ADVERTISEMENT

അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ അതിപുരാതനമായ സെന്റ് പാട്രിക് കത്തീഡ്രലിന്റെ വിശാലമായ അകത്തളം. ഗായക സംഘത്തിന്റെ മുറിയിലേക്കു കടക്കുന്നതിനു മുൻപ് ഇടതുവശത്തെ മരവാതിലിൽ സാമാന്യം വലുപ്പമുള്ള ഒരു ദ്വാരം കാണാം.

രണ്ട് ഐറിഷ് കുടുംബങ്ങൾ തമ്മിലുള്ള ദീർഘമായ വൈരത്തിന്റെ കഥ പറയുന്നതാണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരവാതിൽ; ഒപ്പം വലിയൊരു സന്ദേശവും. 1492ൽ ഓർമണ്ടിലെ ബട്‌ലേഴ്സ് കുടുംബവും കിൽഡേയറിലെ ഫിറ്റ്സ്ജെറാൾഡ് കുടുംബവും പ്രഭുത്വവാഴ്ചയുടെ അധികാരത്തിനുവേണ്ടി കലഹമാരംഭിച്ചു. കാലമേറെ കഴിഞ്ഞിട്ടും ഒത്തുതീർപ്പിനു വഴിതുറന്നില്ല. ഇരു കുടുംബംഗങ്ങളും അക്രമാസക്തരായി ഡബ്ലിൻ നഗരത്തിൽ പരസ്പരം പോരാട്ടമാരംഭിച്ചു.

ഒടുവിൽ, ബട്‌ലർ കുടുംബാംഗങ്ങൾക്ക് പ്രാണരക്ഷാർഥം സെന്റ് പാട്രിക് കത്തീഡ്രൽ അഭയകേന്ദ്രമായി. പിന്തുടർന്നുവന്ന ഫിറ്റ്സ്ജെറാൾഡ് കുടുംബം കത്തീഡ്രലിലേക്ക് ഇരച്ചുകയറി. കത്തീഡ്രലിൽ യോഗങ്ങൾ ചേരുന്ന സ്ഥലത്ത് ഒളിച്ചിരുന്ന ബട്‌ലർ കുടുംബാംഗങ്ങളോടു പുറത്തേക്കു വരാൻ ശത്രുപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഭയചകിതരായ അവർ ചാപ്റ്റർ ഹൗസ് എന്നു പേരുള്ള ആ മുറിയുടെ വലിയ മരവാതിൽ അടച്ചുപൂട്ടി നിശബ്ദരായി ഇരുട്ടിൽ കഴിച്ചുകൂട്ടി.

കുറെ സമയം കഴിഞ്ഞിട്ടും പുറത്തേക്കു വരാതിരുന്ന ബട്‌ലേഴ്സ് കുടുംബത്തോട് മറുപക്ഷത്തുള്ള കുടുംബത്തലവൻ ഫിറ്റ്സ്ജെറാൾഡ്, തങ്ങൾ ആക്രമിക്കുവാൻ വന്നവരല്ലെന്നും ഒത്തുതീർപ്പും സമാധാനവുമാണ് ലക്ഷ്യമെന്നും ഉറക്കെ വിളിച്ചുപറഞ്ഞു. എന്നാൽ ഫിറ്റ്സ്ജെറാൾഡിന്റെ ആഹ്വാനം അംഗീകരിക്കാൻ ബട്‌ലേഴ്സ് കുടുംബം വിസമ്മതിച്ചു. തങ്ങളെ കൊന്നൊടുക്കുവാനുള്ള കുതന്ത്രമാണതെന്ന് അവർ ദൃഢമായി വിശ്വസിച്ചു.

സമയമേറെ കഴിഞ്ഞിട്ടും അകത്തുനിന്നു മറുപടിയൊന്നും കിട്ടാതായപ്പോൾ ഫിറ്റ്സ്ജെറാൾഡ് സംഘത്തലവൻ ചാപ്റ്റർ ഹൗസിന്റെ അടച്ചുപൂട്ടിയ മരവാതിലിൽ ഒരു ദ്വാരമുണ്ടാക്കുവാൻ തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കുമെന്നു ഭയന്ന് അകത്ത് ശ്വാസമടക്കിക്കഴിഞ്ഞിരുന്ന ബട്‌ലേഴ്സ് കുടുംബാംഗങ്ങൾ പേടിച്ചു. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വാതിലിലുണ്ടാക്കിയ വിടവിലൂടെ ഫിറ്റ്സ്ജെറാൾഡ് തന്റെ കൈ, ഒരു ഹസ്തദാനത്തിനായി അകത്തേക്കു നീട്ടുകയാണുണ്ടായത്.

ഫിറ്റ്സ്ജെറാൾഡിന്റെ ആ പ്രവൃത്തി കണ്ട് ബട്‌ലേഴ്സ് കുടുംബാംഗങ്ങൾ സ്തബ്ധരായിപ്പോയി. ഇത്രയുംകാലം തങ്ങൾ എതിർത്തുനിന്ന ശത്രുക്കളുടെ മുൻപിലേക്ക് ഹസ്തദാനത്തിനായി കൈനീട്ടുന്നതിന്റെ അപകടമോർത്ത് ഫിറ്റ്സ്ജറാൾഡ് കുടുംബക്കാർ ഞെട്ടി.

വാതിൽ ദ്വാരത്തിലൂടെ അകത്തേക്ക് നീട്ടിയ ഫിറ്റ്സ്ജെറാൾഡിന്റെ കൈപിടിച്ച് കുലുക്കിയ ബട്‌ലേഴ്സ് കുടുംബനാഥൻ, അനുയായികൾക്കൊപ്പം ചാപ്റ്റർഹെഡിന്റെ മരവാതിൽ തുറന്നു പുറത്തേക്കുവന്നു. അങ്ങനെ കത്തീഡ്രലിന്റെ ഇരുണ്ട മുറിക്കു പുറത്ത് സമാധാനത്തിന്റെ വെളിച്ചത്തിൽ ഇരു കുടുംബാംഗങ്ങളും ഒന്നുചേർന്നു.

‘ഡോർ ഓഫ് റികൺസിലിയേഷൻ’ എന്ന ആ വാതിൽ നൂറ്റാണ്ടുകൾക്കിപ്പുറവും സമാധാനത്തിന്റെ അടയാളമായി നിലനിൽക്കുന്നു, ഈ ഈസ്റ്ററിനും അനുരഞ്ജനത്തെപ്പറ്റി ഓർമിപ്പിക്കാൻ.

English Summary : Sunday special about story of above 500 years old door

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com