സഹോദരിയുടെ പ്രണയവും എന്റെ ഉപദേശങ്ങളും

actor-madhu
SHARE

നീലാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പി.സുബ്രഹ്മണ്യം നിർമിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ‘കൊച്ചനിയത്തി’. പേരു സൂചിപ്പിക്കും പോലെ അനിയത്തിക്കു വേണ്ടി ജീവിക്കുന്ന ചേട്ടന്റെ കഥയാണ് ആ സിനിമ. ചേട്ടന്റെ വേഷം ഞാൻ ചെയ്തു. കെ.പി. കൊട്ടാരക്കര നിർമിച്ച് എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത ‘ശാന്ത ഒരു ദേവത’ എന്ന ചിത്രത്തിലും അനിയത്തിയെ ജീവനു തുല്യം സ്നേഹിക്കുന്ന ചേട്ടന്റെ വേഷമായിരുന്നു എനിക്ക്. എസ്.കുമാർ നിർമിച്ച് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘വേനലിൽ ഒരു മഴ ’​എന്ന ചിത്രത്തിലും ജാനു എന്ന സഹോദരിക്കു േവണ്ടി എന്തും ചെയ്യാൻ തയാറാകുന്ന ചേട്ടന്റെ റോളാണു ഞാൻ ചെയ്തത്. ഇൗ സിനിമയിൽ അവളെ ഇഷ്ടപ്പെട്ടു വരുന്ന ചെറുക്കന് അവളെ വിവാഹം ചെയ്തു കൊടുക്കാൻ ഇൗ ചേട്ടൻ ആദ്യം മടിക്കുന്നു. എന്നാൽ ഒടുവിൽ അനിയത്തിയുടെ ഇഷ്ടത്തിനു വഴങ്ങുന്നു. സിനിമകളിലൊക്കെ എനിക്ക് ഒരു അനിയത്തിയേ ഉണ്ടായിരുന്നുള്ളു. എന്നാൽ ജീവിതത്തിൽ എനിക്കു നാലു സഹോദരിമാരാണ്. എല്ലാവരും എനിക്കിളയവർ തന്നെ. ഇവർക്കെല്ലാം കൂടിയുള്ള ഒരേ ഒരു ചേട്ടൻ എന്ന നിലയിൽ എന്റെ ജീവിതം സ്വർഗസുന്ദരമായിരുന്നു എന്നു കരുതരുത്.

ഇൗ വല്യേട്ടൻ പദവിയിൽ നിന്ന് ഒഴിവാക്കി ഇവരുടെ ഇളയ അനിയത്തിയായി എന്നെ ജനിപ്പിക്കാൻ തോന്നിയില്ലല്ലോ എന്നു പലപ്പോഴും ഞാൻ ഇൗശ്വരനോടു പരാതിപ്പെട്ടിട്ടുണ്ട്.

എന്റെ പിതാവ് സ്വതവേ എന്നെ നേർവഴിക്കു നയിക്കാൻ നിയോഗിക്കപ്പെട്ടവൻ എന്ന ഭാവത്തിൽ പെരുമാറുന്ന ആളായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്നു കക്ഷി. പക്ഷേ എനിക്ക് ഒരു കാര്യത്തിലും സ്വാതന്ത്ര്യം അനുവദിച്ചു തരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ബാല്യകാലത്ത് ഇൗ ‘രോഗം’ അദ്ദേഹത്തിനു കലശലായിരുന്നു.

എന്നാൽ എന്റെ സഹോദരിമാരാകട്ടെ മാലാഖക്കുഞ്ഞുങ്ങളാണെന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. അടി, ഇടി, തൊഴി തുടങ്ങിയ പൊലീസ് മുറകൾ കൂടാതെ അച്ഛന് സ്വന്തമായ നുള്ള്, കിഴുക്ക്, ചൂരൽപ്രയോഗം എന്നിവയുടെ ചൂടും എരിവും ഞാൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതു കിട്ടാനുള്ള ഒരവസരവും ഞാൻ പാഴാക്കിയിട്ടില്ല എന്നതാണു സത്യം.

എന്റെ അനിയത്തിമാരിൽ അച്ഛന് ഏറെയിഷ്ടം എന്റെ നേർ പെങ്ങളോടായിരുന്നു. കുട്ടിക്കാലത്ത് അവൾ ചെയ്യുന്നതിലെല്ലാം മിടുക്കു കാണാൻ അച്ഛനു കഴിഞ്ഞിരുന്നു. അവൾ ഒരു പടം വരച്ചാൽ ‘കേമം’ എന്നു പറയും. അതേ ചിത്രം അതിനെക്കാൾ മെച്ചമായി ഞാൻ വരച്ചു കാണിച്ചാൽ ‘നിനക്കൊന്നും വേറെ തൊഴിലില്ലേ ’ എന്ന ഭാവമാകും.

അച്ഛൻ പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന കാലം. ആഴ്ചയിലൊരിക്കലോ മാസത്തിൽ രണ്ടു തവണയോ മറ്റോ ആണ് അച്ഛൻ വീട്ടിലേക്കു വരുന്നത്. ആ ദിവസങ്ങളിൽ കഴിയുന്നതും അച്ഛന്റെ ദൃഷ്ടിയിൽ പെടാതിരിക്കാനാണു ഞാൻ ശ്രമിക്കുക. പെട്ടാൽ തീർന്നു. എന്തെങ്കിലും കാരണം പറഞ്ഞ് ‘പെട’ ‌എനിക്കൊരെണ്ണം ഉറപ്പ്.

പെരുമ്പാവൂരിലെ ജോലി സ്ഥലത്തേക്ക് ആദ്യം പോകും മുൻപ് അച്ഛൻ സഹോദരിയെ അടുത്തു വിളിച്ചു. എന്നിട്ടു ഞാൻ കേൾക്കേ എന്നെ ചൂണ്ടി പറഞ്ഞു, ‘ഇവൻ എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാൽ എന്നോടു പറഞ്ഞു തരണം. ബാക്കി കാര്യം ഞാൻ നോക്കിക്കൊള്ളാം’ എന്ന്.

ഇൗ ഒരു ഉപദേശത്തിന്റെ ബലത്തിൽ അവൾ എന്നെ ശരിക്കും ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഞാനുണ്ടോ വകവയ്ക്കുന്നു. ‘പോടീ പോയി പണി നോക്ക്് ’ എന്നു പറഞ്ഞും പറയാതെ പറഞ്ഞും ഞാൻ എന്റെ ജീവിതവുമായി മുന്നേറി.

അമ്മ പഠിക്കാൻ പറഞ്ഞാൽ ഉടനെ കളിക്കാൻ പോവുക, കടയിൽ പോകാൻ പറഞ്ഞാൽ കുറച്ചൂടെ കഴിഞ്ഞിട്ടാകാം എന്നു പറയുക , അനിയത്തിയുമായി വഴക്കുണ്ടാക്കരുത് എന്നു പറഞ്ഞാലുടനെ അവൾക്കിട്ട് നല്ല നുള്ളു കൊടുക്കുക തുടങ്ങിയ ബാല്യസഹജമായ സകല കുസൃതികളും ഞാൻ നടത്തിപ്പോന്നു. അച്ഛൻ പെരുമ്പാവൂരല്ലേ, ആരെ പേടിക്കാൻ എന്നതായിരുന്നു എന്റെ ഭാവം.

എന്നാൽ പെരുമ്പാവൂരിൽ നിന്നുള്ള അച്ഛന്റെ ആദ്യത്തെ വരവിൽ എനിക്കു വേണ്ടതു കിട്ടി.

അച്ഛൻ വീട്ടിൽ വന്നുകയറി വസ്ത്രങ്ങളെല്ലാം മാറി ഒരു ചായഗ്ലാസുമായി മുൻവശത്തെ കസേരയിൽ വന്നിരുന്നു. ഉടനെ അനിയത്തി ഓടി അച്ഛന്റെ അടുത്തു ചെന്നു. ഞാൻ ഒളിഞ്ഞിരുന്നു നിരീക്ഷിക്കുകയാണ്. അവളതാ ഒരു നോട്ട്ബുക്ക് ​എടുക്കുന്നു. അച്ഛൻ ആ ബുക്ക് തുറന്നു. അവൾ ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ഏതോ പേജിലേക്ക് അദ്ദേഹം നോക്കുന്നു. പെട്ടെന്ന് അച്ഛന്റെ കനത്തിലുള്ള ശബ്ദം ഉയർന്നു, ‘ മാധവൻകുട്ടീ...! ’

ഞാൻ നിരീക്ഷണസ്ഥലത്തു നിന്നു പതുക്കെ വിളികേട്ടു,‘ എന്തോ’

‘വാ ഇവിടെ’ അച്ഛന്റെ ആജ്ഞ. ഞാൻ ഉടനടി തിരുമുമ്പിൽ ഹാജർ.

പിന്നെ ചോദ്യവും ഉത്തരവുമില്ല. എന്റെ വലത്തെ ചെവി അച്ഛന്റെ വലതു കയ്യിലെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിലിരുന്ന് ഞെരിപിരികൊണ്ടു. വേദന, കടുത്ത വേദന. എന്റെ ചെവി വലിച്ചുപറിച്ചെടുക്കാനാണോ അച്ഛന്റെ ശ്രമമെന്നു പോലും തോന്നിപ്പോയി. ഏതാണ്ട് തൃപ്തികരമാം വണ്ണം തിരുമ്മി എന്നുറപ്പായപ്പോൾ അദ്ദേഹം ‘ ഉം പൊയ്ക്കോ’ എന്നൊരാജ്ഞയോടെ എന്റെ ചെവിയിലെ പിടിത്തം വിട്ടു. വേദനിക്കുന്ന കാതും അതിലേറെ നോവുന്ന മനസ്സുമായി ഞാൻ നടക്കുമ്പോൾ അച്ഛൻ പറയുന്നതു കേട്ടു, ‘അടുത്ത തവണ വരുമ്പോഴും ഇതു പോലെ ബുക്കിൽ അവൻ ചെയ്യുന്ന കുരുത്തക്കേടെല്ലാം എന്റെ മോൾ എഴുതിവയ്ക്കണം കേട്ടോ...’

ബുക്കിനകത്ത് അവൾ എഴുതി തയാറാക്കി നിധി പോലെ അച്ഛനെ കാണിച്ചത് എന്റെ കുറ്റങ്ങളുടെ ലിസ്റ്റ് ആയിരുന്നു എന്ന് അപ്പോൾ മാത്രമാണ് എനിക്കു ബോധ്യമായത്.

വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ വളർന്നു. ഗാന്ധിയൻ തത്വചിന്തകളോടും ജീവിതരീതികളോടും അഗാധമായ ഇഷ്ടം പുലർത്തിയിരുന്ന അനിയത്തിയെ അച്ഛൻ തമിഴ്നാട്ടിലെ ഗാന്ധിഗ്രാമിൽ പഠിക്കാൻ വിട്ടു. അവൾക്കു രാഷ്ട്രീയമായും മറ്റും വലിയ അറിവുണ്ടാകുമെന്ന് അച്ഛൻ കരുതിയിട്ടുണ്ടാകാം. ഏതായാലും ഗാന്ധിഗ്രാമിലെ പഠനം അനിയത്തി വിജയകരമായി പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തി. അതോടെ അനിയത്തിക്കു ചില വിവാഹാലോചനകൾ വന്നുതുടങ്ങി.

ഇതിനിടയിൽ ഒരിക്കൽ എന്നെ അച്ഛൻ ഫോണിൽ ബന്ധപ്പെട്ടു. അടിയന്തരമായി വീട്ടിലെത്താൻ പറഞ്ഞു.

ഗാന്ധിഗ്രാമിലെ പഠനത്തിനിടയിൽ അനിയത്തി ഒരു യുവാവുമായി പ്രണയത്തിലായി. ആൾ ക്രിസ്ത്യാനിയാണ്. ഇതു മറ്റാരും പറഞ്ഞതല്ല. ഏതോ വിവാഹാലോചന മുറുകിയപ്പോൾ അനിയത്തി തന്നെ വെളിപ്പെടുത്തിയതാണ്. അനിയത്തിയുടെ ഇഷ്ടത്തിനു വിവാഹം നടത്തിക്കൊടുക്കാൻ സാധ്യമല്ല എന്ന നിലപാടിലാണ് അച്ഛൻ. എന്നെയും കൂട്ടിച്ചെന്നു ചെറുക്കനെ ക്കണ്ടു സ്നേഹബുദ്ധ്യാ ഇൗ ബന്ധത്തിൽ നിന്നു പിൻമാറാൻ ഉപദേശിക്കുക. ഇതായിരുന്നു അച്ഛന്റെ ഉദ്ദേശ്യം.

