ഫാമിലി ഡോക്ടർ!

ഡോ. എ. ചെറിയാനും ഡോ. രാജമ്മയും മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കുമൊപ്പം
SHARE

ഒരു കുടുംബത്തിലെ എട്ടു പേർ ഡോക്ടർമാർ. അവർ വലിയൊരു ലക്ഷ്യത്തിലേക്ക് നടക്കുന്നതിന്റെ തിരക്കിലാണ്. 600 കുട്ടികൾക്ക്  പുതിയ മുഖം നൽകിയതിന്റെ നിറവിലുമാണ്.

600ൽ അധികം കുട്ടികളുടെ ജീവിതങ്ങൾക്ക് ‘പുതിയ മുഖം’ സമ്മാനിച്ചതിന്റെ തലപ്പൊക്കത്തിലാണ് മാലക്കരയിലെ അറപ്പുരയ്ക്കൽ ഡോക്ടർ കുടുംബം. മുഖവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികൾക്ക് മറ്റുകുട്ടികൾക്കൊപ്പംതന്നെ ജീവിതത്തിൽ മുന്നേറാനുള്ള വാതിലാണ് ഡോ. ക്യാപ്റ്റൻ എ.കെ.ചെറിയാൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഭാര്യയും മക്കളും മരുമക്കളും ഉൾപ്പെടുന്ന എട്ടംഗ ഡോക്ടർ കുടുംബം തുറന്നു നൽകുന്നത്. മുതുമുത്തച്ഛന്റെ പാത പിൻതുടർന്നുകൊണ്ട് വൈദ്യപഠനം തിരഞ്ഞെടുത്തിരിക്കുന്ന മൂന്നു പേരക്കുട്ടികളും ഈ സേവനങ്ങളുടെ മുഖ്യധാരയിൽ തന്നെയുണ്ട്.

തലമുറകൾ കൈമാറിവന്ന ആതുരസേവനത്തിന്റെ വെളിച്ചം ഇന്നും കെടാതെ സൂക്ഷിക്കുന്നതിന്റെ തെളിവുകൂടിയാണ് ‘അറപ്പുരയ്ക്കൽ’ ഡോക്ടർമാരുടെ ഈ സൗജന്യ സേവനം.ക്യാപ്റ്റൻ ഡോ. എ.കെ. ചെറിയാൻ തുടങ്ങിവച്ച മാലക്കര സെന്റ് തോമസ് ആശുപത്രിയെ മുൻ നിർത്തിയാണ് ഈ ഡോക്ടർ കുടുംബത്തിന്റെ ജൈത്രയാത്ര. ഡോ. എ.കെ.ചെറിയാനും അദ്ദേഹംതന്നെ പരിശീലിപ്പിച്ച നഴ്സുമാരും സഹായികളുമായി 1947ൽ തുടങ്ങിയ ആശുപത്രിയിലേക്ക് 1970ൽ അദ്ദേഹത്തിന്റെ മകനും ഇപ്പോൾ ആശുപത്രി ഡയറക്ടർമാരായ ഡോ.എ.ചെറിയാനും അദ്ദേഹത്തിന്റെ ഭാര്യ ഡോ. രാജമ്മയുംകൂടി എത്തുന്നതോടെ ഡോക്ടർ കുടംബത്തിന്റെ രണ്ടാം തലമുറയായി.

തുടർന്ന് ഡോ.എ.ചെറിയാന്റെ മൂന്നു മക്കളും ഡോക്ടർമാരായെന്നു മാത്രമല്ല, അവർ മൂവരും ജീവിതപങ്കാളികളായി തിരഞ്ഞെടുത്തതും ഡോക്ടർമാരെ തന്നെ. ശിശുരോഗ വിദഗ്ധയായ മൂത്തമകൾ ഡോ.എലിസബത്ത് ലിസ ചെറിയാന്റെ പങ്കാളിയായി എത്തിയത് റേഡിയോളജിസ്റ്റായ ഡോ.ജേക്കബ് ഉമ്മനാണ്. മാലക്കര ആശുപത്രിയിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ഇരുവരും ഇപ്പോൾ ഇംഗ്ലണ്ടിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ മകൻ ക്രിസ്റ്റഫർ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. രണ്ടാമത്തെ മകനും ഇപ്പോൾ ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ. ചാർലി മാലക്കര ആശുപത്രിയിൽ അനസ്തീസ്റ്റായി എത്തുന്നത് 1993ൽ ആണ്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. സലീനയാണ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിന്റെ തലപ്പത്ത്. ഇവരുടെ മക്കളായ ബ്രയാനും മിഷേലും എംബിബിഎസ് വിദ്യാർഥികളാണ്.

മൂന്നാമത്തെ മകൾ ഡോ. ലിൻസാ സാറാ ചെറിയാൻ (റേഡിയോളജിസ്റ്റ്) ജീവിതപങ്കാളിയാക്കിയത് അസ്ഥിരോഗ വിദഗ്ധനായ ഡോ. മാത്യു വർഗീസിനെയാണ്. ഇവരും മാലക്കര ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റ് ഡോക്ടർമാരും സന്നദ്ധ സേവനതൽപരരായ ഏതാനും പേരും അംഗങ്ങളായുള്ള ‘ഡോ.ക്യാപ്റ്റൻ എ.കെ. ചെറിയാൻ സ്മാരക ട്രസ്റ്റിന്റെ’ പ്രവർത്തനങ്ങളാണ് ഇപ്പോൾ മാലക്കരയ്ക്ക് തിലകക്കുറിയാകുന്നത്. മുഖവൈകല്യത്തോടെ ഇവിടേക്ക് എത്തുന്ന ഓരോ കുട്ടിക്കും പലഘട്ടങ്ങളിലായി ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമായതിനാൽ 2000ൽ ഏറെ സൗജന്യ ശസ്ത്രക്രിയകളാണ് ഇതിനോടകം മാലക്കര ആശുപത്രിയിൽ പൂർത്തിയാക്കിയത്.

ശസ്ത്രക്രിയ പൂർത്തിയാക്കുന്ന കുട്ടികൾക്ക് സ്പീച്ച് തെറപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ സൗജന്യമാണ്. ചികിത്സ പൂർത്തിയായ ശേഷവും സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ ട്രസ്റ്റിന്റെ ഭാഗമായുള്ള അഭയകേന്ദ്രത്തിൽ പാർപ്പിച്ച് സ്കൂൾ വിദ്യാഭ്യാസം ഉൾപ്പെടെ ഉറപ്പാക്കുന്നു. നിലവിൽ 26 കുട്ടികളാണ് ഇവിടെയുള്ളത്. കോവിഡ് വ്യാപനത്തിന് മുൻപ് 48 കുട്ടികളെവരെ ഇവിടെ പാർപ്പിച്ചിരുന്നു. കേൾവി വൈകല്യമുള്ള കുട്ടികൾക്ക് ഹിയറിങ് എയ്ഡ് വയ്ക്കാനുള്ള സാമ്പത്തിക സഹായവും ‘ ട്രസ്റ്റിന്റെ ഭാഗമായി നൽകുന്നു. ഇവയ്ക്കു പുറമേ അർഹരായവർക്ക് ഭവന നിർമാണം, കിണർ നിർമാണം എന്നിവയ്ക്കുള്ള സാമ്പത്തിക പിന്തുണയും ട്രസ്റ്റ് നൽകുന്നു.

English Summary : Arappurackal Doctor Family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS