ADVERTISEMENT

ചരിത്രത്തെ അരികിൽ നി‍ർത്തി നാളേക്കുള്ള ഇതിഹാസം ഇന്ത്യ എഴുതുകയാണ്; പുതിയ പാർലമെന്റ് മന്ദിരം ഇന്നു രാജ്യത്തിനു സമർപ്പിക്കുന്നു. ബ്രിട്ടിഷ് കാലത്തു നിർമിച്ചു പൈതൃക മന്ദിരമായി മാറിയ പഴയതിനു തൊട്ടടുത്താണു പുതിയത്. സ്വാതന്ത്ര്യത്തിന്റെ അടുത്ത അമൃതകാലത്തിലേക്കു സഞ്ചരിക്കുന്ന ഇന്ത്യയ്ക്ക് ‘ചരിത്രവും ഭാവിയും’ നിറയുന്ന ഈ രണ്ടു മന്ദിരങ്ങളും ഒരുപോലെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാകും. നൂറ്റാണ്ടോളം പ്രായമാകുന്ന പഴയ കെട്ടിടത്തിൽ നിന്നു പുതിയതിലേക്ക് ഇന്ത്യ കാൽ വയ്ക്കുമ്പോൾ, ഇരു മന്ദിരങ്ങൾക്കുമിടയിൽ തെളിയുന്ന ചില കൗതുകങ്ങളുണ്ട്. കർണാടക ശൃംഗേരി ശാരദ പീഠത്തിലെ 6 പൂജാരിമാർ കാർമികത്വം വഹിച്ച ഭൂമിപൂജയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് 2020 ഡിസംബറിൽ തുടക്കമിട്ടത്. സർവമത പ്രാർഥനാ കൂട്ടായ്മയും ഇതിന്റെ ഭാഗമായി നടത്തി. പഴയ മന്ദിരത്തിനുമുണ്ടായിരുന്നു വിപുലമായ തറക്കല്ലിടൽ ചടങ്ങ്.

1921-ൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ ഡ്യൂക്ക് ഓഫ് കൊണാട്ടാണ് (അർതർ രാജകുമാരൻ) ഇതു നിർവഹിച്ചത്. ഇംഗ്ലിഷിലും ഹിന്ദിയിലും ഉർദുവിലും തന്റെ തന്നെ പേരും റോമൻ അക്കങ്ങളിൽ ചടങ്ങു നടന്ന തീയതിയും രേഖപ്പെടുത്തിയ ചെങ്കല്ല് പാകിയാണു പിന്നീടു പാർലമെന്റായി ഉപയോഗിച്ച മന്ദിരത്തിന്റെ നിർമാണത്തിന് അദ്ദേഹം നാന്ദി കുറിച്ചത്. പ്രാചീന ഗ്രീക്ക് പാരമ്പര്യം തെളിയുന്ന ആതൻസിലെ അക്രോപൊലിസിനെക്കുറിച്ചും ആ വേദിയിൽ അദ്ദേഹം പറഞ്ഞുവത്രേ.

വലിയ ഭാഗധേയങ്ങളിലേക്കുള്ള ഇന്ത്യയുടെ പുനർജന്മത്തിന്റെ പ്രതീകമായി ഇതു നിർവഹിക്കുന്നുവെന്നു തറക്കല്ലിട്ടുകൊണ്ട് കൊണാട്ട് പ്രഭു പറഞ്ഞ വാക്കുകൾ അച്ചട്ടായി; കൃത്യം 26ാം വർഷം ഇന്ത്യ സ്വതന്ത്രയായി. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെ 2020–ൽ ‘നവഭാരതം’ പുതിയ പാർലമെന്റ് മന്ദിരത്തിനായി തറക്കല്ലിട്ടു.

ഇളകി വീണ ടൈൽ

വിഖ്യാത വാസ്തുശിൽപികളായ ഹെർബർട്ട് ബേക്കറുടെയും എഡ്വിൻ ലട്യൻസിന്റെയും മേൽനോട്ടത്തിൽ നിർമിച്ച പഴയ പാർലമെന്റ് മന്ദിരത്തിനു തുടക്കം മുതലേ ചില പോരായ്മകൾ ഉണ്ടായിരുന്നുവെന്നൊരു വാദമുണ്ട്; അതവർ നിഷേധിച്ചുവെങ്കിലും. 1927–ൽ ഉദ്ഘാടനം ചെയ്യപ്പെട്ട് ഏതാനും വർഷങ്ങൾക്കുള്ളിൽ മേൽക്കൂരയിൽ നിന്നൊരു ടൈൽ ഇളകി വീണുവത്രേ. അതും അസംബ്ലി ചേംബറിൽ ചർച്ച നടക്കുന്നതിനിടയിൽ. പാർലമെന്റ് മന്ദിരത്തിന്റെ പ്രധാന കവാടത്തിലെ മേൽക്കൂരഭാഗത്തും വർഷങ്ങൾക്കുള്ളിൽ ചില വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുവത്രേ. രണ്ടു വർഷത്തിനു ശേഷം ഒന്നാം നിലയിൽ പ്ലാസ്റ്റർ ചെയ്തു ബലപ്പെടുത്തി. 1956–ൽ രണ്ടു പുതിയ നിലകൾ കൂടി നി‍ർമിച്ചു. ഇവ ബേക്കറും ലട്യൻസും സങ്കൽപിച്ച കെട്ടിടത്തിന്റെ രൂപത്തിൽ ചെറിയ മാറ്റങ്ങൾക്കു കാരണമായി. പഴയ പാർലമെന്റ് മന്ദിരത്തിന്റെ യഥാർഥ ഡിസൈൻ പോലും ഇല്ലാതെ ഓരോ സമയത്തെയും ആവശ്യങ്ങൾ പരിഗണിച്ചുള്ളതായിരുന്നു മാറ്റങ്ങൾ. യഥാർഥ ഡിസൈൻ ഇപ്പോഴും കണ്ടെടുക്കാനായിട്ടില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രാലയം പറയുന്നു. പലതരം അറ്റക്കുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കുമിടയിൽ പഴയ കെട്ടിടത്തിനു സംഭവിച്ച പരുക്കുകൾ അതിനെ ഒന്നു വലംവച്ചാൽ കാണാനാകും. പുതിയതിന്റെ പണി തീരുന്ന മുറയ്ക്ക് ഇവയിൽ വീണ്ടും നവീകരണം നടത്തി നിലനി‍ർത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോഴും പഴയ പാർലമെന്റ് മന്ദിരത്തിനു പകരമൊന്നു നിർമിക്കാൻ കാലമായെന്നു കരുതാത്തവരുമുണ്ട്. ഇന്നു രാജ്യത്തിനു സമർപ്പിക്കുന്ന പുതിയ കെട്ടിടം 150 വർഷത്തെ സുരക്ഷിത ആയുർദൈർഘ്യം പ്രതീക്ഷിച്ചുകൊണ്ടാണു നിർമിച്ചത്.

പഴയ പാർലമെന്റ് മന്ദിരം

അന്നു വെറും 83 ലക്ഷം

പുതിയൊരു പാർലമെന്റ് മന്ദിരം നിർമിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യംചെയ്യുന്നവർ ആദ്യമുന്നയിക്കുന്ന വിഷയം നിർമാണച്ചെലവാണ്. വിശേഷിച്ചും കോവിഡ് കാലത്താണ് പുതിയ പാർലമെന്റ് മന്ദിരം ഉൾക്കൊള്ളുന്ന സെൻട്രൽ വിസ്റ്റ നിർമാണത്തിന് 20,000 കോടി രൂപ നീക്കിവച്ചത്. ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്കു പണം ഉപയോഗപ്പെടുത്തുന്നതിനു പകരം ആഡംബര സൗധങ്ങൾ നിർമിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷം വിമർശിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിനു 971 കോടി രൂപ പ്രതീക്ഷിച്ച ചെലവ് 1200 കോടി കവിഞ്ഞു. 1927–ൽ പഴയ മന്ദിരം പൂർത്തിയാകുമ്പോഴുള്ള ചെലവ് 83 ലക്ഷം രൂപയായിരുന്നു. എച്ച്സിപി ഡിസൈൻസിലെ ബിമൽ പട്ടേലാണു പുതിയ മന്ദിരത്തിന്റെ രൂപകൽപന. പല മതവിശ്വാസങ്ങളിലും ത്രികോണാകൃതിക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ രൂപം തിരഞ്ഞെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.

