ADVERTISEMENT

സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യത്തെ വർഷം കടന്നുപോയി. മരപ്പണി പഠിച്ചും, സപ്തസ്വരങ്ങളിൽ ആരോഹണാവരോഹണം തീർത്തും, വസ്ത്രാലങ്കാരങ്ങളുടെയും ചമയത്തിന്റെയും രഹസ്യങ്ങൾ മനസ്സിലാക്കിയും, ചില നാടകങ്ങളിലെ കഥാപാത്രങ്ങളായി അഭിനയിച്ചും ഒക്കെ ഞാൻ നന്നെ ആസ്വദിച്ച വർഷമായിരുന്നു അത്.

ഞങ്ങൾ രണ്ടാം വർഷക്കാരായി. ഒന്നാം വർഷക്കാരായി പുതിയ ബാച്ച് വിദ്യാർഥികൾ വന്നു. ആ കൂട്ടത്തിൽ ബി.വി.കാരന്തും ഉണ്ടായിരുന്നു. (പിൽക്കാലത്ത് സിനിമാസംവിധായകനും തിരക്കഥാകൃത്തും നാടകരചയിതാവും ഒക്കെയായി മാറിയ കാരന്ത്). കാരന്തിനെ എനിക്കു ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നു തന്നെ പരിചയമുണ്ട്. അവിടെയും കാരന്ത് എന്റെ ജൂനിയറായിരുന്നു.

കാരന്തിന്റെ ബാച്ചിൽ സായ്പിന്റെ നിറവും സ്വർണത്തലമുടിയുമായി ഒരു യുവതി പഠിക്കാൻ വന്നു. പുണെക്കാരി. പേര് സായ് പരഞ്ജ് പൈ’‌. തനി ഇന്ത്യക്കാരിയായ ഇൗ പെൺകുട്ടിയുടെ നിറവും തലമുടിയും എന്നെ മാത്രമല്ല എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇന്ത്യൻ വംശജരിൽ ഇത്രയും നിറവും സ്വർണത്തലമുടിയും അസാധാരണമാണല്ലോ.

ജിജ്ഞാസ കൂടിയപ്പോൾ ഒരന്വേഷണം നടത്തി. അപ്പോൾ മനസ്സിലായി പുണെക്കാരിയായ ശകുന്തളാ പരഞ്ജ്പൈയ്ക്കും ഭർത്താവും ഫ്രഞ്ചുകാരനുമായ യൂറ സ്ലെപ്റ്റോഫിനും  ജനിച്ച മകളാണ് സായ് പരഞ്ജ്പൈ എന്ന്. ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദം ഉടലെടുത്തു.

ഇൗ സൗഹൃദത്തിന്റെ മധുരം മനസ്സിൽ എന്നും നിലനിർത്തിയിരുന്നു ഞങ്ങൾ. അതു കൊണ്ടുകൂടിയാകാം വർഷങ്ങൾക്കു ശേഷം സായ്  സംവിധാനം നിർവഹിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചത്. ഹിന്ദി സിനിമയിൽ അഭിനയിക്കാൻ അധികം താൽപര്യമില്ലാതിരുന്ന എനിക്കു പക്ഷേ സായിയുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ ആകുമായിരുന്നില്ല. അങ്ങനെ സായിയുടെ ‘​ഝഡു ബാബ’ എന്നു പേരിട്ട ചിത്രത്തിൽ അഭിനയിക്കാൻ ഞാൻ പോയി. ടൈറ്റിൽ റോളാണ് എനിക്കു സായി തന്നത്.

