ADVERTISEMENT

Smoking is injurious to health– ഇതൊരു മുന്നറിയിപ്പാണ്. ഇനി ഞാൻ എഴുതുന്ന കാര്യങ്ങൾ വായിച്ച് ആർക്കെങ്കിലും ആവേശമുണ്ടായി ബീഡിയോ സിഗരറ്റോ വാങ്ങി വലിച്ചാൽ ഈയുള്ളവൻ അതിനുത്തരവാദിയല്ല എന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലം. പിൽക്കാലത്ത് മലയാള സാഹിത്യരംഗത്ത് പേരെടുത്ത ഒ.എൻ.വി. കുറുപ്പ്, തിരുനെല്ലൂർ കരുണാകരൻ, പുതുശേരി രാമചന്ദ്രൻ, ഗൗരീശപട്ടം ശങ്കരൻ നായർ, നബീസാ ഉമ്മാൾ, എം.കെ.സാനു തുടങ്ങിയവരൊക്കെ അന്നവിടെ വിദ്യാർഥികളാണ്. അവർ സാഹിത്യ പ്രേമികളായിരുന്നെങ്കിൽ ഞാനും കർമചന്ദ്രനും കെ.ജി.പരമേശ്വരൻ നായരും ഉൾപ്പെടെ കുറച്ചു പേർ നാടകങ്ങളുടെ സഹയാത്രികരാണ്. നാടക രചനയ്ക്കും റിഹേഴ്സലിനും അവതരണത്തിനുമിടയിൽ എപ്പോഴോ ആണ് എന്റെ ചുണ്ടിൽ സിഗരറ്റ് അനുവാദമില്ലാതെ കയറിക്കൂടിയത്. പിന്നെ അത് ഒഴിയാബാധയായി. സുതാര്യവും നിർമലവുമായ തൂവെള്ളക്കടലാസിൽ പൊതിഞ്ഞു വരുന്ന സിഗരറ്റിനോട് പലകൗമാരക്കാരയും  പോലെ എനിക്കും അഭിനിവേശം തോന്നി.

കലയുടെ ജ്വരം ബാധിച്ചിട്ടുള്ളവരാണെങ്കിൽ അതിനെ പിരിഞ്ഞിരിക്കുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയാത്തതുമാകും. സിഗരറ്റ് വാങ്ങി ചുണ്ടിൽ വച്ചു തീപ്പെട്ടി ഉരച്ച് അതിന്റെ തലയ്ക്കൽ തീ കൊളുത്തുമ്പോൾ ഹാ എന്താ ഒരു പ്രൗഢി. അകത്തേക്ക് വലിച്ചു കയറ്റിയ പുക ചുരുളുകളായി മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വരുമ്പോൾ അതു കാണാൻ തന്നെ എന്താ രസം. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് ക്ലാസ് കഴിഞ്ഞു കിട്ടുന്ന ഇടവേളയിൽ കോളജിനോട് ചേർന്നുള്ള മാടക്കടയിൽ പോയി സിഗരറ്റ് വാങ്ങി വലിക്കുക എന്നത് എന്റെയും ഗൗരീശപട്ടം ശങ്കരൻ നായരുടെയും ദൗർബല്യമായിരുന്നു. അങ്ങനെ ക്ലാസുകൾക്കിടയിലെ ഒരിടവേളയിൽ ഞാനും ശങ്കരൻ നായരും കൂടി കോളജിനു പുറത്തെത്തി. കടയിൽ നിന്നു സിഗരറ്റ് വാങ്ങി മറ്റാരും കാണാതെ വലിച്ചു കൊണ്ടു നിൽക്കുമ്പോൾ മടക്കിക്കുത്തിയ മുണ്ടും ഷർട്ടുമിട്ട്, കക്ഷത്ത് ഡയറിയുമായി ഒരു യുവാവ് ഞങ്ങളുടെ അടുത്തേക്കു വന്നു. കണ്ടപ്പാടെ ഒരു ചോദ്യം. ‘ഒ.എൻ.വി. കുറുപ്പിനെ ഒന്നു കാണാൻ സാധിക്കുമോ? ’ കുറുപ്പ് അന്നു തന്നെ ആനുകാലികങ്ങളിൽ ഒക്കെ കവിതകൾ എഴുതിയിരുന്നു.

