ADVERTISEMENT

മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ  രാഷ്ട്രീയ ജീവിതത്തിന്റെ തലവരമാറ്റിയ പള്ളിപ്പുറത്തെ കാറപകടമുണ്ടായത് 1992 ജൂൺ മൂന്നിന് പുലർച്ചെയാണ്. ലീഡറുടെ രാഷ്ട്രീയ ജീവിതത്തിനു നിഴലായി നിന്ന ഗൺമാൻ കെ.രാമചന്ദ്രൻ നായർ അന്നത്തെ അപകടത്തിന്റെ നടുക്കുന്ന ഓർമകളിലാണ് ഇന്നും. 30 വർഷം മുൻപുള്ള സംഭവങ്ങൾ അദ്ദേഹം ചേർത്തു വയ്ക്കുകയാണിവിടെ....

1992 ജൂൺ 2.

പതിവെല്ലാം തെറ്റിച്ചായിരുന്നു ലീഡറുടെ അന്നത്തെ യാത്ര. ബെൻസ് കാറിലായിരുന്നു അദ്ദേഹം ദീർഘയാത്ര അധികവും നടത്താറുള്ളത്.  സ്ഥിരം ഡ്രൈവർമാർ കൃഷ്ണൻകുട്ടിയും, അശോകനും. പക്ഷേ, അന്നു ബെൻസിനു പകരമെത്തിയത് വെള്ള നിറമുള്ള സ്റ്റാൻഡേഡ് 2000 ടി 27 സ്റ്റേറ്റ് കാർ. ഡ്രൈവർ സീറ്റിൽ കൃഷ്ണൻകുട്ടിക്കും അശോകനും പകരം ടൂറിസം വകുപ്പിലെ ഓച്ചിറ സ്വദേശി ഭാസ്കരൻ. ലീഡറും ഞാനും ഒപ്പം. പൈലറ്റ് വാഹനമില്ല. രണ്ട് എസ്കോർട്ട് വാഹനങ്ങൾ മുഖ്യമന്ത്രിയുടെ കാറിനു പിന്നാലെ.- രാമചന്ദ്രൻ നായർ ഓർമകളിലേക്ക് ഊളിയിട്ടു...

ഉപതിരഞ്ഞെടുപ്പു നടക്കുന്ന എറണാകുളം ജില്ലയിലെ ഞാറയ്ക്കൽ മണ്ഡലത്തിൽ ചില യോഗങ്ങളിൽ പങ്കെടുത്തു. എടവനക്കാടായിരുന്നു അവസാനത്തെ യോഗം. ഇതിനു ശേഷം, പതിവു തെറ്റിച്ച് അംബാസിഡർ കാറിന്റെ മുൻസീറ്റിലിരുന്നാണ് ലീഡറുടെ യാത്ര.  പറവൂർ ടിബിയിൽ അൽപനേരം വിശ്രമം. തുടർന്ന് ആലുവ ടിബിയിലെത്തി. അത്താഴത്തിനു ശേഷം രാത്രി 10.20നാണ് ഞങ്ങൾ ടിബിയിൽ നിന്നു സ്റ്റാൻഡേർഡ് 2000 T  27 സ്റ്റേറ്റ് കാറിൽ പുറപ്പെട്ടത്.  കൊല്ലം പിന്നിട്ടു പള്ളിമുക്കിലെത്തിയപ്പോൾ കാറിന്റെ ടയർ പഞ്ചറായി. എന്തോ അസ്വാഭാവികത  തോന്നി. ടയർ മാറ്റി യാത്ര തുടർന്നു. പുലർച്ചെയോടെ കൊല്ലം ജില്ലയുടെ അതിർത്തി കടന്നു തിരുവനന്തപുരത്തേക്ക്. കാറിന്റെ വേഗം മണിക്കൂറിൽ 70 കിലോമീറ്ററിൽ താഴെയായിരുന്നു. ചാറ്റൽമഴയിൽ സ്ഫടികം പോലെ ദേശീയപാത തിളങ്ങുന്നു. പിൻസീറ്റിൽ കിടന്നുറങ്ങുകയാണു ലീഡർ. 

