ADVERTISEMENT

1994 നവംബർ 4 അർധരാത്രി. 1994 ഒക്ടോബർ 30ന് ആയിരുന്നു എന്റെ വിവാഹം. അക്കാലത്തു വിദ്യാർഥി യുവജന സംഘടനാ പ്രവർത്തനങ്ങളിൽ എന്റെ സുഹൃത്തും സഹഭാരവാഹിയും പിന്നീടു പിഎസ്‌സി അംഗവും ഇപ്പോൾ തൃശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.വി. വല്ലഭന്റെ വിവാഹം 1994 നവംബർ 5ന് ഗുരുവായൂരിലായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാനും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുമായി എന്റെ ഭാര്യയെയും കൂട്ടി 1994 നവംബർ 4നു ഗുരുവായൂർക്കു തിരിച്ചു. കോട്ടയം നഗരത്തിലുള്ള ഭാര്യാഗൃഹത്തിൽ നിന്നു രാത്രി ഭക്ഷണം കഴിച്ചിട്ടാണു ഞങ്ങൾ പുറപ്പെട്ടത്. എന്റെ സുഹൃത്തിന്റെ മാരുതി വാനാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. എന്റെ മറ്റൊരു സുഹൃത്തായ സജി വർഗീസ് സാരഥിയുമായി.

അന്നേ ദിവസം ഗുരുവായൂരിൽ ധാരാളം വിവാഹങ്ങൾ ഉള്ളതിനാൽ ഗുരുവായൂരിൽ താമസ സൗകര്യം ലഭ്യമായില്ല. അതുകൊണ്ട് തൃശൂരിലെ ഹോട്ടലിൽ ഞങ്ങളുടെ താമസത്തിനായി മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. രാത്രി 10 മണിയോടുകൂടി ഞങ്ങൾ കോട്ടയത്തുനിന്നു യാത്ര തിരിച്ചു. ഭാര്യാപിതാവിന്റെ നിർബന്ധത്തിനു വഴങ്ങി യാത്ര പുറപ്പെടുന്ന സമയത്ത് അദ്ദേഹം നൽകിയ ടോർച്ച് വാങ്ങേണ്ടി വന്നു. കാറിൽ യാത്ര ചെയ്യുന്നതിനാലും യാത്രാമധ്യേ വെളിച്ചത്തിനു ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നതിനാലും ടോർച്ച് വേണ്ടാ എന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്.

ഡ്രൈവർ കൂടിയായ സജിയുടെ നിർബന്ധപ്രകാരം എന്നെ മുൻസീറ്റിൽ ഇരുത്താതെ ഭാര്യയോടൊപ്പം പിൻസീറ്റിൽ ഇരുത്തി. ഏറ്റുമാനൂർ കഴിഞ്ഞപ്പോൾ തന്നെ ഞാൻ സുഖനിദ്രയിലായി. ഇടയ്ക്ക് എപ്പോഴോ ഉണർന്നപ്പോൾ ഭാര്യയും നല്ല ഉറക്കത്തിലാണെന്നു മനസ്സിലായി. ഞങ്ങൾ രണ്ടുപേരും ഉറക്കത്തിലായാൽ തനിച്ചിരുന്നു ഡ്രൈവ് ചെയ്യുന്ന സജിയുടെ മാനസികാവസ്ഥ മനസ്സിലാക്കി ഞാൻ ഉറങ്ങാതെ സജിക്ക് ഉറക്കം വരുന്നുണ്ടോയെന്ന് ഇടയ്ക്കിടയ്ക്ക് അന്വേഷിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് എപ്പോഴോ ഞാൻ വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണു. രാത്രി ഏതാണ്ട് 12.30 ആയിക്കാണും, അതിഭീകരമായ ശബ്ദത്തോടു കൂടി ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം ആടിയുലയുന്നതാണ് ഞെട്ടിയുണർന്ന ഞാൻ കാണുന്നത്. എന്റെ വലതു ഭാഗത്തിരുന്ന ഭാര്യ പൊങ്ങി ഉയർന്ന് ‘എന്റെ ഗുരുവായൂരപ്പാ’ എന്നു നിലവിളിച്ചുകൊണ്ട് എന്റെ മേലെ വന്നുവീണു. എന്താണു സംഭവിച്ചത് എന്നറിയാതെ ഭയപ്പെട്ടിരിക്കുമ്പോൾ സജിയുടെ അറിയിപ്പു വന്നു.

