയോഗ്യമായി.
ശിവഗിരിക്കുന്നിന്റെ ഉച്ചിയിൽ പടിഞ്ഞാറേക്കു ദർശനമായുള്ള വൈദികമഠത്തിന്റെ മുറ്റത്തേക്കു സായാഹ്നസൂര്യൻ സ്വർണവെളിച്ചം വിതറി. ഗുരുവിന്റെ മുറിയുടെ വാതിൽ ചാരിയിട്ടിരിക്കുകയാണ്. സന്ധ്യാപ്രാർഥനയ്ക്ക് ഇനിയും നേരമുണ്ട്. അതുവരെ ഗുരു ധ്യാനത്തിലും വിശ്രമത്തിലുമാണ്.

ശിഷ്യരായ കവി കുമാരനാശാനും ഡോ.പൽപുവും സ്വാമി ശിവപ്രസാദും മറ്റു സ്വാമിമാരും നടരാജൻ മാസ്റ്ററും (പിൽക്കാലത്ത് നടരാജഗുരു) ശ്രീനാരായണ ഗുരു മുറിക്കു പുറത്തുവരുന്നതും കാത്ത് വൈദികമഠത്തിനു മുന്നിൽ നിൽക്കുകയാണ്. ഗുരുവിനെ അവർക്ക് ഒരടിയന്തര വിവരം അറിയിക്കണം. ഗുരുദേവ് രവീന്ദ്രനാഥ ടഗോറിന്റെ പേരിലുള്ള കമ്പി സന്ദേശം ആശ്രമത്തിൽ എത്തിയിരിക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം ഗുരുസവിധത്തിലെത്തുമെന്നാണു വിവരം. ടഗോർ എത്തുന്ന കാര്യം ഗുരുവിനെ നേരത്തേ അറിയിച്ചിരുന്നതാണ്. പക്ഷേ, എപ്പോഴാണ് എത്തുകയെന്നതിൽ നിശ്ചയമുണ്ടായിരുന്നില്ല. ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ടഗോർ ആറ്റിങ്ങലിൽ മുസാവരി ബംഗ്ലാവിൽ വിശ്രമത്തിലാണ്.

Tagore
രവീന്ദ്രനാഥ ടഗോർ, പ്രോതിമ, യതീന്ദ്രനാഥ്, ദീനബന്ധു സി.എഫ്.ആൻഡ്രൂസ് എന്നിവർ തിരുവനന്തപുരം സന്ദർശനവേളയിൽ.

പക്ഷേ ആ സന്ദേഹങ്ങളെയെല്ലാം ഇല്ലാതാക്കിയാണ് ടഗോറിന്റെ കമ്പിസന്ദേശമെത്തിയത്. മഹാകവിയുടെ സന്ദർശനം പ്രമാണിച്ച് ശിവഗിരിയിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയായിരുന്നു. വിശ്വഭാരതി സർലകലാശാലയുടെ പ്രവർത്തനത്തിനുള്ള ധനശേഖരണാർഥമാണ് ടഗോർ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ വരവ്. ശിവഗിരിയും സന്ദർശിക്കണമെന്നാവശ്യപ്പെട്ട് ബ്രഹ്മസമാജത്തിന്റെ കേരള ഘടകം സെക്രട്ടറിയായിരുന്ന സ്വാമി ശിവപ്രസാദും ഡോ.പൽപുവും ടഗോറിന് കത്തെഴുതിയിരുന്നു.

‘ഗുരുദേവ് ടഗോർ താമസിയാതെ എത്തിച്ചേരും. ഗുരുവിനെ ഇക്കാര്യം അറിയിക്കാൻ എന്താണു മാർഗം?’ ഡോ.പൽപു വൈദികമഠത്തിന് മുന്നിൽ നിന്ന് ആരോടെന്നില്ലാതെ ചോദിച്ചു.
‘സ്വാമി തൃപ്പാദങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടാണ് ഇരിക്കുന്നത്’ കുമാരനാശാൻ മറുപടി പറഞ്ഞു.
മഹാകവിയും സംഘവും എത്തിച്ചേരുന്നു. ആനയും അമ്പാരിയും മേളവുമൊക്കെയുണ്ട്. ആറ്റിങ്ങലിൽ നിന്നു വഴിനീളെ സ്വീകരണമേറ്റുവാങ്ങിയാണു ടഗോർ എത്തുന്നത്. അലങ്കരിച്ച പല്ലക്കിലാണ് ടഗോറുള്ളത്. വീഥിയുടെ ഇരുവശത്തും വലിയ പുരുഷാരം. ടഗോറിനൊപ്പം , മകൻ യതീന്ദ്രനാഥ ടഗോർ, മരുമകൾ പ്രോതിമ, അദ്ദേഹത്തിന്റെ സെക്രട്ടറിയും അനുചരനുമായ ദീനബന്ധു
സി.എഫ്.ആൻഡ്രൂസ് എന്നിവരുണ്ട്. ശാരദാമഠത്തിനു മുന്നിലെ അശോകമരത്തിന്റെ ചുവട്ടിൽ ടഗോർ തന്റെ ബൂട്ടുകൾ അഴിച്ചുവച്ചു. കുമാരനാശാനും ഡോ.പൽപുവും ടഗോറിനെ സ്വീകരിച്ചു.

അവർണവിഭാഗക്കാരെന്നു മുദ്രകുത്തി മാറ്റിനിർത്തപ്പെട്ട സമൂഹത്തിൽ നിന്നുള്ള കുട്ടികളാണു പൂജ ചെയ്യുന്നതെന്നറിഞ്ഞപ്പോൾ ടഗോറിന് അദ്ഭുതമായി.

sivagiri
വൈദിക മഠത്തിൽ ശ്രീനാരായണ ഗുരു വിശ്രമിച്ചിരുന്ന മുറി. ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും കസേരകളും കാണാം.

രണ്ടു തേജസ്വികൾ കണ്ടുമുട്ടുന്നു

രവീന്ദ്രനാഥ ടഗോർ പർണശാലയുടെ വാതിൽക്കലെത്തിയ നിമിഷം തന്നെ അകത്തു ധ്യാനത്തിലാഴ്ന്നിരുന്ന ശ്രീനാരായണഗുരു വാതിൽ തുറന്നു പുറത്തുവന്നു. കൽക്കട്ടയിൽ നിന്നെത്തിയ ഗുരുദേവും കേരളത്തിന്റെ ഗുരുദേവനും തമ്മിൽ കണ്ടുമുട്ടി.
ടഗോർ കൈകൂപ്പി മന്ത്രിച്ചു : ‘Oh Great Saint’
പാദത്തിനു മുകളിൽ നിൽക്കുന്ന വെളുത്ത ഒറ്റമുണ്ടും അതേയിനം മേൽപ്പുതപ്പുമായിരുന്നു ഗുരുവിന്റെ വേഷം. ദീർഘകായനായ ടഗോർ പാദം വരെ നീണ്ടു കിടക്കുന്ന മേലങ്കിയാണണിഞ്ഞിരുന്നത്. നെഞ്ചിൽ വരെ പടർന്നു കിടക്കുന്ന നര വീണ താടി.
വൈദികമഠത്തിന്റെ വരാന്തയിൽ മെത്ത തടുക്കുകൾ വിരിച്ചു. പരസ്പരം പുഞ്ചിരിച്ചുകൊണ്ടു ടഗോറും ഗുരുവും അതിന്മേലിരുന്നു.
‘സംസ്കൃതത്തിലോ ആംഗലേയത്തിലോ ആകാമല്ലോ സംഭാഷണം’ ഗുരു പറഞ്ഞു.

ടഗോറിനു ബംഗാളി കലർന്ന സംസ്കൃതമേ അറിയൂ. ബംഗാളിൽ ഉപരിപഠനം നടത്തിയ കുമാരനാശാന് അവിടത്തെ ഭാഷ അറിയാം. ഡോ.പൽപുവിന് ഇംഗ്ലിഷും. ഗുരുശിഷ്യനും യോഗം ജനറൽ സെക്രട്ടറിയായിരുന്ന എൻ.കുമാരനും ഭാഷാജ്ഞാനിയാണ്. ടഗോർ പറഞ്ഞു:
‘അങ്ങയെ ദർശിച്ചതോടു കൂടി എന്റെ ഹൃദയത്തിന് ഒരു മാറ്റമുണ്ടായിരിക്കുന്നതു പോലെ ’
ഗുരു മന്ദഹസിച്ചതേയുള്ളൂ. ടഗോർ തുടർന്നു.
‘മതത്തിന്റെ പേരിൽ ഭിന്നാഭിപ്രായങ്ങളുമായി മനുഷ്യരെ വേർതിരിക്കുന്നത് അനീതിയാണ്. എല്ലാ മതങ്ങളും ഈശ്വരസാക്ഷാത്കാരത്തിനു വേണ്ടിയുള്ളതാണ്. താഴെത്തട്ടിലേക്കു മാറ്റി നിർത്തപ്പെട്ടവർക്കു വേണ്ടി അങ്ങു നടത്തുന്ന സേവനങ്ങളെപ്പറ്റി അറിയാം. അതിൽ എനിക്കു വലിയ ആദരവും സന്തോഷവുമാണുള്ളത്. ഗുരുവിനോടു ശിഷ്യരുടെയും ഭക്തരുടെയും മാത്രമല്ല എല്ലാ സാമാന്യജനങ്ങൾക്കുമുള്ള ആദരവും ഭക്തിയും നേരിട്ടു ബോധ്യമായി. അങ്ങ് ഏറെ പ്രവർത്തിച്ചിരിക്കുന്നു. കേരളം ഇന്നു ഭ്രാന്താലയമല്ല. ആരാധനാലയമാണ്. രാജ്യത്തിന് ഇവിടം മാതൃകയാണ്.’ഗുരുവിന്റെ മറുപടി ഒരു ചെറുവാക്യത്തിലൊതുങ്ങി.
‘അതു പറയത്തക്കവിധം ഞാൻ ഒന്നും പ്രവർത്തിച്ചിട്ടില്ലല്ലോ !’

കണ്ണു തുറന്നാൽ പോരാ, കാണണം

1892ലാണ് ഇവിടെയെത്തിയ സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലമെയെന്നു വിളിച്ചത്. മൂന്നു പതിറ്റാണ്ടിനു ശേഷം വിവേകാനന്ദന്റെ നാട്ടിൽ നിന്നെത്തിയ അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് കൂടിയായ രവീന്ദ്രനാഥ ടഗോർ അതിനൊരു തിരുത്തു നൽകുകയായിരുന്നു.
ഗുരുവിന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പിൻതള്ളി മുന്നോട്ടു ചലിക്കുന്നത് ടഗോർ മനസ്സിലാക്കിയിരുന്നു. ഗുരുവിന്റെ ദർശനങ്ങളും ആത്മീയവും സാമൂഹികവുമായ കാഴ്ചപ്പാടുകളും സമാനതകളില്ലാത്തതെന്നു ബോധ്യപ്പെട്ടു.
ജാതിമത ചിന്തകൾക്ക് അതീതനായ ഗുരു ഒരു ഏകലോക വ്യവസ്ഥിതിയുടെ ആചാര്യനും വിശ്വപൗരനുമാണെന്ന് സി.എഫ്.ആൻഡ്രൂസ് പറഞ്ഞു.

ഭാരതസംസ്കൃതിയോടു ആഭിമുഖ്യമുള്ള പാശ്ചാത്യനാണ് ആൻഡ്രൂസ്. ചിന്തകനും വിശാലമനസ്കനും പണ്ഡിതനുമായിരുന്ന ആൻഡ്രൂസ് ബ്രിട്ടിഷ് ഭരണാധികാരികൾ ഭാരതീയരോടു പുലർത്തിയിരുന്ന ധിക്കാരം നിറഞ്ഞ പെരുമാറ്റത്തെ എതിർത്തിരുന്നു. ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ആൻഡ്രൂസ് 1904ലാണ് ഇന്ത്യയിലെത്തുന്നത്. 1912ലാണ് ടഗോറിനെ നേരിൽ കാണുന്നത്. ‘ഗീതാഞ്ജലി’ ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കുന്നത് ആൻഡ്രൂസിന്റെ ശ്രമഫലമായിരുന്നു. ഗുരുദേവിനോടുള്ള ഭക്തിയിൽ പിന്നീട് ശാന്തിനികേതനിൽ താമസമാക്കുകയായിരുന്നു.

sarada-madom
ശിവഗിരിയിലെ ശാരദാമഠം. ശ്രീനാരായണ ഗുരുവിനെ കാണാനെത്തിയ രവീന്ദ്രനാഥ ടഗോർ ഇവിടെയാണ് ആദ്യമെത്തിയത്.

തെങ്ങിന്റെ പൊങ്ങ്, കാമ്പ്, കടച്ചക്ക, കശുവണ്ടി എന്നിവയാണു ശാരദമഠത്തിൽ നിന്നു ടഗോറിനു നൽകിയത്. കുടിക്കാൻ കരിക്കും. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഇതുപോലെ രുചികരമായ ലഘുഭക്ഷണം കഴിച്ചിട്ടില്ലെന്നു ടഗോർ പറഞ്ഞു.

ഗുരുവിനോടു യാത്ര പറയാൻ നേരമായി. ശിവഗിരിയിലെ സന്ദർശനപുസ്തകത്തിൽ ടഗോർ ഇംഗ്ലിഷിൽ കുറിച്ചു. അതിന്റെ മലയാള പരിഭാഷ ഇങ്ങനെ: ‘ഞാൻ ലോകത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചു വരികയാണ്. ഇതിനിടയിൽ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടു. എന്നാൽ ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും തന്നെ കണ്ടില്ല. അനന്തതയിലേക്കു നീളുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖ തേജസ്സും മറ്റു വൈശിഷ്ട്യങ്ങളും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.’

സി.എഫ്.ആൻഡ്രൂസും ആ കൂടിക്കാഴ്ചയെപ്പറ്റി സന്ദർശനപ്പുസ്തകത്തിലെഴുതി : ‘ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ ചൈതന്യമൂർത്തി ഭാരതത്തിന്റെ തേക്കേയറ്റത്തു വിജയിച്ചരുളുന്ന ശ്രീനാരാണഗുരുസ്വാമികളാണ്.’

ആശ്രമത്തിൽ നിന്ന് ഇറങ്ങുന്ന നേരം ടഗോർ ശ്രീനാരായണ ഗുരുവിന്റെ കൈകൾ ചേർത്തുപിടിച്ചു ചുംബിച്ചു. ശിവഗിരിയിൽ നിന്ന് കൊല്ലത്തേക്കാണ് അവർ പോയത്. അഷ്ടമുടിക്കരയിലുള്ള തേവള്ളിക്കൊട്ടാരത്തിലായിരുന്നു ആ രാത്രി. കായലിലേക്കു പതിക്കുന്ന നിലാവെളിച്ചം കണ്ടുകൊണ്ടു ടഗോർ കുറിച്ചു : ‘കർമനിരതനായ ആ ജ്ഞാനിയെ ദർശിച്ചതിന്റെ അലകൾ ഹൃദയത്തെ വീണ്ടും വീണ്ടും സ്പർശിക്കുന്നതു പോലെ.’

ശ്രീനാരായണ ഗുരുവിന്റെയും രവീന്ദ്രനാഥ ടഗോറിന്റെയും കൂടിക്കാഴ്ച കാലം പോറലേൽപ്പിച്ച ഒരു പരാമർശത്തിന് തിരുത്തായി. സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതും ഗുരുവിന്റെ പ്രവർത്തനങ്ങളിലൂടെ അതിനു മാറ്റം സംഭവിച്ചതും ടഗോർ നേരിട്ടു കണ്ടു മനസ്സിലാക്കി. കേരളം ഭ്രാന്താലയമല്ല, തീർഥാലയമാണെന്ന് അദ്ദേഹം പറഞ്ഞു.

മാമ്പഴം കൊണ്ടുവരാത്തതെന്ത്?

ടഗോറിനു വേണ്ടി ഒരുക്കിയ പൗരസ്വീകരണത്തിന് തിരുവനന്തപുരം വിജെടി ഹാളിന് (ഇന്നത്തെ അയ്യങ്കാളി ഹാൾ) എതിർവശത്ത് യൂണിവേഴ്സിറ്റി ലൈബ്രറി സ്ഥിതി ചെയ്യുന്നിടത്താണ് ഒരുക്കം. അവിടെ മൂന്നുനില പന്തലൊരുക്കി ടിക്കറ്റു വച്ചായിരുന്നു പ്രവേശനം.
കുമാരനാശാൻ ടഗോറിനെ വരവേറ്റു കൊണ്ടെഴുതിയ ‘ദിവ്യകോകിലം’ എന്ന സ്വാഗതകവിത പിന്നീട് തിരു–കൊച്ചി മുഖ്യമന്ത്രിയായ സി.കേശവൻ ആലപിച്ചു. മഹാകവി ഉള്ളൂർ ഇംഗ്ലിഷിലെഴുതിയ മംഗളപത്രം സമർപ്പിച്ചു. തിരുവിതാംകൂർ രാജകുടുംബം ടഗോറിനും സംഘത്തിനും വിരുന്നും വിശ്വഭാരതിക്ക് വലിയൊരു തുക സംഭാവനയും നൽകി.

തുടർന്നു കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും ആലുവയിലും ടഗോർ എത്തി. ആലുവ അദ്വൈതാശ്രമത്തിലും കുമാരനാശാൻ എഴുതിയ മംഗളപത്രം സമർപ്പിക്കപ്പെട്ടു. മഹാരാജാസ് കോളജും യുസി കോളജും മഹാകവി സന്ദർശിച്ചു. തൃശൂർ–ഷൊർണൂർ വഴിയായിരുന്നു മടക്കയാത്ര. യുസിയിൽ ഒരു തേന്മാവിൻതൈ നട്ടിരുന്നു. 1935ൽ ശാന്തിനികേതൻ സന്ദർശിച്ച യുസിയിലെ അധ്യാപകരും വിദ്യാർഥികളും ഇക്കാര്യം ടഗോറിനെ ഓർമിപ്പിച്ചു.
‘എന്നിട്ടെന്താ നിങ്ങൾ വന്നപ്പോൾ നാലഞ്ചു മാമ്പഴം കൊണ്ടുവരാത്തത്?’ എന്നായിരുന്നു ടാഗോറിന്റെ ചോദ്യം.

Content Highlight: Centenary of Sree Narayana Guru-Rabindranath Tagore meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com