കണക്കിൽ നിന്ന് ഹിന്ദിയിലേക്ക്

madhu
1968 ൽ തിരുവനന്തപുരത്ത് ജി.വി.രാജയുടെ 60ാം പിറന്നാളിനോടനുബന്ധിച്ചു നടത്തിയ നാടകത്തിൽ മധു അരങ്ങിലെത്തിയപ്പോൾ. കടപ്പാട്: madhutheactor.com
SHARE

സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ പൊതുവേദികളിൽ നാടകം അഭിനയിച്ച് തുടങ്ങിയതു കൊണ്ടാകാം എക്കാലത്തും ആ കലാരൂപത്തെ വളരെ ഗൗരവത്തോടെയാണു ഞാൻ കണ്ടിരുന്നത്. നാടകം ഒരു കുട്ടിക്കളിയായി കുട്ടിക്കാലത്തുപോലും കാണാൻ കഴിഞ്ഞിരുന്നില്ല എന്നു ചുരുക്കം. ഇന്റർമീഡിയറ്റിന് മഹാത്മാഗാന്ധി കോളജിൽ ചെന്നപ്പോഴും അവിടത്തെ മത്സരങ്ങളിലോ വാർഷികത്തിലോ ഒന്നും നാടകം അവതരിപ്പിക്കാനോ അഭിനയിക്കാനോ എനിക്കു താൽപര്യം തോന്നിയില്ല. അതിന്റെ പ്രധാനകാരണം നാടകപ്രവർത്തകർ ആ കലാരൂപത്തോട് കാട്ടിയിരുന്ന അലസസമീപനം തന്നെയായിരുന്നു. ഗൗരവമുള്ള ഒരു കലാരൂപമാണ് അരങ്ങേറുന്നതെന്ന ബോധം അഭിനയിക്കുന്നവരിലോ അതു കാണാൻ വരുന്നവരിലോ തീരെ ഇല്ലായിരുന്നു. അഭിനയിക്കുന്നവർക്കു നേരമ്പോക്ക്, കാണാൻ വരുന്നവർക്ക് കൂവാൻ കിട്ടിയ അവസരം മുതലാക്കാനുള്ള വ്യഗ്രത. ചിലർ കൂവുന്നത് കണ്ടാൽ കോളജിലേക്കു പോരാൻ വീട്ടിൽ നിന്നിറങ്ങിയതേ കൂവക്കൊണ്ടായിരുന്നു എന്നു തോന്നിപ്പോകും.

കൂവുന്നവരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യവുമില്ല. ‘ഇതാ നിങ്ങൾക്ക് കൂവാനൊരവസരം ഞങ്ങൾ ഒരുക്കുന്നു’ എന്ന നിശബ്ദ പ്രസ്താവനയുമായാണല്ലോ നടീനടൻമാർ സ്റ്റേജിലെത്തുന്നത്. ഡയലോഗുകൾ കാണാതെ പഠ​ിക്കില്ല, പഠിച്ച ഡയലോഗുകൾ ഉച്ചാരണവൈകല്യം ഇല്ലാതെ പറയില്ല. ആദ്യം പറയേണ്ട ഡയലോഗ് അവസാനവും അവസാനം പറയേണ്ട ഡയലോഗ് ആദ്യവും വേണമെങ്കിലും കാച്ചിക്കളയും. ചുരുക്കത്തിൽ നാടകത്തിന്റെ ‘അതിക്രൂര കൊലപാതകം’ അരങ്ങിൽ നടക്കും. ആ കർമത്തിൽ പങ്കാളിയാകാനോ സാക്ഷിയാകാനോ മനസ്സനുവദിച്ചില്ല. അതുകൊണ്ടുതന്നെ കലാലയനാടകാനുഭവങ്ങൾ എനിക്ക് ഇല്ല. എന്നാൽ ആ കാലത്തു കോളജിനു പുറത്തു ഞാൻ നാടകം അഭിനയിച്ചിരുന്നു.

