ഹൗസ് ഫുൾ ക്ലാസും; ഫുൾകൈ ഷർട്ടും

madhu-sunday-special
SHARE

‘പൊൻവളയില്ലെങ്കിലും

പൊന്നാട ഇല്ലെങ്കിലും

പൊന്നിൻ കുടം എന്നും

പൊന്നിൻകുടം എന്റെ

പൊന്നിൻകുടം എന്നും

പൊന്നിൻകുടം....’

കുട്ടിക്കുപ്പായം എന്ന ചിത്രത്തിലെ ഇൗ ഗാനം, സിനിമ ഇറങ്ങിയ കാലത്തും ഇപ്പോഴും സംഗീതപ്രണയികളുടെ ഇഷ്ടഗാനമാണ്. ടി.ഇ.വാസുദേവൻ നിർമിച്ച് എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത ഇൗ സിനിമയിൽ ഇൗ പാട്ട് ഞാൻ പാടുന്നതായാണു ചിത്രീകരിച്ചിരിക്കുന്നത്.

കുടുംബസദസ്സുകളെ ഏറെ ആകർഷിച്ച ഇൗ സിനിമയിൽ പ്രേംനസീർ, ഷീല, അംബിക തുടങ്ങിയ പ്രശസ്തരോടൊപ്പമാണു താരതമ്യേന പുതുമുഖമായിരുന്ന ഞാൻ അഭിനയിച്ചത്. അതും വലിയ വേഷത്തിൽ. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് സിദ്ദിഖ് എന്നായിരുന്നു.

ഇൗ പേര് ഞാൻ ഓർക്കാൻ പ്രത്യേക കാരണമുണ്ട്. ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ആദ്യത്തെ മുസ്‌ലിം കഥാപാത്രമായിരുന്നു അത്.

അതിനു പിന്നാലെയാണു ചെമ്മീനിലെ പരീക്കുട്ടി, ഓളവും തീരവും സിനിമയിലെ ബാപ്പുട്ടി, കള്ളിച്ചെല്ലമ്മയിലെ അസ്രാംകണ്ണ്, ഉമ്മാച്ചുവിലെ മായൻ, അഗ്നിയിലെ സുലൈമാൻ, ആന ​എന്ന സിനിമയിലെ ഒറ്റവെടി ജബ്ബാർ, ആരംഭത്തിലെ ചന്തക്കാരൻ മൊയ്തു എന്നു വേണ്ട മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലെ കാരണവർ, മലപ്പുറം ഹാജി മഹാനായ ജോജിയിലെ ഹാജിയാർ തുടങ്ങിയവയൊക്കെ ഒക്കെ വരുന്നത്.

ഒരു പക്ഷേ ഇത്രയധികം ജനപ്രിയമായ മുസ്‌ലിം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി തന്നെയാണു ഞാൻ കരുതുന്നത്.

ഇതിന്റെ എല്ലാം തുടക്കം ബനാറസിൽ നിന്നായിരുന്നു. പഠനം പൂർത്തിയാകാറായ കാലത്തു ഞാൻ ഒരു നാടകം എഴുതി. (മുറിമൂക്കൻ എന്ന അച്ഛന്റെ പരിഹാസമൊന്നും എന്നെ പിന്തിരിപ്പിച്ചില്ല എന്നു മനസ്സിലായല്ലോ) ‘ഹാജിയാരുടെ തീർപ്പ്’ എന്നാണ് അതിനിട്ട പേര്. പ്രധാനകഥാപാത്രം ഹാജിയാർ തന്നെ. ഹാജിയാരുടെ അയൽക്കാരായി ഒരു വശത്തു കൊല്ലപ്പണിക്കാരനും ഭാര്യയും മറ്റൊരു വശത്ത് ആശാരിയും ഭാര്യയും. ഇൗ പറഞ്ഞ അയൽക്കാരുടെ വീടുകളിൽ എന്നും ഭാര്യമാരും ഭർത്താക്കന്മ‍ാരും തമ്മിൽ വഴക്കാണ്.

ഇരുകൂട്ടരും ഓരോ വഴക്കുകഴിയുമ്പോഴും ഹാജിയാരുടെ അടുത്തു ചെല്ലും. വിഷമവും വേവലാതിയും അറിയിക്കാൻ. ഇതു കൂടുതലായപ്പോൾ ഒരു ദിവസം ഹാജിയാർ കൽപിക്കുന്നു, ‘ ഇരു കൂട്ടരുടെയും ഭാര്യമാർ നിങ്ങടെ കൂടെ കഴിയണ കൊണ്ടാണല്ലോ ഇൗ വഴക്കും വക്കാ​ണവും . എങ്കിൽ ഇനി കുറെ നാളത്തേക്ക് അവർ രണ്ടുപേരും ഞമ്മടെ കൂടെ ഞമ്മടെ വീട്ടിൽ നിൽക്കട്ടെ...’ ഒരു നിമിഷത്തെ നിശ്ശബ്ദത. പിന്നെ കൊല്ലത്തിയുടെയും ആശാരിച്ചിയുടെയും ആക്രോശം, ‘ അമ്പട വീരാ...അപ്പോ ഇതായിരുന്നു മനസ്സിൽ അല്ലേ. ഇയാളെ ചൂലിനടിക്കണം...അല്ല ഉലക്കയ്ക്കടിക്കണം....’

അടി ഉറപ്പായപ്പോൾ ഹാജിയാർ ജീവനും കൊണ്ടോടുന്നു. ‘നമ്മൾ തമ്മിൽ വഴക്കുണ്ടായതു കൊണ്ടല്ലേ കണ്ടവൻമാർക്കൊക്കെ എന്തും പറയാമെന്ന നിലവന്നത്. അതു കൊണ്ട് ഇനി നമുക്കു പിണങ്ങേണ്ട... ’ എന്ന ഭാര്യാഭർത്താക്കൻമാരുടെ ഒത്തുതീർപ്പിൽ നാടകത്തിന്റെ ക്ലൈമാക്സ്.

ഹാജിയാരുടെ വേഷം ചെയ്തതു ഞാൻ തന്നെ. ക്ലൈമാക്സിൽ കയ്യടിയും പൊട്ടിച്ചിരിയും ഒന്നാംതരം കൂവലും നാടകത്തിനു ലഭിച്ചു.

പിന്നീടു സിനിമയിൽ മുൻപു പറഞ്ഞ ഒട്ടേറെ മുസ്‌ലിം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും എന്റെ ഉള്ളിൽ ആദ്യം എത്തിയിരുന്നത് ഞാനെഴുതി അവതരിപ്പിച്ച ഇൗ ഹാജിയാർ തന്നെയായിരുന്നു.

ബനാറസിലെ പഠനമെല്ലാം കഴിഞ്ഞു നാട്ടിലെത്തിയ ഞാൻ വെറുതേ ഇരുന്നില്ല. സുഹൃത്തു കർമചന്ദ്രനെയും മറ്റും കൂട്ടുപിടിച്ച് പാറ്റൂർ ജംക്‌ഷനിൽ ഒരു ട്യൂട്ടോറിയൽ തുടങ്ങി. ഗീതാ ട്യൂട്ടോറിയൽസ്. ഇൗ പേരിന്റെ ഉത്ഭവം സാക്ഷാൽ ഭഗവത് ഗീതയിൽ നിന്നു തന്നെ.

വേനലവധിക്കു തന്നെ ട്യൂട്ടോറിയൽ തുടങ്ങിയത് എസ്എസ്എൽസിക്കു പരാജയപ്പെടുന്ന ‘കുട്ടികളെ സെപ്റ്റംബർ പരീക്ഷയ്ക്കു വിജയിപ്പിച്ചെടുക്കാം’ എന്ന മോഹനവാഗ്ദാനം മുൻപിൽവച്ചാണ്. അത്യാവശ്യം കുട്ടികളും വന്നു. ആദ്യഘട്ടം എന്ന നിലയിൽ ഇൗ ഒരു ബാച്ചിനു മാത്രമേ ഞങ്ങൾ ക്ലാസ് തുടങ്ങിയുള്ളൂ. സംഗതി ക്ലച്ച് പിടിക്കുമെന്ന് എനിക്കു നല്ല ഉറപ്പായിരുന്നു. നഗരത്തിലെ ഏറ്റവും മികച്ച ട്യൂട്ടോറിയലായി ഗീത ഉയരുമെന്ന കാര്യത്തിൽ ‍‍എനിക്കോ എന്റെ സുഹൃത്തുക്കൾക്കോ യാതൊരു സംശയവുമില്ലായിരുന്നു. കാരണം അതിനുള്ള കുട്ടികൾ ആദ്യബാച്ചിൽ തന്നെ എത്തി.

എന്നാൽ ഞങ്ങളുടെ പ്രസ്ഥാനം വൻപരാജയമാകുമെന്നു കരുതിയ ഒരാളുണ്ടായിരുന്നു. മറ്റാരുമല്ല എന്റെ അച്ഛൻ. മകൻ  ട്യൂട്ടോറിയൽ അധ്യാപകനായി ജീവിതം തീർത്തുകളയുമെന്നു ഭയന്നിട്ടാകാം അച്ഛൻ ഒരു പ്രതിവിധി കണ്ടെത്തി. നാഗർകോവിൽ ഹിന്ദു കോളജിൽ എനിക്കു ട്യൂട്ടർ ആയി അദ്ദേഹം ജോലി നേടിത്തന്നു. പോകാൻ എനിക്കു തീരെ താൽപര്യം ഉണ്ടായിരുന്നില്ല. ഞാനത് അച്ഛനോടു തുറന്നുപറഞ്ഞു. പക്ഷേ അച്ഛന് ഒരേ നിർബന്ധം. പോയേ തീരു.  രണ്ടുപേരുടെയും ശീതസമരത്തിനിടയിൽ അമ്മയുടെ കണ്ണുനീർ. ഒടുവിൽ മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഞാൻ അച്ഛന്റെ ഇഷ്ടത്തിനു വഴങ്ങി. നാഗർകോവിൽ ഹിന്ദു കോളജിൽ ഞാൻ ട്യൂട്ടർ ആയി ചേർന്നു. എന്നാൽ അപ്പോഴും ഗീത ട്യൂട്ടോറിയൽസ് ഞങ്ങൾ പൂട്ടിയില്ല. ‘സെപ്റ്റംബറിൽ എസ്എസ്എൽസി പരീക്ഷയ്ക്കു ജയിപ്പിച്ചു കൊള്ളാം’എന്ന ഞങ്ങളുടെ വാക്കിൽ വിശ്വസിച്ചു വന്നിരിക്കുന്ന കുട്ടികളെ ഇടയ്ക്കു വച്ച് വഴിയാധാരമാക്കാനാകില്ലല്ലോ.

ട്യൂട്ടോറിയലിലെ എന്റെ ക്ലാസ് ടൈം മാറ്റി. നാഗർകോവിലിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും വൈകിട്ടു ഞാൻ വീട്ടിലേക്കു ബസ് കയറും. ശനിയും ഞായറും തലസ്ഥാനത്തു ചെലവിട്ടിട്ട് തിങ്കളാഴ്ച കാലത്തേ നാഗർകോവിലിനു മടങ്ങും. ഗീത ട്യൂട്ടോറിയൽസിലെ എന്റെ ക്ലാസുകൾ മുഴുവൻ ശനിയാഴ്ചയും ഞായറാഴ്ചയുമാക്കി പുതിയ ടൈംടേബിൾ തയാറാക്കി. നാഗർകോവിലിലേക്കുള്ള യാത്ര അൽപമെങ്കിലും രസകരമാക്കിയിരുന്നത് കുഴിത്തുറയിൽ നിന്നു കയറിയിരുന്ന ചില കപ്പലണ്ടി കച്ചവടക്കാരികളാണ്. നാഗർകോവിലിൽ നിന്ന് എന്റെ വരവ് വീട്ടുകാർ താൽപര്യത്തോടെ കാത്തിരുന്നതു തന്നെ ഞാൻ കൊണ്ടുവരുന്ന ചുട്ടകപ്പലണ്ടിക്കു വേണ്ടിയാണോ എന്നു പോലും ഇടയ്ക്കു ഞാൻ സംശയിച്ചിട്ടുണ്ട്.

നാഗർകോവിൽ ഹിന്ദു കോളജിൽ ക്ലാസിലെ കുട്ടികളെല്ലാം തികഞ്ഞ അച്ചടക്കം ഉള്ളവരായിട്ടാണ് എനിക്കു തോന്നിയത്. എന്റെ ക്ലാസുകൾ പൊതുവേ മോശമായിരുന്നില്ല എന്നാണെന്റെ വിലയിരുത്തൽ. ക്ലാസ് ഭൂരിഭാഗം സമയത്തും ഹൗസ് ഫുള്ളായിരുന്നു. ഇത് എന്നിലെ അധ്യാപകനു ലഭിച്ച വലിയ അംഗീകാരമായാണ് എനിക്കു തോന്നിയിരുന്നത്.

പഠിപ്പിക്കാൻ പോയതിന്റെ മൂന്നാം പക്കം പ്രിൻസിപ്പൽ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഞാൻ പ്രിൻസിപ്പലിന്റെ മുറിയിൽ ചെന്നപ്പോൾ അദ്ദേഹം അടിമുടി എന്നെയൊന്ന് അവലോകനം ചെയ്തു. എന്നിട്ടു പുച്ഛരസം കലർന്ന ശബ്ദത്തിൽ പറഞ്ഞു, ‘ മിസ്റ്റർ മാധവൻനായർ നിങ്ങൾ ഇന്നലെ വരെ ഒരു വിദ്യാർഥി മാത്രമായിരുന്നിരിക്കാം. പക്ഷേ ഇന്നതല്ല. ഒരു കോളജിലെ അധ്യാപകനാണ്. അതും നാഗർകോവിൽ ഹിന്ദു കോളജിലെ അധ്യാപകൻ. അതിന്റേതായ അന്തസ്സും മാന്യതയും പ്രകടമാക്കിയേ പറ്റൂ...’ ഞാൻ ഞെട്ടിപ്പോയി. ഇത്രയൊക്കെ പറയാൻ ഞാൻ ചെയ്ത തെറ്റെന്താണ്?. എനിക്കു മനസ്സിലായില്ല. വീണ്ടും പ്രിൻസിപ്പലിന്റെ ശബ്ദം ഉയർന്നു‘ ഞാൻ തുറന്നു പറയുന്നു മാധവൻനായർ ഫുൾ കൈ ഷർട്ട് ഇങ്ങനെ റൗഡികളെ പോലെ തെറുത്തു മുകളിൽ കയറ്റിവയ്ക്കുന്ന ശീലം നമ്മുടെ കോളജിന്റെ അന്തസിനു ചേർന്നതല്ല. നാളെ മുതൽ ഷർട്ടിന്റെ ഫുൾ കൈ നിവർത്തിയിട്ടേ വരാവൂ....’

ഞാൻ ഇളിഭ്യനായി പ്രിൻസിപ്പലിന്റെ റൂമിൽ നിന്നു പുറത്തിറങ്ങി. ‘ആർക്കും ഒന്നുകൂടി നോക്കാൻ തോന്നുന്ന വേഷം ’ എന്നു കരുതി ഞാൻ ധരിച്ച ഫുൾകൈ ഷർട്ടിനുണ്ടായ അപമാനം എന്നെ വല്ലാതെ വിഷമിപ്പിച്ചു. അന്നു വൈകിട്ട് താമസസ്ഥലത്തെത്തിയ ഞാൻ എന്റെ എല്ലാം ഫുൾകൈ ഷർട്ടുകളും കവറിൽ പൊതിഞ്ഞെടുത്തു. അതുമായി ഞാൻ അവിടെ അടുത്തുള്ള തയ്യൽക്കടയിൽ പോയി. എല്ലാം അരക്കൈ  ആക്കിത്തരാൻ പറഞ്ഞു. പ്രിൻസിപ്പലിന്റെ ആജ്ഞ ലംഘിക്കാതെ പിറ്റേന്നു കൈ നിവർത്തി ഇട്ടു ഞാൻ കോളജിലെത്തി. പക്ഷേ അ​ത് അരക്കൈ ആയിരുന്നു എന്നു മാത്രം. പ്രിൻസിപ്പലിനോടാണെങ്കിലും ചുമ്മാതങ്ങു തോറ്റുകൊടുക്കാൻ ഒരു മടി.

English Summary : Madhumudrakal by actor Madhu 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA