ADVERTISEMENT

ഭോപാൽ ദുരന്തത്തിനു കാരണമായ വാതകച്ചോർച്ചയുണ്ടായ യൂണിയൻ കാർബൈഡ് ഫാക്ടറിയും പരിസരവും ഇപ്പോൾ കാടു കയറിക്കിടക്കുകയാണ്. എന്നാൽ ഉടൻ ആശുപത്രിയും മ്യൂസിയവുമൊക്കെയായി പുത്തൻ രൂപത്തിലേക്ക് ഇവിടം മാറും. വ്യവസായ ദുരന്തഭൂമി എന്ന പേരിൽ നിന്നു ഭോപാൽ പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ശ്രമത്തിലാണ്.

ദുരന്ത ദിനം

ഭോപാലിലെ യുവ ജനതയ്ക്കു തങ്ങൾ വസിക്കുന്ന സ്ഥലം ഒരു ദുരന്ത ഭൂമിയാണെന്നു മാത്രമേ അറിയൂ. എന്നാൽ മുതിർന്നവർക്ക് നെഞ്ചു പിളരുന്ന വേദനയാണു ഭോപാൽ ദുരന്തം സമ്മാനിച്ചത്. 1984 ഡിസംബർ രണ്ടിന് അർധരാത്രിയിലായിരുന്നു അപ്രതീക്ഷിതമായി ദുരന്തം കാറ്റിൽ പടർന്നെത്തിയത്. യൂണിയൻ കാർബൈഡ് എന്ന ബഹുരാഷ്‌ട്രക്കമ്പനിയുടെ ഭോപാലിലുള്ള കീടനാശിനി പ്ലാന്റിൽ നിന്നു മീഥൈൽ ഐസോ സയനേറ്റ് എന്ന വിഷവാതകം ചോരുകയായിരുന്നു.

മീഥൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന കീടനാശിനി ഉണ്ടാക്കുന്ന പ്ലാന്റായിരുന്നു ഭോപാലിലേത്. രാത്രി പതിനൊന്നരയോടെ പ്ലാന്റിലെ ജീവനക്കാർക്കു കണ്ണെരിച്ചിൽ അനുഭവപ്പെട്ടതോടെയാണ് എവിടെയോ വാതകചോർച്ചയുണ്ടെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും എംഐസി ടാങ്കിന്റെ താപനിലയും മർദവും ക്രമാതീതമായി കൂടി മുകളിലുള്ള കോൺക്രീറ്റ് സ്ലാബ് ശബ്‌ദത്തോടെ ഇളകാൻ തുടങ്ങി. അതിൽനിന്നു വിഷവാതകം മരണദൂതുമായി പുറത്തേക്കൊഴുകി. ഉറങ്ങിക്കിടന്നിരുന്ന ജനങ്ങൾ കണ്ണുനീറ്റലും ശ്വാസതടസ്സവും കാരണം പരിഭ്രാന്തരായി വീടുകളിൽനിന്നു പുറത്തേക്കോടി. മണിക്കൂറുകൾക്കുള്ളിൽ ഭോപാലിന്റെ മണ്ണിൽ എങ്ങും മൃതദേഹങ്ങൾ മാത്രമായി.

3789 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. എണ്ണായിരത്തോളം പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുമുണ്ട്. വിഷവാതകം ശ്വസിച്ചു വിവിധ രോഗങ്ങൾക്ക് ഇരകളായി പിന്നെയും ആളുകൾ മരിച്ചു. ഏഴു ലക്ഷത്തിനു മീതെയായിരുന്നു അന്നു നഗര ജനസംഖ്യ. മനുഷ്യർക്കു പുറമേ, കന്നുകാലികളും നായ്ക്കളുമെല്ലാം ചത്തു വീണു. ആയിരക്കണക്കിനാളുകൾക്ക് കാഴ്ച നഷ്ടമായി. നേരം വെളുക്കുമ്പോഴേക്കും നഗരം ഗ്യാസ് ചേംബറായിക്കഴിഞ്ഞിരുന്നു. ദുരന്തത്തെ കഷ്‌ടിച്ച് അതിജീവിച്ച ലക്ഷങ്ങൾ മരിച്ചു ജീവിക്കാൻ വിധിക്കപ്പെട്ടവരായി. ഗർഭം അലസൽ, ചാപിള്ളകളെ പ്രസവിക്കൽ, മസിലുകൾക്കു ബലക്ഷയം, ഗ്യാസ്‌ട്രോ രോഗങ്ങൾ തുടങ്ങി ഈ ദുരന്തം സൃഷ്‌ടിച്ച നരകയാതനകൾക്കു കയ്യും കണക്കുമില്ല. 42 ടൺ മീഥൈൽ ഐസോ സയനേറ്റാണ് സ്‌റ്റെയിൻലസ് സ്‌റ്റീൽ ടാങ്കിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ വെള്ളം കയറിയതാണ് അപകടകാരണമെന്നായിരുന്നു വിശദീകരണം. വിഷവാതകച്ചോർച്ചയിൽ മീഥൈൽ ഐസോ സയനേറ്റിനൊപ്പം ഫോസ്‌ജീനും ഹൈഡ്രജൻ സയനൈഡും ചേർന്നിരുന്നുവെന്നും ദുരന്തത്തെക്കുറിച്ച് പഠിച്ച ചില റിപ്പോർട്ടുകൾ പറയുന്നു.

ആരുമറിഞ്ഞില്ല തൊട്ടടുത്ത ദുരന്തം

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ പ്രവ‍ർത്തിക്കുന്ന ഫാക്ടറി, അതിന് നഗരത്തെയാകെ നശിപ്പിക്കാൻ കഴിയുമെന്ന് ആരും വിചാരിച്ചിരുന്നില്ല. 1969ൽ തുടങ്ങിയതാണ് ഫാക്ടറി. ഇവിടെ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ പലതും മാരക ശേഷിയുള്ളതാണെന്ന് പരിസരത്തുള്ള ജനങ്ങൾക്ക് അറിയില്ലായിരുന്നു. 

ഇനിയും തീരാദുരിതം

യൂണിയൻ കാർബൈഡ് ഫാക്ടറി വളപ്പ്

ദുരന്തബാധിതരുടെ പുനരധിവാസത്തിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ തമ്മിൽ പലതവണ തർക്കം ഉണ്ടായതിനാൽ പലർക്കും ഇനിയും സഹായം ലഭിച്ചിട്ടില്ല. പരസ്യമായി പ്രതികരിച്ചാൽ എന്നെങ്കിലും സഹായം കിട്ടുന്നതു കൂടി ഇല്ലാതാകുമോ എന്നു ഭയന്ന് മാധ്യമങ്ങളോടു പോലും അകലം പാലിച്ചു ജീവിക്കുന്നവരുമുണ്ട്. 

   അടച്ചുപൂട്ടിയ ഫാക്‌ടറി കെട്ടിടങ്ങളും പരിസരവും അങ്ങനെ കമ്പനിയുടെ ഒളിച്ചോട്ടത്തിനും സർക്കാർ അനാസ്‌ഥയ്‌ക്കും സ്‌മാരകമായി നിലകൊള്ളുകയാണെങ്കിലും അവിടെ ഇപ്പോഴും അപകടം നിറഞ്ഞുനിൽക്കുകയാണ്. ഫാക്‌ടറി വളപ്പിൽ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിനു ടൺ രാസവസ്‌തുക്കൾ സമീപമേഖലയിലെ ജലസ്രോതസ്സുകളെയെല്ലാം മലിനമാക്കിക്കഴിഞ്ഞു. രാസവസ്തുക്കൾ ശേഖരിച്ചിരുന്ന ടാങ്കുകളെല്ലാം തന്നെ ദ്രവിച്ച് നശിച്ച അവസ്ഥയിലാണ്. പ്ലാന്റിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള പ്രദേശത്തെ ഭൂഗർഭ ജലം പോലും അനുവദനീയമായതിന്റെ 40 ഇരട്ടി വിഷാംശമുള്ളതാണെന്നു പ്രശസ്‌ത പരിസ്‌ഥിതി പ്രവർത്തക സുനിത നാരായൺ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ദുരന്തഭൂമിയിൽ ആശുപത്രി

ഭോപാലിൽ 100 ഏക്കറോളം സ്ഥലത്താണ് വിഷവാതക ദുരന്തത്തിന് കാരണമായ ഫാക്ടറി. ഫാക്ടറിയിൽ അപകടകരമല്ലാത്ത സ്ഥലങ്ങളിൽ സ്പെഷ്യൽറ്റി ആശുപത്രി നിർമിക്കാനുള്ള സാധ്യത ജില്ലാ ഭരണകൂടം പരിഗണിക്കുന്നുണ്ട്. സ്ഥല ലഭ്യതക്കുറവാണ് ഫാക്ടറിയുടെ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം. ലോകമാകെ ഉറ്റുനോക്കിയ ദുരന്തഭൂമിയും ദുരന്തത്തിന് കാരണമായ കെട്ടിടങ്ങളും സംരക്ഷിച്ച് മ്യൂസിയമാക്കാൻ പദ്ധതിയുണ്ട്. സഞ്ചാരികൾക്ക് ദുരന്തത്തിന്റെ ചരിത്രം മനസ്സിലാക്കാൻ കഴിയുന്ന, ഫാക്ടറിയുടെ ഓരോ ഭാഗവും എന്തായിരുന്നെന്നും എത്തരത്തിലാണ് അവ ദുരന്തത്തിനു കാരണമായതെന്നും ഉൾപ്പെടെ പറഞ്ഞുതരുന്ന വിധമാകും മ്യൂസിയം നിർമിക്കുക.

English Summary : Bhopal gas diasater

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com