ചെറുതും വലുതുമായ നാടകങ്ങൾ കൃത്യമായ ഇടവേളകളിൽ എന്റെ അഭിനയദാഹം ശമിപ്പിച്ചുകൊണ്ടിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ ഡിഗ്രിക്കു ചേർന്നപ്പോഴും അതു തുടർന്നു. ബിഎക്ക് ഹിന്ദിയായിരുന്നു എന്റെ വിഷയം. അതിനു ചേരാൻതന്നെ ചില ഗൂഢ തന്ത്രങ്ങൾ എനിക്കു നടത്തേണ്ടി വന്നു. ഇന്റർമീഡിയറ്റ് ഒന്നു കടന്നുകിട്ടാൻ ഞാൻ വളരെ ബുദ്ധിമുട്ടി. കണക്ക് എനിക്കു കടുകട്ടിയായിരുന്നു എക്കാലത്തും. ഇന്റർമീഡിയറ്റ് പാസായപ്പോഴുണ്ടായ എന്റെ ഏറ്റവും വലിയ ആഹ്ലാദം ഇനി കണക്കു പഠിക്കേണ്ടതില്ലല്ലോ എന്നതായിരുന്നു. പക്ഷേ ആ പ്രതീക്ഷ തല്ലിക്കെടുത്തി അച്ഛൻ. ഡിഗ്രിക്കു കണക്കു പഠിച്ചാൽ മതി എന്നു കൽപന. കൽപിക്കുക മാത്രമല്ല മഹാത്മ ഗാന്ധി കോളജിൽ അഡ്മിഷൻ തരപ്പെടുത്താനുള്ള ശ്രമവും തുടങ്ങി.

ട്രിഗണോമെട്രിയിലെ ‘കോസ് തീറ്റയും’ ‘ടാൻ തീറ്റയും’ ‘കൊസീക്ക് തീറ്റയും’ കൂടി എന്റെ അടുത്ത രണ്ടുവർഷം തിന്നുതീർക്കുമല്ലോ എന്ന ചിന്ത രാവും പകലും എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനൊരു പരിഹാരംകണ്ടേ തീരു എന്ന ചിന്തയുമായി നടക്കുമ്പോഴാണ് അച്ഛൻ ഒരാഴ്ചത്തേക്ക് ഡൽഹിക്കു പോയത്. അച്ഛൻ കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നല്ലോ. അതിന്റെ ഭാഗമായുള്ള ഡൽഹി യാത്ര. ബിഎസ്‌സി മാത്‌സിനോടുള്ള എന്റെ വിപ്രതിപത്തി കൂടിക്കൂടി വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം സ്നേഹിതനായ ശങ്കരൻനായരെ കാണാൻ ഞാൻ യൂണിവേഴ്സിറ്റി കോളജിൽ ചെന്നു. പിൽക്കാലത്ത് ‘ഗൗരീശപട്ടം ശങ്കരൻനായർ’ എന്ന പേരിൽ പ്രശസ്തനായ ശങ്കരൻനായർ അന്നു യൂണിവേഴ്സിറ്റി കോളജിൽ ബിഎ ഓണേഴ്സിനു പഠിക്കുകയായിരുന്നു. നാടകക്കമ്പം അദ്ദേഹത്തിനും കലശലാണ്. ഒരുമിച്ചുള്ള നാടകപ്രവർത്തനത്തിന്റെ കാര്യമോ മറ്റോ ചർച്ച ചെയ്യാനാണു ഞാൻ അന്നു ശങ്കരൻനായരെ കാണാൻ യൂണ​ിവേഴ്സിറ്റി കോളജിൽ ചെന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ആദ്യം പറഞ്ഞത് ‘കണക്ക് പഠിക്കാൻ’ എനിക്കില്ലാത്ത താൽപര്യത്തെക്കുറിച്ചും അതു ഞാൻ പഠിച്ചു കാണാനുള്ള അച്ഛന്റെ അമിതാവേശത്തെക്കുറിച്ചും ആയിരുന്നു.

പക്ഷേ, രക്ഷപ്പെടാൻ മറ്റൊരു വഴിയും നിർദേശിക്കാൻ ശങ്കരൻനായർക്കും കഴിഞ്ഞില്ല. എങ്കിലും എന്റെ ദുഃഖം ശങ്കരൻനായർ ഉൾക്കൊണ്ടതായി എനിക്കു തോന്നി. അപ്പോൾ അതാ തൊട്ടടുത്ത ക്ലാസിൽ നിന്നു ഹിന്ദി വിഭാഗത്തിലെ പ്രഫ. ഭാസ്കരൻനായർ സാർ ഇറങ്ങി വരുന്നു. ക്ലാസ് കഴിഞ്ഞുള്ള വരവാണ്. അച്ഛന്റെ അടുത്ത സ്നേഹിതനാണ്. എന്നെ ആ നിലയ്ക്ക് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റി കോളജിൽ എന്തിനു ചെന്നു ഞാൻ എന്നു ന്യായമായും അദ്ദേഹത്തിന് സംശയം തോന്നാം. പക്ഷേ അങ്ങനെ സംശയിക്കാനൊന്നും അദ്ദേഹത്തിന് സമയം കൊടുക്കാതെ ഞാൻ നേരെ ചെന്ന് എന്റെ കഠിനമായ വേവലാതി അദ്ദേഹവുമായി പങ്കുവച്ചു.

