ADVERTISEMENT

താപ്പൻ നായർ; ദണ്ഡിയാത്രയിൽ പങ്കെടുത്ത ആ മലയാളിയെ ആരും തിരിച്ചറിഞ്ഞില്ല. ചരിത്ര രേഖകൾ ആ പേര് ഒളിച്ചുവച്ചു. കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നായകരിൽ പ്രധാന പേരാകേണ്ടിയിരുന്ന ആ പാലക്കാട്ടുകാരനെ തമിഴ്നാട്ടുകാരനാണെന്നു രേഖപ്പെടുത്തി. പക്ഷേ, ഗാന്ധിജിക്കു തെറ്റിയില്ല, താപ്പൻ നായരെ അന്വേഷിച്ച് അദ്ദേഹം കേരളത്തിലേക്കു കത്തയച്ചു!

ഗാന്ധിജിക്കൊപ്പം ദണ്ഡിയാത്രയിൽ ചരിത്രത്തിലേക്കു നടന്നുകയറിയത് 78 പേരാണ്. അതിൽ മലയാളികൾ നാലുപേർ എന്നായിരുന്നു ഇതുവരെ മിക്കയിടത്തും രേഖപ്പെടുത്തിയ വിവരം. എന്നാൽ അഞ്ചാമതൊരു മലയാളി കൂടി ആ യാത്രയിൽ പങ്കുചേർന്നിരുന്നു. പാലക്കാട് രാമശ്ശേരി വടവട്ടത്ത് തറവാട്ടിലെ ചോരത്തിളപ്പുള്ള യൗവനം; താപ്പൻ നായർ. രേഖപ്പെടുത്തിയ ചരിത്രത്തിലാവട്ടെ പലയിടത്തും അദ്ദേഹം തപൻ നായരായി, തമിഴ്നാടിന്റെ പ്രതിനിധിയായി. താപ്പൻ നായർ എങ്ങനെ തപൻ നായരായി ചരിത്രത്തിൽ മറഞ്ഞു എന്നു പാലാ നീലൂർ സ്വദേശി ടോം ജോസ് എന്ന ചരിത്രാധ്യാപകൻ നടത്തിയ അന്വേഷണമാണിത്....

സിരകളിൽ സമരാഗ്നി കെടാതെ സൂക്ഷിച്ച ദേശസ്നേഹിയായ ആ അഞ്ചാമൻ എവിടെയായിരുന്നു? ഗാന്ധിജിയുടെ ആ പ്രിയങ്കരനെ, കേരളത്തിന്റെ അഭിമാനമായി  സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഉയർത്തിക്കാട്ടാമായിരുന്ന ആ പോരാളിയെ എന്തു കൊണ്ട് ഇത്രകാലം നമ്മൾ മറന്നു. അദ്ദേഹത്തിന്റെ പേരുപോലും കൃത്യമായി കണ്ടെത്താൻ  ഇതുവരെ സാധിക്കാഞ്ഞതിന്റെ കാരണം എന്താണ്?. രണ്ടുവർഷം നീണ്ട അന്വേഷണത്തിന് ഒടുവിൽ, താപ്പൻ നായരുടെ  ഉജ്ജ്വല ജീവിതം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണു നീലൂർ കളപ്പുരയ്ക്കൽ ടോം ജോസ്.

സബർമതി ആശ്രമത്തിലെ  ഹൃദയകുഞ്ചിൽ നിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക് സമരാഗ്നി ജ്വലിപ്പിച്ച ഗാന്ധിജിയുടെ ജിവിതത്തിലെയും സ്വാതന്ത്യ സമര ചരിത്രത്തിലെയും ഉജ്ജ്വല അധ്യായമാണ് ദണ്ഡിയാത്ര. ആ യാത്രയിൽ ഗാന്ധിജി കൂടെച്ചേർത്ത ആശ്രമ അന്തേവാസികളിലെ 78 പേരിലെ അഞ്ചു മലയാളികളിൽ താപ്പൻ നായരുമുണ്ടായിരുന്നു. (ദണ്ഡി യാത്രയ്ക്കിടെ രണ്ടുപേർ കൂടി ചേർന്ന് 80 പേരാണ് യാത്രയുടെ അവസാനം ഉണ്ടായിരുന്നതെന്നും ടോം ജോസ് ഉറപ്പിക്കുന്നു).1930 മാർച്ച് 12ന് സബർമതിയിൽനിന്നു ദക്ഷിണ ഗുജറാത്തിലെ കടൽത്തീര ഗ്രാമമായ ദണ്ഡിയിലേക്കു ഗാന്ധിജി നടത്തിയ 24 ദിവസ യാത്ര ബ്രിട്ടിഷ് സാമ്രാജ്യത്തെ ഉലച്ചു. 

