ഒന്നരപ്പതിറ്റാണ്ടിലേറെയായി വീൽചെയറിൽ ജീവിക്കുകയാണ് അരവിന്ദ് എന്ന ചെറുപ്പക്കാരൻ. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനു സുരക്ഷയൊരുക്കാനുള്ള തയാറെടുപ്പിനിടെ അപകടത്തിൽപെട്ട് ശരീരം തളർന്ന അരവിന്ദ് പിന്നീട് വെല്ലുവിളികളോടു പടവെട്ടിയാണ് മുന്നേറിയത്. ബാങ്ക് ജോലിക്കു പോയപ്പോൾ വീൽചെയറിലെത്തുന്ന അരവിന്ദിനെ സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാനായില്ല. പിന്നീട് ഉന്നതമായ നിലയിൽ എൽഎൽഎം വിജയിച്ചിട്ടും തൊഴിൽ എന്ന സ്വപ്നം ഇപ്പോഴും അകലെ. ജീവിതം വെല്ലുവിളികൾ മാത്രമാകുമ്പോഴും അരവിന്ദ് നിരാശനാകുന്നില്ല. സ്വപ്നങ്ങളാണ് അയാളെ ഇപ്പോഴും മുന്നോട്ടു നയിക്കുന്നത്. സ്വയം കാറോടിച്ച് ബെംഗളൂരുവിലേക്കു പോയി. ഇനി യാത്ര ലഡാക്കിലേക്ക്.
1) തിരുവനന്തപുരത്ത് രാജ്ഭവനിലായിരുന്നു അരവിന്ദിന്റെയും രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെയും കൂടിക്കാഴ്ച. കാര്യവട്ടത്തു നടന്ന നാഷനൽ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ എത്തിയതാണു രാഷ്ട്രപതി. നേരിട്ടു കാണാൻ അരവിന്ദ് അനുമതി ചോദിച്ചിരുന്നു. ചടങ്ങു കഴിഞ്ഞ് അരവിന്ദനുവേണ്ടി അബ്ദുൽ കലാം രാജ്ഭവനിൽ കാത്തിരുന്നു. രാജ്ഭവൻ വളപ്പിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. നാലു വർഷം മുൻപ് ഇതുപോലൊരു സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ടവനായിരുന്നു താനും എന്ന് അരവിന്ദ് ഓർത്തു.
രാജ്ഭവന്റെ ലോബിയിൽ കാത്തു നിൽക്കുമ്പോൾ അരവിന്ദിന്റെ പേരു വിളിച്ചു. അരവിന്ദ് രാഷ്ട്രപതിക്കു മുന്നിലെത്തി. ആരുടെ സുരക്ഷയൊരുക്കാനുള്ള യാത്രയ്ക്കിടയിലാണോ താൻ വീണുപോയത്, ആ വലിയ മനുഷ്യനുമായി മുഖാമുഖം. കലാമിനെ എഴുന്നേറ്റ് നിന്നു സല്യൂട്ട് ചെയ്യൻ കഴിയാത്തതിൽ അരവിന്ദ് ദുഃഖിച്ചു. തനിക്കു സുരക്ഷയൊരുക്കുന്നതിനു വേണ്ടിയുള്ള ഒരുക്കത്തിനിടയിൽ പരിക്കേറ്റു കാലു തളർന്ന് വീൽചെയറിൽ ജീവിക്കുന്ന അരവിന്ദിനെ കലാം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അമ്മ ഷീനയും ഒപ്പമുണ്ടായിരുന്നു.അരവിന്ദ് തന്റെ കഥ വിവരിച്ചപ്പോൾ കലാം സ്തബ്ധനായിരുന്നു. സീറ്റിൽ നിന്ന് എഴുന്നേറ്റ് അരവിന്ദിന്റെ അടുത്തേക്കുവന്നു തോളിൽ കൈവച്ചു. ഏറെ നേരം സംസാരിച്ചു.