 ബിഎസ്‌സി മാത്‌സിനാണ് അച്ഛൻ അഡ്മിഷന് ശ്രമിക്കുന്നത് എന്നും എനിക്കതിൽ തീരെ താൽപര്യമില്ല എന്നും ഞാനദ്ദേഹത്തോടു പറഞ്ഞു. കണക്ക് പഠനം എനിക്ക് അത്ര സുഖകരമായ ഏർപ്പാടല്ല എന്ന പരമാർഥവും ‍ഞാൻ അദ്ദേഹത്തോടു വെളിപ്പെടുത്തി. എല്ലാംകേട്ട അദ്ദേഹം ചോദിച്ചു, ‘ ഇവിടെ ഹിന്ദിക്ക് ചേരുന്നോ ഇതാ ഇതാണ് ബിഎ ക്കാരുടെ ക്ലാസ്’ അദ്ദേഹം ചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി. ഒരു ക്ലാസ് റൂം കണ്ടു. 

പതിനെട്ടോളം പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉള്ള ക്ലാസ്. അതു കൊള്ളാമല്ലോ. ആ ക്ലാസിന്റെ മട്ടും മാതിരിയും എന്നെ ആകർഷിച്ചിട്ടുണ്ടാകാം. ഹിന്ദി പഠിക്കാൻ സമ്മതമാണെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾത്തന്നെ ലേറ്റ് അഡ്മിഷൻ ഫോം വാങ്ങി പൂരിപ്പിച്ചു കൊടുക്കാൻ ഭാസ്കരൻനായർ സാർ പറ‍ഞ്ഞു. ഞാൻ ഓഫിസിലേക്കോടി. ഫോം വാങ്ങി പൂരിപ്പിച്ചു. അപ്പോൾ അതാ അതിൽ മറ്റൊരു വൈതരണി. അപേക്ഷയിൽ അച്ഛന്റെ ഒപ്പ് വേണം. അച്ഛൻ വരാൻ ഒരാഴ്ച കഴിയും. വന്നാൽ ഒപ്പിട്ട് തരികയുമില്ലെന്ന് ഉറപ്പ്. എന്തു ചെയ്യും. തൽക്കാലം ഞാൻ തന്നെ എന്റെ ‘അച്ഛനായി’. അച്ഛന്റെ ഒപ്പ് ഞാൻ തന്നെ ഇട്ടു. അപേക്ഷാഫോം ഓഫിസിൽ പ്രാർഥനയോടെ സമർപ്പിച്ചു.

ഡൽഹിയാത്ര കഴിഞ്ഞു വന്നപ്പോൾ തന്നെ എന്റെ അച്ഛനെ എതിരേറ്റത് മകൻ യൂണിവേഴ്സിറ്റി കോളജിൽ ഹിന്ദി ബിഎയ്ക്ക് ചേർന്നു എന്ന വാർത്തയായിരുന്നു. ഒരു കലാപം പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്!. കണക്കു വിട്ടു പഠിക്കാൻ ചേർന്നത് ഹിന്ദി ആണ് എന്നറിഞ്ഞതോടെ അദ്ദേഹത്തിലെ ദേശീയ ബോധം ഉണർന്നു. മകൻ പഠിക്കുന്നത് രാഷ്ട്രഭാഷയാണല്ലോ എന്നതിൽ അദ്ദേഹം അഭിമാനംകൊണ്ടു കാണണം. നാളെ മകൻ രാഷ്ട്രഭാഷാ വിചക്ഷണൻ ആകുമല്ലോ എന്ന ചിന്തയിൽ അദ്ദേഹം മനസ്സറിഞ്ഞു സന്തോഷിച്ചിട്ടുണ്ടാകാം. എന്നാൽ എന്റെ തീരുമാനത്തിൽ തൃപ്തനാണെന്നോ അല്ലെന്നോ അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.

(തുടരും)

English Summary: Madhu Mudrakal by Madhu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS