ADVERTISEMENT

സ്കോട്ട് ക്രിസ്ത്യൻ കോളജിലെ അധ്യാപക ജീവിതം വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുന്നോട്ടു നീങ്ങി. പരസ്പരധാരണയുള്ള അധ്യാപകസുഹൃത്തുക്കൾ. എന്നോടെപ്പോഴും ഉൗഷ്മളമായ ബന്ധം പുലർത്തിയിരുന്ന വിദ്യാർഥികൾ, ഡിപ്പാർട്മെന്റ് തലവൻ എന്ന പദവി എനിക്കു നൽകിയിട്ട് ആ ഉത്തരവാദിത്തം മുഴുവൻ ഭംഗിയായി നിർവഹിച്ചു വന്ന കൃഷ്ണദാസ് സാർ, ഇതൊക്കെ തന്നെയായിരുന്നു സ്കോട്ട് ക്രിസ്ത്യൻ കോളജിലെ അന്തരീക്ഷം ഞാനിഷ്ടപ്പെടാൻ കാരണം.

കോളജ് സമയം കഴിഞ്ഞു താമസസ്ഥലത്ത് എത്തിയാലും അവിടെയും സൗഹൃദത്തിന്റെ വലിയ വലയം. ഹൃദയം തുറന്ന് എന്തും പങ്കുവയ്ക്കാൻ പറ്റിയ നല്ല സുഹൃത്തുക്കൾ. ചുരുക്കത്തിൽ നാഗർകോവിലിലെ ജീവിതം സുഖകരം. താമസസ്ഥലത്തു ഞങ്ങൾ പത്രം വരുത്തിയിരുന്നു. രാവിലെ ചൂടുചായ കിട്ടിയില്ലെങ്കിലും ആർക്കും വലിയ പരാതി ഉണ്ടാകില്ല. പക്ഷേ ചൂടുള്ള വാർത്തയുമായി വരുന്ന പത്രം കണ്ടില്ലെങ്കിൽ തീർന്നു. ആ ദിവസം തന്നെ ‘പോക്കായി’ എന്നായിരുന്നു ഓരോരുത്തരുടെയും ഭാവം.

ഇതെഴുതുമ്പോൾ ഞാൻ പിൽക്കാലത്ത് വെള്ളിത്തിരയിൽ അവതരിപ്പിച്ച ഒരു കഥാപാത്രത്തെ ഓർത്തുപോകുന്നു. പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇവിടെ ഇൗ തീരത്ത്....’ എന്ന സിനിമയിലെ കോളജ് ലക്ചറർ.അദ്ദേഹം രാവിലെ ടോയ്‌ലറ്റിൽ പോകുന്നതു ചുണ്ടിൽ എരിയുന്ന പൈപ്പും കക്ഷത്തിൽ അന്നത്തെ പത്രവുമായിട്ടായിരുന്നു. മാധവൻ തമ്പി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്.

രാവിലെ പത്രം വായിക്കുന്നത് ഇഷ്ടമായിരുന്നെങ്കിലും ഈ ശീലം എനിക്കുണ്ടായിട്ടില്ല. പക്ഷേ ആ ശീലം ദൗർബല്യമായിട്ടുള്ള പലരെയും എനിക്ക് അടുത്തറിയാം. തിങ്കൾ മുതൽ ശനി വരെ ഏതു ദിവസമായാലും പത്രം ആദ്യം കയ്യിൽ കിട്ടിയാൽ പ്രധാന തലക്കെട്ടും അതോടനുബന്ധിച്ചുള്ള വാർത്തകളും വായിച്ചിട്ടു മാത്രമേ ബാക്കി പരിപാടികളുള്ളൂ. പക്ഷേ ഞായറാഴ്ച ശീലം മാറും. വീട്ടിലും നാഗർകോവിലിലെ താമസസ്ഥലത്തും മലയാളം പത്രത്തോടൊപ്പം ഇംഗ്ലിഷ് പത്രവും വാങ്ങുന്നുണ്ടായിരുന്നു. ലോകത്തു യുദ്ധമുണ്ടായാലും ഭൂകമ്പമുണ്ടായാലും ആ പ്രധാന വാർത്തയൊക്കെ എനിക്ക് അപ്രസക്തമാകുന്ന ദിവസമാണു ഞായർ.

അന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ ഞായറാഴ്ച പതിപ്പായ ‘സൺഡേ സ്റ്റാൻഡേഡി’ൽ വായനക്കാരന്റെ അടുത്ത ആഴ്ച എങ്ങനെ എന്നു പീറ്റർ വിടാൽ എന്ന സായ്പ് പ്രവചിക്കുന്ന ‘ദിസ് വീക്ക് ഫോർ യു ’എന്ന പംക്തി.

അതു രാവിലെ വായിച്ച് എന്റെ അടുത്ത ആഴ്ച ശുഭകരമായി വരവേൽക്കാൻ മനസ്സിനെ പാകമാക്കിയിട്ടേ അന്നേ ദിവസം ‍ഞാൻ പത്രത്തിന്റെ തലക്കെട്ടിലേക്കു പോലും ശ്രദ്ധ തിരിക്കൂ.

നാഗർകോവിലിൽ താമസിക്കുമ്പോൾ ഒരു ഞായറാഴ്ച രാവിലെ അതാ എന്റെ മിഴികളിലും മനസ്സിലും ആനന്ദം പകർന്ന് ‘സൺഡേ സ്റ്റാൻഡേഡ് ’ കിടക്കുന്നു. കസേരയിൽ സുഖമായി ഒന്നിരുന്നു. ഞാൻ പത്രം നിവർത്തി. പീറ്റർ വിടാലിന്റെ പംക്തി കണ്ടെത്തി. ഉൽകണ്ഠയോടെ വായിച്ചു. ഇൗ ആഴ്ച ‘വിർഗോ’ക്കാർക്കു വലിയ പ്രശ്നങ്ങളൊന്നും കാണുന്നില്ല. പത്രം മടക്കിവയ്ക്കാൻ തുടങ്ങുമ്പോൾ കണ്ണുകൾ അപ്രതീക്ഷിതമായി ഒരു ചെറിയ പരസ്യത്തിൽ ഉടക്കി. സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത നാടകപാഠശാലയിലേക്കു വിദ്യാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ്. ഡൽഹിയിൽ നാടകപഠനത്തിന് ഒരു വിദ്യാലയം ആരംഭിക്കുന്നു. നാഷനൽ സ്കൂൾ ഓഫ് ഡ്രാമ. കേവലം മെ‌ട്രിക്കുലേഷൻ മാത്രമാണ് അടിസ്ഥാനയോഗ്യത.

തൊഴുത്തിലും പറമ്പിലും സ്റ്റേജിലും നാടകം കളിച്ചു കൊതിതീരാത്ത എനിക്കിതാ നാടകം ആഴത്തിൽ പഠിക്കാൻ ഒരവസരം. എങ്ങനെ വേണ്ടെന്നു വയ്ക്കും. അപേക്ഷിക്കണം. പക്ഷേ, മുൻപിൽ ഒട്ടേറെ കടമ്പകൾ. എന്റെ ജോലി തന്നെ ആദ്യത്തെ കടമ്പ. ഡൽഹിയിലെ പഠനവും നാഗർകോവിലിലെ അധ്യാപനവും ഒരുമിച്ചു നടത്താനാകില്ലല്ലോ. ജോലി ഉപേക്ഷിച്ചേ മതിയാകൂ. പറയുമ്പോൾ ഒരു കടലാസ് കഷണത്തിൽ ‘രാജിവയ്ക്കുന്നു ’എന്നെഴുതി കൊടുത്താൽ മതി. പക്ഷേ അതങ്ങനെ എളുപ്പത്തിൽ കളഞ്ഞിട്ടു പോകാവുന്ന ഒന്നാണോ? പേരിലെങ്കിലും ഞാൻ അവിടത്തെ ഡിപ്പാർട്മെന്റ് തലവനല്ലേ.

എന്തായാലും വരുന്നതു വരട്ടെ എന്നു കരുതി അപേക്ഷിക്കാൻ തീരുമാനിച്ചു. പിറ്റേന്നു തന്നെ അപേക്ഷാഫോമിനായി ആരുമറിയാതെ ഞാൻ ഡൽഹിക്കു കത്തയച്ചു. വലിയ താമസമില്ലാതെ കോളജ് അഡ്രസിൽ അപേക്ഷാഫോം ലഭിച്ചു. പൂരിപ്പിച്ച് അയയ്ക്കാനും ഞാൻ അമാന്തം കാട്ടിയില്ല.

എന്നാൽ പിന്നീടു മറുപടി വരാൻ വൈകി. അപ്പോഴേക്കും അക്കാദമിക് വർഷം കഴിഞ്ഞു. കോളജിന് അവധിയായി. ഞാൻ വീട്ടിലെത്തി. ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂവിനു ഡൽഹിയിൽ ചെല്ലാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തു ലഭിച്ചു. ആദ്യത്തെ കടമ്പ മുന്നിൽ വന്നിരിക്കുന്നു. ഇന്റർവ്യൂവിനു പോകണം. പക്ഷേ അപേക്ഷിച്ച കാര്യം പോലും രഹസ്യമാക്കി വച്ചിട്ട് ഇപ്പോൾ എങ്ങനെ ഡൽഹിക്കു പോകണമെന്നു പറയും.

എന്തായാലും ഡൽഹിവരെ ഒന്നു പോകണം എന്നച്ഛനോടു ഞാൻ പറഞ്ഞു. എന്തിനെന്ന ചോദ്യത്തിന് ‘സംഗീതനാടക അക്കാദമി ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നു അതിന്റെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം ’എന്നായിരുന്നു എന്റെ ഉത്തരം. അച്ഛൻ എതിർത്തൊന്നും പറഞ്ഞില്ല.

ഡൽഹി യാത്രയ്ക്കു ഞാൻ ടിക്കറ്റെടുത്തു. ഡൽഹിയിൽ എത്തുമ്പോൾ എന്നെ സ്വീകരിക്കാൻ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നത് വേലായുധൻനായർ ​ആയിരുന്നു. (പിൽക്കാലത്ത് ഇദ്ദേഹം സുഗതകുമാരിയുടെ ഭർത്താവായി) അക്കാലത്ത് ഡൽഹിയിലായിരുന്നു വേലായുധൻനായർക്ക് ജോലി.

ഞങ്ങളൊരുമിച്ചു പുറത്തേക്കു വരുമ്പോൾ ഒരാൾ ‘മാധവൻനായർ ഫ്രം ട്രിവാൻഡ്രം’ എന്ന പ്ലക്കാർഡും പിടിച്ചു നിൽക്കുന്നതു കണ്ടു. അടുത്തു ചെന്നു കാര്യം തിരക്കി. അപ്പോഴാണറിയുന്നത് പ്ലക്കാർഡുമായി നൽക്കുന്നത് അക്കാലത്തെ കേന്ദ്രമന്ത്രിയായിരുന്ന ജോൺ മത്തായിയുടെ ഡ്രൈവറാണെന്ന്. (ഡൽഹിയിൽ എത്തിയാൽ എന്റെ കാര്യങ്ങൾ നോക്കിക്കൊള്ളാൻ അച്ഛൻ തന്നെ പറഞ്ഞ് എർപ്പാടാക്കിയതായിരുന്നു ഇൗ സൗകര്യം. ഞാൻ ശരിക്കും അത്ഭുതപ്പെട്ടു)

പിന്നെ ഞങ്ങളിരുവരും ആ കാറിൽ പോയി മന്ത്രിയെ കണ്ടു. ആഗമനോദേശ്യമൊക്കെ വെളിപ്പെടുത്തിയിട്ടു തിരിച്ച് വേലായുധൻനായരുടെ താമസസ്ഥലത്തേക്കു പോയി.

അടുത്ത ദിവസം ഇന്റർവ്യൂവിൽ പങ്കെടുത്തു. അഭിമുഖം നടത്തിയവരിൽ ഒരാൾ കൊൽക്കത്തയിൽ ആദ്യമായി റിവോൾവിങ് സ്റ്റേജ് കൊണ്ടു വന്ന സാധു സെൻ ആയിരുന്നു. മറ്റൊരാൾ ഷീലാ ഭാട്ട്യ എന്ന തിയറ്റർ ഡയറക്ടറും പ്രൊഡ്യൂസറുമായ ആൾ. ചോദ്യങ്ങൾ ചോദിക്കുക മാത്രമല്ല, നമ്മുടെ അഭിനയപാടവം മൂകാഭിനയവും മറ്റും ചെയ്യിച്ച് അവർ വിലയിരുത്തി.

കേരളത്തിൽ നിന്നു ഞാൻ മാത്രമേ അപേക്ഷകനായി ഉണ്ടായിരുന്നുള്ളു.

നാട്ടിലെത്തി കുറച്ച് ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം എനിക്കു പ്രവേശനം ലഭിച്ചതായുള്ള അറിയിപ്പ് സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നെത്തി.

എന്റെ ആഹ്ലാദം  ഞാൻ വീട്ടിൽ അറിയിച്ചു. ജോലി രാജിവച്ചു വീണ്ടും പഠിക്കാൻ അതും നാടകം പഠിക്കാൻ പോകുന്നു എന്ന പ്രഖ്യാപനം അമ്മയ്ക്കോ സഹോദരിമാർക്കോ പൂർണമായി ഉൾക്കൊള്ളാനായില്ല. ​അച്ഛനോടും പറഞ്ഞു. അദ്ദേഹം ഒന്നേ പറഞ്ഞുള്ളു, ‘നീ അക്കാദമിയിൽ പോകുന്നത് ജോലിക്കായിരിക്കുമെന്നാണു ഞാൻ കരുതിയത്. നീ ജോലി ചെയ്ത് ഞങ്ങൾക്കൊന്നും തരേണ്ട. എന്നാലും നിനക്കു താഴെയുള്ള സഹോദരിമാരെക്കുറിച്ചോർത്തോ നീ. ഇവർക്ക് ഒരാലോചന വന്നാൽ എനിക്ക് അന്തസ്സായി പറയാമായിരുന്നു മൂത്ത മകൻ കോളജ് ലക്ചറർ ആണെന്ന്. ഇതിപ്പോൾ മൂത്ത സഹോദരൻ രാജമാണിക്യം കമ്പനിയിൽ ശ്രീകൃഷ്ണന്റെ വേഷം കെട്ടുകയാണെന്നു ഞാൻ എങ്ങനെ പറയും....’

ആ പരിഹാസം എനിക്കത്ര പിടിച്ചില്ല, ‘ ശ്രീകൃഷ്ണന്റെ വേഷം കെട്ടുന്നത് മോശമാണെന്നു കരുതുന്ന ഒരു മണ്ടനും എന്റെ ഒരനിയത്തിയെയും കല്യാണം കഴിക്കേണ്ട....’ ഞാൻ അറുത്തുമുറിച്ചു പറഞ്ഞു. അച്ഛൻ കൂടുതൽ കലി പൂണ്ടു.

അപ്പോൾ വെല്ലുവിളിക്കും പോലെ ഞാൻ അച്ഛനോടു ചോദിച്ചു,‘ പരിഹസിക്കുന്ന അച്ഛന് കഴിയുമോ ശ്രീകൃഷ്ണനായി അഭിനയിക്കാൻ....?

വാക്കുകൾ കൊണ്ടുള്ള ഞങ്ങളുടെ യുദ്ധം കുറച്ചു നേരത്തേക്കു മാത്രം ഉള്ളതായിരുന്നെങ്കിലും കേട്ടു നിന്ന അമ്മയ്ക്കും സഹോദരിമാർക്കും വല്ലാത്ത വിഷമമായി.

എന്റെ വാക്കുകൾ അച്ഛനെ നിശ്ശബ്ദനാക്കി. പറഞ്ഞു നന്നാക്കാൻ ഒക്കില്ല എന്നു കണ്ടപ്പോഴുള്ള വിദ്വാന്റെ ഭൂഷണം – മൗനം.

നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ ഞാൻ എന്റെ രാജിക്കത്തു നൽകി. ഡൽ‍ഹിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ഇക്കുറി ഡൽഹിയിലെത്തിയാൽ എന്റെ കാര്യങ്ങളിൽ സഹായിക്കാൻ ഞാൻ നേരിട്ടു വേലായുധൻനായരെത്തന്നെ വിളിച്ചു. യാത്ര തുടങ്ങുന്ന ദിവസം അച്ഛനോടു യാത്ര പറയാൻ ഞാൻ ചെന്നു, ‘നിന്റെ ഇഷ്ടം പോലെ ആകട്ടെ ’ എന്ന മറുപടിയിൽ അച്ഛൻ എല്ലാം പറഞ്ഞു.

രാജ്യതലസ്ഥാനത്തേക്കു ഞാൻ യാത്ര ആരംഭിച്ചു. നാടകം എന്ന സ്വപ്നം മനസ്സിലും കണ്ണുകളിൽ ഉൽകണ​്ഠയും പ്രതീക്ഷയും മാത്രം മൂലധനമായുള്ള യാത്ര.

English Summary : Madhu mudrakal by actor madhu - 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com