ശങ്കർജി, രാഘവ പ്പൊതുവാൾ, സി.കൃഷ്ണൻ നായർ, ടൈറ്റസ്

ഉപ്പിനു മേൽ ഭീമമായ നികുതി ചുമത്തി ബ്രിട്ടിഷ് ഭരണകൂടം 1882ൽ പാസാക്കിയ നിയമം രാജ്യത്തെ നിർധനരെ ഏറ്റവുമധികം ബാധിക്കുന്നതാണെന്ന്  കണ്ടാണു ഗാന്ധിജി ആ വിഷയം ഏറ്റെടുത്തത്. വൻ നികുതി ചുമത്തി ബ്രിട്ടിഷുകാർ വിൽക്കുന്ന ഉപ്പു മാത്രമേ രാജ്യത്ത് ഉപയോഗിക്കാവൂ എന്നായിരുന്നു വ്യവസ്ഥ. 4 ജില്ലകളും 48 ഗ്രാമങ്ങളും പിന്നിട്ട് 387.5 കിലോമീറ്റർ താണ്ടി ഏപ്രിൽ അഞ്ചിനു വൈകിട്ട് ഗാന്ധിസംഘം ദണ്ഡിയിലെത്തി. കടൽവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി നിയമലംഘനം നടത്തിയ ഗാന്ധിജിക്ക് ജനകോടികളുടെ ഹൃദയത്തിൽ പാരതന്ത്ര്യ ബോധത്തെക്കുറിച്ചുള്ള തെളിഞ്ഞ ചിന്തയും പടർത്താനായി. ആ യാത്രയിൽ സജീവമായിരുന്ന, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ വാർത്താവിനിമയ വിഭാഗത്തിൽ സജീവമായിരുന്ന താപ്പൻ നായർ പിന്നീട് എങ്ങോട്ടു പോയി....?

തപൻ നായർ അല്ല, താപ്പൻ നായർ

അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ ചരിത്ര അധ്യാപകനായ ടോം ജോസിന് ഗാന്ധിയൻ സ്റ്റഡീസിലും ബിരുദാനന്തര ബിരുദമുണ്ട്. രണ്ടു വർഷം മുൻപ് ഗാന്ധിജിയുടെ ദണ്ഡിയാത്രയെക്കുറിച്ച് അവിചാരിതമായി വായിച്ചപ്പോഴാണ് ദണ്ഡിയാത്രയിൽ അഞ്ചു മലയാളികളുണ്ടായിരുന്നു എന്ന പരാമർശം ശ്രദ്ധിയിൽപ്പെട്ടത്. പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ കേരളക്കരയിലെ ഗാന്ധി എന്ന പുസ്തകത്തിൽ നാലു മലയാളികളുടെ കാര്യം മാത്രമേ പരാമർശിച്ചിരുന്നുള്ളൂ. തുടർന്ന് ഗാന്ധിജിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ 1930 മാർച്ച് 12 ലെ യങ് ഇന്ത്യ പത്രത്തിലും 78 പേരുടെ പട്ടികയിൽ തിരഞ്ഞു.

രാമശ്ശേരി വടവട്ടത്ത് തറവാടിനു മുന്നിൽ ജയകൃഷ്ണൻ, ടോം ജോസ്, അജിത്കുമാർ

അതിലും കേരളത്തിൽ നിന്നു നാലുപേർ എന്നാണുണ്ടായിരുന്നത്. പക്ഷേ, തപൻ നായർ എന്ന് പേര് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇതു കണ്ടതോടെ ടോമിന്റെ കൗതുകം വർധിച്ചു. ഗുജറാത്തി മലയാളി സമാജവുമായി ബന്ധപ്പെട്ട് ദണ്ഡി കടപ്പുറത്ത് നിർമിച്ചിരിക്കുന്ന നാഷനൽ സോൾട്ട് സത്യഗ്രഹ മെമ്മോറിയലിൽ 80 പേരുടെ പ്രതിമയിലും തിരഞ്ഞു. അതിൽ 46-ാം പേരുകാരനായി തപൻ നായരുണ്ട്. (പക്ഷേ അവിടെയുള്ള പ്രതിമയ്ക്കു യഥാർഥ താപ്പൻ നായരുടെ രൂപസാദൃശ്യമില്ലെന്നു ടോം ജോസ് കണ്ടെത്തിയിട്ടുണ്ട്). പക്ഷേ, താപ്പൻ നായരെക്കുറിച്ച് ആർക്കും വിവരമില്ല. 

