ADVERTISEMENT

ഊട്ടി എന്ന സ്വപ്നനഗരത്തിന് 200 വയസ്സാകുന്നു. തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ സുഖവാസ കേന്ദ്രമായി ലോകഭൂപടത്തിൽ അറിയപ്പെടുന്നതാണ് ഊട്ടി എന്ന പഴയ ഉദകമണ്ഡലം. ഗോത്രവർഗക്കാർ മാത്രം താമസിച്ചിരുന്ന ഈ മലനിരകൾ മലേറിയയും മൂടൽമഞ്ഞും കാരണം വാസയോഗ്യമല്ലായിരുന്നു. കൊടുങ്കാടായിരുന്ന ഈ നീലഗിരി മലകളിൽ 3,000 വർഷം മുൻപു മുതൽ ജനവാസമുണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്. തുടക്കത്തിൽ ഇതു ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് വിജയനഗരസാമ്രാജ്യക്കാരും മൈസൂരുവിലെ വോഡയാർ രാജവംശവും ടിപ്പുസുൽത്താനുമൊക്കെ മാറിമാറി യുദ്ധങ്ങൾ നടത്തി ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തിയിരുന്നതായി രേഖകളിലുണ്ട്. ഏറ്റവുമൊടുവിൽ 1779ൽ നാലാം മൈസൂരു യുദ്ധത്തിൽ ടിപ്പുസുൽത്താനെ പരാജയപ്പെടുത്തി ബ്രിട്ടിഷുകാർ ഈ പ്രദേശം പിടിച്ചെടുത്തു മദ്രാസ് പ്രസിഡൻസിയിൽ ചേർക്കുകയായിരുന്നു.

സമതലമായിരുന്ന മേട്ടുപ്പാളയത്തുനിന്നു നോക്കുമ്പോൾ അങ്ങു ദൂരെക്കാണുന്ന മലകളെപ്പറ്റി ആർക്കും വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. പലരും ഈ പ്രദേശത്തെക്കുറിച്ച് അറിയാനും പഠിക്കാനും പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

ജോ‍ൺ സള്ളിവൻ
ജോ‍ൺ സള്ളിവൻ

സള്ളിവന്റെ യാത്രകൾ

ബ്രിട്ടിഷ് ഇന്ത്യയിലെ കോയമ്പത്തൂർ കലക്ടർ ആയിരുന്ന ജോൺ സള്ളിവൻ ആണ് നീലഗിരിയെക്കുറിച്ചു കൂടുതൽ പഠിക്കാനും അറിയാനും താൽപര്യം കാണിച്ചത്. ലണ്ടനിൽ ജനിച്ച സള്ളിവൻ പതിനഞ്ചാം വയസ്സിൽ സിവിൽ സർവീസിൽ പ്രവേശിക്കുകയും 1814ൽ ബ്രിട്ടിഷ് ഇന്ത്യയിലെ ചെങ്കൽപ്പെട്ടിൽ കലക്ടറാവുകയും ചെയ്തു. 1815 മുതൽ 1830 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം നീലഗിരി ഉൾപ്പെടുന്ന കോയമ്പത്തൂർ ജില്ലയുടെ കലക്ടറായി. അക്കാലത്തു നീലഗിരിയെക്കുറിച്ചു പഠിക്കാൻ അദ്ദേഹം പലരെയും അയച്ചെങ്കിലും അവരെല്ലാം പരാജയപ്പെട്ടു തിരികെപ്പോന്നു. ഒടുവിൽ സള്ളിവൻ തന്നെ ബ്രിട്ടിഷ് പട്ടാളക്കാരോടൊപ്പം കുതിരപ്പുറത്തു കയറി മേട്ടുപ്പാളയത്തു നിന്നു തെങ്ങുമാറാട്ട എന്ന ഗ്രാമപ്രദേശത്തുകൂടി കീഴുക്കാംതൂക്കായ മലകൾ കയറി ആദ്യം ദിമഹട്ടി താഴ്‌വര കൈവശപ്പെടുത്തി. മോശം കാലാവസ്ഥയായിരുന്നെങ്കിലും അവിടെ തമ്പടിച്ച്, ഇപ്പോഴത്തെ കോത്തഗിരി ടൗണിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ കണ്ണേരിമുക്കിൽ 20 ദിവസം കൊണ്ടു തദ്ദേശീയരായ ഗോത്രവർഗക്കാരെക്കൊണ്ട് രണ്ടു മുറികളുള്ള ഒരു കോട്ടേജ് നിർമിച്ചു. ‘അതാണ് പെത്തക്കൽ ബംഗ്ലാവ്’. പല കൈകളും മാറി നശിച്ചുപോയ ആ വീട് സള്ളിവന്റെ സ്മാരകമായി ഈയിടെ പുനർനിർമിച്ചു. നീലഗിരിയിലെ ആദ്യത്തെ യൂറോപ്യൻ കുടിയേറ്റം ഇതാണെന്നു പറയാം. 1823 മാർച്ച് വരെ അവിടെ താമസിച്ചുകൊണ്ടാണ് ഈ മലമുകളിലുള്ള പ്രദേശങ്ങളെല്ലാം അദ്ദേഹം കുതിരപ്പുറത്തു കയറി ചുറ്റിക്കണ്ടത്.

പഴയ പെത്തക്കൽ ബംഗ്ലാവ്
പഴയ പെത്തക്കൽ ബംഗ്ലാവ്

തോഡർ, കോത്തർ, പണിയർ, കുറുമ്പർ, കാട്ടുനായ്ക്കർ, ഇരുളർ എന്നീ ആറു ഗോത്ര വിഭാഗങ്ങളും ബഡുക വിഭാഗവും മാത്രമാണ് അന്ന് ഈ മലമുകളിൽ ഉണ്ടായിരുന്നത്. ഇവരുമായി സൗഹൃദത്തിലായ സള്ളിവൻ പല പുതിയ കൃഷിരീതികളും അവരെ പഠിപ്പിച്ചു. ബഡുഗ സമുദായക്കാരെ കാരറ്റ്, കാബേജ്, ബീറ്റ്‌റൂട്ട്, ടർണിപ്, കോളിഫ്ലവർ എന്നിവ കൂടാതെ ദീർഘകാല വിളയായ തേയിലയും പരിചയപ്പെടുത്തി. ഇംഗ്ലണ്ടിലെപ്പോലെ ഇവയെല്ലാം വളരാൻ ഏറെ അനുയോജ്യമായിരുന്നു ഇവിടുത്തെ കാലാവസ്ഥ. ഈർപ്പവും തണുപ്പും കാരണം എപ്പോഴും നനവുള്ള ഉറയ്ക്കാത്ത മണ്ണായിരുന്നു ഇവിടെ. ആ ജലാംശവും ഈർപ്പവും വലിച്ചെടുക്കാനായി ഇംഗ്ലണ്ടിൽ നിന്നു സള്ളിവൻ കൊണ്ടുവന്നതാണു യൂക്കാലി മരങ്ങൾ. അങ്ങനെയാണ് യൂക്കാലി ആദ്യമായി ഇന്ത്യയിലെത്തുന്നത്. തിട്ടകൾ (കയ്യാലകൾ) ഇടിയാതിരിക്കാനായി നട്ടുപിടിപ്പിക്കുന്ന പ്രത്യേകതരം പുല്ലുവരെ അദ്ദേഹം അവിടെനിന്നു കൊണ്ടുവന്നു.

1821 ഫെബ്രുവരിയിലാണു സള്ളിവൻ ആദ്യമായി ഊട്ടി സന്ദർശിക്കുന്നത്. അവിടെ തോഡ സമുദായക്കാർ ഉപേക്ഷിച്ച സ്റ്റോൺഹൗസ് ഹിൽ ഏക്കറിന് ഒരു രൂപ നിരക്കിൽ അദ്ദേഹം സ്വന്തമാക്കി. 1822 ൽ തന്റെ മകനെ ജ്ഞാനസ്നാനം ചെയ്യിക്കുന്നതിന്, എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീടിന്റെ പണി തുടങ്ങി 1823 മേയിൽ പൂർത്തിയാക്കി. നീലഗിരിയിൽ രേഖപ്പെടുത്തിയ ആദ്യത്തെ ജ്ഞാനസ്നാനമായിരുന്നു അത്. അന്ന് ആ വീടിനടുത്ത് ഒരു ഓക്കുമരം നട്ടിരുന്നു. അതിന്നും അവിടെയുണ്ട്. പിന്നീട് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച ഈ കെട്ടിടം 1870 മുതൽ 1930 വരെ മദ്രാസ് പ്രസിഡൻസിയുടെ സമ്മർ സെക്രട്ടേറിയേറ്റായിരുന്നു. 1955 മുതൽ ഇത് ഊട്ടി ഗവ. ആർട്സ് കോളജിന്റെ പ്രധാന കെട്ടിടമാണ്.

പെത്തക്കൽ ബംഗ്ലാവ് ഇപ്പോൾ
പെത്തക്കൽ ബംഗ്ലാവ് ഇപ്പോൾ

സെന്റ് സ്റ്റീഫൻസ് പള്ളി

ഊട്ടിയുടെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടതാണ് ഊട്ടി - മൈസൂരു റോഡിലെ സെന്റ് സ്റ്റീഫൻസ് പള്ളി. ബ്രിട്ടിഷുകാർക്കു മാത്രമായി ഊട്ടിയിൽ ഒരു പള്ളി വേണമെന്നു തോന്നിയ അന്നത്തെ മദ്രാസ് ഗവർണർ സ്റ്റീഫൻ റംബോൾഡ് ലുഷിങ്ടൺ, ജോർജ് നാലാമൻ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് 1829 ഏപ്രിൽ 23ന് പള്ളിക്ക് അടിത്തറ പാകി. 1830 നവംബർ 5ന് കൊൽക്കത്തയിലെ ബിഷപ്പ് ജോൺ മത്തിയാസ് ടർണറാണ് സെന്റ് സ്റ്റീഫൻസ് പള്ളി വെഞ്ചരിച്ചത്. 1831 ഏപ്രിൽ 3ന് ഈസ്റ്റർ ഞായറാഴ്ച ഇതു പൊതുസമൂഹത്തിനു തുറന്നുകൊടുത്തു. 1947ൽ ഇത് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിലായി.

പിന്നീടുള്ളത് ഊട്ടി രൂപപ്പെട്ടതിന്റെയും നീലഗിരിയുടെ വളർച്ചയുടെയും സംഭവബഹുലമായ കഥകളാണ്. സമതലത്തിൽ നിന്നു കുനൂർ ഘട്ടിലേക്ക് ഒരു റെയിൽപാത നിർമിക്കാനുള്ള നിർദേശം റോഡ് ഉണ്ടാക്കുന്നതിനു മുമ്പ് 1854ൽ തുടങ്ങിയിരുന്നെങ്കിലും 1876 വരെ ഒരു പുരോഗതിയും ഉണ്ടായില്ല. കൊടുങ്കാട്ടിലെ മലനിരകളിലൂടെ ഒരു റെയിൽപാത ഉണ്ടാക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. ഇതിനിടെ നീലഗിരിയെ കോയമ്പത്തൂരിൽ നിന്നു വേർപെടുത്തി കമ്മിഷണറുടെ കീഴിലാക്കി. ആദ്യത്തെ കമ്മിഷണർ ജയിംസ് വിൽക്കിൻസൺ ബ്രീക് ആയിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി സ്ഥാപിച്ചതാണ് ഇന്നും ആയിരക്കണക്കിനു വിദ്യാർഥികൾ പഠിക്കുന്ന ഊട്ടിയിലെ വലിയ സ്‌കൂളുകളിൽ ഒന്നായ ‘ബ്രീക് മെമ്മോറിയൽ സ്‌കൂൾ’.

സെന്റ് സ്റ്റീഫൻസ് പള്ളി
സെന്റ് സ്റ്റീഫൻസ് പള്ളി

അപകടം പിടിച്ച റെയിൽ

മലമടക്കുകൾ വെട്ടിത്തെളിച്ചു ചെറിയ പാതയുണ്ടാക്കി ഒരു യന്ത്രം ഘടിപ്പിച്ച്, കപ്പിയും കയറും പോലുള്ള ഒരു സംവിധാനം ഉപയോഗിച്ചു വലിച്ചു കയറ്റുകയും ഇറക്കുകയും ചെയ്ത അപകടം നിറഞ്ഞതും സാഹസികവുമായ ഗതാഗത സംവിധാനമാണ് ആദ്യം നിർമിച്ചത്. സ്വിസ് എൻജിനീയറായിരുന്ന റിഗ്ഗിൻ ബാക്ക് ആണ് ഈ സംവിധാനത്തിന്റെ ഉപജ്ഞാതാവ്. 1882ൽ മേട്ടുപ്പാളയത്തുനിന്ന് 5 കീലോ മീറ്റർ ദൂരത്തിൽ പാളം സ്ഥാപിച്ചുകൊണ്ടായിരുന്നു ഇതിന്റെ തുടക്കം. പക്ഷേ, ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഒന്നിലധികം കമ്പനികളുടെ രൂപീകരണത്തിനും പിരിച്ചുവിടലിനും ശേഷം 1895 ഫെബ്രുവരിയിൽ നീലഗിരി റെയിൽവേ കമ്പനി സാഹസികമായ ഈ പ്രവൃത്തി ഏറ്റെടുത്ത് ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായി കരാറിൽ ഒപ്പു വയ്ക്കുകയും പർവത റെയിൽപാത പണി ആരംഭിക്കുകയും ചെയ്തു. കുനൂർ വരെയുള്ള ലൈനിന്റെ പണി പൂർത്തിയാക്കി. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു റെയിൽവേ സ്റ്റേഷൻ 1897ൽ കുനൂരിൽ പണിതീർത്തു. 1908 ലാണ് ഇത് ഊട്ടി വരെ നീട്ടിയത്. കുനൂർ വരെയുള്ള ആദ്യഭാഗ യാത്രയ്ക്ക് ആദ്യത്തെ 125 അടിയിൽ ഒരടി സ്വിസ് റാക്ക് സിസ്റ്റം ആവശ്യമായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 325.83 മീറ്റർ മാത്രം ഉയരമുള്ള മേട്ടുപ്പാളയത്തു നിന്ന് ആരംഭിക്കുന്ന ഈ റെയിവേ ലൈൻ ഊട്ടിയിലെത്തുമ്പോഴേക്കും 2197 മീറ്റർ ഉയരത്തിലാകുന്നു. അതായത് ഓരോ 12.5 അടി ദൂരം മുന്നോട്ടു പോകുമ്പോഴും സമുദ്ര നിരപ്പിൽ നിന്ന് ഒരടിവീതം ഉയരം കൂടിക്കൊണ്ടിരിക്കുന്നു.

മറ്റൊരു റെയിൽവേ ലൈനിലും ഇല്ലാത്ത റാക്ക് ആൻഡ് പിനിയൻ സംവിധാനമാണ് ഇവിടെയുള്ളത്. പാളങ്ങൾ രണ്ടിന്റെയും നടുവിലായി നീളത്തിൽ പല്ലുകൾ ഘടിപ്പിച്ച മറ്റൊരു പാളംകൂടി ഇവിടെയുണ്ട്. എൻജിന്റെ അടിയിൽ പൽച്ചക്രവുമുണ്ട്. കുത്തനെയുള്ള കയറ്റം വരുമ്പോൾ എൻജിനും ബോഗികളും താഴേക്കു തെന്നിപ്പോകാതിരിക്കാനുള്ള സുരക്ഷാ മാർഗമാണ് ഈ പൽച്ചക്രങ്ങൾ. മണിക്കൂറിൽ 13 കീമീ ആണ് ഈ റൂട്ടിലെ ഏറ്റവും കൂടിയ വേഗം! 100 വർഷത്തിലധികമായി ഓടിക്കൊണ്ടിരിക്കുന്ന ഈ കുഞ്ഞൻ ട്രെയിനിന് 2005 ജൂലൈ 15ന് ‘ലോക പൈതൃക റെയിവേ’ (വേൾഡ് ഹെറിറ്റേജ് ട്രെയിൻ) എന്ന ബഹുമതി യുനെസ്‌കോ നൽകി.

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള ദൊഡ്ഡബെട്ട കൊടുമുടിയുടെ താഴ്‌വാരത്താണ് പ്രസിദ്ധമായ ബൊട്ടാണിക്കൽ ഗാർഡനുള്ളത്. പച്ചക്കറിയും മറ്റും കൃഷി ചെയ്യാനായി ഉണ്ടാക്കിയ സ്ഥലമാണ് ഇന്നത്തെ ഗവണ്മെന്റ് ബൊട്ടാണിക്കൽ ഗാർഡൻ.  നല്ല ഉയരമുള്ള മലമുകളിൽ വീഴുന്ന വെള്ളം മുഴുവൻ വേഗം താഴേക്ക് ഒലിച്ചു പോകുന്നതിനാൽ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളം ശേഖരിക്കാൻ സള്ളിവൻ ഒരു ബണ്ട് നിർമിച്ചു. തടയണപോലെ ഉണ്ടാക്കിയ ആ ജലാശയം ക്രമേണ തടാകമായി അറിയപ്പെട്ടു. ഇന്നത്തെ മുഖ്യ ആകർഷണങ്ങളിലൊന്നായ ‘ഊട്ടി ലേക്ക്’ ഉണ്ടായത് അങ്ങനെയാണ്. സഞ്ചാരികൾക്കു ബോട്ടിങ്ങിനായി പലതരം ബോട്ടുകളും ഒരു വശത്തായി ബോട്ട് ഹൗസും ഇപ്പോൾ ഉണ്ട്.

ഏറെ പണിപ്പെട്ട് ക്രമേണ റോഡ്, റെയിൽ ഗതാഗതങ്ങളൊക്കെ ശരിയാക്കി. ഒപ്പം വലിയ ടൗൺഷിപ്പുകളും രൂപപ്പെട്ടു. പിന്നെ നീലഗിരിയുടെ വളർച്ച വേഗത്തിലായിരുന്നു. നല്ല നിലവാരത്തിലുള്ള സ്‌കൂളുകളും ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളും ചുരുങ്ങിയ കാലംകൊണ്ട് ഉയർന്നുവന്നു. അതോടെ നാടിന്റെ നാനാഭാഗങ്ങളിലെ സമതലങ്ങളിൽ നിന്ന് ഇവിടേക്കു കുടിയേറ്റം ആരംഭിച്ചു.

തണുപ്പിന്റെ പറുദീസ

പ്രത്യേക ഭൂപ്രകൃതിയും സുഖശീതളമായ കാലാവസ്ഥയും മാനനോഹരമായ മലമടക്കുകളും താഴ്‌വാരങ്ങളുമെല്ലാം ഉള്ള ഈ തണുപ്പൻനാട് സുഖവാസ കേന്ദ്രമായി അറിയപ്പെട്ടു. 9 മാസത്തോളം തണുപ്പിന്റെ പിടിയിലാകുന്ന ഇവിടെ മാർച്ച് മുതൽ മേയ് അവസാനം വരെയാണു നല്ല സീസൺ.

ഇവിടത്തെ പ്രസിദ്ധമായ ബൊട്ടാണിക്കൽ ഗാർഡനിൽ വർഷം തോറും മേയ് മാസം അവസാനത്തോടെ നടക്കുന്ന പുഷ്പമേളയാണ് നീലഗിരിയിലെ പ്രധാന ആഘോഷം. ഊട്ടിയെന്ന സ്വപ്നനഗരത്തിന് 200 തികയുന്ന ഈ അവസരത്തിൽ സസ്യോദ്യാനത്തിൽ നടക്കുന്ന പുഷ്പമേള അതിന്റെ 125 ാം വർഷം ആഘോഷിക്കുകയാണ്. മേയ് 19 മുതൽ 23 വരെയാണ് ഇപ്രാവശ്യത്തെ പുഷ്പമേള.

English Summary : Sunday Special about Ooty 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com