ഞങ്ങൾ ഒരുമിച്ചു ചെറുക്കനെ പോയിക്കണ്ടു. അച്ഛൻ അയാളോട് അൽപം താഴ്ന്നു പറഞ്ഞു, ‘നോക്കൂ ഞങ്ങളുടെ കുടുംബം വളരെ വലിയ കുടുംബമാണ്. എന്റെ ഇൗ മകളെ കൂടാതെ ഒട്ടേറെ പെൺകുട്ടികൾ കുടുംബത്തിലുണ്ട്. ഇവൾ ഒരു ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ചു എന്നു പറഞ്ഞാൽ അവർക്കൊന്നും നാളെ നല്ല ആലോചനകൾ വരില്ല. അതു കൊണ്ട് ഇൗ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറണം’. അച്ഛനെ പിന്തുണച്ചു ഞാനും ചില ഉപദേശങ്ങൾ നൽകി. അതിനെല്ലാം കൂടി അയാൾ തന്ന ഉത്തരം, ‘ ഞാനായിട്ട് ഇൗ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുപോകില്ല. ഞാനാ കുട്ടിക്കു വാക്കു കൊടുത്തിട്ടുള്ളതാണ്. തിരുത്തിപ്പറയാൻ എനിക്കാകില്ല’ അങ്ങനെ ആ യാത്ര കടുത്ത നിരാശയിലാണ് അച്ഛന് അവസാനിപ്പിക്കേണ്ടി വന്നത്. അച്ഛൻ എന്നെക്കാൾ ലാളിച്ചു നടന്ന അനിയത്തിയുടെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു ‘വഴിതെറ്റൽ’ അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ഞാനും. തിരികെ വന്ന ഞാൻ അനിയത്തിയെയും ഒന്നുപദേശിച്ചു നോക്കി. ഫലം– ഞാൻ ഒരു നല്ല ഉപദേശകനല്ല എന്നെനിക്കു തന്നെ ബോധ്യം വന്നു.

ഏതായാലും രണ്ടുപേരും പ്രണയബന്ധം അവസാനിപ്പിക്കില്ല എന്ന് ഏറക്കുറെ എനിക്കു വ്യക്തമായി. ഒരു ദിവസം ഞാൻ അച്ഛനോടു പറഞ്ഞു, ‘ അച്ഛാ നമുക്കു നമ്മുടെ വീട്ടിൽ പന്തലിട്ട് , നാട്ടുകാർക്കെല്ലാം അത്യുഗ്രൻ സദ്യയും നൽകി ഗംഭീരമായി ഇവരുടെ വിവാഹം നടത്തിക്കൊടുക്കാം...’ . പക്ഷേ ‘അതിനുള്ള ധൈര്യം എനിക്കില്ല മോനെ’ എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാൻ അനിയത്തിക്കും അച്ഛനുമിടയിൽ നിസ്സഹായനായ കാഴ്ചക്കാരനായി.

കുറച്ചു ദിവസം പിന്നിട്ടപ്പോൾ ആരുമാരും അവരവരുടെ നിലപാടിൽ നിന്നു പിൻമാറില്ല ​​എന്നുറപ്പായപ്പോൾ ഞാൻ രഹസ്യമായി അനിയത്തിയോടു പറഞ്ഞു,

‘അച്ഛൻ സമ്മതിച്ചിട്ട് ഇൗ വിവാഹം നടക്കില്ല. രണ്ടു പേരും എവിടെയെങ്കിലും പോയി റജിസ്റ്റർ വിവാഹം കഴിക്ക്’ ഏതാനും ദിവസങ്ങൾക്കകം അവൾ ഇഷ്ടപ്പെട്ട ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയി വിവാഹിതയായി.

English Summary : Madhumudrakal by actor Madhu 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.