ഇന്നു നമുക്കൊരു പുതിയ സ്ഥലത്തു പോകാം.... ’ ഒരു ദിവസം ഞങ്ങളെ കണ്ടപ്പോഴുള്ള ഗോവിന്ദപ്പിള്ളയുടെ പ്രഖ്യാപനമാണ്. എസ്.കൃഷ്ണൻ നായർക്കും ശേഖരനും ഒപ്പം ഞാനും ഈ പ്രഖ്യാപനം കൗതുകത്തോടെയാണു കേട്ടത്. അതോടൊപ്പം നേരിയ ഭയവും ഉണ്ടായി; കാരണം കാശി യാത്രയിലുണ്ടായ ദുരനുഭവം തന്നെ. അതുകൊണ്ട് ‘ഒരു സ്ഥലത്ത്’ പോകാമെന്ന് ഗോവിന്ദപ്പിള്ള പറഞ്ഞപ്പോൾ പോകണോ പോകണ്ടയോ എന്നു മനസ്സിൽ ഒരു തർക്കം ഉടലെടുത്തു.
എന്തായാലും ഗോവിന്ദപ്പിള്ള വലിയ ഉത്സാഹത്തിലാണു പുതിയ യാത്രയെക്കുറിച്ചു പറഞ്ഞത്. ഞാൻ ചോദിച്ചു, ‘ പോകാമെന്നു പറയുന്നത് ഏതു സ്ഥലത്താണ് ? ’
‘അതു സസ്പെൻസ്. അവിടെ ചെന്നിട്ട് മനസ്സിലാക്കിയാൽ മതി. ഒരു കാര്യം ഉറപ്പു തരാം. ബനാറസിലെ മറ്റു പല വിശേഷപ്പെട്ട സ്ഥലം പോലെ തന്നെ ഇതും പോകേണ്ട സ്ഥലമാണ്.... ’ ഗോവിന്ദപ്പിള്ള സ്ഥലപ്പേരു പറയാൻ ഒരുക്കമല്ലെന്നു മനസ്സിലായി. ഞാനടുത്ത ചോദ്യമിട്ടു, ‘ ആട്ടെ അവിടെ ദിഗംബരൻമാർ ഉണ്ടാകുമോ ? ‘ഉണ്ടാകാനുള്ള സാധ്യത കുറവാണ്. തീർത്തും കാണില്ല എന്ന് ഉറപ്പിച്ച് പറയാനും പറ്റില്ല....’ ഗോവിന്ദപ്പിള്ള വിദഗ്ധമായി മറുപടി തന്നു.
കുറെ നാളത്തേക്ക് ഇനി സാഹസത്തിനൊന്നും ഇറങ്ങിത്തിരിക്കരുതെന്നു മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് വച്ചിരുന്നതാണു ഞാൻ. പക്ഷേ, ഗോവിന്ദപ്പിള്ളയുടെ ഓഫർ കേട്ടപ്പോൾ പോയാലോ എന്നൊരു തോന്നൽ. എവിടെയാണ് പോകേണ്ട സ്ഥലം എന്നു ഗോവിന്ദപ്പിള്ള വിശദമാക്കിയിട്ടില്ല.
അപ്പോൾ ഗോവിന്ദപ്പിള്ള അടക്കിയ സ്വരത്തിൽ പറഞ്ഞു: ‘‘നമ്മൾ ഇന്നു പോകുന്ന സ്ഥലത്ത് എല്ലാം കിട്ടും. അഥവാ അവിടെ കിട്ടാത്തതായി ഒന്നുമില്ല ’’
ആ അവസാനത്തെ വാചകം പറഞ്ഞപ്പോൾ ഗോവിന്ദപ്പിള്ളയുടെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞില്ലേ എന്നൊരു സംശയം എനിക്കു തോന്നി. പക്ഷേ ഞാനതു ചോദിക്കാനൊന്നും പോയില്ല.
ചോദിച്ചിട്ട് ഗോവിന്ദപ്പിള്ളയ്ക്ക് അതിഷ്ടപ്പെടാതെ യാത്ര തന്നെ മാറ്റിവച്ചാലോ?
സായാഹ്നമായി. ഞാനും കൃഷ്ണൻ നായരും ഗോവിന്ദപ്പിള്ളയും ശേഖറും കൂടി യാത്ര പുറപ്പെട്ടു. മാർഗതടസ്സങ്ങളൊന്നുമുണ്ടാകാതിരിക്കാൻ ഞാൻ അവരാരുമറിയാതെ പ്രാർഥിക്കുന്നുണ്ടായിരുന്നു. പ്രാർഥന ഫലിച്ചു. യാതൊരു വിധ വിഘ്നങ്ങളുമുണ്ടാകാതെ ഗോവിന്ദപ്പിള്ള മനസ്സിൽക്കണ്ട സ്ഥലത്ത് ഞങ്ങൾ എത്തി. നല്ല തിരക്കുള്ള ചന്ത. തിരുവനന്തപുരം നഗരത്തിലെ ചാലക്കമ്പോളം പോലെയുള്ള സ്ഥലം. ഇരുവശത്തും നിരനിരയായി കടകൾ. ഉപ്പു തൊട്ട് കർപ്പൂരം വരെ ഉള്ള എല്ലാ സാധനങ്ങളും കിട്ടുന്ന വിശാലമായ കടകൾ. അതിനു മുകളിലത്തെ നിലയിലെ ബാൽക്കണി പോലുള്ള സ്ഥലത്ത് ചില യുവതികൾ നിൽക്കുന്നത് കണ്ടു. കുറച്ച് അകത്തേക്കു കടന്നതും ഗോവിന്ദപ്പിള്ള മാടക്കട പോലെ തോന്നിക്കുന്ന ഒരു കടയിലേക്കു ചെന്നു കയറി. ഞങ്ങൾ നിഴൽ പോലെ പിന്നിലുണ്ട.് അവിടെ ചെന്നതും കടക്കാരൻ ഗോവിന്ദപ്പിള്ളയെ നോക്കി ഹൃദ്യമായി ചിരിച്ചു. പിന്നെ ഹിന്ദിയിൽ ചോദിച്ചു,
‘ കിത്തനാ... ?’( എത്ര )
‘ദോ’ (രണ്ട്) എന്ന് ഗോവിന്ദപ്പിള്ളയുടെ മറുപടി. പെട്ടെന്ന് കടക്കാരൻ മണ്ണുകൊണ്ടുള്ള രണ്ടു ചെറിയ കുടം നിറയെ എന്തോ ദ്രാവകം പകർന്നു നീട്ടി. ഗോവിന്ദപ്പിള്ള അതു വാങ്ങി ഒറ്റ വലിക്കു കുടിച്ചു. ശേഷം ആ മൺകുടങ്ങൾ വേസ്റ്റ് ബാസ്കറ്റിൽ പൊട്ടിച്ച് ഉപേക്ഷിച്ചു. എന്നിട്ട് ഞങ്ങളോടു പറഞ്ഞു, ‘ നമ്മുടെ നാട്ടിൽ കിട്ടാത്ത ഒന്നാംതരം ചാരായം ആണിത്. ഞാൻ പറഞ്ഞില്ലേ ഇവിടെ കിട്ടാത്തതായി ഒന്നുമില്ല. ഇതാണു ദാൽമണ്ഡി..... ’
അപ്പോഴാണു ഞങ്ങൾ വന്ന സ്ഥലത്തിന്റെ പേര് ‘ദാൽമണ്ഡി’ എന്നാണെന്നു മനസ്സിലായത്. ചാരായം കഴിച്ചതിന്റെ ഉൗർജത്തിൽ ഗോവിന്ദപ്പിള്ള ഞങ്ങളെ വീണ്ടും മുന്നോട്ടു നയിച്ചു. പെട്ടെന്ന് ഞാൻ ഒരു കുയിൽനാദം കേട്ടു. ‘ദേഖോ ഗോവിന്ദബാബു ജാത്താ ഹേ ( ‘നോക്കു ഗോവിന്ദൻ ചേട്ടൻ പോകുന്നു’ എന്ന് മലയാളം) ഞങ്ങൾ നോക്കുമ്പോഴുണ്ട് ഗോവിന്ദപ്പിള്ള മുകളിലെ ബാൽക്കണിയിലേക്കു നോക്കി കൈ വീശുന്നു. ഞങ്ങളെല്ലാം മുകളിലേക്കു നോക്കി. അതാ കമ്പോളത്തിന്റെ മുകൾ നിലയിലെ വിവിധ ബാൽക്കണികളിലായി നിരന്നു നിന്നിരുന്ന കുറെ അധികം മദാലസകളായ യുവതികൾ ഗോവിന്ദപ്പിള്ളയെ നോക്കി കൈചൂണ്ടി എന്തൊക്കെയോ പിറുപിറുക്കുന്നു. ചിരിക്കുന്നു.
ആരെയും വശീകരിക്കാൻ തക്കവണ്ണമുള്ളതായിരുന്നു ആ സ്ത്രീകളുടെ വസ്ത്രധാരണം. ചുണ്ടുകളിൽ തേനൊലിക്കുന്നപോലെ. ‘ഇങ്ങോട്ടു കേറിവാടാ എന്ന് ക്ഷണിക്കുന്ന കണ്ണുകൾ... ’, ഈശ്വരാ! ഇത് വശപ്പിശക് പിടിച്ച പെണ്ണുങ്ങളാണല്ലോ.
അവരെ നോക്കി ഒന്ന് കൈവീശിക്കാണിക്കാൻ ഞങ്ങളുടെ കൈകൾ തരിച്ചുവോ ? തരിച്ചു കാണും പെട്ടെന്ന് തലയ്ക്കുള്ളിൽ ‘ദിഗംബരോദയം’. തീർന്നു. എല്ലാ തരിപ്പും തീർന്നു. ഞങ്ങൾ തല കുനിച്ചു.
ഗോവിന്ദപ്പിള്ളയ്ക്ക് കുലുക്കമില്ല. ചിരപരിചിതരെ കാണുന്നതു പോലെ അവരെക്കണ്ട് കൈവീശിക്കാണിച്ച് നല്ല ഒന്നാംതരം പുഞ്ചിരിയും അവർക്കു സമ്മാനിച്ച് അദ്ദേഹം മുന്നോട്ടു നടക്കുകയാണ്. ഞങ്ങൾ മൂവരുടെയും ഉള്ളിൽ ഗോവിന്ദപ്പിള്ളയെക്കുറിച്ച് വല്ലാത്ത മതിപ്പു തോന്നി.
ബനാറസിലെ വേശ്യാത്തെരുവിൽ പരിചയക്കാരികളെ ഉണ്ടാക്കാൻ കഴിഞ്ഞ ഗോവിന്ദപ്പിള്ളയുടെ ‘മിടുക്ക്’ ഞങ്ങളിൽ അസൂയ ഉണ്ടാക്കി. ഇയാൾ ചില്ലറക്കാരനല്ല. ‘ ഗോവിന്ദപ്പിള്ള ഏക് മഹാൻ ആദ്മി ഹേ... ’ വേഗത്തിൽ നടന്നുവന്ന ഗോവിന്ദപ്പിള്ള പൊടുന്നനെ നിന്നു. പിന്നെ ധരിച്ചിരുന്ന ഷർട്ടിന്റെ കോളർ രണ്ടും പൊക്കി തലയ്ക്കു മുകളിലൂടെ പിടിച്ചു. ചുരുക്കത്തിൽ ഒറ്റനോട്ടത്തിൽ മുകളിൽ നിൽക്കുന്നവർക്ക് ഗോവിന്ദപ്പിള്ളയെ മനസ്സിലാകില്ല എന്നത് ഉറപ്പ്. ഈ മുഖം മറയ്ക്കൽ പരിപാടി എന്തിനാണ് ഗോവിന്ദപ്പിള്ള ചെയ്തതെന്ന് ആദ്യം മനസ്സിലായില്ല. വീണ്ടും ഗോവിന്ദപ്പിള്ള നടന്നു തുടങ്ങി. ഇപ്പോൾ മുൻപുള്ളതിനെക്കാൾ അൽപം വേഗം കൂടിയിട്ടില്ലേ എന്നൊരു സംശയം. ഒപ്പമെത്താൻ ഞങ്ങളും അൽപം വേഗം കൂട്ടി. എന്തായാലും കുറച്ചു ദൂരം കഴിഞ്ഞതും ഗോവിന്ദപ്പിള്ള കോളർ താഴ്ത്തി. നടത്തത്തിന്റെ വേഗവും കുറഞ്ഞു. ഞങ്ങൾ ഒപ്പം എത്തി. ‘അൽപം മുൻപ് ആ ഷർട്ടിന്റെ കോളർ പൊക്കി വച്ച് മുഖം മറച്ചതെന്തിനാ? എന്നൊരു ചോദ്യം ഞങ്ങളുടെ മുഖത്തുണ്ടായി. ഗോവിന്ദപ്പിള്ള കള്ളച്ചിരി ചിരിച്ചു. പിന്നെ വളരെ രഹസ്യമായി മൊഴിഞ്ഞു: ‘‘അതേ അവിടെ ചില്ലറ കടം വീട്ടാനുണ്ട്. ’’ അമ്പട ധീരാ! ദാൽമണ്ഡിയിലെ ആ പെണ്ണുങ്ങളെക്കണ്ട് സലാം പറയുക മാത്രമല്ല നിങ്ങൾ ചെയ്തിരുന്നതല്ലേ. അവരുടെ സമീപം പോവുകയും മദാലസകളായ അവരുടെ കൃത്യനിർവഹണത്തിന് കടം പറയാനുള്ള ചങ്കൂറ്റവും നിങ്ങൾക്കുണ്ടായി. ചങ്ങാതീ ഇൗ അസാമാന്യ ധീരത നിങ്ങൾക്കു മാത്രം സ്വന്തം.
(തുടരും)
English Summary : Madhu Mudhrakal coloumn by actor Madhu part 11