വയലാർ രാമവർമ, ഒ.എൻ.വി. കുറുപ്പ്
വയലാർ രാമവർമ, ഒ.എൻ.വി. കുറുപ്പ്

‘ക്ലാസിലുണ്ട് ’എന്നു ഞങ്ങൾ പറഞ്ഞു. ‘ഒന്ന് വിളിച്ചാൽ തരക്കേടില്ല’ എന്നായി യുവാവ്. അപ്പോൾ ഞാൻ ചോദിച്ചു, ‘അല്ല ആരു വിളിക്കുന്നൂന്നാ പറയേണ്ടത് ?’. ‘വയലാർ രാമവർമ പുറത്ത് കാണാൻ നിൽക്കുന്നു എന്നു പറഞ്ഞാൽ മതി, ’ ചെറുചിരിയോടെ അദ്ദേഹമത് പറഞ്ഞപ്പോൾ ഞങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടി. പ്രശസ്ത കവി വയലാർ രാമവർമയാണോ ഈ വേഷത്തിൽ നിൽക്കുന്നത്! തികച്ചും അപ്രതീക്ഷിതമായ കണ്ടുമുട്ടൽ. അതും തീർത്തും നിനച്ചിരിക്കാത്ത നേരത്തും സ്ഥലത്തും.

‘കണ്ടതിൽ സന്തോഷം’ എന്നു മാത്രം പറഞ്ഞ് ഞാനും ഗൗരീശപട്ടം ശങ്കരൻ നായരും അകത്തേക്കു പോയി. ഒഎൻഎ‍വിയോടു ‘സാക്ഷാൽ വയലാർ കാണാൻ വന്ന് നിൽക്കുന്നു’ എന്നു പറഞ്ഞു. പിന്നെ ഞാൻ എന്റെ ക്ലാസിലേക്കും ശങ്കരൻ നായർ അദ്ദേഹത്തിന്റെ ക്ലാസിലേക്കും പോയി. ആ ദിവസം മുഴുവൻ മനസ്സിൽ നിറഞ്ഞു നിന്നത് വയലാർ രാമവർമയുടെ മുഖമാണ്. സിഗരറ്റിൽ നിന്നുയരുന്ന പുകച്ചുരുളുകൾക്ക് അപ്പുറം ഞങ്ങളെ നോക്കി നിന്ന വയലാറിന്റെ മുഖം ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. കടന്നു പോയ കാലത്തിന്റെ കനത്ത പുകയ്ക്കിടയിലും ഒളിമങ്ങാതെ...

ഗൗരീശപട്ടത്തെ ഒരു കടയിൽപ്പോയി അവിടെ നിന്നു കൂട്ടാകാരോടൊപ്പം സിഗരറ്റ് വാങ്ങി വലിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അങ്ങനെ സിഗരറ്റ് ആസ്വദിച്ച് വലിച്ചു കൊണ്ടിരിക്കുന്ന ഒരു ദിവസം  വെയിലത്ത് കുടയൊക്കെ ചൂടി അച്ഛൻ റോഡിലൂടെ നടന്നുവരുന്നു. എന്റെ ഉള്ളൊന്നു കാളി! ദൈവമേ! കയ്യിൽ നിന്നു സിഗരറ്റ് വലിച്ചെറിഞ്ഞു. കൈകൊണ്ട് അവിടെ അവശേഷിച്ച പുക തട്ടി മാറ്റി. അച്ഛൻ കണ്ടു കാണും എന്നതിൽ എനിക്കു സംശയമൊന്നുമില്ലായിരുന്നു. അച്ഛൻ തികഞ്ഞ ഗാന്ധിയനാണ്. പക്ഷേ, എന്നെ തല്ലുന്ന കാര്യത്തിൽ മാത്രം അച്ഛൻ ‘അഹിംസാവാദം’ ഉപേക്ഷിച്ചിരുന്നു.

മധു (File Photo: RINKU RAJ MATTANCHERIYIL / Manorama)
മധു (File Photo: RINKU RAJ MATTANCHERIYIL / Manorama)