ramachandran-gun-man
കെ.രാമചന്ദ്രൻ നായർ ചിത്രം: മനോജ് ചേമഞ്ചേരി∙മനോരമ

രാത്രിയിൽ ചന്നം പിന്നം മഴ പെയ്തു.  വളവും തിരിവുമില്ലാത്ത റോഡിനെപ്പറ്റി ഞാനും ഭാസ്കരനും സംസാരിക്കുന്നതിനിടെ പള്ളിപ്പുറത്ത് ആലുംമൂട് ജം‍ക്‌ഷനു സമീപം എത്തിയപ്പോൾ കാറിന്റെ നിയന്ത്രണംവിട്ടു. 50 മീറ്ററോളം ഓടിയ കാർ, അവസാനം വലിയൊരു അക്കേഷ്യ മരത്തിലും, തുടർന്ന്, പള്ളിപ്പുറം എന്നു സ്ഥലപ്പേരെഴുതിയ ഇരുമ്പു ബോർഡിലും ഇടിച്ചു വട്ടംതിരിഞ്ഞു നിന്നു. 

റോഡിനു കുറുകെ ഓടിച്ചിറക്കിയ പോലെ കാറിന്റെ മുൻവശം ഇടത്തെ ചെരിവിലേക്കിറങ്ങിയിരുന്നു.  ശക്തമായ ഇടിയായിരുന്നു. കാറിന്റെ ഹെഡ് ലൈറ്റുകളുടെ ചില്ലുകൾ 10 മീറ്റർ ദൂരത്തിൽ പൊട്ടിത്തെറിച്ചു കിടന്നതായി പിന്നീടറിഞ്ഞു. അപ്പോൾ സമയം പുലർച്ചെ 2.12.  ലീഡറും ഞാനും ഒരുമിച്ച് സഞ്ചരിച്ചപ്പോൾ 13 തവണ അപകടമുണ്ടായിട്ടുണ്ട്. ഇതിൽ, പള്ളിപ്പുറത്തുണ്ടായ അപകടത്തിൽ മാത്രമാണു ലീഡർക്കു പരുക്കേറ്റത്. എനിക്കു മൂന്നു തവണ പരുക്കേറ്റിട്ടുണ്ട്. പള്ളിപ്പുറത്തേത് 13ാമത്തെ അപകടമായിരുന്നു. 

ബേജാറാവല്ലേ, ലീഡർ പറഞ്ഞു

ഇടിയുടെ ആഘാതത്തിൽ ലീ‍ഡർ സീറ്റിനിടയിലേക്കു വീണു. കാറിന്റെ വാതിലുകൾ ജാമായതിനാൽ തുറക്കാനായില്ല. റിവോൾവർ ഉപയോഗിച്ച് വിൻഡോ ക്ലാസ് തകർത്ത്, ഡിക്കി ഉയർത്തി സീറ്റ് മാറ്റി മുഖ്യമന്ത്രിയെ പുറത്തെടുത്തപ്പോൾ തല പൊട്ടി രക്തം വാർന്നൊലിക്കുകയായിരുന്നു. വേദനയാൽ ഞരങ്ങുകയായിരുന്നു അദ്ദേഹം. അപകടം നടന്നയുടൻ വയർലെസ് സെറ്റിലൂടെ വിവരം കൈമാറി. പിസ്റ്റലും റിവോൾവറും എന്റെ കൈവശമുണ്ടായിരുന്നു. പിസ്റ്റൽ കൊണ്ട് എന്റെ ഇടതുകാലിനു പരുക്കേറ്റു. തലയ്ക്ക് ഇടിയുമേറ്റു. കൈകളിൽ അദ്ദേഹത്തെ കോരിയെടുത്ത്, ആദ്യത്തെ എസ്കോർട്ട് വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.  എന്റെ മടിയിലാണ് അദ്ദേഹം കിടന്നത്, എന്റെ ഇരുകൈകളും തലയിണയാക്കി.... ‘എനിക്കൊന്നുമില്ല, പേടിക്കേണ്ട...ബേജാറാവല്ലേ’ എന്ന് ലീഡർ  ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും നെഞ്ചിലെ വേദനയ്ക്കു കനംവച്ചു തുടങ്ങിയിരുന്നു.  വേദന കൂടിയെന്നു പറഞ്ഞു... എനിക്കു പേടിയായി. വാക്കുകൾ ഇടറി. ലീഡറെ സ്ട്രെക്ചറിൽ കിടത്തി ഓപ്പറേഷൻ തിയറ്ററിലെത്തിച്ചു.  എന്റെ ഉള്ളൊന്നു പിടഞ്ഞു. '