സ്വന്തം സ്കൂളിലെ മുൻപ്രിൻസിപ്പലും ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനുമായ കെ.ജെ ഏബ്രഹാമിന്റെ സഹായം തേടി. അദ്ദേഹം മധ്യപ്രദേശിലെ വാർധ സേവാഗ്രാം ആശ്രമത്തിലെ റിസർച്ച് സെന്റർ ഡയറക്ടർ കോട്ടയം സ്വദേശി ഡോ. സിബി കെ.ജോസഫിന്റെ നമ്പർ നൽകി. തുടർന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടു. താപ്പൻ നായരെക്കുറിച്ചുള്ള വിവരം അവിടെയും ലഭിച്ചില്ല. ഡൽഹിയിലെ ഗാന്ധി നാഷനൽ മ്യൂസിയം ഡയറക്ടർ എ.എ അണ്ണാമലയുമായി ബന്ധപ്പെട്ടെങ്കിലും താപ്പൻ നായർ അപ്പോഴും അജ്ഞാതനായി തുടർന്നു.

ഇതിനൊപ്പം പൂർണോദയ ബുക്ക് ട്രസ്റ്റ് സെക്രട്ടറിയുടെ പക്കലുണ്ടായിരുന്ന ‘ഒരു സാമ്രാജ്യവും ഒരു പിടി ഉപ്പും’ എന്ന ഗ്രന്ഥത്തിലും പരതി. അതിൽ പാലക്കാട് സ്വദേശിയായ താപ്പൻ നായർ എന്നു കണ്ടു.  ഇതു വഴിത്തിരിവായി. ഇതിനിടെ താപ്പൻ നായർ തമിഴ്നാട്ടിൽ എത്തിയിട്ടുണ്ടാകും എന്ന ധാരണയിൽ ചെന്നൈയിലെ മലയാള മനോരമയിലും വാർത്ത നൽകി. ഇതിനോട് താപ്പൻ നായരുടെ മൂന്നു കുടുംബാംഗങ്ങൾ പ്രതികരിച്ചതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ടോമിന് അറിയാൻ സാധിച്ചത്.

അഞ്ചു പേർ ഇവർ

പണ്ട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നു പാലക്കാട് എന്നതിനാൽ തമിഴ്നാട് പ്രതിനിധിയായാണു താപ്പൻ നായർ യാത്രയിൽ ചേർന്നത്. ടൈറ്റസ്, രാഘവപ്പൊതുവാൾ, സി.കൃഷ്ണൻ നായർ, ശങ്കരൻ എന്നിവരായിരുന്നു മറ്റുള്ളവർ. കോഴഞ്ചേരി മാരാമൺ ചിറയിറമ്പ് തേവർതുണ്ടിയിൽ ടൈറ്റസ്  സബർമതിയിൽ  ഡെയറി മാനേജരായി ജോലി ചെയ്യുകയുമായിരുന്നു. ഷൊർണൂർ സ്വദേശിയായ രാഘവപ്പൊതുവാൾ കേരളത്തിൽ അഖിലഭാരത ചർക്കാസംഘത്തിൽ അംഗമായിരുന്നു. നെയ്യാറ്റിൻകര സ്വദേശിയായ കൃഷ്ണൻ നായർ ഡൽഹി പ്രൊവിൻഷ്യൽ വളന്റിയർ ക്യാംപിന്റെ ചുമതല വഹിച്ചു. പാലക്കാട് സ്വദേശിയായ ശങ്കരൻ, ശങ്കർജി എന്ന പേരിൽ മരണം വരെ ഗാന്ധിയൻ ആദർശങ്ങൾ കൈവിടാതെ ജീവിച്ചു.

താപ്പൻ നായർക്ക് ഗാന്ധിജിയുടെ കത്ത്

കേരളത്തിന്റെ ചരിത്രത്തിൽ താപ്പൻ നായർ എന്ന പേര് എഴുതിച്ചേർക്കപ്പെട്ടില്ലെങ്കിലും ഗാന്ധിജിയുടെ ജീവിതത്തിൽ താപ്പൻ നായരുടെ പേര് പതിഞ്ഞിരുന്നു. അവർ തമ്മിൽ കത്തിടപാടുകളും ഉണ്ടായിരുന്നു. ‘കലക്റ്റഡ് വർക്സ് ഓഫ് ഗാന്ധിജി’ എന്ന ഗ്രന്ഥത്തിൽ ഇതിനു തെളിവുകൾ കണ്ടെത്തി.  303-ാം പേജിൽ ലെറ്റർ ടു താപ്പൻ നായർ എന്നാണ് എഴുതിയിരിക്കുന്നത്. 1931 ജൂൺ 7ന് പാലക്കാട് കോൺഗ്രസ് ക്യാംപിലേക്കാണ് കത്ത് അയച്ചിരിക്കുന്നത്.

