എട്ടാം ട്രാക്കിലെ അദ്ഭുതത്തിന് 40 വയസ്സ്

MD-Valsamma
1- എം.ഡി.വത്സമ്മ 1982ൽ നേടിയ സ്വർണമെഡലുമായി. പശ്ചാത്തലത്തിൽ 1986ലെ സോൾ ഏഷ്യാഡിൽ 4x400 മീറ്റർ റിലേ സ്വർണം നേടിയ വത്സമ്മ, വന്ദന റാവു, ഷൈനി വിൽസൺ, പി.ടി.ഉഷ എന്നിവരുൾപ്പെട്ട ടീമിന്റെ ചിത്രം. ചിത്രം: വിബി ജോബ്∙മനോരമ 2- എം.ഡി.വത്സമ്മ
SHARE

ഏഷ്യാഡിൽ മലയാളി വനിത നേടുന്ന ആദ്യ സ്വർണ നേട്ടത്തിന് ഇന്ന് നാൽപതാം പിറന്നാൾ. എം.ഡി.വൽസമ്മയുടെ സുവർണ ഓർമകളിൽ ഡൽഹി ഏഷ്യൻ ഗെയിംസ്.

എട്ടാം ട്രാക്കിലെ വിസ്മയസ്വർണത്തിന് ഇന്നു നാൽപതാം പിറന്നാളാണ്. കേരളത്തിന്റെ ‘അപ്പു’ ഭാഗ്യമുദ്രയായ 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിനു 40–ാം വാർഷികം. നവംബർ 27നു വനിതകളുടെ 400 മീറ്റർ ഹർഡ്‌ൽസ് ഫൈനൽ തുടങ്ങുമ്പോൾ മാനത്തൂർ ദേവസ്യ വത്സമ്മയെന്ന പെൺകുട്ടി എട്ടാമത്തെ ട്രാക്കിലായിരുന്നു. ഒൻപതും പത്തും ഹർഡ്‌ലെത്തുമ്പോഴും ജപ്പാനും ചൈനയുമായിരുന്നു മുന്നിൽ. ‘കുഴഞ്ഞുപോയിരുന്ന എന്റെ കാലുകൾക്ക് അവസാനത്തെ 40 മീറ്ററിൽ ദൈവികമായ ഒരു ബലം കൈവന്നു.

എന്റെ പരിശീലകൻ എ.കെ.കുട്ടിസാറിന്റെ നിർദേശങ്ങൾ ആത്മവിശ്വാസം വർധിപ്പിച്ചു. സ്വർണസ്വപ്നം യാഥാർഥ്യമായി.’ വൽസമ്മയുടെ വാക്കുകൾ.58.47 സെക്കൻഡിൽ ഫിനിഷ് ചെയ്തു മുന്നിലെത്തിയപ്പോൾ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പിറന്നതു പുതിയ ഏഷ്യൻ റെക്കോർഡും ഏഷ്യൻ ഗെയിംസ് റെക്കോർഡും ദേശീയ റെക്കോർഡും. ഏഷ്യാഡിൽ ഒരു മലയാളി വനിത നേടുന്ന ആദ്യ വ്യക്തിഗത സ്വർണം.

