ADVERTISEMENT

മികച്ച കളിക്കാരായിട്ടും ചിലർക്ക് ഫുട്ബോൾ ലോകകപ്പ് വേദിയിലെത്താനായില്ല. രാജ്യം യോഗ്യത നേടാത്തതും ക്ലബ്ബുകളുമായി ഉടക്കിയതും അപ്രതീക്ഷിത മരണവും വരെ വില്ലൻമാരായി...

ലോകകപ്പിൽ ദേശീയ ടീമിന്റെ ജഴ്സിയണിയുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നവും ലക്ഷ്യവുമായിരിക്കും. പ്രഗല്ഭരായിട്ടും നിർഭാഗ്യംകൊണ്ടോ മറ്റു കാരങ്ങളാലോ ലോകകപ്പ് വേദികളിൽ കളിക്കാൻ കഴിയാതെ പോയവരുടെ നീണ്ട നിരയുണ്ട്.

ആൽഫ്രഡോ ഡി സ്റ്റെഫാനോ
ആൽഫ്രഡോ ഡി സ്റ്റെഫാനോ

ആൽഫ്രഡോ ഡി സ്റ്റെഫാനോ (അർജന്റീന, കൊളംബിയ, സ്പെയിൻ)

അർജന്റീനയിൽ ജനിച്ച് അർജന്റീന, കൊളംബിയ, സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങൾക്കുവേണ്ടി ഫുട്ബോൾ കളിച്ച ചരിത്രമാണ് ആൽഫ്രഡോ ഡി സ്റ്റെഫാനോയുടെ പേരിലുള്ളത്. പെലെയുടെ കാഴ്ചപ്പാടിൽ ‘ഫുട്ബോളിലെ ഏറ്റവും സമ്പൂർണനായ താരം’. പക്ഷേ, ലോകകപ്പിൽ പന്തുതട്ടാത്ത താരം എന്ന കുറവ് സ്റ്റെഫാനോയുടെ കരിയറിൽ നിഴൽ വീഴ്ത്തുന്നു.

ഇത് സ്റ്റെഫാനോയുടെ കുഴപ്പമല്ല. 1950 ലോകകപ്പിൽനിന്ന് അർജന്റീന പിൻമാറി. 1954ലും പങ്കെടുത്തില്ല. 1956ൽ അർജന്റീനയോടു വിടവാങ്ങി സ്പെയിനിലെത്തിയെങ്കിലും 1958ലെ ടൂർണമെന്റിൽ സ്പെയിനിന് യോഗ്യത നേടാനായില്ല. 1962ൽ സ്പെയിൻ യോഗ്യത നേടിയപ്പോൾ പരുക്കിനെത്തുടർന്നു സ്റ്റെഫാനോയ്ക്കു പങ്കെടുക്കാനുമായില്ല. (കൊളംബിയയ്ക്കുവേണ്ടി അദ്ദേഹം കളിച്ച നാല് സൗഹൃദ മൽസരങ്ങളും ഫിഫ ഇനിയും അംഗീകരിച്ചിട്ടില്ല).

ജോർജ് വിയ
ജോർജ് വിയ

ജോർജ് വിയ (ലൈബീരിയ)

ഫുട്‌ബോളിൽ ആഫ്രിക്കൻ സൗന്ദര്യം വിതറിയ ലൈബീരിയയുടെ ജോർജ് വിയ ഫിഫയുടെ ലോക ഫുട്‌ബോളർ പദവി സ്വന്തമാക്കിയ ആദ്യ ആഫ്രിക്കൻ താരമാണ്. 1987–2007 കാലത്ത് ലൈബീരിയയ്ക്കുവേണ്ടി ജഴ്സിയണിഞ്ഞു (60 മൽസരങ്ങൾ, 22 ഗോളുകൾ). . 2004ൽ പെലെ ഫിഫയ്ക്കുവേണ്ടി തിരഞ്ഞെടുത്ത 100 കളിക്കാരിൽ ഒരാളായി വിയ. ലൈബീരിയയ്ക്ക് ഒരിക്കൽപ്പോലും ലോകകപ്പിന് യോഗ്യത നേടാൻ പറ്റാത്തതിനാൽ വിയയ്ക്ക് ലോകകപ്പ് ഒരു മരീചികയായി മാറി. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ വിയ പിന്നീട് ലൈബീരിയയുടെ പ്രസിഡന്റായി.

ജോർജ് ബെസ്‌റ്റ്
ജോർജ് ബെസ്‌റ്റ്

ജോർജ് ബെസ്‌റ്റ് (വടക്കൻ അയർലൻഡ്)

വടക്കൻ അയർലൻഡിന്റെ ജോർജ് ബെസ്‌റ്റ് രാജ്യത്തിനുവേണ്ടി 37 തവണ കളിച്ചങ്കിലും ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. അദ്ദേഹം തിളങ്ങിനിന്ന കാലത്തൊന്നും വടക്കൻ അയർലൻഡ് ലോകകപ്പ് യോഗ്യത നേടിയില്ല. 2004ൽ ഫിഫയ്‌ക്കുവേണ്ടി പെലെ തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച 100 കളിക്കാരിൽ ഒരാൾ ബെസ്‌റ്റാണ്. താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ഫുട്‌ബോളർ എന്നാണ് മറഡോണ ബെസ്‌റ്റിനെക്കുറിച്ചു പറഞ്ഞത്.

റയാൻ ജിഗ്‌സ്
റയാൻ ജിഗ്‌സ്

റയാൻ ജിഗ്‌സ് (വെയ്ൽസ്)

17–ാം വയസ്സിൽ വെയ്ൽസ് ടീമിൽ ഇടം നേടിയ റയാൻ റിഗ്സ് 16 വർഷം ടീമിന്റെ ഭാഗമായിരുന്നു (1991–2007). എന്നാൽ ഒരിക്കൽപ്പോലും ലോകകപ്പിൽ വെയ്‌ൽസിന്റെ ജഴ്സിയണിയാൻ ഭാഗ്യം കിട്ടിയില്ല. ഒളിംപിക്സിൽ പങ്കെടുത്ത പ്രായംകൂടിയ ഫുട്ബോളർ, പ്രായം കൂടിയ ഗോളിനുടമ എന്നീ പെരുമയും സ്വന്തമാക്കി (2012ൽ 38 വർഷം, 243 ദിവസം)

Abedi Pele
അബേദി പെലെ

അബേദി പെലെ (ഘാന)

എക്കാലത്തെയും മികച്ച ആഫ്രിക്കൻ താരമാണ് അബേദി അയേവ്. ഘാനയുടെ അറ്റാക്കിങ് മിഡ്ഫീൽഡറും മുൻ നായകനും. കളിക്കളത്തിലെ മികവ് അദ്ദേഹത്തിന് അബേദി പെലെ, ആഫ്രിക്കൻ മറഡോണ എന്നീ പേരുകൾ നേടിക്കൊടുത്തു. മൂന്നു തവണ ആഫ്രിക്കൻ ഫുട്ബോളർ ബഹുമതി നേടിയ അദ്ദേഹം 1982–98 ൽ 73 മൽസരങ്ങളിൽ ഘാനയുടെ ജഴ്സിയണിഞ്ഞു.

1982 ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ ടീമിൽ അംഗം. എന്നാൽ ഒരിക്കൽപ്പോലും ലോകകപ്പിൽ സാന്നിധ്യം അറിയിക്കാനായില്ല. എന്നാൽ അദ്ദേഹത്തിന്റെ മക്കൾ ചരിത്രം തിരുത്തി. ആന്ദ്രെ അയേവ് 2010, 2014 ലോകകപ്പുകളിലും, ഇബ്രാഹിം അയേവ് 2010ലും ജോർഡൻ അയേവ് 2014ലും ഘാനയുടെ ജഴ്സിയണിഞ്ഞു. ഇക്കുറി ആന്ദ്രെയും ജോർദാനും ഘാന ടീമിലുണ്ട്.

എറിക് കന്റോണ
എറിക് കന്റോണ

എറിക് കന്റോണ (ഫ്രാൻസ്)

ഫ്രഞ്ച് സ്ട്രൈക്കർ എറിക് കന്റോണ അലക്‌സ് ഫെർഗൂസന്റെ പ്രിയപ്പെട്ട താരമായിരുന്നു. ഫ്രഞ്ച് പടയ്ക്കൊപ്പം 1987–95ൽ 45 മൽസരങ്ങളിൽ കളിച്ചിട്ടുള്ള കന്റോണയ്ക്ക് പക്ഷേ ലോകകപ്പിൽ നീലക്കുപ്പായം അണിയാൻ അവസരം കിട്ടിയില്ല. രണ്ടു തവണയാണ് അവസരം വഴുതിപ്പോയത്. 1994 ലോകകപ്പിന് ഫ്രാൻസ് യോഗ്യത നേടിയില്ല.

വലന്റീനോ മസ്സോളോ
വലന്റീനോ മസ്സോളോ

വലന്റീനോ മസ്സോളോ (ഇറ്റലി)

ഇറ്റലി കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വലന്റീനോ മസ്സോളോ. തുടർച്ചയായി രണ്ടു തവണ ജേതാക്കളായശേഷം (1934, 38) 1942ലാണ് ഇറ്റലി ദേശീയ ടീമിലെത്തുന്നത്, പിന്നീട് നായകനായി. നിർഭാഗ്യമെന്നു പറയട്ടെ രണ്ടാം ലോകയുദ്ധംമൂലം മുടങ്ങിയ രണ്ട് ലോകകപ്പ് പതിപ്പുകൾ (1942, 46) അദ്ദേഹത്തിന് നഷ്ടമായി. 1950 ലോകകപ്പിൽ കളിക്കാമെന്നിരിക്കെ 1949ലുണ്ടായ സുപ്പർഗ വിമാനപകടത്തിൽ അന്തരിച്ചു

ഡങ്കൻ എഡ്വേഡ്സ്
ഡങ്കൻ എഡ്വേഡ്സ്

ഡങ്കൻ എഡ്വേഡ്സ് (ഇംഗ്ലണ്ട്)

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും, ഇംഗ്ലിഷ് ടീമിന്റെയും ശക്തനായ താരം. 1955–57ൽ ഇംഗ്ലണ്ടിനുവേണ്ടി കളിച്ചത് 18 മൽസരങ്ങൾ. 1958ലെ മ്യൂണിക്ക് വിമാനപകടത്തിൽ മരിച്ച എട്ടു താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.

എവരിസ്റ്റോ
എവരിസ്റ്റോ

എവരിസ്റ്റോ (ബ്രസീൽ)

പെലെ, ഗാരിഞ്ച, വാവ എന്നിവരുടെ സമകാലികനായിരുന്നു എവരിസ്റ്റോ. റയൽ മഡ്രിഡ്, ഫ്ലെമങ്കോ, ബാർസിലോന എന്നീ യൂറോപ്യൻ ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. 1958 ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ പങ്കെടുത്തെങ്കിലും ലോകകപ്പിൽ പങ്കെടുക്കുന്നതിന് ബാർസിലോന അദ്ദേഹത്തെ വിട്ടുകൊടുത്തില്ല. ടീമുമായി ബന്ധം വഷളായി. ഇതോടെ ലോകകപ്പ് അവസരം നഷ്ടമായി. പിന്നീട് അദ്ദേഹം ദേശീയ ടീം ജഴ്സി അണിഞ്ഞില്ല.

panjikaran
ആന്റണി പഞ്ഞിക്കാരൻ

അവസരം നഷ്ടപ്പെട്ട് രണ്ടു മലയാളികൾ

1950ൽ ബ്രസീലിൽ അരങ്ങേറിയ 4–ാമത് ലോകകപ്പിൽ പന്തുതട്ടുവാനുള്ള സുവർണാവസരം ഇന്ത്യയ്ക്ക് കൈവന്നതാണ്. പരിശീലനവും ക്യാംപുമൊക്കെയായി സജീവമായതാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ കായികപ്രേമികളെ നിരാശരാക്കിക്കൊണ്ട് ആ തീരുമാനം വന്നു– ഇന്ത്യ ലോകകപ്പിൽ കളിക്കുന്നില്ല. അന്ന് ലോകകപ്പിൽ ഇന്ത്യ കളിച്ചിരുന്നെങ്കിൽ ഒരു പിടി ഇന്ത്യക്കാരും ലോകകപ്പ് താരങ്ങളായി മാറിയേനേ.

Thiruvalla-Pappan
തിരുവല്ല പാപ്പൻ

ഇന്ത്യയുടെ ആദ്യ നായകൻ ടി. ആവോ, ശൈലൻ മന്ന, മേവാലാൽ, ടി. ഷൺമുഖം, തുടങ്ങിയവർ ക്യാംപിനെത്തി പരിശീലനവും തുടങ്ങിയതാണ്. ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ മലയാളികളുമുണ്ടായിരുന്നു. അതിലൊരാളാണ് ഇന്ത്യയുടെ വിശ്വസ്തനായ ഫുൾബാക്ക് തോമസ് മത്തായി വർഗീസ് എന്ന തിരുവല്ല പാപ്പൻ. ടാറ്റാസ് വഴി എത്തിയ ആന്റണി പഞ്ഞിക്കാരനാണ് ക്യാംപിലെത്തിയ മറ്റൊരു മലയാളി.

English Summary : Football Legends who couldnt get opportunity to play in World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com