ലീഡർക്കൊപ്പം കെ.രാമചന്ദ്രൻ നായർ

അപകടത്തെത്തുടർന്ന് ബോധക്ഷയം ഉണ്ടായ ഭാസ്കരനെ രണ്ടാമത്തെ എസ്കോർട്ട് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. വാഹനത്തിൽ കയറ്റുമ്പോൾ....‘ഞാൻ സാറിനെ ഒന്നും ചെയ്തില്ല..’ എന്നു ഭാസ്കരൻ അബോധാവസ്ഥയിലും പറയുന്നതു കേട്ടു.... ഡിജിപി ഉൾപ്പെടെയുള്ളവർ ആ സമയത്ത് ആശുപത്രിയിലെത്തിയിരുന്നു. 

ലീഡറെ നേരെ ഓപ്പറേഷൻ തിയറ്ററിലെത്തിച്ചു. ഭാസ്കരൻ അഞ്ചാം വാർഡിൽ ആദ്യ കിടക്കയിലാണ്. എന്റെ തോളിനും നല്ല പരുക്കുണ്ടായിരുന്നു. പക്ഷേ, ആശുപത്രിയിൽ നിന്നു പോകാൻ മന‍സ്സു വന്നില്ല. അന്നു രാവിലെ 10 മണിയോടെ ലീഡറെ ശ്രീചിത്ര ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ എന്നെയും അവിടെയാണ് പ്രവേശിപ്പിച്ചത്. എന്നെ സ്കാനിങ്ങിനു വിധേയമാക്കിയെങ്കിലും ഞാൻ ആശുപത്രിയിൽ അഡ്മിറ്റാകാൻ തയാറായില്ല. പിറ്റേ ദിവസം ഡിസ്ചാർജ് വാങ്ങി ഞാൻ ലീഡറുടെ കിടക്കയ്ക്കരികിലിരുന്നു. ഇതിനു ശേഷമാണു യുഎസിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി ലീഡറെ കൊണ്ടുപോയത്. ലീഡർ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് അപകടവേളയിൽ പലരും പറഞ്ഞു. പക്ഷേ, എല്ലാവരെയും അത്ഭുതപ്പെടുത്തി അദ്ദേഹം തിരിച്ചുവന്നു. അതായിരുന്നു ലീഡർ. മനസ്സുറപ്പിൽ അദ്ദേഹത്തെ വെല്ലാൻ ആർക്കും കഴിയില്ല. ശസ്ത്രക്രിയക്കു ശേഷമുള്ള മരുന്നു കൊടുക്കലും പരിചരണവുമല്ലാം എന്റെ ഡ്യൂട്ടിയായിരുന്നു. നട്ടെല്ലിന്റെ പരുക്കു നീക്കാനായിരുന്നു നീന്തൽ പരിശീലനം. ശരിയായ ആരോഗ്യം ലഭിക്കും വരെ എന്റെ കൈകളിൽ കിടന്നു തന്നെയാണ് അദ്ദേഹം നീന്തൽ പരിശീലിച്ചത്. 

ലീഡർ ചോദിച്ചു, എന്താ പേര്...?

1969 മാർച്ച് മാസത്തിലൊരു സന്ധ്യ. അന്ന് എംഎൽഎയായിരുന്ന കെ.കരുണാകരന്റെ മുറിയിലേക്ക് ഞാൻ കയറിച്ചെന്നു. ഞാൻ ആദ്യം സല്യൂട്ടടിച്ചു.  ബൂട്ടിന്റെ ശബ്ദം കേട്ട് ഫയലിൽ നിന്നു മുഖമുയർത്തിയ ശേഷം എന്നെ അദ്ദേഹം അടിമുടി നോക്കി. കയ്യിലുണ്ടായിരുന്ന ഫയൽ മേശപ്പുറത്ത് വച്ചു ഞാൻ മാറിനിന്നു. എന്നെ നോക്കി, സ്വതസിദ്ധമായ ചിരിയോടെ ലീഡർ ചോദിച്ചു, എന്താ പേര്..? ഞാൻ പറഞ്ഞു: ‘രാമചന്ദ്രൻ നായർ...’ എന്റെ മറുപടി ഒരു ഗാഢബന്ധത്തിന്റെ തുടക്കമായിരുന്നു. സ്പെഷൽ ബ്രാഞ്ചിലെ കോൺസ്റ്റബിളായിരുന്നു ഞാൻ അന്ന്. എന്റെ വീടും നാടും കുടുംബ വിവരവുമൊക്കെ അദ്ദേഹം ചോദിച്ചു. ഗാർഡ് ഡ്യൂട്ടിയാണ് എനിക്ക് നൽകിയത്.  ലീഡർ ആഭ്യന്തരമന്ത്രിയായപ്പോൾ അധികം താമസിയാതെ എന്നെ ആഭ്യന്തരമന്ത്രിയുടെ ഗൺമാനായി നിയമിച്ചു കൊണ്ട് ഉത്തരവെത്തി. രാജൻ കേസിനെത്തുടർന്ന് ലീഡർ രാജി വച്ചപ്പോൾ എന്നെ പൊലീസിലേ‍ക്കു മടക്കി. ഇടയ്ക്കു മന്ത്രി കെ.ജി.അടിയോടിയുടെ ഗൺമാനായി ഒന്നര വർഷം ജോലി ചെയ്തു. 

ലീഡർ പ്രതിപക്ഷ നേതാവായപ്പോൾ എന്നെ വീണ്ടും ഗൺമാനായി നിയമിച്ചു. 98ൽ സർവീസിൽ നിന്നു വിരമിക്കുന്നതു വരെ ഞാൻ അദ്ദേഹത്തിന്റെ നിഴലായിരുന്നു. ഔദ്യോഗിക രേഖകളിൽ 29 വർഷം അദ്ദേഹത്തെ സേവിച്ചു. കടവൂർ ശിവദാസൻ വൈദ്യുതി മന്ത്രിയായിരുന്ന കാലയളവിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മൂന്നു വർഷം പ്രവർത്തിച്ചു. സർവീസിൽ നിന്നു ഞാൻ വിരമിച്ച ശേഷമായിരുന്നു ഇത്. ഇതിനിടയിലും ലീഡറെ സേവിക്കാൻ ഞാൻ സമയം കണ്ടെത്തി. വിരമിച്ച ശേഷവും ഞാനെന്നും ജവാഹർ നഗറിലെ ലീഡറുടെ വീട്ടിൽ രാവിലെയെത്തും, വൈകിട്ടു മടങ്ങും... 2010ൽ ലീഡർ വിട പറയുന്നതു വരെ ആ കുടുംബത്തിലെ അംഗമായിരുന്നു ഞാൻ.

leader-and-ranachandran
രാമചന്ദ്രൻ നായർ, കെ.കരുണാകരൻ

ലീഡറുടെ ഒരു ദിവസം

ബ്രാഹ്മമുഹൂർത്തത്തിൽ ഉണരും. പൂജാമുറിയിൽ അഞ്ചു തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ചിട്ടുണ്ടാകും. അതു കണികണ്ടുകൊണ്ടാണ് ലീഡറുടെ ഒരു ദിവസം ആരംഭിക്കുന്നത്. നാലു–നാലര കിലോമീറ്റർ നടത്തം. അത് അര മണിക്കൂറോളമെടുക്കും. മടങ്ങി വന്നു പത്രപാരായണം. കുളിച്ച ശേഷം ആറു മണിയോടെ പൂജാമുറിയിൽ പ്രാർഥനയുടെ ലോകത്ത്. രണ്ടു  മണിക്കൂറെങ്കിലും പൂജാമുറിയിൽ ചെലവിടും. നാരായണീയം. ഹരിനാമകീർത്തനം എന്നിവ പാരായണം ചെയ്യും. വീട്ടിലെ പൂജാമുറിക്ക് ഗുരൂവായൂർ ക്ഷേത്രത്തിലേതു പോലെ ഏറ്റവും പവിത്രമായ സ്ഥാനമായിരുന്നു.  ഗുരുവായൂരിൽ ഭഗവാന്റെ ഉഷപൂജ സമയത്തു തന്നെ വീട്ടിൽ പൂജകൾ തുടങ്ങും.

എട്ടു മണിക്കു പൂജാമുറിക്കു പുറത്തു വരും. ബ്രിൽക്രീം പുരട്ടി മുടി ചീകിയൊതുക്കും. അപ്പോഴും ചുണ്ടിൽ ലളിതാസഹസ്രനാമം. പിന്നെ ജനങ്ങൾക്കൊപ്പം.  ഇതിനു ശേഷമേ എന്തെങ്കിലും കഴിച്ചിരുന്നുള്ളൂ. ഗുരുവായൂരിലെ കളഭവും തീർഥവും ചേർത്ത് ആദ്യം കഴിക്കും. തുടർന്ന് കരിക്കിൻ വെള്ളം. ശേഷം ലളിതമായ പ്രാതൽ. ഒരു ഇഡ്ഢലിയാകും മിക്കവാറും കഴിക്കുക. ഒരൗൺസ് നെല്ലിക്കാ നീരിൽ തേൻ ചേർത്തത്. ഒരു കഷ്ണം പഴുത്ത പപ്പായ. 11 ന് പഴച്ചാർ. ഉച്ചയ്ക്ക് ഒരു മണിക്ക് ഊണ്–  2 സ്പൂൺ ചോറ്, പച്ചക്കറി, എരിവും പുളിയുമില്ലാത്ത കറികൾ. കാച്ചിയ മോര്...തുടർന്ന് അൽപം വിശ്രമം. മൂന്നരയോടെ എഴുന്നേൽക്കും, ന്യൂട്രീഷൻ ഫുഡ് പാലിൽ ചേർത്ത് കഴിക്കും. വൈകിട്ട് ഒരു കപ്പ് ചായയും പഴംപൊരിയോ വടയോ ഏതെങ്കിലും ഒന്ന്. വെള്ളത്തുണിയിൽ ഉഴുന്നു വട അമർത്തി വച്ച്, എണ്ണ മാറ്റിയ ശേഷമാണു കഴിക്കുക. സന്ധ്യയ്ക്ക് വെജിറ്റബിൾ ജ്യൂസ്, രാത്രിയിൽ ഒരു ഗ്ലാസ് ഗോതമ്പു കഞ്ഞിയും പച്ചക്കറിത്തോരനും. പകൽ രണ്ടോ മൂന്നോ പ്രാവശ്യം കരിക്കിൻ വെളളം കുടിക്കും. കരിക്കിൻ വെള്ളം എപ്പോൾ കിട്ടിയാലും നിരസിക്കില്ല. തൊണ്ട് ചെത്തി മാറ്റിയ കരിക്ക്, ചൂടുവെള്ളത്തിൽ ഇറക്കിയ ശേഷം തണുപ്പു മാറ്റിയാണ് കുടിക്കുക. എത്ര വലിയ സദ്യയായാലും പരമാവധി ഒരു ഫ്രൂട്ട് സാലഡിൽ സംതൃപ്തനാകും. ഈ ചിട്ട പാലിക്കാൻ ലീഡർ എന്നും ശ്രമിച്ചിരുന്നു. എത്ര വൈകി കിടന്നാലും പുലർച്ചെ ഉണരും. എന്തു പ്രശ്നമുണ്ടെങ്കിലും ദിനചര്യയിൽ മാറ്റം വരുത്തില്ല.

കല്യാണിക്കുട്ടിയമ്മ എന്റെ അമ്മ

അമ്മേ എന്നാണ് ഞാൻ ലീഡറുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയെ വിളിച്ചിരുന്നത്. ലീഡറുടെ യാത്രകളിൽ ഇളനീരും ലേഹ്യങ്ങളും, ചുമയ്ക്കുള്ള ആയുർവേദ മരുന്നുകളും കൊടുക്കാൻ എന്നെയാണ് അവർ ഭദ്രമായി ഏൽപ്പിച്ചിരുന്നത്. ലീഡർക്ക് അപകടം പറ്റിയ സമയത്ത് ആശുപത്രിയിലെത്തിയപ്പോൾ, ‘എന്റെ ജീവനെടുത്ത് കരുണേട്ടന്റെ ജീവൻ തിരിച്ചു കൊടുക്കണേ...ഗുരുവായൂരപ്പാ..’എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ കല്യാണിക്കുട്ടിയമ്മയുടെ വാക്കുകൾ എന്നെ കരയിച്ചു.  

കല്യാണിക്കുട്ടിയമ്മയുടെ മരണശേഷം ലീഡറുടെ ജവാഹർനഗറിലെ വീട്ടിലെ മുറിയിൽ കല്യാണിക്കുട്ടിയമ്മയുടെ പ്രതിമ വച്ചിരുന്നു. പൂജാമുറിയിൽ നിന്നു പുറത്തിറങ്ങി വരുന്ന സാഹചര്യത്തിൽ തുളസിപ്പൂമാലയും പൂവും ആ പ്രതിമയിൽ ലീഡർ ചാർത്തും. ഗുരൂവായൂരിലെ കളഭം ചാർത്തിയ ശേഷം ആ മുഖത്തേക്ക് ലീഡർ നോക്കിയിരിക്കുന്ന ഒരു നിമിഷമുണ്ട്. മുന്നിലിരിക്കുന്നവരുടെ കണ്ണുകൾ പോലും അപ്പോൾ നിറഞ്ഞു പോകും. സ്നേഹത്തിന്റെ അത്തരം അപൂർവമായ എത്രയോ നിമിഷങ്ങൾക്ക് ഞാൻ എത്രയോ തവണ സാക്ഷിയായിരുന്നിട്ടുണ്ട്. അത്രയ്ക്കും സ്നേഹമായരുന്നു ലീഡർക്ക് കല്യാണിക്കുട്ടിയമ്മയോട്. 

എന്നെ വരച്ചോളൂ പക്ഷേ,

രാഷ്ട്രീയത്തിൽ വന്നില്ലെങ്കിൽ ചിത്രകാരനാകുമായിരുന്നുവെന്ന് ലീഡർ പലപ്പോഴും പറയുമായിരുന്നു. കാർട്ടൂണിസ്റ്റുകളോട് പ്രത്യേക വാത്സല്യമായിരുന്നു. കാർട്ടൂണിസ്റ്റുകൾക്ക് വരയ്ക്കാൻ ഏറെ എളുപ്പം തന്നെയാണെന്നും പറയും. വ്യക്തിപരമായ കാര്യങ്ങൾ കാർട്ടൂണിലും വാർത്തയിലും വരുന്നത് അദ്ദേഹത്തിന് വേദനയുണ്ടാക്കിയിട്ടുണ്ട്. വിമർശനങ്ങൾ എപ്പോഴും നേർവഴിക്കാക്കി നയിച്ചിട്ടുണ്ടെന്നും പറയും. ‘എന്നെ നിങ്ങൾ എത്ര വേണമെങ്കിലും വരയ്ക്കൂ.. എനിക്കതെന്തിഷ്ടമാണെന്നോ?  പക്ഷേ കുടുംബാംഗങ്ങളെ അനാവശ്യമായി കാർട്ടൂണിലും വാർത്തയിലും വലിച്ചിഴയ്ക്കരുത്’– കാർട്ടൂണിസ്റ്റുകളോടുള്ള ലീഡറുടെ അഭ്യർഥന ഇതായിരുന്നു.  

നടുക്കമുണ്ടാക്കിയ സംഭവങ്ങൾ

ലീഡർക്കൊപ്പം ജോലി ചെയ്യുമ്പോൾ യാത്രയ്ക്കിടെ പള്ളിപ്പുറത്തുണ്ടായ കാറപകടവും കൊല്ലത്ത് 1991 ൽ അന്നു കേന്ദ്രമന്ത്രിയായിരുന്ന മാധവറാവു സിന്ധ്യ പങ്കെടുത്ത യോഗത്തിൽ യുവമോർച്ച പ്രവർത്തകർ തള്ളിക്കയറിയ സംഭവവും നടുക്കമുണ്ടാക്കി.

യാത്രി നിവാസ് ഉദ്ഘാടന വേളയിൽ 1991ലായിരുന്നു സംഭവം. മാധവറാവു സിന്ധ്യ പങ്കെടുത്ത യോഗത്തിലേക്ക് നാല് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറി. അന്ന് ലീഡർ മുഖ്യമന്ത്രിയായിരുന്നു. വേദിയിൽ സെക്യൂരിറ്റി ഡ്യൂട്ടിയിലായിരുന്ന ഞാൻ, അക്രമികളെ ചവിട്ടിയും ഇടിച്ചും പുറത്തേക്കെറിഞ്ഞു. അങ്ങനെ കേന്ദ്രമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കേന്ദ്രമന്ത്രിയെ രക്ഷപ്പെടുത്തിയതിലൂടെ മുഖ്യമന്ത്രിയുടെ മാനം രക്ഷിക്കാനും എനിക്കായി. ഈ സംഭവത്തിൽ സുരക്ഷാ പാളിച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ലീഡർ കടുത്ത ശിക്ഷാ നടപടിയെടുത്തു. എനിക്ക് റിസർവ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റവും നൽകി. തൊട്ടു പിന്നാലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലും എന്നെത്തേടിയെത്തി.

കാക്കിപ്പടയുടെ കുടുംബം

ഹെഡ്കോൺസ്റ്റബിളായി വിരമിച്ച പരേതരായ കുട്ടൻ പിള്ള–ഭഗവതിയമ്മ ദമ്പതികളുടെ 4 മക്കളിൽ ഇളയവനാണ് രാമചന്ദ്രൻ നായർ. മൂത്ത സഹോദരൻ പരേതനായ കൃഷ്ണൻ നായർ ഹെഡ് കോൺസ്റ്റബിളായിരുന്നു. രണ്ടാമത്തെ സഹോദരൻ മാധവൻ നായർ അസി. കമൻഡാന്റായിട്ടാണു വിരമിച്ചത്. മറ്റൊരു സഹോദരൻ വിശ്വനാഥൻ നായർ സൈന്യത്തിലായിരുന്നു. 19ാം വയസ്സിൽ പൊലീസ് സേനയിൽ പ്രവേശിച്ച രാമചന്ദ്രൻ നായർ അസി.കമാൻഡാന്റായിട്ടാണു വിരമിച്ചത്. റിങ് റൗണ്ട് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു സർവീസിന്റെ തുടക്കം. ഭാര്യ: ഡി.സരസ്വതി. മക്കൾ: ഡോ.ആർ.എസ്.ഗോപകുമാർ (ഹെൽത്ത് ഓഫിസർ, തിരുവനന്തപുരം കോർപറേഷൻ), ആർ.എസ്.ഗംഗ (അധ്യാപിക, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ). മരുമക്കൾ: എസ്.അഞ്ജു, പരേതനായ എം.കൃഷ്ണകുമാർ മേനോൻ (ലക്ചറർ, കേരള വർമ കോളജ്).

English Summary : K Ramachandran gun man of Ex Chief minister K Karunakaran says about Pallipuram car accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com