വാഹനത്തിന്റെ ആം പൊട്ടിയെന്നും നിയന്ത്രണം നഷ്ടപ്പെട്ടെന്നും. നിമിഷനേരം കൊണ്ടു വാഹനം ഇടതുവശത്തേക്കു നീങ്ങി മറിയാൻ പോകുന്നുവെന്നു മനസ്സിലായി. സംഭവം നടക്കുന്നതു ചാലക്കുടി ടൗണിൽ നിന്നു കഷ്ടിച്ചു മുക്കാൽ കിലോമീറ്റർ ദൂരെയാണ്. അന്നു ചാലക്കുടി ടൗണിൽ മേൽപാലം ഉണ്ടായിരുന്നില്ല. പാടം നികത്തി ഏതാണ്ട് ഒന്നര കിലോമീറ്ററോളം നീളത്തിലാണ് ഹൈവേ പുതുതായി പണിതിട്ടുള്ളത്. ഈ ഹൈവേയുടെ ഇരുവശവും ഏതാണ്ട് ഒരാൾ താഴ്ചയാണ് റോഡ് നിരപ്പിൽ നിന്നുമുള്ളത്. സജിയുടെ ഡ്രൈവിങ് മികവും മനഃസാന്നിധ്യവും മൂലമാണ് വലതുഭാഗത്തേക്കു നീങ്ങിപ്പോകേണ്ട വാഹനം ഇടതുവശത്തേക്കു നീങ്ങിയത്. വലതുവശത്തേക്കു തെന്നി മാറിയിരുന്നെങ്കിൽ ആ വശത്തുകൂടി ചീറിപ്പായുന്ന വാഹന വ്യൂഹത്തിലേക്കു പെട്ടാലുള്ള അനുഭവം വിവരിക്കേണ്ടല്ലോ?

ഇടതുവശം ചേർന്ന വാഹനം താഴ്ചയിലേക്കു മറിയാതെ പിൻവശം ഉയർന്നു പൊങ്ങി സൈഡിലുള്ള ഡിവൈഡർ കുറ്റിയിൽ തട്ടി നിന്നു. വളരെ തത്രപ്പെട്ട് ഞങ്ങൾ വാഹനത്തിൽ നിന്ന് ഇറങ്ങി. ആർക്കും ഒരുപരുക്കും സംഭവിച്ചിട്ടില്ല. വെളിയിൽ കുറ്റാക്കുറ്റിരുട്ട്, ആ പ്രദേശത്തു സ്ട്രീറ്റ് ലൈറ്റുകൾ ഇല്ല. ഇരുദിശകളിലേക്കും ചീറിപ്പായുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ മാത്രമാണ് വെളിച്ചമായിട്ടുള്ളത്. ഈ സമയമാണ് ഭാര്യാപിതാവ് നിർബന്ധിച്ചു തന്ന ടോർച്ചിന്റെ മഹത്വം മനസ്സിലായത്. ഞങ്ങൾ വിഷണ്ണരായി ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾക്കു കൈനീട്ടുന്നു. വാഹനങ്ങൾ നിർത്താതെ പോകുന്നു. ഭാര്യയാണെങ്കിൽ വിവാഹം കഴിഞ്ഞ ഉടനെ ആയതുകൊണ്ടും മറ്റൊരു വിവാഹച്ചടങ്ങിൽ പങ്കെടുക്കേണ്ടതു കൊണ്ടും സർവാഭരണ വിഭൂഷിതയായിട്ടായിരുന്നു യാത്ര. അതും കൂടുതൽ ഭയപ്പാടിനു വഴിയൊരുക്കി.

ഇനി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ 18 വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഞങ്ങളുടെ സമീപത്തെത്തി അപകടവിവരം ആരാഞ്ഞു. ഞങ്ങൾ വിവരങ്ങൾ വിശദമാക്കി. 300 മീറ്റർ മാറി ടൂറിസ്റ്റ് ടാക്സിയുള്ള വീടുണ്ടെന്നും അവിടെനിന്നു വാഹനം തരപ്പെടുത്തി തുടർയാത്ര നടത്തുന്നതാണ് ഉചിതമെന്നും ഈ രാത്രി ഇതേ മാർഗമുള്ളൂ എന്നും അപകടത്തിൽപെട്ട വാഹനം നാളെ വർക്‌ഷോപ്പിൽ കൊണ്ടുപോയി നന്നാക്കി കൊണ്ടുപോകുന്നതാണ് ഉചിതമെന്നും ആ ചെറുപ്പക്കാരൻ അഭിപ്രായപ്പെട്ടു. ആരെങ്കിലും കൂടെ വന്നാൽ ടൂറിസ്റ്റ് കാർ ഉള്ള വീടു കാണിച്ചു തരാമെന്നും പറഞ്ഞു.