സായ് പരഞ്ജ് പൈ, ഓംചേരി എൻ.എൻ.പിള്ള, ബി.വി.കാരന്ത്

പ്രതിഫലം ഒന്നും കാംക്ഷിക്കാതെ ചൂലു കൊണ്ടു തെരുവു വൃത്തിയാക്കി നടന്നിരുന്ന ഒരുവന്റെ കഥ. തീർച്ചയായും അതൊരിക്കലും സാധാരണയായി കണ്ടുവരുന്ന ഹിന്ദി ചിത്രങ്ങളുടെ ശ്രേണിയിൽ പെടുത്താവുന്ന ഒന്നായിരുന്നില്ല. സായിയുടെ ചിത്രങ്ങളെല്ലാം തന്നെ പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും അവതരണത്തിന്റെ പുതുമ കൊണ്ടും ശ്രദ്ധേയമായവ ആയിരുന്നു. തിരുവനന്തപുരത്തുകാരനായ എസ്ആർകെ പിള്ളയും കാരന്തിനോടും സായിയോടും ഒപ്പം നാടകം പഠിക്കാൻ സ്കൂൾ ഓഫ് ഡ്രാമയിൽ വന്നിരുന്നു. ഇദ്ദേഹം പിന്നീട് കേന്ദ്രസർക്കാരിന്റെ സോങ് ആൻഡ് ഡ്രാമ ഡിവിഷനിൽ ഉദ്യോഗസ്ഥനായി.

രണ്ടാം വർഷപഠനം നടക്കുന്നതിനിടയിൽ പൂജയ്ക്കു കുറച്ചു ദിവസം അവധി കിട്ടി. ഞാൻ നാട്ടിലേക്കു വച്ചു പിടിച്ചു. കുറെ ദിവസം നാട്ടിലെ സുഹൃത്തുക്കളോടൊപ്പം ഡൽഹി കഥകളൊക്കെ പറഞ്ഞു കഴിച്ചു കൂട്ടി. അവധി തീരാറായി. എനിക്കാണെങ്കിൽ സ്കൂളിൽ എത്താൻ തിടുക്കമായി. അപ്പോഴാണ് റെയിൽവേ സമരം പൊട്ടിപ്പുറപ്പെട്ടത്. കുഴഞ്ഞില്ലേ.. ‌‌സമരക്കാർ കല്ലെറിയാനും പാളം തെറ്റിക്കാനും ഒക്കെ സാധ്യതയുണ്ടെന്നു പലരും പറഞ്ഞ് അമ്മയും അറിഞ്ഞു. ഒരു കാരണവശാലും ട്രെയിനിൽ യാത്രചെയ്യാൻ സമ്മതിക്കില്ല എന്ന് അമ്മ. യാത്ര ഒഴിവാക്കുന്നതാണു നല്ലതെന്ന് അച്ഛൻ. ആരെന്തു പറഞ്ഞാലും എനിക്ക് സ്കൂൾ തുറക്കുമ്പോൾ ഡൽഹിയിൽ ഉണ്ടായേ പറ്റുകയുള്ളു എന്നു ഞാൻ. സംഗതി ആകെ ചൂടുപിടിച്ചു തുടങ്ങി. അപകടമുണ്ടാകുമെന്ന ആധിയിൽ കരയാതെ കരഞ്ഞ് അമ്മ. ദേഷ്യം കൊണ്ട് മുഖം കനപ്പിച്ച് നടക്കുന്ന അച്ഛൻ. എന്തു കൊടുങ്കാറ്റു വീശിയാലും പോയേ തീരൂ എന്ന വാശിയുമായി ഞാൻ.

ആരുമാരും വിട്ടുവീഴ്ചയ്ക്കില്ല എന്നു മനസ്സിലായപ്പോൾ എന്റെ അമ്മൂമ്മ രംഗപ്രവേശം ചെയ്തു. അതായത് അമ്മയുടെ അമ്മ, കല്യാണി അമ്മ. അവർ എന്നെ അരികിൽ വിളിച്ചു. ഒരു ‘കോംപ്രമൈസിനും’ ഞാൻ തയാറാകില്ല എന്ന് എന്നെത്തന്നെ പറഞ്ഞു പഠിപ്പിച്ചു ഞാൻ അടുത്തു ചെന്നു. അമ്മൂമ്മ പറഞ്ഞു, ‘ട്രെയിനിലല്ലേ സമരം, അവർ സമരം ചെയ്തോട്ടെ. എന്റെ പൊന്നുമോൻ ട്രെയിനിൽ പോകണ്ട....’

ഓഹോ അപ്പോൾ സ്നേഹം കാണിച്ച് എന്നെ അമ്മൂമ്മ പറ്റിക്കുകയായിരുന്നോ ? എനിക്ക് മുൻപത്തെക്കാൾ ദേഷ്യം വന്നു. ‘എനിക്ക് സ്കൂൾ തുറക്കുമ്പോൾ അവിടെ എത്തണം. ആരെതിർത്താലും എനിക്കു പോകണം. പഠിക്കാനുള്ളത് എനിക്കാ. ഇതു രണ്ടാം വർഷമാണ്. ഉഴപ്പാൻ പറ്റില്ല...’ എന്നിലെ ഉത്തരവാദിത്തബോധമുള്ള വിദ്യാർഥി അങ്ങനെ ഘോരഘോരം അമ്മൂമ്മയോടു വാദിച്ചു. അപ്പോൾ അമ്മൂമ്മ ചിരിച്ചുകൊണ്ടു ചോദിച്ചു, ‘ പ്ലെയിനിൽ പോകുന്നോ ഡൽഹിക്ക്...?

അതെന്നെ കൂടുതൽ അരിശപ്പെടുത്തി. ഞാനന്നു പ്ലെയിൻ കണ്ടിട്ടു മാത്രമേ ഉള്ളൂ. അതും ആകാശത്തുകൂടി ഒരു കൊച്ചുപക്ഷി പറക്കുന്നതു പോലെ. അപ്പോഴാണ് അമ്മൂമ്മ ചോദിക്കുന്നത് പ്ലെയിനിൽ പോകുന്നോ എന്ന്, അമ്മൂമ്മയും കളിയാക്കുകയാണോ എന്നെ എന്നായി എന്റെ ചോദ്യം. ‘ ഞാനാരെയും കളിയാക്കിയതൊന്നുമല്ല. ട്രെയിൻ സമരം അടുത്തൊന്നും തീരുന്ന ലക്ഷണമില്ല. നിന്റെ അച്ഛനും അമ്മയും നിന്നെ ട്രെയിനിൽ വിടുന്ന പ്രശ്നം ഉദിക്കുന്നില്ല. അതുകൊണ്ടാണ് വിമാനത്തിന്റെ കാര്യം ഞാൻ പറഞ്ഞത്’ അമ്മൂമ്മ വിസ്തരിച്ചു.

ആ വാക്കിൽ സത്യമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ‘ഞാൻ തരാം വിമാന ടിക്കറ്റിനുള്ള പണം. ടിക്കറ്റെടുക്കാനും യാത്ര പോകാനുമുള്ള കാര്യത്തിനു വേണ്ട തയാറെടുപ്പു നീ അങ്ങ് നടത്തിയാൽ മതി’ അമ്മൂമ്മയുടെ ശക്തവും സ്നേഹനിർഭരവുമായ വാക്കുകൾ. അതെന്നിൽ ഉണ്ടാക്കിയ ആനന്ദാനുഭൂതി എത്ര വലുതായിരുന്നുവെന്ന് പറയാനൊക്കില്ല. എന്തായാലും പഴയ ഡെക്കോട്ട വിമാനത്തിലായിരുന്നു എന്റെ കന്നി ആകാശയാത്ര. അന്നത്തെ ടിക്കറ്റ് നിരക്ക് 300 രൂപയോ മറ്റോ ആയിരുന്നു. തിരുവനന്തപുരത്തു നിന്ന് ആദ്യം നാഗ്പുരിലേക്ക്, അവിടെ നിന്ന് മറ്റൊരു ഫ്ലൈറ്റിൽ ഡൽഹിയിലേക്ക്.

പ്ലെയിൻ യാത്ര എനിക്കിഷ്ടപ്പെട്ടു. അൽപം ടെൻഷനുണ്ടായിരുന്നു എങ്കിലും ആ യാത്ര എന്നിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

എന്തായാലും പൂജ കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ തന്നെ എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞു. ആ സന്തോഷം വേറെ. രണ്ടാം വർഷം വളരെ വേഗം കടന്നുപോയി. പരീക്ഷയൊക്കെ ഞങ്ങൾ മികച്ച രീതിയിൽ വിജയിച്ചു. മാത്രവുമല്ല ഞങ്ങൾ മൂന്നുപേർക്ക് സ്പെഷലൈസേഷനു വേണ്ടി ഒരു വർഷം സ്റ്റൈപ്പൻഡോടെ പഠിക്കാനുള്ള അവസരവും ലഭിച്ചു. എനിക്കും ഗുൽഷൻ കപൂറിനും ഗുജറാത്തിയായ കേൽക്കറിനും. നീട്ടിക്കിട്ടിയ ഒരുവർഷം എനിക്കു സ്വന്തമായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. നിലവിലുള്ള നാടകങ്ങളുടെ പ്രൊഡക്ഷൻ സ്ക്രിപ്റ്റ് ഉണ്ടാക്കുക, അതുമായി നാടകങ്ങൾ അവതരിപ്പിക്കുക, ഏകാങ്ക നാടകങ്ങൾ അരങ്ങിലെത്തിക്കുക, ഏറ്റവും ഒടുവിൽ ഒരുമുഴുനീള നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കുക. അതു മാതൃഭാഷയിൽ ചെയ്താൽ മതി എന്നൊരാശ്വാസം ഉണ്ടായിരുന്നു.

ഇതിനിടയിൽ ചമൻബഗ്ഗ എന്ന ആത്മസുഹൃത്തിനോടൊപ്പം ഒരു ദിവസം ഞാൻ താജ് മഹൽ കാണാൻ പോയി. യാത്രയും താമസവുമെല്ലാം അൽപം ഗംഭീരമായി നടത്തി. മടക്കയാത്രയ്ക്കു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രണ്ടുപേരുടെയും കയ്യിലും ഇനി കാശ് അധികമൊന്നും ഇല്ലെന്ന് മനസ്സിലായത്. പണം ചെലവാക്കുമ്പോൾ എന്റെ കയ്യിൽ കാണുമെന്ന് ചമനും ചമന്റെ കയ്യിൽ കാണുമെന്നു ഞാനും കരുതി. പണം ചോദിക്കാൻ പരിചയക്കാർ ആരുമില്ല. രണ്ടും കൽപിച്ച് ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറി. ടിടിആർ വരരുതേ എന്ന് ആത്മാർഥമായി ‍ഞങ്ങൾ പ്രാർഥിച്ചു. പക്ഷേ ദൈവം കേട്ടില്ല. അദ്ദേഹം വന്നു. ടിക്കറ്റില്ലാത്ത ഞങ്ങളെ പൊക്കുകയും ചെയ്തു. ഞങ്ങൾ സത്യാവസ്ഥ മുഴുവൻ പറഞ്ഞു. അയാൾ ഹൃദയാലു ആയിരുന്നു. ഞങ്ങളെ അയാൾ ഇറക്കിവിട്ടില്ല. മാത്രവുമല്ല നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഞങ്ങളിറങ്ങുമ്പോൾ പിന്നാലെ വന്ന് 10 രൂപ നീട്ടി പറഞ്ഞു , ‘രാത്രി നടക്കേണ്ട റിക്ഷയിൽ പോയാൽ മതി’ എന്ന്....!

‘അതിനു കൊടുക്കാനുള്ള കാശ് ഞങ്ങളുടെ കയ്യിൽ ഉണ്ട്. ടിക്കറ്റെടുക്കാൻ തികയില്ലായിരുന്നു എന്നേ ഉള്ളൂ...’ എന്നു പറഞ്ഞു ഞങ്ങൾ ആപണം നിരസിച്ചു. സൈക്കിൾ റിക്ഷയിൽ തന്നെ ‍ഞങ്ങൾ താമസസ്ഥലത്തേക്കു പോയി. ഡൽഹിയിൽ ഇതിനോടകം എനിക്കു നല്ല സുഹൃത്‌വലയം ഉണ്ടായി. അതിൽ ഒരാൾ ഓംചേരി എൻ.എൻ.പിള്ള എന്ന നാടകപ്രവർത്തകൻ ആയിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു നാടകം അഭിനയിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. ഡൽഹിയിൽ തന്നെയുള്ള ഒരു ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ചായിരുന്നു നാടകാവതരണം. ‌രചനയും സംവിധാനവും നിർവഹിച്ചത് ഓം ചേരി തന്നെ. നാടകത്തിലെ പ്രധാനവേഷവും അദ്ദേഹം തന്നെ അഭിനയിച്ചു. എനിക്ക് അതു പോലെ തന്നെ പ്രാധാന്യമുള്ള വേഷമാണ്. ഹാസ്യനാടകം ആയിരുന്നു.

എന്തായാലും അവതരണം മികച്ചതായി. ഓം ചേരിയോടൊപ്പം എനിക്കും ലഭിച്ചു ഏറെ അഭിനന്ദനങ്ങൾ. ഇൗ നാടകാവതരണത്തോടെ ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായി. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഡൽഹി കോർപറേഷൻ അക്കാലത്ത് എല്ലാ വർഷവും ശ്രദ്ധേയമായ നാടകമത്സരം സംഘടിപ്പിച്ചരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലെ നാടകങ്ങൾ തമ്മിലായിരുന്നു മത്സരം. ആ വർഷം മത്സരത്തിന് പരിഗണിക്കാൻ പ്രഫ. ജി.ശങ്കരപ്പിള്ളയുടെ ‘മെഴുകുതിരി’ എന്ന നാടകം ഞാൻ സമർപ്പിച്ചു. മലയാളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടത് ആ നാടകമായിരുന്നു.

ആ നാടകത്തിൽ അഭിനയിക്കാൻ റോസ്കോട്ട് കൃഷ്ണപിള്ളയെയും ആകാശവാണിയിൽ ഉദ്യോഗസ്ഥയായിരുന്ന ലക്ഷ്മിദേവിയെയും ഞാൻ ക്ഷണിച്ചു. സംവിധായകനെന്ന നിലയിൽ നല്ല ജോലി ഉണ്ടായിരുന്നതിനാൽ ഞാൻ അഭിനയം ഒഴിവാക്കി. റിഹേഴ്സൽ ഗംഭീരമായി നടന്നു. മത്സരത്തിനു 14 നാടകങ്ങൾ എത്തി. നല്ല രീതിയിൽ തന്നെ മെഴുകുതിരിയുടെ അവതരണം നടന്നു. പിന്നെ ഫലത്തിനായുള്ള കാത്തിരിപ്പ്. ഒടുവിൽ ഏറ്റവും മികച്ച നടനായി റോസ്കോട്ട് കൃഷ്ണപിള്ളയും മികച്ച നാടകമായി മെഴുകുതിരിയും തിരഞ്ഞെടുക്കപ്പെട്ടു എന്ന അറിയിപ്പ്. ആനന്ദം കൊണ്ട് വീർപ്പുമുട്ടിപ്പോയ നിമിഷം. എന്റെ മുന്നോട്ടുള്ള പാതകളിൽ നാടകം നിലാവെളിച്ചം തൂകുമെന്ന് എനിക്കുറപ്പായി.

English Summary : Madhu mudrakal by actor Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com