ADVERTISEMENT

തലയ്ക്കകത്തു തേനീച്ചകളുടെ ഇരമ്പൽ. ശരീരമാകെ ട്യൂബുകൾ  കെട്ടിയിട്ടിരിക്കുന്നു. അസഹ്യമായ വേദന. ബോധത്തിന്റെയും മയക്കത്തിന്റെയും പാതിയിൽ ഇടയ്‌ക്ക് ആരോ പറയുന്നതു കേട്ടു, ‘ശരീരം മരുന്നുകളോടു പ്രതികരിക്കുന്നില്ല; പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അറിയിക്കേണ്ടവരെ അറിയിച്ചോളൂ!’ 

ഇല്ലാ, ആയുസ്സ് ഇനിയും ഉള്ളിൽ മിടിക്കുന്നുണ്ടെന്ന് ഉച്ചത്തിലാർത്തു വിളിച്ച് പിടഞ്ഞെഴുന്നേൽക്കണമെന്നുണ്ട്. ട്യൂബിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് ഓടണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല.  ജീവന്റെ കൂട്ടിരിപ്പുകാരെന്നു തോന്നിപ്പിക്കാൻ കൺപോളകളുടെ വിറയൽ മാത്രം. ഘനീഭവിച്ച കണ്ണീർ പുറത്തേക്കല്ല, തലച്ചോറിലൂടെ ഊർന്നിറങ്ങുന്ന പോലെ. പിന്നെയോ, താൻ പ്രസവിച്ച് 8 ദിവസം മാത്രം പ്രായമായ കുഞ്ഞ് അമ്മപ്പാൽ മണവും ചൂടുമേൽക്കാതെ ഈ ആശുപത്രിക്കെട്ടിടത്തിലെവിടെയോ..

വെന്റിലേറ്റർ റൂമിനു പുറത്തു നിറയെ ബന്ധുക്കളാണ്. കബറൊരുക്കാൻ പള്ളിയിലേക്ക് അറിയിപ്പു കൊടുക്കണോ വേണ്ടയോ എന്ന അങ്കലാപ്പ് മുറുകിക്കെട്ടിയ മുഖങ്ങൾ.

2022 ഡിസംബർ 23:

ന്യൂഡൽഹി ഗുഡ്ഗാവ് ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ‘മിസിസ് ഇന്ത്യ വൺ ഇൻ എ മില്യൻ’ സൗന്ദര്യ മത്സരത്തിൽ ‘കേരള സ്റ്റേറ്റ് ഗോൾഡ് 2022’ പട്ടം ചാർത്തി നാഹിദ മുഹമ്മദ് എന്ന മുപ്പത്തിയഞ്ചുകാരി റാംപിലൂടെ ചുവടുവച്ചു. പ്രസവത്തോടനുബന്ധിച്ച് ഹൃദയ മസിലുകൾ ദുർബലപ്പെടുന്ന രോഗാവസ്ഥയോടു (പെരിപാർട്ടം കാർഡിയോ മയോപതി) മല്ലിട്ട് അവൾ തിരിച്ചു പിടിച്ചത് ജീവിതം മാത്രമല്ല,വ്യക്തിത്വം കൂടിയാണ്.  

nahitha-returned
നാഹിദ രോഗത്തെ അതിജീവിച്ച കാലത്ത്.

2017നവംബർ 22: 

തൃശൂർ ഒല്ലൂക്കര സ്വദേശിനി കേലാണ്ടത്ത് നാഹിദ അമ്മയായതും ‘അസുഖക്കാരി’യായതും അന്നാണ്. പ്രസവത്തിനു രണ്ടു ദിവസം മുൻപേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഈ ദിവസങ്ങളിൽ പ്രസവ വേദനയ്ക്കുള്ള മരുന്നു കുത്തിവച്ചു. കുത്തിവയ്പ്പോടെ ചൊറിച്ചിൽ തുടങ്ങി. ചൊറിഞ്ഞു ചൊറിഞ്ഞു ശരീരം ചുവന്നുതുടുത്തു. മുഖത്തു നീരുവയ്ക്കാനും തുടങ്ങി. വേദന സഹിക്കാനാകാതെ നിലവിളിയായി. ഇതിനിടെ പ്രസവം നടന്നു. രക്തസ്രാവം നിലക്കാതെയായി. കുഞ്ഞിന്റെ മുഖമൊന്നു കാണാനുള്ള കൊതി വേദനകൾക്കൊപ്പം കടിച്ചമർത്തി. ആണോ, പെണ്ണോ? ഒരറിവുമില്ല. ആരും പറഞ്ഞതുമില്ല. രക്തസ്രാവം തുടർന്നതോടെ ആരോ ബന്ധുക്കളോടു സൂചിപ്പിച്ചു, ‘പേഷ്യന്റ് പോകുന്ന ലക്ഷണമാണ്’.  പലതവണയായി രക്തം കയറ്റി. വേദന അയഞ്ഞപ്പോൾ നാഹിദ കുഞ്ഞിനെ തിരക്കി. പെൺകുഞ്ഞാണ്. കൊതിച്ചതു കിട്ടിയതോടെ ചുണ്ടിലൊരു ചിരി കിളിർത്തു. 

Read Also: ‘നോ’എന്നു പറഞ്ഞാൽ അത് ‘നോ’എന്നു തന്നെയാണെന്ന് ആൺകുട്ടികൾ മനസ്സിലാക്കണം: ഹൈക്കോടതി

രക്തസമ്മർദമേറി, ശ്വാസംമുട്ടൽ സ്ഥായിയായി. സങ്കീർണ പ്രസവം ആയിരുന്നെന്നും രോഗിയെ ടെൻഷനടിപ്പിക്കാതെ നോക്കണമെന്നും പ്രസവാനന്തരം വിഷാദം ഉണ്ടായേക്കാമെന്നും ഉപദേശിച്ചു. നടക്കാനും ഇരിക്കാനും ശ്വാസംവലിക്കാനുമുള്ള ദുരിതപ്പിറവികളോടെയാണ് കൈക്കുഞ്ഞുമായി തിരികെ വീട്ടിലെത്തുന്നത്.

നവംബർ 27: 

വീട്ടിലെത്തി അരമണിക്കൂർ പിന്നിടും മുൻപേ നാഹിദ വിറച്ചു നിലത്തുവീണു. അവളെയും കൈക്കുഞ്ഞിനെയും വാരിയെടുത്തു ബന്ധുക്കൾ ഫയർ ആംബുലൻസിൽ (പരിഭ്രമിച്ച് ആദ്യം സഹായത്തിനായി വിളിച്ചത് അഗ്നിരക്ഷാ സേനയിലേക്ക്) സമീപത്തെ ആശുപത്രിയിലേക്ക്. രോഗിയുടെ സ്ഥിതി വഷളാണെന്നും നല്ല ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് ഉടൻ എത്തിക്കണമെന്നും നിർദേശം. 

 അതേ ആംബുലൻസിൽ മറ്റൊരു ആശുപത്രിലേക്ക്. എത്തിച്ചയുടനെ വെന്റിലേറ്റർ ഐസിയുവിൽ പ്രവേശിപ്പിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നു കണ്ടതോടെ നാലാംനാളിൽ ഡോക്ടർ ബന്ധുക്കളോടു പറഞ്ഞു: ‘ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ച മട്ടാണ്. പെരിപാർട്ടം കാർഡിയോ മയോപതി എന്നു പറയും. പ്രതീക്ഷിക്കേണ്ട, അറിയിക്കേണ്ടവരെ അറിയിച്ചോളൂ’. ജീവച്ഛവമായി കിടന്ന നാഹിദ ഏതോ അത്ഭുതകഥയിലെന്ന പോലെ അന്നു രാത്രി മയക്കംവിട്ടുണർന്നു. ഭർത്താവിനെയും കുഞ്ഞിനെയും അന്വേഷിച്ചു. പകുതി മാഞ്ഞു പോയ ഓർമയിൽ എന്നു നാട്ടിൽ നിന്നെത്തി എന്നു  ചോദിച്ച ഭാര്യയോട്, ഭർത്താവ് പറഞ്ഞു: എല്ലാം വലിയ കഥകളാണ്. വീട്ടിലെത്തിയിട്ട് വിശദമായി പറഞ്ഞുതരാം...

വെന്റിലേറ്ററിൽ നിന്നു മാറ്റിയ ശേഷം ഡിസംബർ ആറിനാണ് തിരികെക്കിട്ടിയ ജീവിതവുമായി വീണ്ടും വീട്ടിലെത്തുന്നത്; ഓർമ നശിച്ചേക്കാം എന്ന ഡോക്ടറുടെ മുന്നറിയിപ്പോടെ.

കൈവിട്ട ജീവിതം

വലതു കൈയുടെ സ്വാധീനം കുറഞ്ഞു. കുഞ്ഞിനെയെടുത്ത് പാലൂട്ടാൻ പറ്റാത്ത അവസ്ഥ. കൂടെ എല്ലായ്പ്പോഴും എന്തിനും ആളു വേണം. അണുബാധാ മുന്നറിയിപ്പു നൽകിയിരുന്നതിനാൽ ആരും അടുത്തുവരാതായി. പതിയെ വിഷാദം പിടിമുറുക്കിത്തുടങ്ങി. കുറെനേരം ഒറ്റക്കിരുന്നു കരയും. കുഞ്ഞിന്റെ കരച്ചിൽ പോലും അസ്വസ്ഥയാക്കുന്ന പോലെ. ഈ വിഷമാവസ്ഥയിൽ അമ്മമാർ വരുത്തിവച്ച അപകടങ്ങളെക്കുറിച്ച് ഗൂഗിളിൽ പരതി നോക്കി. കുഞ്ഞുമുഖം നോക്കി സ്വയം നിയന്ത്രിക്കാൻ മനസ്സിനോടു മന്ത്രിച്ചുകൊണ്ടേയിരുന്നു. ഒന്നരവർഷം കഴിഞ്ഞാണ് കുഞ്ഞിനെയെടുത്ത് പാലൂട്ടാൻ കഴിഞ്ഞത്. പഴയ നാഹിദ ആകാൻ വീണ്ടും വർഷങ്ങളെടുത്തു. ശരീരം ചീർത്തു തന്നെ. ഭാരം കൂടിക്കൂടി 72 കിലോയിൽ തുടർന്നു. 

ക്യാറ്റ് വോക് 

ശരീരവും മനസ്സും വരുതിയിൽ നിർത്താൻ ഇഷ്ടപ്പെട്ട എന്തിലെങ്കിലും മനസ്സു കേന്ദ്രീകരിക്കാനും സന്തോഷമായിരിക്കാനുമാണ് കൗൺസലിങ്ങിൽ കിട്ടിയ നിർദേശം. അതോടെ കുഞ്ഞുനാളിൽ പരിശീലിച്ച യോഗയും ജിമ്മും പുനരാരംഭിച്ചു. ഭക്ഷണ ക്രമീകരണവും വൈകിട്ടത്തെ നടത്തവും ശീലമാക്കി. ഘട്ടംഘട്ടമായി ശരീരഭാരം വരുതിയിലായി. 2020 ഏപ്രിലിൽ മിസിസ് കേരള മത്സരത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചെങ്കിലും കോവിഡിനെത്തുടർന്ന് മത്സരം മാറ്റിവച്ചു. എന്നാൽ ശ്രമം ‘മിസിസ് ഇന്ത്യ’യിലേക്കു നീട്ടി. ഇതിന് അപേക്ഷിച്ചതിനാൽ, പിന്നീടു മിസിസ് യൂണിവേഴ്സ് മത്സരത്തിനുള്ള അപേക്ഷ പരിഗണിക്കപ്പെട്ടില്ല. 2022 ഏപ്രിലിലാണു സിലക്‌ഷൻ ആയെന്ന അറിയിപ്പു വന്നത്. രണ്ടു മണിക്കൂർ നീണ്ട ഓൺലൈൻ ഇന്റർവ്യൂ. ജനറൽ നോളജ്, വുമൻ എംപവർമെന്റ്, പൊളിറ്റിക്സ് തുടങ്ങി ഒട്ടേറെ ചോദ്യങ്ങളെ നേരിട്ട് ആദ്യ കടമ്പ കടന്നു.

റാംപിലെ ചുവട്

ഡൽഹിയിലെ മഞ്ഞുകോച്ചുന്ന ഡിസംബർ. 50ൽ പരം മത്സരാർഥികൾക്കൊപ്പം നിൽക്കുമ്പോൾ ‘അറയിക്കേണ്ടവരെ അറിയിച്ചോളൂ’ എന്നു പറഞ്ഞ ആശുപത്രി ദിവസം ഓർമവന്നു. കിരീടമല്ല, വേദിയിൽ കയറിയാൽത്തന്നെ അതു തന്റെ വിജയം എന്നുറപ്പിച്ചു. 50ൽ പരം മത്സരാർഥികൾക്കൊപ്പം അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും വേദിയിൽ ചുവടുവയ്ക്കുമ്പോൾ രോഗം വന്ന അന്നുമുതൽ എനിക്കൊരു കൂട്ടുണ്ടല്ലോ എന്നോർത്തു. തന്റെ മകൾ ഇഷിത. 

Read Also: നർമദാ മാൻ: ഇന്ത്യയുടെ ഫോസിൽ തലപ്പൊക്കം

ആ പ്രഖ്യാപനം വേദിയിൽ മുഴങ്ങി. മിസിസ് ഇന്ത്യ വൺ ഇൻ എ മില്യൻ’ സൗന്ദര്യ മത്സരത്തിൽ ‘കേരള സ്റ്റേറ്റ് ഗോൾഡ് 2022’ പട്ടം നാഹിദയ്ക്ക്. ഫിനാൻഷ്യൽ മാനേജ്മെന്റിൽ എം.കോം ബിരുദാനന്തര ബിരുദവും നെറ്റും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടിയ നാഹിദ വിവാഹത്തിനു മുൻപ് തൃശൂർ സെന്റ് അലോഷ്യസ് കോളജിൽ ഗെസ്റ്റ് ഫാക്കൽറ്റിയായും കൊച്ചി ഇൻഫോപാർക്ക് കെപിഎംജിയിൽ എംഐഎസ് അനലിസ്റ്റായും ജോലി നോക്കിയിട്ടുണ്ട്. നിലവിൽ തൃശൂരിലെ എൽഎൽഎംഎസ് (ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്) ബിസിനസ് പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് വിഭാഗം ഓഫിസർ ആണ്. അമ്മയുടെ പുതുപ്പിറവിക്കൊപ്പം വളർന്ന മകൾ ഇഷിത യരിത്‌സ പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ യുകെജി വിദ്യാർഥിയാണിപ്പോൾ.

English Summary : Story about Nahida Muhammed

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com