ADVERTISEMENT

പാലക്കാട് ജില്ലയിൽ ടീച്ചറായി ജോലിചെയ്യുന്ന എന്റെ ഭാര്യയ്ക്ക് ടൗണിലെ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടി. 1990 കളിലാണ് സംഭവം. ചെന്നപാടെ സഹപ്രവർത്തകർ നല്ലൊരു കീറാമുട്ടി ഭാര്യയ്ക്കു കൈമാറി. വോട്ടേഴ്സ് ലിസ്റ്റ് പുതുക്കൽ. ഞാനും ഭാര്യയും സ്ഥലം തേടിയിറങ്ങി. ടൗണിന്റെ ഒരു ഭാഗമാണ്. ആദ്യ ദിവസത്തെ ജോലി കഴിഞ്ഞപ്പോൾ ഭാര്യയ്ക്കു പോകാൻ വയ്യ. അങ്ങനെ ഞാൻ ഒറ്റയ്ക്ക് ഇറങ്ങി. നല്ലൊരു ഭാഗം കവർ ചെയ്തു. എന്നിട്ടും അൻപതോളം വീടുകൾ ബാക്കി. അന്വേഷിച്ചിട്ട് ആർക്കും പിടിയില്ല. പലരോടും ചോദിച്ചു. ഒടുവിൽ വൃദ്ധനായ ഒരു ഓട്ടോക്കാരൻ റെയിൽവേ സ്റ്റേഷന് അപ്പുറത്തുള്ള ഒരു കൂറ്റൻ മല ചൂണ്ടിക്കാട്ടി. മലയാണെങ്കിലും നിറയെ റബർ മരങ്ങളാണ്.

‘‘അതാണ് സ്ഥലം, ഈ ഭാഗത്തുകൂടെ കയറ്റം കയറി പോകണം. കുഷ്്ഠരോഗികളെ പുനരധിവസിപ്പിച്ചിരിക്കുന്നത് ആ മലയിലാണ്. പേടിക്കാനില്ല. രോഗം മാറിയവരാണ്. ധൈര്യമായി പോകൂ,’’ ഓട്ടോക്കാരൻ ധൈര്യം പകർന്നു. വെറുതെയല്ല, ഈ സ്ഥലം ആരും എടുക്കാതെ സ്കൂളിൽ പുതിയതായി ചെന്ന എന്റെ ഭാര്യയുടെ തലയിൽ കെട്ടി ഏൽപിച്ചത്. പക്ഷേ, പോകാതെ നിവൃത്തിയില്ലല്ലോ. പിറ്റേന്ന് ഞാൻ റെയിൽവേ ട്രാക്കിലൂടെ നടന്ന് വഴി കണ്ടുപിടിച്ച് മലകയറ്റം തുടങ്ങി. കുത്തനെയുള്ള ഉരുളൻ കല്ലുകൾ നിറഞ്ഞ കയറ്റം. കിതച്ചും, ശ്വാസം കിട്ടാതെ വിഷമിച്ചും വിയർത്തു കുളിച്ച് തളർന്ന് ഒടിഞ്ഞ് ഏറെ നേരത്തിനുശേഷം ഞാനെത്തിയത് ഷെഡ്ഡുപോലുള്ള ഒരു ചെറിയ പള്ളിയുടെ മുന്നിൽ.

ശ്വാസം കിട്ടാതെ കിതച്ചുകൊണ്ടിരുന്ന, തളർന്ന് കഷ്ടപ്പെട്ട ഞാൻ, പള്ളിയുടെ വരാന്തയിൽ ചെന്ന് വീണു എന്നു തന്നെ പറയാം. എന്റെ അടുത്തേക്ക് പെട്ടെന്ന് ചെറുപ്പക്കാരികളായ രണ്ട് കന്യാസ്ത്രീകൾ ഓടിയെത്തി, ഒരു കുപ്പി വെള്ളം എന്റെ നേരെ നീട്ടി. കഷ്ടപ്പെട്ട് എഴുന്നേറ്റിരുന്ന് ഞാൻ വെള്ളം കുടിച്ചു തീർത്തു. ‘‘നിങ്ങൾ മലകയറി വരുന്നത് ഞങ്ങൾ കണ്ടിരുന്നു. ആദ്യമായി ഇവിടെ വരുന്ന മിക്കവരും ഈ വരാന്തയിൽ വന്ന് വീണ് കിടക്കും. അതുകൊണ്ടാണ് ഞങ്ങൾ വെള്ളവുമായി ഓടിവന്നത്.അൽപനേരത്തെ സംഭാഷണത്തിനു ശേഷം ഞാൻ അവിടെ നിന്നു ജോലി തുടങ്ങാൻ തീരുമാനിച്ചു.

പുതിയതായി ചേർക്കേണ്ടവരുടെ പേരുകൾ ഫോമിൽ എഴുതിയെടുത്തു. ഈ സമയത്ത് മരങ്ങൾക്കിടയിൽ നിന്ന് 20 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് പതുക്കെ നടന്നു വന്നു. പ്രകാശം നഷ്ടപ്പെട്ട ഇരുണ്ട മുഖം. പതുക്കെയുള്ള നടത്തം. ഞങ്ങളുടെ അടുത്തുവന്ന് അയാൾ പതുങ്ങിനിന്നു.‘‘ഇവൻ ഞങ്ങളുടെയെല്ലാം സഹായിയാണ്. പള്ളിയിലാണ് താമസം.’’ ‘‘ഇവന്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല. ചേർക്കാൻ പറ്റുമോ?’’ ഒരു കന്യാസ്ത്രീ ചോദിച്ചു. ‘‘അതിനെന്താ, ചേർക്കാമല്ലോ,’’ ഞാൻ ഉത്സാഹത്തോടെ ഫോം എടുത്തു.‘‘പേര്,’’ ചെറുപ്പക്കാരനെ നോക്കി ഞാൻ ചോദിച്ചു. അയാൾ പകച്ചു നിന്നതല്ലാതെ മറുപടി പറ‍ഞ്ഞില്ല.

‘‘പേര്,’’ ഞാൻ വീണ്ടും ചോദിച്ചു. മറുപടി പറയാതെ അയാൾ മിഴിച്ചുനിൽക്കുകയാണ്.‘‘പേരു പറയെടാ,’’ കന്യാസ്ത്രീകൾ പ്രോത്സാഹിപ്പിച്ചു. അയാൾ മൗനം തുടന്നപ്പോൾ കന്യാസ്ത്രീ പേരു പറഞ്ഞു. ഞാൻ പേര് എഴുതി, ‘‘മത്തായി’’. അടുത്ത ചോദ്യം, ‘‘അപ്പന്റെ പേര്’’. അയാൾ എന്നെ പകച്ചുനോക്കിയതല്ലാതെ ഇതിനും മറുപടി പറഞ്ഞില്ല. ‘‘അപ്പന്റെ പേരുപറയെടാ,’’ കന്യാസ്ത്രീകൾ പ്രോത്സാഹിപ്പിച്ചു. ഞാൻ വീണ്ടും ചോദിച്ചു, ‘‘അപ്പന്റെ പേര്?’’. മറുപടിയില്ല. എനിക്ക് ദേഷ്യം വന്നു. ദേഷ്യത്തോടെ, ഉറക്കെ ഞാൻ അയാളോട് ചോദിച്ചു.‘‘എന്താ താൻ അപ്പന്റെ പേര് പറയാത്തെ? തനിക്ക് അപ്പനില്ലേ ?’’

ഒരു നിമിഷം, ലോകത്തിലെ മുഴുവൻ നിശബ്ദതയും അവിടെ വന്ന് നിറഞ്ഞു. കന്യാസ്ത്രീകൾ സ്തംഭിച്ചു നിൽക്കുകയാണ്. ചെറുപ്പക്കാരന്റെ മുഖത്ത് ഇടവപ്പാതിയിലെ മുഴുവൻ കാർമേഘങ്ങളും ഇരമ്പിയെത്തി.പിന്നെ അയാൾ പെട്ടെന്ന് തിരിഞ്ഞ് നടന്നു.എന്താണ് സംഭവിച്ചത് എന്നറിയാതെ ഞാൻ പരിഭ്രമിച്ചു നിൽക്കുകയാണ്. എന്തോ കാര്യമായ വിപത്തു സംഭവിച്ചതായി ഞാൻ തിരിച്ചറിഞ്ഞു. പ്രസന്നവതികളായിരുന്ന കന്യാസ്ത്രീകളുടെ മുഖം ദുഃഖഭരിതമായി മാറിയിരുന്നു.

‘‘വർഷങ്ങൾക്കുമുമ്പു ഞങ്ങളുടെ മറ്റൊരു മഠത്തിന്റെ ഗേറ്റിൽ നിന്നു വെളുപ്പിന് ഒരു ചോരക്കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അവിടുത്തെ കന്യാസ്ത്രീകൾ അവനെ എടുത്തു വളർത്തി. ആ ചോരക്കുഞ്ഞാണിവൻ. അപ്പനും അമ്മയും ആരാണെന്ന് അറിഞ്ഞുകൂടാ. റജിസ്റ്ററിൽ സാങ്കല്പികമായി രണ്ട് പേരുകൾ എഴുതിവച്ചു. ആ പേര് പറയാനാണ് ഞങ്ങൾ അവനോട് പറഞ്ഞത്. അതിപ്പോൾ ഇങ്ങനെയായി.’’ ഒരിക്കലെങ്കിലും തന്റെ അപ്പനെയും അമ്മയെയും കാണണമെന്നതാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം’’.

‘‘നിങ്ങൾക്കിത് എന്നോടു നേരത്തേ പറയാമായിരുന്നില്ലേ?’’, തൊണ്ടയിടറിക്കൊണ്ട് ഞാൻ ചോദിച്ചു. അവർ മറുപടി പറഞ്ഞില്ല.ദുഃഖഭരിതമായ കണ്ണുകളോടെ അവർ എന്നെ നോക്കി. തളർന്ന ശരീരവും മനസ്സുമായി അവർ പള്ളിയുടെ പിന്നിലേക്ക് അപ്രത്യക്ഷരായി. കുറ്റബോധം കൊണ്ട് ചോരയൊലിക്കുന്ന ഹൃദയവുമായി ഞാനവിടെ എത്രനേരം നിന്നു എന്നറിയില്ല.പ്രിയപ്പെട്ട ചെറുപ്പക്കാരാ, നിങ്ങളോട് എത്രയോ ആയിരം പ്രാവശ്യം ഞാൻ ഹൃദയം കൊണ്ട് മാപ്പ് ചോദിച്ചിരിക്കുന്നു. ഇനിയുമത് തുടരും, ഓർമകൾ ചിതയിൽ എരിഞ്ഞടങ്ങും വരെ. നിങ്ങളിപ്പോൾ വിവാഹിതനായി ഭാര്യയും കുട്ടികളുമായി സുഖമായി കഴിയുന്നു എന്നു ഞാൻ പ്രത്യാശിക്കുന്നു. നിങ്ങൾ അപ്പനുമമ്മയെയും കണ്ടെത്തിയോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com