ADVERTISEMENT

200 രൂപയുടെ രണ്ടു ഖാദി തോർത്തുകൾ ഉപയോഗിച്ച് ഡിസൈനർ രാജേഷ് പ്രതാപ് സിങ് ഒരു ജാക്കറ്റ് ഒരുക്കിയിട്ടുണ്ട്.  വില അൽപം കുടുതലാണ്. 50,000 രൂപ!. അൽപം ഖാദിത്തുണിയിൽ  ഡിസൈനർ നൗഷാദ് അലി കുറച്ചു ചുളുക്കുകൾ വീഴ്ത്തി ഒരു ഷർട്ടുണ്ടാക്കി. പ്രൈസ് ടാഗ് 6900 രൂപ. ഓരോ ഡിസൈനർക്കും 4 ഖാദി മുണ്ടും 6 തോർത്തും നൽകി. അവരുടെ മനസ്സിലെ ഭാവനയും ചരിത്രത്തിന്റെ ഇഴകളും ചേർന്നപ്പോൾ അവ പതിനായിരങ്ങൾ വിലയുള്ള ഡിസൈനർ വസ്ത്രങ്ങളായി. 

കൊച്ചി – മുസിരിസ് ബിനാലെയുടെ അയലത്ത്  ഈ അപൂർവ കലാവിരുന്നുകൂടിയുണ്ട് ഫോർട്ട്കൊച്ചിയിൽ. ചർക്കയിൽ നൂൽനൂറ്റും തറിയിൽ നെയ്തെടുത്തും ഒരുങ്ങുന്ന കേരളത്തിന്റെ തനതു ഖാദി– കൈത്തറി തുണിയിൽ ഇന്ത്യയിലെമ്പാടുമുള്ള ഡിസൈനർ പ്രതിഭകൾ ഒരുക്കുന്ന കലാസൃഷ്ടികളാണിവ. പഴയകാല മുസിരിസ് മേഖലയായ പറവൂർ– ചേന്ദമംഗലത്തെ തറികളിലൊരുങ്ങിയ തുണിത്തരങ്ങൾ ഇന്ത്യയിലെമ്പാടും സഞ്ചരിച്ച്, പ്രാദേശിക കലാകാരന്മാരുടെ വിരൽപതിഞ്ഞ്, പുതിയ രൂപത്തിലും ഭാവത്തിലും തിരികെയെത്തിയിരിക്കുന്നു. ഒരേ തുണി, പലരുടെ ഭാവനയിലൂടെ, പല സങ്കേതങ്ങളിലുടെ കൈമറിയുമ്പോൾ ഒരുങ്ങുന്നത് വെറും വസ്ത്രമല്ല, കഥകളേറെ പറയുന്ന കലാസൃഷ്ടികളാണ്.

അതിജീവനത്തിന്റെ നിറങ്ങൾ

ഫോർട്ട്കൊച്ചിയിലെ 450 വർഷം പഴക്കമുള്ള പോർച്ചുഗീസ് ഹെറിറ്റേജ് വില്ലയിൽ മറ്റൊരു കലാവിന്യാസമായി ഈ ഡിസൈനർ വസ്ത്രങ്ങൾ ഇടംപിടിക്കുമ്പോൾ, കാഴ്ചയ്ക്കൊപ്പം ജീവിത കഥകൾക്കും മുൻതൂക്കമുണ്ട്. പ്രളയത്തെയും കോവിഡിനെയും നേരിട്ട് ജീവിതം തിരികെ പിടിക്കാനുള്ള നെയ്ത്തുകാരുടെ അതിജീവനത്തിന്റെ പുതിയ പാഠം ഓരോ ഇഴയിലുമുണ്ട്. പറവൂർ ഗാന്ധി സ്മാരക സേവാകേന്ദ്രത്തിൽ പ്രളയകാലത്ത് നശിച്ചുപോയ തറികളുടെ അവശേഷിപ്പുകൾ സ്പേഷ്യൽ ഡിസൈനർ വാസിം ഖാന്റെ നേതൃത്വത്തിൽ ഉൾപ്പെടുത്തിയാണ്  ഈ വസ്ത്ര പ്രദർശനം.

naushad-ali-mundil
നൗഷാദ് അലി മുണ്ടിൽ തയാറാക്കിയ വസ്ത്രം

ഇന്ത്യൻ ഫാഷൻ ലോകത്ത് ശ്രദ്ധേയരായ 35 ഡിസൈനർമാരാണ് കേരള ഖാദിയിലും കൈത്തറിയിലും പ്രതിഭയുടെ കയ്യൊപ്പിട്ട വസ്ത്രശേഖരം ഒരുക്കുന്നത്. പറവൂർ നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ നിന്നുള്ള ഖാദി മുണ്ടും തോർത്തും ഇവരിലൂടെ പുതുമയുള്ള ഡിസൈനർ വസ്ത്രങ്ങളായി പിറവിയെടുത്തു. 

ശരാശരി മലയാളിക്കു ഖാദിയെന്നാൽ തോർത്തും മുണ്ടും തന്നെ. ഖാദി ഷർട്ടും കൈത്തറി സാരിയും ധരിക്കുന്നവരുമുണ്ടാകാം. പക്ഷേ, പരമ്പരാഗത ചിന്തകളുടെ പരിമിതികളിൽ നിന്നു സാധ്യതകളുടെ ആകാശത്തേക്കു വളരുമ്പോൾ ഖാദിയും കൈത്തറിയും ഡിസൈനർ രൂപമെടുക്കുന്നത് ‘വൺ സീറോ എയ്റ്റ് ’ എന്നു പേരിട്ട ഈ ഹെറിറ്റേജ് കെട്ടിടത്തിൽ കാണാം. 

ഡിസൈനർമാരായ രാജേഷ് പ്രതാപ് സിങ്, ഹിമാൻഷു ഷാനി (ഇലവൻ ഇലവൻ), ഗൗരവ് ജയ് ഗുപ്ത (അക്കാരോ), അനീത് അറോറ (പെറോ), ഉജ്വൽ ദുബെ (അന്തർ അഗ്നി), പദ്മജ കൃഷ്ണൻ, കരിഷ്മ ഷഹാനി ഖാൻ (കാഷാ), അനൂജ് ശർമ (ബട്ടൺ മസാല), നൗഷാദ് അലി, സുകേത് ദിർ, ശ്രേയ ഓസ (അസ), ഉമ പ്രജാപതി (ഉപാസന), ആർഷന രാജ് തുടങ്ങിയ ഡിസൈനർമാരാണ് വ്യത്യസ്തമായ ഈ പ്രോജക്ടിനായി ഒരുമിച്ചത്. 

പാരിസ് ഫാഷൻ വീക്ക് ഉൾപ്പെടെ രാജ്യാന്തര ഫാഷൻ രംഗത്ത് ശ്രദ്ധേയനായ ഡിസൈനർ രാഹുൽ മിശ്ര തന്റെ അരങ്ങേറ്റ ഷോ നടത്തിയത് ബാലരാമപുരം കൈത്തറിയിൽ ഇരുവശവും മാറിധരിക്കാവുന്ന വസ്ത്രങ്ങളൊരുക്കിയാണ്. അദ്ദേഹം ഇത്തവണ ചേന്ദമംഗലം കൈത്തറിയിൽ ലെയറുകളാൽ മനോഹരമായ വസ്ത്രങ്ങളൊരുക്കിയിരിക്കുന്നു. ഇൻഡോർ സ്വദേശിയായ ഡിസൈനർ ആർഷന രാജിന്റെ പ്രത്യേകത, വ്യത്യസ്തമായ രീതിയിൽ വസ്ത്രം ഡൈ ചെയ്യുന്നതാണ്. അനൂജ് ശർമയുടെ തുന്നൽ വേണ്ടാത്ത വസ്ത്രങ്ങളും പ്രദർശനത്തിന്റെ അഴകാവുന്നു.

കേരള ഖാദിയിൽ സമ്പൂർണ കലക്‌ഷൻ തന്നെ ഒരുക്കിയിട്ടുണ്ട് ഡിസൈർമാരായ ആർഷനയും നൗഷാദ് അലിയും കരിഷ്മ ഷഹാനിയും. നമ്മുടെ തറികളിലൊരുങ്ങിയ ഖാദി ഭാവനാസമ്പന്നമായ പുതു ഡിസൈനുകളിൽ മോഹിപ്പിക്കുന്ന വസ്ത്രങ്ങളാകുന്നത് വെറും കാഴ്ചയല്ല, ആസ്വാദനം കൂടിയാവുന്നു ഈ കെട്ടിടത്തിന്റെ ഇടനാഴികളിൽ.

കലയും കഥയും; വൺ സീറോ എയ്റ്റ്

രാജ്യത്തെ വിവിധ കോണുകളിൽനിന്നുള്ള ഡിസൈനർമാരെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച ഈ ശ്രമത്തിനു പിന്നിലുള്ളത് തൃപ്പൂണിത്തുറ സ്വദേശിയായ രമേഷ് മേനോനാണ്. ഡൽഹിയിൽ ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി (എഫ്ഡിസിഐ) ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന രമേഷ് മേനോൻ 2018ലെ പ്രളയത്തിനുശേഷം ചേന്ദമംഗലത്തെ തറികളുടെ വീണ്ടെടുപ്പിനും നവീകരണത്തിനും മുന്നിട്ടിറങ്ങിയിരുന്നു. ‘സേവ് ദ് ലൂം’ എന്ന എൻജിഒയിലൂടെ ഈ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുകയാണ് അദ്ദേഹമിപ്പോൾ. 

‘‘പ്രളയത്തിനു ശേഷമുണ്ടായ പ്രതിസന്ധിയിൽ കേരളത്തിലെ നെയ്ത്തുകാരെ സഹായിക്കാൻ ഇന്ത്യൻ ഡിസൈനർ സമൂഹം ഇവിടേക്കെത്തി. പലരും ചേന്ദമംഗലത്തെ തറികൾ സന്ദർശിച്ചു, നമ്മുടെ തുണിത്തരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും തയാറായി. അങ്ങനെ 2018 ബിനാലെക്കാലത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരുന്നു. അന്ന് ഖാദിത്തുണി പലഭാഗത്തുമുള്ള ഡിസൈനർമാർക്ക് അയച്ചു, അവർ തിരികെ തന്ന വസ്ത്രങ്ങളുടെ പ്രദർശനത്തിനു വലിയ തോതിലുള്ള പ്രോത്സാഹനമാണു ലഭിച്ചത്. വസ്ത്രങ്ങളുടെ വിൽപന ലക്ഷ്യമിട്ടിരുന്നില്ലെങ്കിലും ആവശ്യക്കാരെത്തിയതോടെ വീണ്ടും ഡിസൈർമാരെ സമീപിച്ച് കസ്റ്റമൈസ് ചെയ്തൊരുക്കി അവ കുറിയർ ചെയ്തു. നാലു വർഷത്തിനു ശേഷം ഒരേ ഫാബ്രിക്കിൽ അതേ ഡിസൈനർമാർക്ക് പുതുതായെന്ത് കണ്ടെത്താനാകും എന്ന അന്വേഷണമാണ് ഇത്തവണ. ഡിസൈനർമാരായ ഹിമാൻഷു ഷാനിയും ആൽപി ബോയ്‌ലയുമാണ് ഇതിന്റെ ക്യൂറേഷൻ നടത്തിയത്’’, രമേഷ് മേനോൻ പറയുന്നു. 2018 മുതൽ ബിനാലെ ഫൗണ്ടേഷന്റെ ഔദ്യോഗിക പാർട്ണറാണ് സേവ് ദ് ലൂം. 

using-rubber
ബട്ടനുകളും റബർ ബാൻഡുകളും ഉപയോഗിച്ച് അനുജ് ശർമ ഒരുക്കിയ വസത്രം

‘‘ഖാദി, തോർത്തും മുണ്ടും മാത്രമായിരിക്കുമ്പോൾ നെയ്ത്തുകാർക്ക് വരുമാനമുണ്ടാകുന്നില്ല. നമ്മുടെ തനതു തുണിത്തരത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൂല്യം കൂട്ടുകയാണ് വേണ്ടത്. നെയ്ത്തുകാരെ പുതിയ സങ്കേതം പഠിപ്പിച്ചു മാറ്റം വരുത്തുക എളുപ്പമല്ല. മധ്യവയസ്സിലെത്തിയ അവർക്കത് അധികഭാരമാകും. അവർ നെയ്തെടുക്കുന്നതിന്റെ മൂല്യം കൂട്ടാനാകുക ഡിസൈനർമാർക്കാണ്’’, ഫാഷൻ കൺസൽറ്റന്റായ രമേഷ് പറഞ്ഞു. ബിനാലെക്കാലം പിന്നിട്ടാലും ഡിസൈനർ ലോകത്തിനു പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും ഹാൻഡ് മെയ്ഡ് എന്ന കലാസൃഷ്ടിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കാനും ‘വൺ സീറോ എയ്റ്റ്’ സ്ഥിരസങ്കേതമാക്കാനുള്ള പദ്ധതികളാണിനി.

ഇന്നു ലോകത്തെ ഹാൻഡ് മെയ്ഡ് ഉൽപ്പന്നങ്ങളുടെ 90 ശതമാനവും ഇന്ത്യയിൽനിന്നാണ്.  ഇന്ത്യയ്ക്കത്തും പുറത്തുനിന്നുമുള്ള ഡിസൈനർമാർ ഖാദിയെ ലോകവിപണിയിലെത്തിക്കുമ്പോൾ, അർഹിക്കുന്ന ശ്രദ്ധ ലഭിച്ചിട്ടില്ല കേരള ഖാദിക്ക്.  ബിനാലെയുടെ മണ്ണിൽ ഖാദിയുടെ സന്ദേശം ലോകമനസ്സുകളിലേക്കെത്തുകയാണ്. ഒപ്പം കേരള ഖാദിക്ക് ആഗോളസാധ്യതകൾ പ്രയോജപ്പെടുത്തുന്ന അവസരങ്ങളുണ്ടാകുമെന്നും പ്രതീക്ഷയും.

English Summary : New khadi products in Kochi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com