തുടക്കത്തിൽ 5, അവസാനിപ്പിച്ചപ്പോൾ 6

ഇന്ത്യൻ അത്‌ലറ്റിക്സിലെ താരത്രയമാണ് ഉഷ–വത്സമ്മ–ഷൈനി. പിന്നീടുവന്ന തലമുറയ്ക്കു പ്രചോദനമേകിയ സുവർണ താരങ്ങൾ. അതിൽ കണ്ണൂർ ആലക്കോട് ഒറ്റത്തൈ സ്വദേശി എം.ഡി.വത്സമ്മയ്ക്കു ‘ഹർഡ്‌ൽസ് ഹീറോയിൻ’ എന്നായിരുന്നു വിശേഷണം. 400, 100 മീറ്റർ ഹർഡ്‌ൽസ് മത്സരങ്ങളിൽ തുടരെ ദേശീയ റെക്കോർഡ് തിരുത്തിയപ്പോൾ കൈവന്ന വിളിപ്പേര്. പത്തിലധികം രാജ്യാന്തര മെഡലുകളും നൂറിലേറെ ദേശീയ മെഡലുകളും നേടിയ കായികപ്രതിഭയ്ക്ക് ആദരമായി ആദ്യം അർജുന അവാർഡും പിന്നീടു മലയാളി വനിതകളിൽ ആദ്യത്തെ പത്മശ്രീയെന്ന ബഹുമതിയുമെത്തി.

1981ൽ ബെംഗളൂരു അന്തർ സംസ്ഥാന അത്‌ലറ്റിക് മീറ്റിലാണു വത്സമ്മയുടെ പ്രതിഭ രാജ്യം ശ്രദ്ധിച്ചത്. 5 സ്വർണത്തിന്റെ മിന്നും നേട്ടം. അതും 400 മീറ്റർ ഹർഡ്‌ൽസിൽ ദേശീയ റെക്കോർഡോടെ.വിടവാങ്ങാൻ തീരുമാനിക്കുമ്പോഴേക്കു പ്രകടനം മോശമാകുന്നതാണു താരങ്ങളുടെ പതിവ്. പക്ഷേ, 1987ൽ ത്രിപുരയിലെ അഗർത്തലയിൽ അന്തർ സംസ്ഥാന അത്‌ലറ്റിക്സിൽ വത്സമ്മ വീണ്ടും വിസ്മയമായി. മാറ്റു കുറയുന്നില്ലെന്നു തെളിയിച്ച് 6 സ്വർണം.ആദ്യ ഏഷ്യാഡ് സുവർണ നേട്ടത്തിന്റെ നാൽപതാം പിറന്നാൾവേളയിൽ വത്സമ്മ ‘മനോരമ’യോടു സംസാരിക്കുന്നു.

കേരള അത്‌ലറ്റിക്സിലെ സ്ഥിതി?

ഏറെക്കാലം ദേശീയ അത്‌ലറ്റിക് മീറ്റുകളിൽ മറ്റു സംസ്ഥാനങ്ങൾ മത്സരിച്ചിരുന്നതു രണ്ടാം സ്ഥാനത്തിനു വേണ്ടിയായിരുന്നു. കേരളം സ്വാഭാവികമായി ഒന്നാമതെത്തും. പക്ഷേ, സമീപകാലത്തു പിന്നാക്കമാണു കാര്യങ്ങൾ. ഹരിയാനയും തമിഴ്നാടും ഗുജറാത്തുമെല്ലാം അത്‌ലറ്റിക്സിൽ ചെയ്യുന്നതു കണ്ടുപഠിക്കണം. അടിസ്ഥാനസൗകര്യങ്ങളിൽ അവരേറെ മുന്നേറി. ‌

സ്പോർട്സിനു സംസ്ഥാന സർക്കാർ മതിയായ പ്രാധാന്യം നൽകുന്നില്ലേ?

മറ്റു സർക്കാർ വകുപ്പുകൾക്കു ലഭിക്കുന്ന പ്രാധാന്യം കാലങ്ങളായി കായിക വകുപ്പിനു കിട്ടുന്നില്ല. മുൻപ് എല്ലാ സ്കൂളുകളിലും കായികാധ്യാപകരുണ്ടായിരുന്നു. ഇന്ന് ആകെ 1800 പേരോ മറ്റോ മാത്രമേ കേരളത്തിൽ ഒട്ടാകെയുള്ളൂ. ഇരുപതിനായിരത്തോളം പേരുണ്ടായിരുന്ന സ്ഥാനത്താണിത്. ആളില്ലാഞ്ഞിട്ടല്ല. പക്ഷേ, സർക്കാർ നിയമിക്കുന്നില്ല. അതുതന്നെ അവഗണനയ്ക്ക് ഉദാഹരണമാണ്.

പരിഹാരം നിർദേശിക്കാനുണ്ടോ?

മെഡൽ നേട്ടത്തിനു മാത്രമല്ല, സംസ്കാരത്തിന്റെയും ജീവിതത്തിന്റെതന്നെയും ഭാഗമാകണം സ്പോർട്സ്. സ്കൂളുകളിൽ അതു നിർബന്ധിത പാഠ്യവിഷയമാക്കണം. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, സ്പോർട്സ് ഡിവിഷനുകൾ, സ്കൂളുകൾ എന്നിവയെല്ലാം ദീർഘവീക്ഷണത്തോടെ ഫലപ്രദമായി പുനഃസംഘടിപ്പിക്കണം. അർപ്പണബോധവും കാര്യക്ഷമതയുമുള്ള പരിശീലകരെ ലഭ്യമാക്കണം. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തണം. ഇതെല്ലാം ഏകോപിപ്പിക്കാൻ സ്പോർട്സ് കൗൺസിലിനെ സജ്ജമാക്കണം.

ആദ്യം കമൽജിത് സന്ധു

ഇന്ത്യൻ വനിതകളിൽ ഏഷ്യൻ ഗെയിംസിൽ ആദ്യ വ്യക്തിഗത സ്വർണം നേടിയതു പഞ്ചാബ് സ്വദേശി കമൽജിത് സന്ധുവാണ്. 400 മീറ്റർ ഓട്ടത്തിൽ 1970 ബാങ്കോക്ക് ഏഷ്യാഡിലായിരുന്നു അത്. രണ്ടാം സ്വർണം 1978ലെ ബാങ്കോക്ക് ഗെയിംസിൽ ഗീത സുത്ഷിയുടേതാണ്. 800 മീറ്ററിൽ. ഇന്ത്യയുടെ ആദ്യ വനിതാ ഏഷ്യാഡ് സ്വർണം 1954ൽ മനിലയിൽ നടന്ന രണ്ടാം ഏഷ്യാഡിൽതന്നെ കുറിക്കപ്പെട്ടു, 4x100 മീറ്റർ റിലേയിൽ. ക്രിസ്റ്റി ബ്രൗൺ, സ്റ്റെഫി ഡിസൂസ, വയലറ്റ് പീറ്റേഴ്സ്, മേരി ഡിസൂസ എന്നിവരാണാ സ്വർണ സംഘം.

omanakumari-yohannan-sureshkumar
ഓമനകുമാരി , യോഹന്നാൻ , സുരേഷ്ബാബു

ഓമനകുമാരി,  യോഹന്നാൻ, സുരേഷ്ബാബു

82ലെ ഡൽഹി ഏഷ്യാഡിൽ ഹോക്കി സ്വർണം നേടിയ ഇന്ത്യൻ ടീമിൽ മറ്റൊരു മലയാളി വനിതയുണ്ട്. തിരുവനന്തപുരം സ്വദേശി എസ്.ഓമനകുമാരി.ഏഷ്യൻ ഗെയിംസിലെ ആദ്യ മലയാളി വ്യക്തിഗത സ്വർണം ഒളിംപ്യൻ ടി.സി.യോഹന്നാന്റെ പേരിലാണ്. 1974ലെ ടെഹ്‌റാൻ ഏഷ്യാഡിൽ ലോങ് ജംപിലാണു യോഹന്നാന്റെ നേട്ടം. മലയാളിയുടെ രണ്ടാം വ്യക്തിഗത സ്വർണം ഒളിംപ്യൻ സുരേഷ് ബാബു നേടിയത് 1978ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ.

English Summary: MD Valsamma clinched first Gold Medal in Asiad 40 years ago

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS