ADVERTISEMENT

യൂണിവേഴ്സിറ്റി കോളജിലെ ഹിന്ദി ബിരുദപഠനം ഞാൻ വിജയകരമായി പൂർത്തിയാക്കി. അന്നു ഹിന്ദിയിൽ ഉപരിപഠനം കേരളത്തിൽ തുടങ്ങിയിരുന്നില്ല. അതു കൊണ്ട് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ചേർന്നു ഹിന്ദി എംഎ പഠിക്കാനുള്ള അച്ഛന്റെ നിർദേശം എനിക്കും ഇഷ്ടപ്പെട്ടു. 

രാഷ്ട്രഭാഷയായ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടുക എന്നത്, അതും ഉത്തരേന്ത്യയിൽ തന്നെ പഠിച്ചു നേടുക എന്നത് അൽപം അന്തസ്സ് കൂടിയ കാര്യമായി എനിക്കന്നു തോന്നിയിട്ടുണ്ടാകാം. ഞാൻ അങ്ങനെ ബനാറസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായി. 

 അവിടെ ചെല്ലുമ്പോൾ സി.പി.രാമസ്വാമി അയ്യരാണു വൈസ് ചാൻസലർ‍. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർ തന്നെ. 

അതിവിശാലമായ ക്യാംപസാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്ക് . വിവിധ ഡിപ്പാർട്മെന്റുകളുടെ കെട്ടിടങ്ങൾ ‌ഒരു വശത്തും അതത് ഡിപ്പാർട്മെന്റുകളുടെ ഹോസ്റ്റൽ നേരേ എതിർവശത്തും. ലേഡീസ് ഹോസ്റ്റൽ മാത്രം ഏറ്റവും മുൻപിലാണ്. അവിടെ ഡിപ്പാർട്മെന്റ് തരത്തിലുള്ള വേർതിരിവില്ല. പുറമേ നിന്നു വന്നു പഠിക്കുന്ന പെൺകുട്ടികൾ അക്കാലത്ത് കുറവായതായിരിക്കാം കാരണം. 

ക്യാംപസിന്റെ ഗേറ്റ് കടന്നു കയറുമ്പോൾ ഇടതുഭാഗത്തായി ആദ്യം കാണുന്നത് ലേഡീസ് ഹോസ്റ്റലാണ്. വലത്തോട്ടു തിരിഞ്ഞ് പോകുമ്പോൾ വൈസ് ചാൻസലറുടെ ഓഫിസും മറ്റും കഴിഞ്ഞാലുടനെ വിവിധ ഡിപ്പാർട്മെന്റുകളും ഹോസ്റ്റലുകളും. 
 ഹിന്ദി ഉൾപ്പെടയുള്ള ​ആർട്സ് വിഷയങ്ങളുടെ ഡിപ്പാർട്മെന്റും ഹോസ്റ്റലും കൂട്ടത്തിൽ ആദ്യത്തേതായിരുന്നു. തുടർന്നങ്ങോട്ട് സയൻസ്, മാത്‌സ്, അഗ്രികൾചർ എന്നിങ്ങനെ വരും. 

ഞങ്ങൾ ഹോസ്റ്റലിൽ ഇരുന്നു മടുക്കുമ്പോൾ ലേഡീസ് ഹോസ്റ്റലിന്റെ അരികിലേക്ക് നടക്കാറുണ്ട്. നിർദോഷമായ സായാഹ്നസവാരി. നടക്കാൻ അൽപം ദൂരമുണ്ടായിരുന്നു. എന്നാൽ ആ നടത്തത്തിന് ‍ഞങ്ങൾക്കാർക്കും മടിയുണ്ടായിരുന്നില്ല എന്നുമാത്രമല്ല ഉത്സാഹം കൂടുതലുണ്ടായിരുന്നു എന്നു പറയാം. 

ബനാറസിലേക്കു പോരുമ്പോൾ ട്രെയിനിൽ വച്ച് പരിചയപ്പെട്ട ആളായിരുന്നു തങ്കപ്പൻനായർ. അദ്ദേഹവും അവിടെ ഉപരിപഠനത്തിനെത്തിയതായിരുന്നു. എന്തായാലും ഹോസ്റ്റലിൽ ‍ഞങ്ങൾക്കു രണ്ടുപേർക്കുമായിട്ടാണ് ഒരു മുറി അനുവദിച്ച് കിട്ടിയത്. എന്റെ സഹമുറിയനായി തങ്കപ്പൻനായരെ ലഭിച്ചതിൽ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളു. മലയാളി , സഹൃദയൻ, പോരാത്തതിന് യോഗാസനത്തിൽ അഗാധമായ അറിവുള്ളവൻ. പരിചയപ്പെട്ടപ്പോൾ ആദ്യം നൽകിയ ലഘുവിവരണത്തിൽ നിന്ന് എനിക്കിത്രയും കാര്യങ്ങൾ തങ്കപ്പൻനായരെക്കുറിച്ച് മനസ്സിലായി. 

ഹോസ്റ്റലിൽ ഞങ്ങളുടെ ആദ്യരാത്രി. അത്താഴം കഴിഞ്ഞു ലേശം കുശലപ്രശ്നം നടത്തി. ഞാൻ സംസാരിക്കാനുള്ള നല്ല മൂഡിലായിരുന്നു. പക്ഷേ, ചർച്ച നീട്ടിക്കൊണ്ടുപോകാതെ തങ്കപ്പൻനായർ അങ്ങേർക്ക് ഉറക്കം വരുന്നൂന്ന് പറഞ്ഞു. പോരാത്തതിന് എന്നെ ബോധ്യപ്പെടുത്തൻ നാലഞ്ച് ‘കോട്ടുവാ’ ഇട്ടും കാണിച്ചു. കട്ടിലിൽ കയറി കിടപ്പും പിടിച്ചു. എനിക്ക് ഉറക്കം വരുന്നുമില്ല. കുറച്ചു നേരം വരാന്തയിലൂടെ നടന്നു. രാത്രി കുറച്ച് കാറ്റുകൊള്ളാമെന്നല്ലാതെ വിശേഷ കാഴ്ചകൾ ഒന്നുമില്ല എന്നുറപ്പായപ്പോൾ ഞാൻ വീണ്ടും അകത്തേക്കു പോയി. തങ്കപ്പൻനായർ  ഉറങ്ങിയിരുന്നു. അതിന്റെ ‘സിഗ്നൽ’ നേരിയ കൂർക്കം വലിയിലൂടെ തങ്കപ്പൻനായർ എനിക്കു ബോധ്യപ്പെടുത്തിത്തന്നു. ഞാനും കട്ടിലിൽ കയറി തലവഴി പുതുപ്പു മൂടിക്കിടന്നു. 

എപ്പോഴാണെന്നറിയില്ല. കണ്ണിൽ പ്രകാശത്തിന്റെ നേരിയ ചൂടടിച്ചതു കൊണ്ടാകാം ഞാൻ മെല്ലെ കണ്ണുതുറന്നു. നേരം ഇത്രവേഗം വെളുത്തോ ? ഓ അല്ല മുറിയിലെ ലൈറ്റ് കത്തിക്കിടക്കുകയാണ്. ഞാനത് രാത്രി അണയ്ക്കാൻ മറന്നുപോയോ. സംശയത്തോടെ ഞാൻ ചുറ്റിനും നോക്കുമ്പോഴുണ്ട് തങ്കപ്പൻനായരുടെ രണ്ടു കാലുകൾ ആകാശത്തേ‌ക്ക് ഉയർന്നു നിൽക്കുന്നു. ഞാൻ പുതപ്പിനടിയിൽ നിന്നു തല മൊത്തമായി മാറ്റാതെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. 

തങ്കപ്പൻനായർ തറയിൽ തലകുത്തി നിൽക്കുന്നു. ലുങ്കി അരവരെ തെറുത്തുകയറ്റി വച്ചിട്ടുണ്ട്. രോമാവൃതമായ മാറും, വയറും നിവർത്തി മേലോട്ട് പിടിച്ച കാലുകളും. ഹൊ തങ്കപ്പൻനായർ അത്ഭുതപ്രതിഭാസമായി അങ്ങനെ നിൽക്കുകയാണ്. 

അതു ശീർഷാസനമായിരുന്നു എന്നു പിന്നീട് തങ്കപ്പൻനായർ എനിക്കു പറഞ്ഞു തന്നു. യോഗാഭ്യാസം തീരുംവരെ എന്തു സംഭവിച്ചാലും കണ്ണടച്ചു കിടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. 

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തങ്കപ്പൻനായർ തന്നെ എന്നെ വിളിച്ചു,‘ഇങ്ങനെ കിടന്നാലോ കോളജിൽ പോകണ്ടേ.....’ 

വൈകിക്കിടന്ന് വൈകി എഴുന്നേൽക്കുന്ന ശീലമാണെനിക്ക്. പക്ഷേ തങ്കപ്പൻനായർ നേരെ വിപരീതസ്വഭാവക്കാരനും. 

പുലർകാലത്ത് എഴുന്നേറ്റ് ലൈറ്റിട്ട് നടത്തുന്ന യോഗാഭ്യാസം എന്റെ ഉറക്കം കെടുത്താൻ തുടങ്ങി. മാത്രവുമല്ല ഞാൻ എപ്പോഴൊക്കെ ഉണരുന്നുവോ അപ്പോഴെല്ലാം കാണുന്നത് അരവരെ തെറുത്തുകയറ്റിയ ലുങ്കിയുമായി യോഗാഭ്യാസത്തിന്റെ വിവിധ പ്രകിയകളിൽ ഏർപ്പെട്ടിരിക്കുന്ന അർധനഗ്നനായ തങ്കപ്പൻനായരുടെ ‘സ്റ്റീൽ ബോഡി’യാണ്. 

ഇത്ര മഹത്തായ ഒരു ‘കണി’ കണ്ടുണരാനുള്ള മഹാഭാഗ്യം പക്ഷേ അധികകാലം നീണ്ടു നിന്നില്ല. കാലതാമസമില്ലാതെ എനിക്ക് ഹോസ്റ്റലിൽ സിംഗിൾ മുറി അനുവദിച്ചു. 

തങ്കപ്പൻനായരുടെ സഹമുറിയൻ എന്ന സ്ഥാനവും, അദ്ദേഹത്തിന്റെ യോഗാഭ്യാസത്തിന്റെ ‘ആദ്യകാഴ്ചക്കാരൻ’ എന്ന അസൂയാവഹമായ പദവിയും എനിക്കു നഷ്ടമായിട്ടും ഞങ്ങളുടെ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയില്ല. അത് അഭംഗുരം തുടർന്നു. 

തങ്കപ്പൻനായരെ കൂടാതെ എസ്.കെ.നായർ, ശേഖരൻനായർ എന്നിവരും എന്റെ സൗഹ‍ൃദവലയത്തിലായി. ഞങ്ങളൊരുമിച്ച് ക്യാംപസിലൂടെ വരുമ്പോൾ ഒരു ദിവസം നേരെ എതിരെ മുണ്ടൊക്കെ മടക്കിക്കുത്തി ഒരു യുവാവ് വരുന്നതു കണ്ടു. ആ മുണ്ട് കണ്ടപ്പോഴേ മലയാളിയാണല്ലോ എന്നു ഞങ്ങൾക്കു തോന്നി. ഞങ്ങൾ അയാളെ നോക്കിയതിലും രൂക്ഷമായി അയാൾ ഞങ്ങളെ നോക്കി. 

എന്തെടേ നോക്കണത് മുണ്ടുടത്തവൻമാരെ നീയൊന്നും കണ്ടിട്ടില്ലേ എന്ന ഭാവം ആ മുഖത്തു നിന്നു വായിച്ചെടുക്കാം. സത്യത്തിൽ ക്യാംപസിൽ ആരും മുണ്ടുടുക്കാറില്ല. ഞങ്ങളെല്ലാവരും പാന്റും ഷർട്ടുമിട്ടാണ് വന്നിരുന്നത്. അ​ടുത്തെത്തിയതും അയാൾ ചോദിച്ചു, ‘മലയാളികളാണല്ലേ.....’ അതെ എന്നു ഞങ്ങളുടെ ഉത്തരം . 

‘ഞാൻ ഗോവിന്ദപിള്ള. ഇവിടെ എംഎയ്ക്ക് പഠിക്കുന്നു...’ മുണ്ടുടുത്തയാളുടെ സ്വയം പരിചയപ്പെടുത്തൽ ക്യാംപസിലെ പുതിയ വലിയ സൗഹൃദത്തിന് നാന്ദി കുറിച്ചു. 

ക്യാംപസിലെ മലയാളികളെ അങ്ങോട്ടു ചെന്നു പരിചയപ്പെട്ടു സൗഹൃദം ഉറപ്പിക്കുന്ന ആളായിരുന്നു ഗോവിന്ദപ്പിള്ള. ക്യാംപസിൽ ഞങ്ങളെക്കാൾ സീനിയോറിറ്റി ഗോവിന്ദപിള്ളയ്ക്കുണ്ട്. അദ്ദേഹത്തിന്റെ ഡിഗ്രി പഠനവും ഇവിടെയായിരുന്നു. 

ഗോവിന്ദപ്പിള്ളയുടെ അച്ഛൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഗോവിന്ദപിള്ള ഇന്റർ മീഡിയറ്റിന് പഠിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം വിരമിച്ചു. കുടുംബസമേതം കേരളത്തിലേക്കു പോയി. പക്ഷേ ബനാറസിൽ തുടർന്നു പഠിക്കാനായിരുന്നു ഗോവിന്ദപിള്ളയ്ക്ക് ഇഷ്ടം. അങ്ങനെ ഇൗ നാടുമായി ഞങ്ങളെക്കാളൊക്കെ ഗോവിന്ദപിള്ളയ്ക്ക് പരിചയവും പരിചയക്കാരും കൂടുതലുണ്ടായി. 

ഗോവിന്ദപിള്ള ക്യാംപസിൽ മുണ്ടുടുത്തു മാത്രമേ വന്നിരുന്നുള്ളു. അതൊരു പ്രതിഷേധമായിരുന്നു. കഥ ഇങ്ങനെ– എല്ലാ മലയാളികളെയും പോലെ മുണ്ടൊക്കെ ഉടുത്താണ് അദ്ദേഹം ആദ്യദിവസം ക്യാംപസിൽ ചെന്നത്. പക്ഷേ, ഇതു കേരളമല്ലല്ലോ. ‘ദോത്തീവാലാ... ’ എന്നു വിളിച്ച് അവിടെയുള്ളവരെല്ലാം ചേർന്ന് ഗോവിന്ദപ്പിള്ളയെ കളിയാക്കി. ആരും നിന്നനിൽപിൽ ഉടുത്ത മുണ്ട് ഉൗരി എറിഞ്ഞ് ഓടുന്ന തരം പരിഹസിക്കലും നിന്ദിക്കലും. എന്നാൽ ​​​​ ആ കളിയാക്കൽ കേട്ട് മുണ്ടുപേക്ഷിക്കുകയല്ല ഗോവിന്ദപ്പിള്ള ചെയ്തത്. പകരം മുണ്ട് ഒന്നു കൂടി മുറുക്കി ഉടുത്തു മടക്കിക്കുത്തി. എന്നിട്ട് ഉള്ളിൽ ഒരു പ്രതിജ്ഞ ‘ഇവിടെ പഠിക്കുന്ന കാലത്തോളം ക്യാംപസിൽ മുണ്ടും ഷർട്ടും ധരിച്ചേ വരികയുള്ളു..’ എന്ന്. ഗോവിന്ദപ്പിള്ള അതിൽ നിന്ന് അണുവിട വ്യതിചലിച്ചില്ല. മാത്രവുമല്ല പ്രതിഷേധത്തിന്റെ ശൗര്യം കുറയാതിരിക്കാൻ അധ്യാപകർ ക്ലാസെടുക്കുമ്പോൾ ഒഴികെ മറ്റെല്ലാ സമയത്തും മുണ്ട് മടക്കിക്കുത്തി മാത്രമേ ഗോവിന്ദപിള്ള നടന്നിരുന്നുള്ളു. ഒടുവിൽ ‘ദോത്തീവാല’ എന്ന വിളിയുടെ തോതു കുറഞ്ഞു ശക്തിയും. എന്നിട്ടും ഗോവിന്ദപ്പിള മുണ്ടു മാറ്റിയില്ല. പിള്ള ഞങ്ങൾ മലയാളികളുടെ പ്രിയങ്കരനായ ‘ശിങ്ക’മായി. 

English Summary : Rememberance of actor Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com