മറ്റെങ്ങോട്ടോ പോകാനിറങ്ങിയ അച്ഛൻ കടയുടെ നേരെ വരുന്നു. ആ വരവു കണ്ടപ്പോൾ ഞാൻ ഒരുകാര്യം ഉറപ്പിച്ചു. അടി കിട്ടും. അതു കടക്കാരന്റെ മുന്നിൽ വച്ചാകാതിരുന്നാൽ ഭാഗ്യം. അച്ഛൻ അടുത്തെത്തി. എന്നിട്ടെന്നോടു പറഞ്ഞു, ‘വാടാ പോകാം’. അച്ഛൻ മുന്നിൽ നടന്നു. ഞാൻ അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ പിന്നാലെയും. അച്ഛൻ വന്ന വഴി തിരിച്ചു നടക്കുന്നത് കണ്ടപ്പോൾ എനിക്കു ബോധ്യമായി– പോകുന്നത് വീട്ടിലേക്കാണ്. ഉദ്ദേശ്യം മനസ്സിലായില്ലെങ്കിലും ഞാനും അങ്ങോട്ടു തന്നെ നടന്നു. വീട്ടിൽ ചെന്നിട്ട് അടിതരാനായിരിക്കും എന്നു മനസ്സിൽ കണക്കു കൂട്ടി. എന്നാൽ വീട്ടിൽ ചെന്നപ്പോൾ സംഭവിച്ചത് മറ്റൊന്നാണ്. അച്ഛനും മകനും കൂടി വരുന്ന കാഴ്ച കണ്ടതു കൊണ്ടാകാം അമ്മ മുൻപിലേക്കു വന്നു. ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി. എന്റെ ഉള്ളു പിടയ്ക്കുന്നുണ്ടായിരുന്നെങ്കിലും മുഖത്തു ഞാൻ പ്രകടമാക്കിയത് കൂസലില്ലായ്മയാണ്.

അച്ഛൻ എന്നെ ഇരുത്തി ഒന്നു നോക്കി എന്നിട്ട് ആജ്ഞാപിച്ചു, ‘ എടാ നീ അമ്മയുടെ തലയിൽ തൊട്ടു സത്യം ചെയ്യ് മേലാൽ സിഗരറ്റ് വലിക്കില്ല’ എന്ന്. സുഗ്രീവശാസനം ആണ്. അനുസരിക്കാതെ തരമില്ല. അമ്മയുടെ തലയിൽ കൈവച്ചു ചാഞ്ചല്യമില്ലാതെ ഞാൻ സത്യം ചെയ്തു. ‘അടി ഒഴിവായല്ലോ’ എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം.

എന്നാൽ സത്യം ചെയ്ത് ഏതാനും മണിക്കൂറുകൾക്കകം എനിക്കൊരു കാര്യം ബോധ്യപ്പെട്ടു. സത്യം ചെയ്യാൻ എളുപ്പമാണ്. പക്ഷേ അതു പാലിക്കാൻ വളരെ വളരെ ബുദ്ധിമുട്ടും. റോഡിൽ കൂടി നടക്കുമ്പോൾ ആരെങ്കിലും സിഗരറ്റു വലിച്ച് പോകുന്നത് കണ്ടാൽ നാവിൽ വെള്ളമൂറുന്നതു പോലെ ഒരു തോന്നൽ. അമ്മയുടെ തലയിൽ കൈവച്ച് സത്യപ്രതിജ്ഞ നടത്തിയ ആ നിമിഷത്തെ ഞാൻ ശപിച്ചു പോയിട്ടുണ്ട്. സംശയമില്ല. ഈ ‘സത്യപ്രതിജ്ഞാബന്ധന’ത്തിൽ നിന്നു മുക്തനാകാൻ ഓരോ നിമിഷവും ഞാൻ കൊതിച്ചു. അമ്മയ്ക്കു ദോഷം വരാതെ പുകവലിക്കാൻ മാർഗം തേടി ഞാൻ എന്റെ തല പുകച്ചു.

ഒടുവിൽ എന്റെ സത്യപ്രതിജ്ഞയിൽത്തന്നെ ഒരു പിടിവള്ളി ഞാൻ കണ്ടെത്തി. സന്തോഷം കൊണ്ടു മതി മറന്ന ഞാൻ ഗൗരീശപട്ടത്തെ കടയിലേക്കു പോയി. എന്നിട്ട് കടക്കാരനോട് കൽപിച്ചു ‘ബീഡി’ അയാൾ തന്ന തെറുപ്പ് ബീഡിയിൽ തീ കൊളുത്തി ഞാൻ വീണ്ടും പുകയുടെ മാസ്മരികത ആസ്വദിച്ചു. സിഗരറ്റ് വലിക്കില്ല എന്നു ‘മാത്രം’ സത്യം ചെയ്ത ആ നിമിഷത്തെ കുറിച്ചോർത്തപ്പോൾ എനിക്കൽപം അഭിമാനം തോന്നി.