യങ് ഇന്ത്യ സ്ഥിരമായി വായിക്കാൻ താപ്പൻ നായരെ ഉപദേശിച്ച ഗാന്ധിജി നാട്ടിൽ നിൽക്കാൻ പ്രയാസമുണ്ടെങ്കിൽ തിരികെ ആശ്രമത്തിലേക്കു പോരാനും പറഞ്ഞിട്ടുണ്ട്. പലരും അങ്ങനെ തിരികെ എത്തിയിട്ടുണ്ടെന്നും കത്തിലുണ്ട്. ദണ്ഡി യാത്രയ്ക്കു ശേഷം ഒരു വർഷം കഴിഞ്ഞാണ് ഈ കത്ത്. അതുകൊണ്ടു തന്നെ താപ്പൻ നായർ ദണ്ഡി യാത്രയ്ക്കു ശേഷം കേരളത്തിൽ തിരികെ വന്നിരുന്നു എന്ന് അനുമാനിക്കാം. എന്നാൽ പിന്നീട് എങ്ങോട്ടു പോയെന്ന് ആർക്കും അറിയില്ല. ദണ്ഡി യാത്രയ്ക്കു ശേഷം ഗാന്ധിജിയും സബർമതിയിലേക്കല്ല, വാർധയിലേക്കാണ് പോയത്.

മനോരമ വായിച്ചു, വിളിച്ചു

പാലക്കാട് രാമശ്ശേരിയിൽ നിന്ന് അജിത് കുമാർ, ജയകൃഷ്ണൻ, മുംബൈയിൽ നിന്ന് അരവിന്ദൻ എന്നിവരാണ് മലയാള മനോരമ വാർത്ത കണ്ട് ടോം ജോസിനെ ബന്ധപ്പെട്ടത്. പാലക്കാട് രാമശ്ശേരിയിൽ നിന്നു വിളിച്ച അജിത് കുമാർ പറഞ്ഞ വിവരങ്ങൾ കേട്ടപ്പോൾ ടോമിന് അത്യധികം സന്തോഷമായി. താപ്പൻനായർ താമസിച്ച തറവാട്ടിൽ ഇപ്പോൾ താമസിക്കുന്ന ആളാണ് താനെന്നാണ് അജിത് കുമാർ പറഞ്ഞത്. തന്റെ അമ്മയുടെ അമ്മാവനായിരുന്നു താപ്പൻ നായരെന്നും അദ്ദേഹം പറഞ്ഞു. താമസിയാതെ രാമശ്ശേരിയിലെ വടവട്ടത്ത് തറവാട്ടിലെത്തി അജിത് കുമാറിനെ കണ്ടതോടെയാണ് താപ്പൻ നായരുടെ ചിത്രവും കൂടുതൽ വിവരങ്ങളും ടോമിന് ലഭിച്ചത്.

250 വർഷത്തിലധികം പഴക്കമുള്ള എട്ടുകെട്ടിലെ ഏക താമസക്കാനാണ് അജിത് കുമാർ. വലിയ ജന്മിയായിരുന്ന താപ്പൻ നായരുടെ സ്വത്തിന്റെ അനന്തരാവകാശികളിൽ ഒരാൾ. തറവാടും സ്വത്തുക്കളുമെല്ലാം 200 പേരുടെ പേരിലാണ് എഴുതിയിരിക്കുന്നത്. ഇത് തറവാട്ടിലെ അംഗങ്ങൾക്കേ കൈമാറാനും സാധിക്കൂ. അജിത് കുമാറിന്റെ അമ്മ ലീലാവതിയമ്മയുടെ അമ്മ കല്യാണിക്കുട്ടിയമ്മയുടെ ആങ്ങളയാണു താപ്പൻ നായർ.  വീട്ടിലെ അഞ്ചാമത്തെ കുട്ടി. നാലു സഹോദരിമാരുടെ ഏക ആങ്ങളയായിരുന്നു അദ്ദേഹം.