ചെറുപ്പക്കാരന്റെ സാന്നിധ്യവും വാക്കുകളും ഞങ്ങൾക്ക് ആശ്വാസമായി. എന്നാൽ യുവാവിന്റെ കൂടെ സജി പോയാൽ ഞാനും ഭാര്യയും തനിച്ചാകുമെന്നും അതു കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നും പറഞ്ഞു ഭാര്യ ഞങ്ങളെ വിഷമത്തിലാക്കി. എന്നാൽ ചെറുപ്പക്കാരൻ ആശ്വാസവാക്കുകൾ പറയുകയും ടോർച്ച് നിങ്ങളുടെ കൈവശം ഇരിക്കട്ടെയെന്നും ഞങ്ങൾക്കു ടോർച്ച് വേണ്ടെന്നും പരമാവധി 10 മിനിറ്റിനുള്ളിൽ ടൂറിസ്റ്റ് കാറുമായി വരാമെന്നും പറഞ്ഞു ഞങ്ങളുടെ അനുമതിക്കു കാത്തു നിൽക്കാതെ സജിയെയും കൂട്ടി അയാൾ നടന്നു. ആ നിമിഷം വരെ ധൈര്യപ്പെട്ടു നിന്ന ഞാൻ സത്യത്തിൽ നല്ല ഉൾഭയത്തിലായി. എങ്കിലും ശക്തി സംഭരിച്ചു ഭാര്യയെ സമാധാനിപ്പിച്ച് അവിടെത്തന്നെ നിന്നു.

15 മിനിറ്റ് കഴിഞ്ഞപ്പോൾ ചെറുപ്പക്കാരനും സജിയും കൂടി കാറുമായി എത്തി. കാർ എത്തിയ ആശ്വാസത്തിൽ വളരെവേഗം തന്നെ ഞങ്ങളുടെ ലഗേജ് കാറിലേക്കു മാറ്റി. ചെറുപ്പക്കാരനും ഞങ്ങളെ സഹായിച്ചു. അപ്പോൾ പുതിയ പ്രശ്നം ഉദിച്ചു. സജി തൃശൂർക്കു വരുന്നില്ലെന്നും വാനിൽ കിടക്കാമെന്നുമായി. കാരണം വാഹനത്തിൽ എയർകണ്ടിഷനറും സ്റ്റീരിയോ സെറ്റും മറ്റുമുണ്ട്. ആരും കാവലില്ലാതെ അപരിചിതമായ സ്ഥലത്തു വാഹനം ഉപേക്ഷിച്ചു പോയാൽ ഇതൊക്കെ നഷ്ടപ്പെടാം. എന്നാൽ ഞാനും ഭാര്യയും തനിച്ചു മുൻപരിചയമില്ലാത്ത വാഹനത്തിൽ തൃശൂർ വരെ പോകാനുള്ള പ്രയാസം സജിയെ ബോധ്യപ്പെടുത്തിയപ്പോൾ അങ്ങനെയെങ്കിൽ തൃശൂർ ഹോട്ടലിൽ നിങ്ങളെ ആക്കിയിട്ട് ഈ വാഹനത്തിൽ തന്നെ തിരികെ വന്ന് അപകടത്തിൽപെട്ട വാഹനത്തിൽ കിടന്നോളാമെന്നും പിറ്റേന്നു വാൻ നന്നാക്കി തൃശൂരിൽ എത്താമെന്നും സമ്മതിച്ചു. ഞങ്ങൾ ഒരുമിച്ചു തൃശൂർക്കു യാത്ര തിരിക്കാൻ തയാറായി.

ഈ സമയത്തു ഞങ്ങളെ സഹായിച്ച ചെറുപ്പക്കാരനു കുറച്ചു പണം നൽകാൻ വേണ്ടി അന്വേഷിച്ചപ്പോൾ അയാളെ അവിടെ എവിടെയും കാണാനില്ല. നിമിഷനേരം കൊണ്ട് അയാൾ എങ്ങനെ അപ്രത്യക്ഷനായി? സമീപ പ്രദേശത്ത് എവിടെയും വീടുകളും കടകളും ഇല്ല. ഹൈവേക്ക് ഇരുവശവും ഒരാൾ താഴ്ചയിൽ പാടങ്ങളും. ചെറുപ്പക്കാരൻ യാത്ര പറയുക പോലും ചെയ്തില്ല. അയാളെ കാണാൻ കഴിയാത്തതിന്റെ വിഷമത്തിലും ഞങ്ങൾ കാറിൽ കയറി തൃശൂർക്കു യാത്രയായി. യാത്രാ മധ്യേ ഈ സംഭവവികാസങ്ങൾ ടാക്സിയിൽ ഇരുന്നു സംസാരിക്കുമ്പോൾ ഡ്രൈവർ പറയുന്നത് ഈ പയ്യൻ നിങ്ങളുടെ കൂടെ വന്നതാണെന്നു കരുതിയെന്നാണ്. സജിയും ചെറുപ്പക്കാരനും കൂടി ടാക്സി ഡ്രൈവറുടെ വീട്ടിൽ ചെന്നപ്പോൾ പരിചയമുള്ളതു പോലെ അയാൾ കോളിങ് ബെൽ പെട്ടെന്നു തന്നെ കണ്ടുപിടിച്ച് ബെല്ലടിച്ചു.

വാതിൽ തുറന്നു പുറത്തുവന്ന പ്രായമുള്ള സ്ത്രീ (പിന്നീട് അത് ഡ്രൈവറുടെ അമ്മയാണെന്നു സജിക്കു മനസ്സിലായി) ഡ്രൈവർ ദീർഘദൂര യാത്ര കഴിഞ്ഞ് ഇപ്പോൾ വന്നതേയുള്ളൂ എന്നും ഇനി അസമയത്ത് ഓട്ടം പോകാൻ കഴിയില്ല എന്നും പറഞ്ഞു. പിന്നീട് ടാക്സി ഡ്രൈവർ ഞങ്ങളോടു വിവരിച്ച ‘‘കഥ’’ കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി. അമ്മയെ നിർബന്ധിച്ച് – ഇവർ കോട്ടയത്തു നിന്നു വരുന്നവരാണെന്നും ഇക്കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികളാണെന്നും  പറഞ്ഞു. ധാരാളം സ്വർണാഭരണങ്ങൾ ധരിച്ച സ്ത്രീ നടുറോഡിൽ നിൽക്കുന്നതിന്റെ ഗൗരവാവസ്ഥ യുവാവ് അമ്മയെ ബോധ്യപ്പെടുത്തി. അമ്മ തന്നെ മകനായ ഡ്രൈവറെ വിളിച്ചുണർത്തി ഈ കാര്യങ്ങൾ പറഞ്ഞു നിർബന്ധിച്ചതുകൊണ്ടാണു യാത്രയ്ക്കു തുന്നിഞ്ഞത്.

ഞങ്ങളാരും കോട്ടയത്തു നിന്നു വരുന്നവരാണെന്നും ഗുരുവായൂർക്കു പോകുന്നവരാണെന്നും ചെറുപ്പക്കാരനോടു പറഞ്ഞിട്ടില്ല. ഈ വിവരം ഞങ്ങളോട് അയാൾ അന്വേഷിച്ചിട്ടുമില്ല. പിറ്റേ ദിവസം വാഹനം നന്നാക്കി ഗുരുവായൂരിൽ എത്തിയ സജി ഈ പയ്യന്റെ അടയാളം പറഞ്ഞ് ആ പ്രദേശം ആകെ അന്വേഷിച്ചു അവിടെ ആർക്കും ഇങ്ങനെ ഒരാളെ കുറിച്ച് യാതൊരു അറിവുമില്ല. ഡ്രൈവറുടെ വീട്ടിൽ പോയി അമ്മയോടും ഈ പയ്യനെക്കുറിച്ച് അന്വേഷിച്ചു. ആ അമ്മയ്ക്കും ഒരറിവുമില്ല. സമീപവാസികൾക്ക് അല്ലാതെ ടൂറിസ്റ്റ് ടാക്സിയുള്ള വീട് ഇവിടെയുണ്ടെന്ന് ആർക്കും അറിവുള്ളതല്ല. എന്റെ മകനെ നിങ്ങളുടെ കൂടെ നിർബന്ധിച്ചു പറഞ്ഞുവിടാൻ കാരണം– ഗുരുവായൂരപ്പൻ എന്റെ മുന്നിൽ വന്നു നിന്ന് ആജ്ഞാപിക്കുന്നതു പോലെ തോന്നിയതു മൂലമാണ്– തികഞ്ഞ ഗുരുവായൂരപ്പ ഭക്തയായ ആ അമ്മ സജിയോടു പറഞ്ഞു. ആ ചെറുപ്പക്കാരൻ ഉത്തരം കിട്ടാത്ത ചോദ്യമായി ബാക്കി നിൽക്കുന്നു.

English Summary : Night Travel Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com