മധു (File Photo: Manorama)
മധു (File Photo: Manorama)

ദിവസങ്ങൾ കുറെ കഴിഞ്ഞു. സിഗരറ്റ് പാടേ ഉപേക്ഷിച്ചു ഞാൻ ബീഡിയിൽ ലയിച്ച് നടക്കുകയാണ്. ക്ലാസിൽ എന്റെ സമീപത്തിരുന്ന സുഹൃത്ത് ചോദിച്ചു,   ‘തനിക്കു  ബീഡി വലി ഉപേക്ഷിച്ചുകൂടേ ’ എന്ന്. ഞാൻ കഥ മുഴുവൻ വിശദീകരിച്ചു. അപ്പോൾ ആ ഹൃദയാലുവായ സ്നേഹിതൻ ബീഡിക്കു പകരം ‘ചുരുട്ട്’ വലിക്കാൻ ഉപദേശിച്ചു. ഉപദേശിക്കുക മാത്രമല്ല എനിക്കു നാലഞ്ച് ചുരുട്ട് തരികയും ചെയ്തു. കക്ഷിയുടെ ബന്ധത്തിലാരോ വലിയ ചുരുട്ട് വലിക്കാരനാണത്രെ. അയാളുടെ സ്റ്റോക്കിൽ നിന്ന് ചൂണ്ടിക്കൊണ്ടുവന്നതായിരുന്നു അത്. ഞാനതു സസന്തോഷം കൈപ്പറ്റി.

രാത്രി വീട്ടിലിരുന്ന് എല്ലാവരും ഉറങ്ങി എന്നു തോന്നിക്കഴിയുമ്പോൾ ഞാൻ ചുരുട്ടു കൊളുത്തി വലിക്കാൻ തുടങ്ങി. അതു പലദിവസം ആവർത്തിച്ചു. അച്ഛൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം. രാത്രി. എല്ലാവരും കിടന്നു എന്ന ധാരണയിൽ ജനലും തുറന്നിട്ട് ഞാൻ ചുരുട്ട് വലിച്ചു തുടങ്ങി. അതിന്റെ സുഖം കിട്ടിത്തുടങ്ങിയ നേരത്ത് അതാ വാതിൽക്കൽ മുട്ട്. ഒപ്പം അമ്മയുടെ ശബ്ദവും, ‘ മാധവൻകുട്ടി വാതിൽ തുറക്കാൻ....’ കയ്യിലിരുന്ന ചുരുട്ട് കുത്തി
യണച്ച് മേശപ്പുറത്തിട്ടിട്ട് ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ വാതിൽ തുറന്നു. അമ്മയുടെ മുഖഭാവം കണ്ടപ്പോൾ അമ്മയ്ക്കെല്ലാം മനസ്സിലായെന്ന് എനിക്കു ബോധ്യമായി. മേശപ്പുറത്തു കിടന്ന ചുരുട്ട് എടുത്തിട്ട് അമ്മ ചോദിച്ചു, ‘ മാധവൻകുട്ടീ നിന്നെക്കാൾ വലിപ്പം ഉണ്ടല്ലോടാ ഇതിന്...ഇതു വലിച്ചാൽ െനഞ്ച് കലങ്ങി പോകത്തില്ലേ...’

ഞാൻ ഉത്തരം പറഞ്ഞില്ല. അമ്മ തുടർന്നു, ‘മോനേ മാധവൻകുട്ടീ നീ എന്റെ തലയിൽ അടിച്ചല്ലേ സത്യം ചെയ്തത് സിഗരറ്റ് വലിക്കില്ല എന്ന്. ആ സത്യത്തിൽ നിന്നു നിന്നെ ഞാൻ സ്വതന്ത്രനാക്കുന്നു. നീ സിഗരറ്റ് എത്ര വേണമെങ്കിലും വലിച്ചോ. പക്ഷേ, മേലാൽ ചുരുട്ടോ ബീഡിയോ വലിക്കരുത്. നിന്റെ മുറിയിൽ കയറുമ്പോൾ ഉള്ള നാറ്റം സഹിക്കാൻ വയ്യാത്തത് കൊണ്ടു പറയുകയാ...’

അമ്മയുടെ വാക്കുകൾ അമൃതവചനം പോലെ ആണ് എനിക്കന്നു തോന്നിയത്. ഇതിൽപരം ഒരാനന്ദം വരാനുണ്ടോ ? വീട്ടിൽ നിന്നിറങ്ങി ഞാനോടി. ഗൗരീശപട്ടത്തെ കട തന്നെ ലക്ഷ്യം. അവിടെ എത്തി സിസ്സേർസിന്റെ ഒറു പാക്കറ്റ് സിഗരറ്റ് വാങ്ങി. അവിടെ നിന്നു വലിയും തുടങ്ങി. അങ്ങനെ ഞാൻ എന്റെ പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. എങ്കിലും ആവർത്തിക്കട്ടെ – ‘സിഗരറ്റ് വലി തീർച്ചയായും ആരോഗ്യത്തിന് ഹാനികരം’. 

(തുടരും) 

English Summary: Madhu Mudrakal by Madhu - 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com