അമ്മൂമ്മയും അമ്മയും പറഞ്ഞുള്ള അറിവേ അജിത് കുമാറിനും ഉള്ളൂ. 19-ാം വയസ്സിൽ ഗാന്ധിജിയിലും സ്വാതന്ത്ര്യ സമരത്തിലുമെല്ലാം ആകൃഷ്ടനായി താപ്പൻ നായർ നാടുവിട്ടു. ഇനി സാധിച്ചാൽ കാണാമെന്നു പറഞ്ഞായിരുന്നത്രേ വീടു വിട്ടത്. ദണ്ഡി യാത്രയിൽ പങ്കെടുത്തതോടെ പൊലീസിന്റെ നോട്ടപ്പുള്ളിയായി. നിരന്തരം അവർ തറവാട്ടിൽ പരിശോധനയ്ക്ക് എത്തുമായിരുന്നത്രേ. ഒരിക്കൽ ബ്രിട്ടിഷുകാർ തിരഞ്ഞു വന്നപ്പോൾ മച്ചിൽ കയറി രക്ഷപ്പെട്ടതായി അമ്മ പറഞ്ഞതായി ഓർക്കുന്നു- അജിത് കുമാർ പറഞ്ഞു. രാമശ്ശേരിയിൽ വടവട്ടത്ത് താപ്പൻജി മെമ്മോറിയൽ എൽപി സ്കൂൾ ഉണ്ടെങ്കിലും ഇപ്പോൾ അതു കുടുംബവകയല്ല. പല കൈ മറിഞ്ഞാണ് ഇപ്പോഴത്തെ ഉടമകളിൽ എത്തിയത്. സ്കൂളിന്റെ പേരിലെ താപ്പൻജിയെ ആരും തിരിച്ചറിയുന്നുമില്ല.

പടവെട്ടി നായർ

തങ്ങളുടെ പൂർവികർ സാമൂതിരി രാജാവിന്റെ പടയാളികളായിരുന്നുവെന്നും  അവരിൽ  തൃശൂരിലേക്ക് ചേക്കേറിയ ഒരു വിഭാഗത്തിന്റെ പിൻമുറക്കാരാണ് തങ്ങളെന്നും അജിത് കുമാർ പറഞ്ഞു. ഇവരിൽ ഒരു ശാഖയാണ് പാലക്കാട്ട് രാമശ്ശേരിയിൽ എത്തിയത്. പടവെട്ടി നായർ  കാലാന്തരത്തിൽ കോലം മാറി പടവെട്ടത്ത് നായരും പിന്നീട് വടവട്ടത്ത് നായരും ആയത്രേ. മുംബൈയിലുള്ള അമ്മാവനാണ് യഥാർത്ഥത്തിൽ താപ്പൻനായരുടെ മുഖച്ഛായ കിട്ടിയിരിക്കുന്നതെന്നും തറവാട്ടിൽ ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്ന താപ്പൻനായരുടെ ചിത്രം ചൂണ്ടിക്കാട്ടി അജിത് കുമാർ പറഞ്ഞു. 

വാർത്ത വഴികാട്ടിയായി

വടവട്ടത്തു തറവാട്ടിലെ എട്ടുകെട്ടിൽ ഒരുഭാഗം വാടകയ്ക്കു നൽകിയിരിക്കുകയാണ്. ബാക്കി ഭാഗത്താണ് അജിത് കുമാർ താമസിക്കുന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വടവട്ടത്ത് തറവാട്ടിലെത്തിയ ടോം ജോസിനെയും മനോരമ സംഘത്തെയും കാണാൻ താപ്പൻനായരുടെ മറ്റൊരു ബന്ധുവായ ജയകൃഷ്ണനും (അജിത് കുമാറിന്റെ അമ്മയുടെ സഹോദരിയുടെ മകൻ) കഞ്ചിക്കോട്ട് നിന്ന് വടവട്ടത്ത് തറവാട്ടിലെത്തി. രാമശ്ശേരി ശിവക്ഷേത്രത്തിൽ ചെറു ജോലികളുമായി കഴിയുകയാണ് അജിത്. ജയപ്രകാശ് പുണെയിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. അമ്മയുടെ അമ്മാവന്റെ രാജ്യസ്നേഹ ചരിത്രം ഇപ്പോഴെങ്കിലും വെളിച്ചത്തുവരുന്നതിൽ അതീവ സന്തോഷത്തിലാണ് അവരെല്ലാം. താപ്പൻജി മെമ്മോറിയൽ എൽപി സ്കൂൾ സ്വന്തം ചരിത്രം തിരിച്ചറിയുകയും ചെയ്യുന്നു.

English Summary : Thapan Nair Participated in Dandi Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com