2) 2006 ജനുവരി 10. വിശാഖപട്ടണത്ത് രാഷ്ട്രപതിയുടെ സുരക്ഷാസംഘത്തിൽ അംഗമായി പരിശീലനത്തിനായി പോകുന്ന വഴിക്കായിരുന്നു അരവിന്ദ് അപകടത്തിൽപ്പെട്ടതും അരയ്ക്കു താഴെ തളർന്നതും. ബൈക്ക് മറിഞ്ഞ് പാതയുടെ നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന കരിങ്കല്ലിൽ നടുവിടിച്ചു വീഴുകയായിരുന്നു. ആ വീഴ്ചയിൽ നട്ടെല്ലു പാടെ തകർന്നു. നാവികസേനയുടെ ആശുപത്രികളിൽ വർഷങ്ങൾ നീണ്ട ചികിത്സ. കേരള ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥയായ അമ്മ ഷീന അവധിയെടുത്തു മുംബൈയിലെയും പുണെയിലെയും സൈനിക ആശുപത്രികളിൽ മകനെ പരിചരിച്ചു. വർഷങ്ങൾ നീണ്ട ചികിത്സയുടെ ഫലമായി വലതു കൈയുടെ ചലനശേഷി വീണ്ടുകിട്ടി. പക്ഷേ അരയ്ക്കു താഴെയുള്ള ചലനശേഷി വീണ്ടെടുക്കുന്നതിൽ വൈദ്യശാസ്ത്രം പരാജയപ്പട്ടു. ഇനി നേവിയിലേക്ക് ഒരു മടക്കയാത്രയില്ലെന്ന് അരവിന്ദിനു മനസ്സിലായി. കിടക്കയിൽ നിന്നു താനൊരിക്കലും എഴുന്നേൽക്കില്ലെന്നുപോലും തോന്നി. ഭാവി ഒരു ചോദ്യചിഹ്നമായി മുന്നിൽ. പക്ഷേ അമ്മ അരവിന്ദിനു ശുഭപ്രതീക്ഷകൾ പകർന്നുകൊണ്ടേയിരുന്നു. ‘നീ എഴുന്നേറ്റു നടക്കും മോനേ, നിന്നെ ഞാൻ നടത്തും’ അമ്മ ധൈര്യം പകർന്നു.
3) മാസങ്ങൾ കഴിഞ്ഞതോടെ അരവിന്ദിന് ആശുപത്രി വീടായി. സഹരോഗികൾ വീട്ടുകാരും ബന്ധുക്കളുമായി. യാഥാർഥ്യവുമായി അമ്മയും മകനും ക്രമേണ പൊരുത്തപ്പെട്ടു. എല്ലാം തകർന്ന അവസ്ഥയിൽ നിന്ന് അരവിന്ദിന്റെ മനസ്സ് സാവകാശം ഉണരുകയായിരുന്നു. പതിനേഴാം വയസ്സിൽ പ്ലസ് ടു പഠനം പൂർത്തിയാകുന്നതിനു മുൻപ് നാവികസേനയിൽ ചേർന്നതാണ്. നാലു വർഷം കഴിയുന്നതിനു മുൻപായിരുന്നു അപകടം. അന്ന് വയസ്സ് 21. നേവിയിൽ അത്‌ലീറ്റായി തിളങ്ങിയ അരവിന്ദ് മാരത്തൺ ഓട്ടക്കാരനായിരുന്നു. ഏഷ്യൻ ടീമിൽ സിലക്‌ഷൻ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വിധി എല്ലാം മാറ്റി മറിച്ചത്. ആശുപത്രിയിൽ കിടന്നു പ്ലസ്ടു പൂർത്തിയാക്കി പരീക്ഷ എഴുതാൻ മോഹം. അമ്മയും ചികിത്സിച്ച ഡോക്ടർമാരും പ്രോത്സാഹിപ്പിച്ചു. ആശുപത്രിയിൽ കിടന്നു തന്നെ പഠിച്ചു. സ്ക്രൈബിനെ (സഹായി) വച്ച് പരീക്ഷയെഴുതി വിജയിച്ചു. ആശുപത്രി വിട്ടശേഷം നിയമം പഠിക്കാൻ തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. വീൽചെയറിലിരുന്നാണു പഠനം. മികച്ച മാർക്കോടെ നിയമ ബിരുദം കരസ്ഥാക്കി. ലോ അക്കാദമിയിൽ എൽഎൽബിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കലാമുമായുള്ള കൂടിക്കാഴ്ച.

4) ‘നന്നായി പഠിക്കുക. വൈകാതെ ഒരു അഭിഭാഷകനാകാമല്ലോ?’. തന്റെ ഇ–മെയിൽ വിലാസം അരവിന്ദിനു നൽകി കലാം അറിയിച്ചു: ‘എൽഎൽബി എടുത്തു കഴിയുമ്പോൾ എന്നെ ബന്ധപ്പെടണം’. അരവിന്ദ് നീട്ടിയ ഓട്ടോഗ്രാഫിന്റെ താളിൽ അബ്ദുൽ കലാം ഇങ്ങനെ കുറിച്ചു: ‘ഓൾ ദി ബെസ്റ്റ് വിഷസ്!’ യാത്ര പറഞ്ഞു തിരിഞ്ഞ അരവിന്ദിന്റെ വീൽചെയർ രാജ്ഭവൻ ഹാളിലൂടെ നീങ്ങുന്നതു നോക്കി അബ്ദുൽ കലാം അൽപനേരം നിന്നു. വീണ്ടും കാണാമെന്ന പറഞ്ഞാണു പിരിഞ്ഞതെങ്കിലും പിന്നീട് അവർ തമ്മിൽ കണ്ടില്ല. അരവിന്ദൻ എൽഎൽബി പൂർത്തിയാക്കിയപ്പോഴേക്കും അബ്ദുൽ കലാം രാഷ്ട്രപതിഭവന്റെ പടവുകൾ ഇറങ്ങിയിരുന്നു. അതിനുശേഷം അയച്ച ഇ–മെയിൽ സന്ദേശത്തിനു മറുപടി ലഭിച്ചില്ല. അധികം വൈകാതെ കലാം ജീവിതത്തിന്റെയും പടവുകളിറങ്ങി.
5) തന്നെയും മകനെയും ചൂഴ്ന്ന ദുരന്തത്തിൽ നിന്നു ഭർത്താവ് പതിയെ പിൻവാങ്ങിയതോടെ ദുരിതക്കടലിൽ അമ്മ ഷീന ഒറ്റയ്ക്കായി. ഇളയ മകൻ അശ്വിനെ മുത്തശിയെ ഏൽപ്പിച്ചാണ് അരവിന്ദിനെ പരിചരിക്കാൻ ഷീന മുംബൈയ്ക്കു വണ്ടി കയറിയത്. എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ആശുപത്രിയിൽ കഴിയുന്ന കാലത്ത് ആത്മവിശ്വാസം വീണ്ടെടുത്ത് അരവിന്ദനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് ഒരു മലയാളി ഡോക്ടറാണെന്ന് ഷീന ഓർക്കുന്നു: ഡോ. ഖലീൽ െഎസക് മത്തായി. ഡോ. ഖലീൽ ഇന്ന് ഇവരുടെ കുടുംബസുഹൃത്താണ്. ഒരിക്കൽ അരവിന്ദിന്റെ അമ്മയോടു ഖലീൽ പറഞ്ഞു.

‘നിങ്ങളെപ്പോലെ ഒരു അമ്മയെ കിട്ടിയതാണ് അരവിന്ദിന്റെ ഭാഗ്യം’. ഒരു ഉപദേശവും കൂടി നൽകിയാണു ഡോക്ടർ അരവിന്ദനെ മുംബൈയിലെ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്. ‘വീൽചെയറിൽ ഇരുന്നും സ്വപ്നം കാണാൻ പഠിക്കണം. ഒരു സ്വപ്നം ഉണ്ടെങ്കിൽ ഒരിക്കലും വിധിയെ പഴിക്കില്ല.’ ഒരിക്കലും വിധിയെ അരവിന്ദ് പഴിച്ചിട്ടില്ല. രണ്ടുകാലിൽ നടക്കുന്നതിനെക്കാൾ ആവേശത്തോടെ വീൽചെയറിൽ ഇരുന്ന് കൂട്ടുകാർക്കൊപ്പം നീണ്ട യാത്രകൾ നടത്തി. എത്തിച്ചേരാൻ കഴിയുന്നിടത്തെല്ലാം എത്തി. കഴിയുന്നത്ര പുസ്തകങ്ങൾ വായിച്ചു. വീണ്ടും വീണ്ടും പഠിക്കുക എന്ന സ്വപ്നം സ്വയം വളർത്തിയെടുത്തു. ഷീന അതിനു സർവ പിന്തുണയും നൽകി.
6) വിശാഖപട്ടണത്തെ ചികിത്സയ്ക്കു ശേഷം നാലു വർഷം ജോലി ചെയ്ത നാവികസേനയോടു വിട പറഞ്ഞു. നേവൽബേസ് ഓഫിസിലെത്തി താൻ ജോലി ചെയ്തിരുന്ന ഐഎൻഎസ് കിർച്ചിന്റെ ക്യാപ്റ്റനോട് അരവിന്ദ് യാത്ര പറയുകയാണ്. അദ്ദേഹം ചോദിച്ചു: ‘വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞാൽ അരവിന്ദ് എന്തായിരിക്കും ചെയ്യുക?’. ഒന്നും ആലോചിക്കാതെ തന്നെ അരവിന്ദ് മറുപടി പറഞ്ഞു. ‘തിരികെ നേവിയിലേക്ക് തന്നെ വരും’. ആ സ്വപ്നം യാഥാർഥ്യമായില്ല. പക്ഷേ, യാഥാർഥ്യമാക്കാൻ പുതിയ സ്വപ്നങ്ങൾ പിറന്നു.
7) എൽഎൽബി പഠനം തുടരാൻ നേവിയിൽ നിന്നു ബോർഡ് ഔട്ട് കിട്ടണം. അതിന് ഏറെ ബുദ്ധിമുട്ടി. ഒടുവിൽ പ്രതിരോധ മന്ത്രി എ.കെ.ആന്റണിതന്നെ ഇടപെട്ടു. വീൽചെയറിലിരുന്നു പത്തു സെമസ്റ്ററുകൾ സ്വന്തം കൈകൊണ്ടെഴുതി അരവിന്ദ് മികച്ച മാർക്കോടെയാണ് നിയമബിരുദം സ്വന്തമാക്കിയത്. തുടർന്ന് മത്സരപരീക്ഷയിലൂടെ ഒരു ദേശസാൽകൃത ബാങ്കിൽ ഓഫിസർ ആയി നിയമനം. ജോലിക്കു ചേർന്നെങ്കിലും തുടരാനായില്ല. ഭിന്നശേഷിക്കാരനെ മനസ്സുകൊണ്ട് തീണ്ടാപ്പാട് അകലെ നിർത്തിയ ചില സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ മനംമടുത്ത് ഇറങ്ങുകയായിരുന്നു.
ബാങ്കിന്റെ ഇടുങ്ങിയ മുറിയിൽ വീൽചെയറിലൂടെ സഞ്ചരിക്കാനുള്ള കഷ്ടപ്പാടും ഭിന്നശേഷി സൗഹൃദമല്ലാത്ത ശുചിമുറിയും അരവിന്ദനെ ബുദ്ധിമുട്ടിച്ചു. ശുചിമുറിയിൽ പോകാതെ മണിക്കൂറുകൾ പിടിച്ചുനിന്നു. ശുചിമുറി ഒഴിവാക്കാൻ വേണ്ടി ദാഹിച്ചാലും മണിക്കൂറുകൾ പച്ച വെള്ളം കുടിക്കാതെയിരുന്നു. തുടർന്ന് അണുബാധ വന്നു. രണ്ടു കാലും തളർന്നവൻ ബാങ്ക് ഓഫിസറായി ജോലി ചെയ്യുന്നത് ചിലർക്കെങ്കിലും പിടിച്ചില്ല. ഇതിനിടെ ജോലിയുടെ ഭാഗമായുള്ള പരിശീലനത്തിന് കൊടുംതണുപ്പു നിറഞ്ഞ ഉത്തരേന്ത്യയിലേക്ക് അയച്ചു. ആരോഗ്യസ്ഥിതി മോശമായിട്ടും അരവിന്ദ് പോകാൻ നിർബന്ധിതനാവുകയായിരുന്നു.
ആ യാത്ര അയാളുടെ ആരോഗ്യവും ആത്മവിശ്വാസവും തകർത്തു. ഭക്ഷ്യ വിഷബാധയും കാലാവസ്ഥയും അരവിന്ദിനെ വീണ്ടും രോഗിയാക്കി. മുംബെയിലെ സൈനിക ആശുപത്രിയിൽ എത്തിച്ചു. ജീവൻ വീണ്ടെടുത്ത് ഒരുവിധം നാട്ടിൽ മടങ്ങിയെത്തി. ജോലി രാജിവയ്ക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലായിരുന്നു. അപ്പോഴും അരവിന്ദ് സ്വപ്നം കാണുന്നത് അവസാനിപ്പിച്ചില്ല. പുതിയ പ്രതീക്ഷകൾ സ്വപ്നങ്ങളായി കൊണ്ടുനടന്നു.
8) ഇതിനിടെ അഭിഭാഷകനായി പരീശീലനത്തിനുശ്രമിച്ചെങ്കിലും വീൽചെയറിൽ എത്തുന്ന വക്കീലിനെ അസിസ്റ്റന്റ് ആയി സ്വീകരിക്കാൻ മുതിർന്ന അഭിഭാഷകർ തയാറായില്ല. ഒടുവിൽ നിയമത്തിൽ ഉന്നതപഠനം നടത്താൻ തീരുമാനിച്ചു. കളമശേരിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ ചേർന്നു. ബാങ്ക് ജീവിതത്തിനിടയിൽ കിട്ടിയ അണുബാധ വേട്ടയാടിയ നാളുകൾ. വീണ്ടും ആശുപത്രി വാസം. രോഗ പീഡകൾ. അമ്മയും സഹോദരൻ അശ്വിനും കൂട്ടിരുന്നു. കോവിഡും പഠനത്തിനു തടസമായി. എല്ലാം അവസാനിച്ചു എന്നു കരുതിയ നാളുകളിൽ നിന്നു വീണ്ടും തിരിച്ചുവന്നു. പഠനം തുടർന്നു.
ഇതിനിടെ അശ്വിന് െഎടി കമ്പനിയിൽ ജോലി കിട്ടിയത് തെല്ല് ആശ്വാസമായി. ഉയർന്ന മാർക്കോടെയാണ് അരവിന്ദ് എൽഎൽഎം കരസ്ഥമാക്കിയത്. ഏതാനും ദിവസം മുൻപ് കളമശേരിയിലെ നുവാൽസിൽ നടന്ന ബിരുദസമർപ്പണ ചടങ്ങിൽ സാക്ഷിയാകാൻ അരവിന്ദനെ ഒന്നര പതിറ്റാണ്ട് മുൻപ് ജീവിതത്തിലേക്കു നടത്തിയ ഡോ. ഖലീൽ െഎസക് മത്തായിയും എത്തിയിരുന്നു. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി കിട്ടുന്നില്ല എന്ന അരവിന്ദന്റെ സങ്കടം ബാക്കിയാണ്.
കോളജുകളിൽ ഗെസ്റ്റ് ലക്ചറർ ജോലിക്കായി അപേക്ഷിച്ചു. മിടുക്കനാണെങ്കിലും വീൽചെയറിൽ വരുന്ന അധ്യാപകനെ ആർക്കും വേണ്ട. സർക്കാരിന്റെ നിയമ വകുപ്പുകളിൽ അരവിന്ദിനു ചെയ്യാനാകുന്ന ജോലികൾ ഇനിയുമുണ്ട്. പക്ഷേ അവിടെയും അധികൃതർ കനിയുന്നില്ല. നിറം മങ്ങിയ ഓട്ടോഗ്രാഫിന്റെ താളിൽ അബ്ദുൽ കലാം സ്വന്തം കൈപ്പടയിൽ കുറിച്ച ‘ഓൾ ദി ബെസ്റ്റ് വിഷസ്’ എന്ന വാക്കുകൾ നെഞ്ചോടു ചേർത്ത് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം പി.ടി. ചാക്കോ നഗറിലെ വാടകവീട്ടിൽ ഇപ്പോഴും അരവിന്ദ് സ്വപ്നങ്ങൾ നെയ്യുന്നു.
9) രാജ്യാന്തര ചലച്ചിത്രമേള മുതൽ നഗരത്തിലെ ശ്രദ്ധേയമായ എല്ലാ സാംസ്കാരിക പരിപാടികളിലും അരവിന്ദിന്റെ സാന്നിധ്യമുണ്ട്. കൂട്ടുകാരാണ് അവിടെയെല്ലാം എത്തിക്കുന്നത്. വീൽചെയർ കൈയിലേന്തി ആഗ്രഹിക്കുന്നിടത്തെല്ലാം അവർ അരവിന്ദിനെ കൊണ്ടുനടക്കുന്നു. നഗരത്തിലെ സർക്കാർ മന്ദിരങ്ങളിലും തിയറ്ററുകളിലും ഭിന്നശേഷിക്കാർക്ക് വീൽ ചെയറിൽ എത്താനായി റാംപുകൾ സ്ഥാപിക്കാൻ മാധ്യമങ്ങളിലൂടെ അരവിന്ദ് പോരാട്ടം നടത്തി. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ എല്ലാ പ്രദർശനങ്ങൾക്കും അരവിന്ദ് ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കൂട്ടുകാരൊന്നിച്ച് സ്വയം കാറോടിച്ച് ബെംഗളൂരുവിൽ പോയി. ബ്രേക്കും ആക്സിലറേറ്ററും കൈകൊണ്ടു നിയന്ത്രിക്കാവുന്ന വിധം രൂപകൽപന ചെയ്ത കാറിലായിരുന്നു യാത്ര. ഒപ്പമുണ്ടായിരുന്നത് എന്തിനുമേതിനും ഒപ്പം നിൽക്കുന്ന കൂട്ടുകാരും. അടുത്ത ലക്ഷ്യം ലഡാക്കാണ്. കന്യാകുമാരിയിൽ നിന്ന് ലഡാക്ക് വരെ കാറോടിച്ച് റെക്കോർഡ് സ്ഥാപിക്കണം–അതാണ് സ്വപ്നം. അതിനുള്ള റിഹേഴ്സലായിരുന്നു ബെംഗളൂരു യാത്ര.
10) അരവിന്ദിന്റെ കഥയറിഞ്ഞ ഒട്ടേറെ പേർ കാണാനും പരിചയപ്പെടാനുമായി എത്തുന്നുണ്ട്. ഇതിനിടയിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിക്ക് അരവിന്ദിനോട് ഇഷ്ടമായി. കേരളത്തിന്റെ വടക്കേയറ്റത്ത് മെഡിക്കൽ വിദ്യാർഥിയാണ് അവൾ. ഒരു ദിവസം അരവിന്ദിനെ കാണാനായി അവൾ വീടു തേടിയെത്തി. തന്നെ അരവിന്ദ് വിവാഹം കഴിക്കണമെന്നായിരുന്നു അവളുടെ ആവശ്യം. കുറച്ചുദിവസം അവിടെ നിന്ന് അരവിന്ദിനെ പരിചരിക്കട്ടേയെന്ന അവളുടെ തീരുമാനത്തെ എതിർക്കാനായില്ല. പക്ഷേ, ഷീന മകളെപ്പോലെ ആ കുട്ടിയെ ഉപദേശിച്ച് വിവാഹബന്ധത്തിൽ നിന്നു പിന്തിരിപ്പിച്ചു. മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒരു വിവാഹത്തിനു തയാറല്ലെന്നു പറഞ്ഞു. രക്ഷിതാക്കളെ വിവരമറിയിച്ചു. അവർവന്നു കൂട്ടിക്കൊണ്ടുപോയി .
English Summary: About Aravind who met an accident and weaken