ADVERTISEMENT

കുടുംബസ്വത്തായ യാക്കുകളെല്ലാം രോഗംമൂലം ചത്തുവീഴുകയാണ്. പിടിച്ചു നിൽക്കണമെങ്കിൽ നാടു വിടണം. നേപ്പാൾ– ടിബറ്റ് അതിർത്തിയിൽ എവറസ്റ്റ് താഴ്‌വരയിലെ ചാംങ് ലാ ഗ്രാമത്തിൽ നിന്നു പുറപ്പെട്ടുപോയ ആ ഷേർപ്പ പയ്യൻ പിന്നീടു തിരികെയെത്തി. അപ്രാപ്യമെന്നു കരുതിയ ഹിമാലയം കീഴടക്കി. ഒപ്പമുള്ളയാൾ ഫോട്ടോ പകർത്തി. അവർ ഇരുവരും ചരിത്രമായി.

ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലരിയും എവറസ്റ്റ് കീഴടക്കിയിട്ട് നാളെ 70 വർഷമാവുകയാണ്. ഒപ്പം ലോക എവറസ്റ്റ് ദിനവും ടെൻസിങ്ങിന്റെ 109–ാം ജന്മദിനവും.

ഷേർപ്പകൾക്ക് മാതൃസങ്കൽപം

ഷേർപ്പകളെ സംബന്ധിച്ച് ഒരിക്കലും കീഴടക്കാനുള്ളതല്ല എവറസ്റ്റ്. അതൊരു തീർഥാടനമാണ്. ഡാർജിലിങ്ങിലേക്കു കുടിയേറിയ ഷേർപ്പകൾക്ക് ജീവിതമാർഗം എന്നതുപോലെ നേപ്പാളിലെ മാതൃഗ്രാമത്തിലേക്കു തിരിച്ചുപോകാനുള്ള ഒരു അവസരം കൂടിയാണ് എവറസ്റ്റ് ആരോഹണ സംഘങ്ങളിൽ സഹായികളായി ചേരുക എന്നത്. ഷേർ (കിഴക്ക്) പാ (ജനം) എന്നീ രണ്ടു വാക്കുകൾ ചേർന്നതാണ് ഷേർപ്പ. ആത്മാവും ജീവനുമുള്ള എവറസ്റ്റ് നേപ്പാളുകാർക്കു സാഗർമാതായും ടിബറ്റുകാർക്ക് ചോമോ ലുംങ്മ എന്ന മാതൃ– പരാശക്തി സങ്കൽപ്പവുമാണെന്ന് ‘ടൈഗർ ഓഫ് ദ് സ്നോ’ എന്ന ആത്മകഥയിൽ ടെൻസിങ് പറയുന്നു.

ഡാർജിലിങ്ങിലെ ടെൻസിങ്ങിന്റെ കുടുംബ വീട്.

ചിരി കൈമുതലാക്കിയ ഷേർപ്പ ബാലൻ

വർഷം 1932. ഹിമാലയം കീഴടക്കാൻ യൂറോപ്യന്മാർ മത്സരിച്ചു നടക്കുന്ന കാലം. വിദേശികളുടെ എവറസ്റ്റ് യാത്രയിൽ സഹായിക്കാൻ ഷേർപ്പകളുടെ തിരഞ്ഞെടുപ്പ് ഡാർജിലിങ്ങിലെ പ്ലാന്റേഴ്സ് ക്ലബ്ബിൽ നടക്കുന്നതറിഞ്ഞ് ടെൻസിങ് അവിടെയെത്തി. പരിചയക്കുറവ് എന്ന കാരണത്താൽ അത്തവണ പരിഗണിക്കപ്പെട്ടില്ല. 1935ൽ വീണ്ടും ഷേർപ്പകളെ നിയമിക്കുന്ന ക്യാംപ് നടക്കുകയാണ്. എറിക് ഷിപ്ടൺ ആണ് ആ വർഷത്തെ ബ്രിട്ടിഷ് സംഘത്തെ നയിക്കുന്നത്. ഇരുപതോളം ഷേർപ്പകളിൽ നിന്ന് ടെൻസിങ്ങിനെ തിരഞ്ഞെടുക്കാനുള്ള കാരണം അവന്റെ ‘ഉള്ളുതുറന്നുള്ള ചിരി’ ആയിരുന്നു എന്ന് എറിക് പിൽക്കാലത്ത് രേഖപ്പെടുത്തി.

1921 വരെ ടിബറ്റും നേപ്പാളും ആരെയും അങ്ങോട്ടു കയറാൻ അനുവദിച്ചിരുന്നില്ല. 13–ാം ദലൈലാമയാണ് ബ്രിട്ടിഷ് സംഘത്തിന് ആദ്യ അനുമതി നൽകുന്നത്.

1950 ൽ ചൈന ടിബറ്റ് കയ്യടക്കിയതോടെ വടക്കുഭാഗത്തുനിന്ന് എവറസ്റ്റ് കയറാനുള്ള സാധ്യത മങ്ങി. പിന്നീട് നേപ്പാളിലെ ജനാധിപത്യ ഭരണമാറ്റമാണ് പുതിയൊരു പാത തുറക്കാൻ സഹായകമായത്. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ 1951 മുതൽ വീണ്ടും പാശ്ചാത്യ എവറസ്റ്റ് സംഘങ്ങൾ സജീവമായി.

ഇതിനിടെ ടെൻസിങ്ങിന് ഒരു കത്തുകിട്ടി. 1953 ലെ രണ്ടാം ബ്രിട്ടിഷ് സംഘത്തിൽ സിർദാറായി ചേരാനുള്ള ക്ഷണം. കേണൽ ജോൺ ഹണ്ടിന്റെ നേതൃത്വത്തി‍ൽ ഹിലരിയും ടെൻസിങ്ങും സംഘത്തിൽ ചേരാമെന്നു സമ്മതിച്ചു. കഠ്മണ്ഡുവിലെ ബ്രിട്ടിഷ് സ്ഥാനപതി ആസ്ഥാനത്ത് ഒത്തുചേർന്ന് യുദ്ധസമാന ഒരുക്കങ്ങൾ.

പിന്നീടു ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന രണ്ടു പേർ അന്നവിടെയാണ് കണ്ടുമുട്ടുന്നത്. ടെൻസിങ്ങിന്റെ ആദ്യചിരിയിൽ നിന്നുതന്നെ വിജയത്തിന്റെ സൂര്യസ്മിതം തന്റെ ഉള്ളിൽ തെളിഞ്ഞെന്ന് ഹിലരി പിൽക്കാലത്ത് എഴുതി. 7.5 ടൺ സാധനങ്ങൾ ചുമന്ന് യാത്രാ സംഘം 150 മൈലോളം നടന്ന് 17 ദിവസം കൊണ്ട് തങ്ബോട്ടെ മൊണാസ്ട്രിയിൽ എത്തി ക്യാംപ് തുറന്നു. ഒരു ദിവസം കയറ്റത്തിനിടെ മഞ്ഞുപാളിയടർന്നു പെട്ടെന്നാണ് ഹിലരി വശത്തെ കുഴിവക്കിലേക്കു വഴുതിപ്പോയത്. ഇരുവരും പരസ്പരം കെട്ടിയിട്ടുണ്ടായിരുന്നു. അടുത്ത നിമിഷം തന്നെ ടെൻസിങ് മിന്നൽ വേഗത്തിൽ കോടാലി ഒറ്റവെട്ടിനു മഞ്ഞിൽ അടിച്ചു കയറ്റി അതിൽ കുരുക്കു മുറുക്കി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഹിലരിക്കു ജീവൻ തിരികെ കിട്ടി. ഏറ്റവും വിശ്വസ്തനായ ഷേർപ്പ എന്ന സാക്ഷ്യപത്രം ടെൻസിങ് സംഘാംഗങ്ങളുടെ മനസ്സിൽ അടിച്ചുറപ്പിച്ച നിമിഷം. 8000 മീറ്റർ കയറിയതോടെ സൗത്ത് കോൾ എന്ന മരണമേഖലയിലേക്ക് അവർ കാൽവച്ചു. ഒരു മീറ്റർ കനത്തിൽ മഞ്ഞുപാളികൾ ഒഴുകുന്ന ഒന്നര കിലോമീറ്റർ വീതിയുള്ള കുംഭു ഹിമനദിയും കടന്നു സംഘം മുന്നോട്ടു നീങ്ങി.

ടെൻസിങ്–ഹിലരി എന്ന കൂട്ടുകെട്ട്

ബോർദിലനെന്നും ചാൾസ് എന്നും പേരുള്ള രണ്ടു കരുത്തരെ ആദ്യം കയറ്റാനായിരുന്നു സംഘത്തലവൻ ജോൺ ഹണ്ടിന്റെ തീരുമാനം. കുറെദൂരം കയറിയ അവർ പ്രാണ വായുവില്ലാതെ തിരികെയിറങ്ങി. പിറ്റേന്നു നേരം പുലർന്നു. മാനവചരിത്രത്തിലേക്കു കയറി രണ്ടു വ്യക്തികൾ ചരിത്രമെഴുതേണ്ട ദിവസം. 8747 മീറ്റർ ഉയരത്തിലേക്കു കയറണം. മഞ്ഞുപാളികളിൽ കമ്പി ഉറപ്പിച്ച് കയർ കെട്ടി പിടിച്ചുപിടിച്ചു കയറി.

മറ്റു ഷേർപ്പകൾ താഴെ എത്തിച്ച ടെന്റ് മുകളിലേക്കു പൊക്കിയെടുത്തു. അടുത്ത തലത്തിലേക്കു കയറി  ലക്ഷത്തിന്റെ താഴെ അവസാന ക്യാംപ് തുറന്നു. മറ്റു ഷേർപ്പകളെല്ലാം മടങ്ങി. അവരുമായി ബന്ധം ഇനിയില്ല. എല്ലാം ഒറ്റയ്ക്കു തരണം ചെയ്യണം. മരണമായാലും വിജയമായാലും.

ഇരുട്ടു വീണതോടെ ആകാശം നിറഞ്ഞു നക്ഷത്രങ്ങളുടെ പകൽപ്പൂരം. ഇടയ്ക്കു മേഘം വന്ന് എല്ലാം മറയ്ക്കും. രാത്രി ബിസ്കറ്റും സൂപ്പും കഴിച്ചു. സ്റ്റൗ വച്ച് മഞ്ഞുരുക്കി വെള്ളം കുടിച്ചു. ടെന്റ് ഉൾപ്പെടെ പറന്നുപോകുമോ എന്നു തോന്നിപ്പിച്ച് മണിക്കൂറിൽ 100 കിമീ വേഗത്തിലടിക്കുന്ന മരവിപ്പിക്കുന്ന ഹിമക്കാറ്റ്. മൈനസ് 60 ഡിഗ്രി സെൽഷ്യസിലേക്കെത്തുന്ന കൊടുംശൈത്യം. രാവിലെ അന്തരീക്ഷം തെളിഞ്ഞ് എവറസ്റ്റിലേക്ക് കയറുന്നതു സ്വപ്നംകണ്ട് മേശയുടെ വിസ്തൃതിമാത്രമുള്ള പർവതമുനയിൽ മഞ്ഞിന്റെ മെത്തവിരിച്ച പാറപ്പരപ്പിൽ മുഖത്ത് ഓക്സിജൻ മാസ്ക് ഘടിപ്പിച്ച് രാത്രി നാലുമണിക്കൂർ ഉറക്കം.

രാവിലെ 6.30. തൊട്ടുമുകളിൽ എവറസ്റ്റ് സൂര്യപ്രഭയേറ്റു തിളങ്ങി നിൽക്കുന്നു. കുറ്റികളടിച്ച് കയർ കെട്ടി ആദ്യം ടെൻസിങ്ങും പിന്നാലെ ഹിലരിയും വീണ്ടും മുകളിലേക്കു കയറാൻ തുടങ്ങി. കുറെ കയറിയപ്പോൾ ഒരു പരപ്പെത്തിയെങ്കിലും മേഘം മൂടിയതിനാൽ ഒന്നും മനസ്സിലാകുന്നില്ല. ഇതിനിടെ മേഘങ്ങൾ കുറഞ്ഞു. താഴെ സാഗരം പോലെ ഹിമാലയ പർവതനിരകൾ. കയറാൻ ഇനി കൊടുമുടികളില്ലെന്നോ ? മുകളിൽ മേഘം മാത്രം. ലക്ഷ്യത്തിൽ എത്തി!. തങ്ങൾ ഇപ്പോൾ ലോകത്തിന്റെ നെറുകയിലാണ്. പരസ്പരം കെട്ടിപ്പിടിച്ച് നിർനിമേഷരായി എല്ലാം മറന്ന് കുറെ നേരം. ഹിലരി പെട്ടെന്ന് ഓർമിപ്പിച്ചു. ഓക്സിജൻ തീർന്നുകൊണ്ടിരിക്കയാണ്. വേഗം ചിത്രമെടുക്കാം. എവറസ്റ്റിൽ നിൽക്കുന്ന ടെൻസിങ്ങിന്റെ ചിത്രം അങ്ങനെ കാലത്തിന്റെ ക്യാമറയിലേക്ക്. ഹിലരിയുടെ ചിത്രമെടുക്കാൻ അവർ നിന്നില്ല. ഒരാളെ ആദ്യമായി ഫൊട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റിയ ഇടമേയല്ല എവറസ്റ്റ് എന്ന തമാശ പൊട്ടിച്ച് ഹിലരി തന്റെ ആഗ്രഹത്തിനു ഷട്ടറിട്ടു.

യുഎൻ, ബ്രിട്ടിഷ്–യൂണിയൻ ജാക്ക്, ഇന്ത്യ, നേപ്പാൾ എന്നീ ദേശീയ പതാകകളും മകൾ കൊടുത്തുവിട്ട പെൻസിലും മിഠായിയും കൂടി ടെൻസിങ് മഞ്ഞിൽ അർപ്പിച്ചു. സഹോദരി നെയ്തെടുത്ത കമ്പിളിത്തൊപ്പിയിലൂടെ വീടിന്റെ സ്നേഹച്ചൂട് ടെൻസിങ്ങിന്റെ മുഖത്തുകൂടി ഓർമകളെ തഴുകി കടന്നുപോയി. ടിബറ്റിലെ ഗാംഗ് ലാ മലനിരകളിൽ മലമ്പശുക്കളെ വളർത്തിയിരുന്ന മിങ്ങയുടെയും ഭാര്യ കിൻസോമിന്റെയും 14 മക്കളിൽ 11–ാമനായി പിറന്ന ടെൻസിങ് ജന്മനാട്ടിലെ മലയുടെ പേരാണ് ഡാർജിലിങ്ങിലെ വീടിനിട്ടത്.– ചാംങ് ലാ. മകൻ ജാംലിങ്ങും കുടുംബവും ഇവിടെ താമസിക്കുന്നു.

എവറസ്റ്റ് കീഴടക്കിയത് മേയ് 29ന് ആയിരുന്നെങ്കിലും നാലു ദിവസം വൈകിയാണു വാർത്ത ലോകമറിഞ്ഞത്. ലണ്ടനിലെ ടൈംസ് പത്രത്തിന്റെ ലേഖകൻ ജെയിംസ് മോറിസ് നേപ്പാളിൽ നിന്നയച്ച വാർത്ത ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റന്റ് ചർച്ചിൽ പുറത്തുവിടുന്നത് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ദിവസമായ ജൂൺ രണ്ടിന്. 1953 ജൂൺ മൂന്നിന് ലോക വാർത്താമാധ്യമങ്ങളിൽ അങ്ങനെ ബ്രിട്ടിഷ് സാമ്രാജ്യം നിറഞ്ഞു നിന്നു. രാജ്ഞിയുടെ കിരീടവും ലോകകിരീടവും ഒരേപോലെ തലയിലണിഞ്ഞ് ബ്രിട്ടൻ അഭിമാനം കൊണ്ടു.

ടെൻസിങ്ങിന്റെ ഓർമകളിൽ നിറഞ്ഞ് ഡാർജിലിങ്

മഞ്ഞുപുതപ്പിനുള്ളിൽ നിന്നു ഡാർജിലിങ് നഗരം പുറത്തു വന്നിട്ടില്ല. പക്ഷേ, ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എച്ച്‌എംഐ ) കവാടം രാവിലെ തന്നെ സന്ദർശകർക്കായി തുറന്നു കിടന്നു. അകലെ നേപ്പാൾ അതിർത്തിയിൽ കാഞ്ചൻജംഗ പർവതനിരയുടെ മുകൾഭാഗം പുലരിപ്രഭ തട്ടി സുവർണഗോപുരം പോലെ തിളങ്ങുന്നു.ടെൻസിങ് നോർഗെയുടെ ശവകുടീരത്തിൽ പറ്റിപ്പിടിച്ച മഞ്ഞിന്റെ നേർത്ത സ്ഫടികാവരണം തുടച്ചു മാറ്റി മകൻ ജാംലിങ് ടെൻസിങ് നോർഗെ (58) പിതാവിന് ഷേർപ്പ ശൈലിയിൽ അഭിവാദ്യമർപ്പിച്ചു. എഡ്മണ്ട് ഹിലരി 1997 ൽ അനാഛാദനം ചെയ്ത ടെൻസിങ്ങിന്റെ പ്രതിമയും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു 1954 നവംബർ നാലിന് ഇട്ട അടിസ്ഥാനശിലാ പ്രതിമയും എച്ച്എംഐ പരിസരത്ത് തിളങ്ങി നിൽക്കുന്നു.

ജനനവും ജീവിത നേട്ടവും ഒരേദിനം

തന്റെ കുടുംബത്തിൽ നിന്ന് ഇനി ആരും എവറസ്റ്റിലേക്ക് പോകേണ്ടതില്ലെന്ന ടെൻസിങ്ങിന്റെ നിലപാടിനിടെയും നുഴഞ്ഞ് എവറസ്റ്റ് കയറിയ ജാംലിങ് ഇന്നു ലോകമെങ്ങും അറിയപ്പെടുന്ന പ്രചോദക പ്രഭാഷകനും ബംഗാൾ സാഹസ സഞ്ചാര സമിതി ചെയർമാനുമാണ്. തുടക്കം മുതൽ മരണം വരെ 23 വർഷത്തോളം ഈ സ്ഥാപനത്തിനു നേതൃത്വമേകിയ ടെൻസിങ്ങിന്റെ ജീവിതവും മേയ് മാസവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജാംലിങ് ഓർമിപ്പിച്ചു.

ജനനം: 1914 മേയ് 29 ന് ടിബറ്റിലെ ഖാർത്തായിൽ. മരണം 71ആം വയസ്സിൽ 1986 മേയ് 9 ന് ഡാർജിലിങിൽ.

എവറസ്റ്റിന്റെ ഉച്ചിയിൽ കയറുന്നത് 1953 മേയ് 29 ന് രാവിലെ 11.30 ന്.

70 വർഷത്തിനിടെ വീണ്ടുമൊരു കിരീടധാരണത്തിന് ബ്രിട്ടൻ സാക്ഷ്യം വഹിച്ചതും ഈ മേയ് മാസത്തിൽ.

ന്യൂയോർക്കിൽ നാളെ ടെൻസിങ്ങിന് റോഡ്

എവറസ്റ്റ് കയറ്റത്തിന്റെ സപ്തതി വർഷത്തിൽ ഡാർജിലിങ്ങിലെപ്പോലെ ന്യൂയോർക് നഗരത്തിലും ആഘോഷമുണ്ടാകുമെന്ന് ജാംലിങ് പറയുന്നു.

ന്യൂയോർക്കിലെ ക്വീൻസ് തെരുവിൽ ഒരു പാതയ്ക്ക് ടെൻസിങ്ങിന്റെ പേരു നൽകുന്ന ചടങ്ങ് നാളെ നടക്കുകയാണ്. ന്യൂയോർക്കിലെ ഷേർപ്പ സമൂഹത്തിന്റെ ആവശ്യമനുസരിച്ചാണ് ഇത്. യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഇതിനു മുൻപ് പ്ലൂട്ടോയിൽ കണ്ടെത്തിയ ഒരു പർവതത്തിനും ടെൻസിങിന്റെ പേരു നൽകി.– നോർഗെ മോണ്ടസ്.

ന്യൂസിലൻഡിൽ 1919 ൽ ജനിച്ച് 2008 ൽ മരിച്ച ഹിലരി ചെറുപ്പത്തിൽ പിതാവിനെ തേനീച്ച പാലനത്തിൽ സഹായിക്കുമായിരുന്നു. 20–ാം വയസ്സിൽ ഒലിവർ പർവതം കയറി.

ദക്ഷിണ–ഉത്തര ധ്രുവങ്ങളിലും മൂന്നാം ധ്രുവമായ എവറസ്റ്റിലും സാന്നിധ്യമറിയിച്ച ആദ്യവ്യക്തി. ചന്ദ്രനിൽ ആദ്യം കാൽകുത്തിയ നീൽ ആംസ്ട്രോങ്ങിന് ഒപ്പമായിരുന്നു ഉത്തരധ്രുവ സന്ദർശനം. ഇന്ത്യയിലെ ന്യൂസീലൻഡ് സ്ഥാനപതിയായും പ്രവർത്തിച്ചു.

ടെൻസിങ്ങിന്റെ മകൻ ജാംലിങ് ടെൻസിങ് നോർഗെ ഹിമാലയത്തിൽ.

മക്കളിലൂടെ മലകയറി അച്ഛൻമാരുടെ കൂട്ട്

1965 ൽ ജനിച്ച ജാംലിങ് പിന്നീട് പിതാവിന്റെ പാത പിന്തുടർന്ന് 1996 ലാണ് എവറസ്റ്റ് കീഴടക്കുന്നത്. പക്ഷേ, എവറസ്റ്റ് കീഴടക്കുന്ന ആദ്യ അച്ഛനും മകനുമെന്ന റെക്കോർഡ് ഹിലരിയുടെ മകൻ പീറ്റർ അതിനു മുമ്പേ 1990 ൽ സ്വന്തമാക്കിയിരുന്നു. അന്ന് എവറസ്റ്റിന് മുകളിൽ നിന്നു ന്യൂസിലൻഡിലെ വീട്ടിലേക്കു പിതാവിനെ പീറ്റർ ഫോണിൽ വിളിച്ചെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

എവറസ്റ്റ് ആരോഹണത്തിന്റെ 50–ാം വാർഷികത്തിന് 2003 ൽ പർവതാരോഹകരുടെ മക്കൾ ഇരുവരും ഒരുമിച്ച് കൊടിമുടി കയറിയതും ചരിത്രമായി.

അടുത്ത മാസം പീറ്റർ വീണ്ടുമെത്തുമ്പോൾ ഷേർപ്പകൾക്കിടയിൽ തുടക്കമിട്ട പല ജീവകാരുണ്യ– പർവതാരോഹക പദ്ധതികളും വിപുലീകരിക്കാൻ ആലോചിക്കുന്നതായും ജാംലിങ് പറഞ്ഞു. ഷേർപ്പകൾക്കു മരണം സംഭവിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരവും ഇൻഷുറൻസും വർധിപ്പിക്കാനുള്ള ശ്രമത്തിലാണു ജാംലിങ്. പിതാവ് തുടക്കമിട്ട അഡ്‌വെഞ്ചേഴ്സ് കമ്പനി വിപുലപ്പെടുത്തിയ ജാംലിങ് എവറസ്റ്റിനെപ്പറ്റിയുള്ള ആദ്യ ലഘുചിത്രം തയാറാക്കുന്നതിനും സഹായിച്ചു.

ടെൻസിങ് പ്രതിമയും എവറസ്റ്റും ഒരുമയിൽ

ലുക്‌ല ആണ് എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവുമടുത്തുള്ള ‍ഡോണിയർ വിമാനത്താവളം. ഹെലികോപ്റ്ററിലും ചെറുവിമാനങ്ങളിലും മറ്റോ മാത്രമേ ഇവിടെ എത്താനാവൂ. ഇവിടെ നിന്നു 4 മണിക്കൂർ നടന്നാൽ എവറസ്റ്റ് ബേസ് ക്യാംപിലെത്താം. 9 ലക്ഷത്തോളം രൂപയാണ് എവറസ്റ്റ് പര്യടന ഫീസ്. 466 പേർക്ക് ഇക്കുറി പെർമിറ്റ് നൽകി. ഏകദേശം 40 കോടിയുടെ ബിസിനസ്.

ഷേർപ്പകളുടെ ജന്മനാട് നേപ്പാളിലെ സോലു കൊമ്പുവാണ്. നാം ചേയിൽ ചെന്നാൽ 2014 ൽ ടെൻസിങ്ങിന്റെ ജന്മശതാബ്ദിക്ക് മകൻ ജാംലിങ്ങും കുടുംബാംഗങ്ങളും ഇവിടെ സ്ഥാപിച്ച ടെൻസിങ്ങിന്റെ പ്രതിമയും പിന്നിലായി എവറസ്റ്റും കാണാം. കസ്തൂരി മാനിന്റെയും ചെമ്പൻ പാണ്ടകളുടെയും (Musk deer) സാന്നിധ്യമുള്ള , ലോക പൈതൃക പദവി നേടിയ, സാഗർമാതാ ദേശീയ ഉദ്യാനം ഇവിടെയാണ്. ഹിലരി തുടക്കമിട്ട സ്കൂളും ആശുപത്രിയുമെല്ലാം ഇവിടെയുണ്ട്.

ഹിമാലയത്തിലെ മഞ്ഞിന്റെ കനം കഴിഞ്ഞ 60 വർത്തിനിടെ 100 മീറ്ററോളം കുറഞ്ഞതായി ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. അടുത്ത 30 വർഷം കൊണ്ട് കൂടുതൽ മഞ്ഞ് ഉരുകാനും സാധ്യതയേറി. ടെൻസിങ്ങിന്റെ മറ്റൊരു മകൻ നോർബു ടെൻസിങ്ങും മറ്റും  ഈയാഴ്ച ഹിമാലയ താഴ്‌വരയിൽ ഒത്തുചേരുകയാണ്. നേതൃത്വം നൽകി സേവ് ഔവർ സ്നോ എന്ന സംഘടനയും ഒപ്പമുണ്ട്.

English Summary : Seventy years, Tenzing Norge and Edmund Hillary conquered Everest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com