ADVERTISEMENT

ആദ്യനോട്ടത്തിൽ പ്രണയം തോന്നിയ പെൺകുട്ടിയെ കണ്ടെത്താൻ ഏകസൂചന ഒരു കാർ നമ്പറായിരുന്നു. അതിനു പിന്നാലെ പോയി. പ്രണയം പൂവിട്ടു. കാലം കുറെ ഒഴുകി. അതേ നമ്പറിലുള്ള കാർ ഇന്നവരുടെ  പ്രണയത്തിന്റെ പ്രതീകമായി...

പച്ചക്കൊടി വീശി ട്രെയിനുകൾക്കു യാത്രാമംഗളം നേരുന്ന സ്ഥിരം കാഴ്ചയിൽ നിന്ന് ഒരു മാറ്റത്തിനാണ് അന്നൊരു സിനിമയ്ക്ക് എത്തിയത്. തിരുവനന്തപുരം ന്യൂ തിയറ്ററിൽ നിറഞ്ഞു തിങ്ങുന്ന ആൾക്കൂട്ടമാണ്. അവിടെ ചെമ്മീൻ സിനിമ ഓളങ്ങൾ തീർക്കുന്നു. ടിക്കറ്റ് ഒപ്പിക്കാൻ ഒരു നിർവാഹവുമില്ല; അപ്പോഴാണ് വിനയചന്ദ്രന് ഒരു ആശയം ഉദിച്ചത്. സ്ത്രീകളുടെ ക്യൂവിൽ ആർക്കെങ്കിലും പണം കൊടുത്ത് ഒരു ടിക്കറ്റ് തരപ്പെടുത്താൻ ശ്രമിക്കാം. ബെംഗളൂരുവിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററായി ജോലി നോക്കിയിരുന്ന തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി വിനയചന്ദ്രൻ അങ്ങനെ ഒരു ശ്രമത്തിനു മുതിർന്നു. 

1966 ലായിരുന്നു അത്. യൂണിവേഴ്സിറ്റി കോളജിൽ ബിഎക്കു പഠിക്കുകയായിരുന്നു കമലാ കുമാരി അന്ന്. ചെമ്മീൻ കാണാൻ ബന്ധുവുമൊത്ത് കൈതമുക്കിൽ നിന്നു ടാക്സിയിൽ കയറി. കെഎൽ ടി 3377 എന്ന കാർ ന്യൂ തിയറ്ററിൽ എത്തി. നിറഞ്ഞു നിൽക്കുന്ന ജനത്തിനിടയിലൂടെ സ്ത്രീകൾക്കായുള്ള ക്യൂവിൽ കമല ഇടം പിടിച്ചു. അപ്പോഴതാ കമലയ്ക്ക് നേരെ ഒരു സഹായ അഭ്യർഥന വരുന്നു. ടിക്കറ്റ് എടുത്തു നൽകി സഹായിക്കാമോ എന്നു മാന്യതയും ഭവ്യതയും നിറഞ്ഞ ഭാവത്തിൽ ഒരു ചെറുപ്പക്കാരന്റെ അഭ്യർഥന. എന്തോ നിരസിക്കാൻ തോന്നിയില്ല; കമല ടിക്കറ്റ് എടുത്തു നൽകി. ചെറുപ്പക്കാരനിൽ നിന്നുള്ള നന്ദി വാക്കിന് ഒരു ചെറുചിരി മാത്രം നൽകി കമല തിയറ്ററിനകത്തേക്കു കടന്നു. പുറത്ത് കെഎൽടി 3377 ടാക്സി കാത്തുകിടന്നു            

വലിയ സ്ക്രീനിൽ വറുതിയും ചാകരയും കറുത്തമ്മയും പരീക്കുട്ടിയും അവരുടെ പ്രണയവും കരുത്തനായ പളനിയും കടന്നുപോയെങ്കിലും വിനയചന്ദ്രൻ എന്ന ചെറുപ്പക്കാരന്റെ മനസ്സ് ചെമ്പൻകുഞ്ഞിനെപ്പോലെ ഭ്രാന്തമായി. തനിക്കു ടിക്കറ്റെടുത്തു സഹായിച്ച പെൺകുട്ടി മാത്രമാണ് ഉള്ളിൽ. സിനിമയുടെ ഇടവേളയും കഴിഞ്ഞ് ഒടുവിൽ നിത്യപ്രണയ ബിംബങ്ങളായി പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും ശരീരം കടപ്പുറത്തടിഞ്ഞു. അപ്പോഴേക്കും വിനയചന്ദ്രന്റെ മനസ്സിലെ ജീവിത സിനിമയ്ക്കു നിറംവച്ചുവരികയായിരുന്നു. തന്റെ നായിക കമലയാകണമെന്ന് ഉറപ്പിച്ചു. അപ്പോഴേക്കും കെഎൽടി 3377 കറുത്ത പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ അവശേഷിപ്പിച്ച് പാഞ്ഞുപോയി. അതിലാണു തന്റെ മനസ്സിലെ നായിക എന്ന നോട്ടത്തിൽ വിനയചന്ദ്രൻ മനസ്സിൽ ആ നമ്പർപതിഞ്ഞു.

തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിൽ എത്തിയിട്ടും വിനയചന്ദ്രന്റെ മോഹം അടങ്ങിയില്ല. മനസ്സിൽ നിന്ന് ആ പെൺകുട്ടിയുടെ മുഖം മാഞ്ഞില്ല . ഇതാകും ആദ്യ ദർശനാനുരാഗം എന്ന തിരിച്ചറിവിൽ തിരുവനന്തപുരത്തേക്കു വിനയചന്ദ്രൻ വണ്ടി കയറി. യാത്രയിലുടനീളം ആ പെൺകുട്ടിയെ കണ്ടെത്തുക എന്ന ചിന്ത മാത്രം. പല കണക്കുകൂട്ടലുകളും നടത്തി. കയ്യിലുള്ള ഒരേ ഒരു പ്രതീക്ഷ ആ കാറിന്റെ നമ്പർ മാത്രമാണ്. നാട്ടിൽ ഇറങ്ങിയ വിനയചന്ദ്രൻ 3377 എന്ന ടാക്സികാർ സ്റ്റാൻഡുകൾ തോറും തിരഞ്ഞു നടന്നു. ഡ്രൈവർമാരോടും ടാക്സി സ്റ്റാൻഡിനു ചുറ്റുമുള്ള കടക്കാരോടുമൊക്കെ ഈ നമ്പർ ഉള്ള ടാക്സി അറിയാമോ എന്നന്വേഷിച്ചു. ഒടുവിൽ കൈതമുക്ക് ടാക്സി സ്റ്റാൻഡിൽ കാർ കണ്ടെത്തി. മനസ്സിൽ സന്തോഷത്തിരയടിച്ചു. പക്ഷേ നിമിഷ നേരം കൊണ്ട് അതു നിശ്ചലമായി.

അന്നു യാത്ര ചെയ്ത പെൺകുട്ടിയുടെ വിവരങ്ങൾ പറയാൻ ആ ഡ്രൈവർ തയാറായില്ല. അപ്പോഴാണു മറ്റൊരു തന്ത്രം വിനയചന്ദ്രൻ മനസ്സിൽ ഉയർന്നത്. തിയറ്ററിൽ വച്ചുമറന്ന ഒരു സാധനം കൊടുക്കാനാണ് എന്ന് ഒറ്റശ്വാസത്തിൽ വിനയചന്ദ്രൻ പറഞ്ഞു നിർത്തി. അതു വിശ്വസിച്ച കാർ ഡ്രൈവർ കമലയുടെ വീടു പറഞ്ഞു കൊടുത്തു. അന്നു നായികയുടെ വീട് പുറത്തുനിന്ന് കണ്ടു മടങ്ങിയെങ്കിലും പിന്നീട് കൈതമുക്ക് ബസ്റ്റോപ്പിൽ നിന്നു സ്ഥിരമായി ബസ് കയറിയിരുന്ന കമലയോടു വിനയചന്ദ്രൻ തന്റെ ആഗ്രഹം തുറന്നു പറഞ്ഞു. കാലം കരുതിവച്ച പ്രണയം പോലെ ഒരിക്കൽ തിരികെ പച്ചക്കൊടി പാറിയപ്പോൾ വിവാഹം എന്ന സ്വപ്നം പൂവണിഞ്ഞു. പക്ഷേ പ്രണയത്തിന്റെ തുടർച്ച അവസാനിച്ചതേയില്ല. വിനയചന്ദ്രന്റെ മനസ്സിൽ 3377 എന്ന നമ്പർ മായാതെ കിടന്നു. തന്റെ ഭാര്യയോടുള്ള പ്രണയംതുറന്ന നമ്പറായി അതു മനസ്സിൽ പതിഞ്ഞു നിന്നു. പിന്നീടങ്ങോട്ട് ആ നമ്പർ ഉള്ള കാർ നേടാനായി ആഗ്രഹിച്ചെങ്കിലും പലകാരണങ്ങൾകൊണ്ടു നടന്നില്ല.

ഇപ്പോൾ വിനയചന്ദ്രന് 78 വയസ്സ്, കമലയ്ക്ക് 74. ഐഒബി മാനേജറായി വിനയചന്ദ്രനും കെഎസ്ഇബിയിൽ നിന്നു സീനിയർ സൂപ്രണ്ടായി കമലയും വിരമിച്ച് മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം വിശ്രമജീവിതം നയിക്കുമ്പോഴും മനസ്സിൽ നിന്നു പ്രണയം ഒട്ടും വിരമിച്ചില്ല. ഒടുവിൽ ഈ വർഷം ഭാഗ്യവർഷമായി, 3377 എന്ന നമ്പർ ഉള്ള പുത്തൻ കാർ ഇവർ സ്വന്തമാക്കി. അതു പ്രണയത്തിന്റെ പ്രതീകമായി മുറ്റത്തു കിടക്കുന്നു... പ്രണയ പാതകളിൽ ‍ഇനിയും അതുരുണ്ടുകൊണ്ടേയിരിക്കും...

English Summary: Vinayachandran and Kamala's Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com