സെൻട്രലിൽ ഹാളില്ല

ഭരണഘടന രൂപപ്പെട്ടതും സ്വാതന്ത്യത്തിലേക്ക് ഇന്ത്യയെന്ന മഹാരാജ്യം ഉണർന്നുവെന്ന നെഹ്റുവിന്റെ ശബ്ദം കേട്ടതും അധികാരം തിരിച്ചുപിടിച്ച അഭിമാന മൂഹർത്തത്തിനു സാക്ഷി നിന്നതും പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളായിരുന്നു. ‌പഴയ പാർലമെന്റ് മന്ദിരം പോലെ അതിന്റെ സെൻട്രൽ ഹാളിനും വൃത്ത രൂപമായിരുന്നു. ബ്രിട്ടിഷ് കാലത്തെ ഹൗസ് ഓഫ് കോമൺസിനു സമമായ ഇംപീരിയൽ ലെജിസ്ലേറ്റിവ് അസംബ്ലി ലോക്സഭയായി, അവരുടെ പ്രഭുസഭയ്ക്കു തുല്യമായ കൗൺസിൽ ഓഫ് സ്റ്റേറ്റ് രാജ്യസഭയായി. ഇവ രണ്ടും കൂടാതെയായിരുന്നു നാട്ടുരാജാക്കന്മാരുടെ സഭയായ ഹൗസ് ഓഫ് പ്രിൻസ്‌ലി സ്റ്റേറ്റ്സ്. ഇവരുടെ ചേംബർ പിന്നീട് വായനമുറിയായി. മൂന്നിന്റെയും ഒത്ത നടുവിലായാണു സെൻട്രൽ ഹാൾ. വായനമുറിയായി മാറിയ ചേംബറിൽ ഇടത്ത് ഇപ്പോഴും നാട്ടുരാജ്യങ്ങളുടെ അധികാരമുദ്ര തുടരുന്നതു കാണാം. ഏതു വലിയ നേതാവിന്റെയും അധികാരഭാരം അയഞ്ഞ്, എതിർപാർട്ടികളിലുള്ളവരോടുൾപ്പെടെ സംസാരിക്കുന്നതു സെൻട്രൽ ഹാളിലെ കൂടിക്കാഴ്ചകളിലാണ്. സമ്മേളനകാലത്ത്  എംപിമാരും കേന്ദ്രമന്ത്രിമാരും മുൻ എംപിമാരുമെല്ലാം ഇവിടെ സൗഹൃദ സംഭാഷണം നടത്തും. അതിൽ വ്യക്തിപരമായ കാര്യങ്ങൾ മുതൽ മണ്ഡലത്തിന്റെ ആവശ്യം നേടിയെടുക്കൽ വരെയുണ്ടാകും. ഫലത്തിൽ സെൻട്രൽ ഹാൾ വെറുമൊരു ഇടമല്ല, അതൊരു ആശയമാണ്. ഇത്തരമൊരു ഹാൾ പുതിയ മന്ദിരത്തിൽ ഇല്ല. പകരം എംപിമാർക്കും മറ്റും ഇടപഴകാവുന്നതരം സെൻട്രൽ ലൗഞ്ചാണു വിഭാവനം ചെയ്തിരിക്കുന്നത്.

പുകവലി പാടില്ല

ആദ്യ കാലങ്ങളിലൊന്നും പാർലമെന്റ് മന്ദിരത്തിലെ വരാന്തയിലും മറ്റും പുകവലിയൊരു പ്രശ്നവുമായിരുന്നില്ല; ഒരു ഘട്ടത്തിൽ പാർലമെന്റ് മന്ദിരത്തിനുള്ളിൽ ബാർ പോലുമുണ്ടായിരുന്നു. അറുപതുകളുടെ അവസാനം അത് അവസാനിച്ചുവെന്നാണു കഥ. 2004 സെൻട്രൽ ഹാളിലും പാർലമെന്റ് മന്ദിരത്തിന്റെ ഇടവഴികളിലും അന്നത്തെ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി സമ്പൂർണ പുകവലി നിരോധനം പ്രഖ്യാപിച്ചതോടെ പുകവലിക്കാർക്കായി ഒരു പ്രത്യേക മുറി രൂപപ്പെട്ടിരുന്നു. സെൻട്രൽ ഹാളിനോടു ചേർന്ന ആ ‘സ്മോക്കേഴ്സ് റൂം’ 2015 ആയപ്പോഴേക്കും അവസാനിപ്പിച്ചു. തൃണമൂൽ കോൺഗ്രസിനൊരു പുതിയ മുറി കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി മുറി പോയ ഏതാനും സ്റ്റെനോഗ്രഫർമാരെ ഇരുത്താനായിരുന്നു പുകവലിക്കാരെ ഇറക്കിവിട്ടത്. അന്നത്തെ സ്പീക്കർ സുമിത്ര മഹാജന്റേതായിരുന്നു തീരുമാനം. എന്നാൽ, ഒട്ടുംവൈകാതെ പുകവലിപ്രിയരായ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഏതാനും എംപിമാർ സ്പീക്കറെ കണ്ടു; ദിവസങ്ങൾക്കുള്ളിൽ പുകവലി മുറി പുനഃസ്ഥാപിക്കപ്പെട്ടു. പുതിയ മന്ദിരത്തിന്റെ രൂപകൽപന പ്രകാരം പുകവലിക്കായി മുറിയില്ല.

കടുപ്പത്തിൽ ഒരു ചായ

കോഫിബോർഡിന്റെ കാപ്പിയും ഡാർജിലിങ് ചായയും പാർലമെന്റിലെ സവിശേഷ അനുഭവമാണ്. പാർലമെന്റിനുള്ളിൽ കോഫി ബോ‍ർഡ് നൽകുന്ന കാപ്പിയുടെ പ്രധാന ആരാധകരിൽ ഒരാൾ ഇന്ദിര ഗാന്ധിയായിരുന്നു. നെഹ്റുവിനു ഡാർജിലിങ് ചായയായിരുന്നു പ്രിയം. കോഫി ബോർഡിന്റെ കാപ്പിപ്പൊടിയും ഡാർജിലിങ് ചായപ്പൊടിയും ഗിഫ്റ്റ് പായ്ക്കറ്റുകളായി വാങ്ങിപ്പോകാനുള്ള സൗകര്യവും പഴയ മന്ദിരത്തിലുണ്ടായിരുന്നു. പോസ്റ്റ്ഓഫിസ്, ബാങ്ക്, എടിഎം, റെയിൽവേ ബുക്കിങ് ഓഫിസ്, എയർ ടിക്കറ്റ് ബുക്കിങ് ഓഫിസ് തുടങ്ങിയ സൗകര്യങ്ങളും പാർലമെന്റിൽ എംപിമാർക്കായി ഉണ്ട്. ഇതിൽ എന്തെല്ലാം കാര്യങ്ങൾ പുതിയ മന്ദിരത്തിൽ തുടരുമെന്നതു എംപിമാർക്കു പോലും വരുംദിവസങ്ങളിലേ അറിയാനാകു.

സമരഗാന്ധി

മന്ദിരം മാറിയാലും സർക്കാരിനോടുള്ള വിയോജിപ്പുകളിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കുറയുമെന്നു കരുതാനാകില്ല. പഴയ മന്ദിരത്തിൽ ഇത്തരം പ്രതിഷേധ സന്ദർഭങ്ങളിൽ പ്രതിപക്ഷം ആശ്രയിച്ചിരുന്നത് മഹാത്മാവിന്റെ പ്രതിമയായിരുന്നു. പുതിയ മന്ദിരം നിർമിക്കുന്നതിന്റെ ഭാഗമായി പാർലമെന്റ് വളപ്പിൽ തന്നെ മറ്റൊരിടത്തേക്ക് ഇതു മാറ്റിസ്ഥാപിച്ചിരുന്നു. നിർമാണത്തിരക്കിൽ ഗാന്ധിജിക്കു മാറിയിരിക്കേണ്ടി വന്നതോടെ, സമരങ്ങൾ പലതും അംബേദ്കർ പ്രതിമയ്ക്കരികിലേക്കു മാറി.

അവരെല്ലാം വരുമോ ?

പ്രതിമകളുടെ എണ്ണത്തിൽ ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായൊരിടമായിരുന്നു പഴയ പാർലമെന്റ് മന്ദിരം. സ്വാമി വിവേകാനന്ദനും ഗോപാല കൃഷ്ണ ഗോഖലെയും ടഗോറും ഗാന്ധിജിയും അംബേദ്കറും നെഹ്റുവും നേതാജിയും അടക്കം നേതാക്കളുടെ പ്രതിമകളുണ്ട്. മലയാളത്തിന്റെ അഭിമാനമായി എ.കെ.ഗോപാലൻ എന്ന എകെജിയും പാലക്കാട്ടു നിന്നു തുടങ്ങി തമിഴകത്തിന്റെ സ്വന്തമായ എംജിആറുമുണ്ട്. ഇതിൽ പലർക്കും പുതിയ മന്ദിരത്തിൽ ഇടമില്ലെന്നു വ്യക്തമായിക്കഴിഞ്ഞു.  ചരിത്രത്തിൽ സുപ്രധാന സംഭാവന നൽകിയവരുടെ പുതിയ ഗ്രാനൈറ്റ് പ്രതിമകൾ പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ട്.

നിറം മാറാത്ത സഭകൾ

ജനം ജയിപ്പിച്ചു വിട്ടതു ലോക്സഭയിലേക്കായാലും ചിലപ്പോഴെങ്കിലും സഭ മാറിക്കയറിപ്പോയ എംപിമാരുണ്ട്. പച്ചപ്പരവതാനി വിരിച്ചതു ലോക്സഭയിൽ, ചുവപ്പു രാജ്യസഭയിലും. പുതിയതിൽ അത്ര കടുത്ത നിറമില്ല. ചുവപ്പു നിറമുള്ള ഡിസൈൻ പരവതാനികളാണു രാജ്യസഭയിൽ. അവിടെ സീറ്റുകളിലെ കുഷൻ ചുവപ്പു നിറത്തിലായിരിക്കും. എന്നാൽ, പച്ചപ്പട്ടാണു ലോക്സഭയ്ക്ക്. സീറ്റിലെ കുഷനും പച്ച നിറം. ദേശീയ പുഷ്പമായ താമരയെ പ്രമേയമാക്കിയാണു രാജ്യസഭയുടെ രൂപകൽപന. ലോക്സഭയിൽ ദേശീയപക്ഷിയായ മയിലും. രണ്ടിന്റെയും മേൽക്കൂരയിലും താഴെ കാർപറ്റിലും ഇതു പ്രമേയമാക്കിയുള്ള ഡിസൈനുകളുണ്ട്.

നെയ്തെടുത്ത ഭംഗി

പുതിയ മന്ദിരത്തിൽ ഉപയോഗിച്ചിരിക്കുന്ന കാർപറ്റുകളിൽ നല്ലൊരു പങ്കും യുപിയിലെ ഭധോഹി, കശ്മീരിലെ ബധ്ഗാം മേഖലകളിലെ നെയ്ത്തുകാരുടെ കരവിരുതാണ്. ഒരു വർഷത്തിലേറെ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു ഇതു പൂർത്തിയാക്കിയത്. രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളുടെയും ചരിത്രവും സംസ്കാരവും പുതിയ മന്ദിരത്തിലേക്കു സന്നിവേശിപ്പിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. പുതിയ മന്ദിരത്തിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾക്കുള്ള തടി നാഗ്പുരിൽ നിന്നെത്തിച്ചതാണ്. മരപ്പണിക്കാർ മുംബൈയിൽ നിന്നെത്തി.

മധുബനിയിലെ നിറങ്ങൾ

കൽശിൽപങ്ങൾ, ലോഹത്തിലും മറ്റും തീർത്ത അലങ്കാര വസ്തുക്കൾ, ചിത്രങ്ങൾ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ഇരുന്നൂറോളം കലാകാരന്മാർ സൃഷ്ടിച്ച അയ്യായിരത്തോളം വസ്തുക്കൾ പുതിയ പാർലമെന്റിന്റെ പലയിടത്തായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ചുമർചിത്രങ്ങളിൽ തുടങ്ങി പല നാടിന്റെ നിറവും ആഘോഷവും ജീവിതവുമെല്ലാം തെളിയുന്ന പുതിയ പാർലമെന്റിന്റെ ചുമരുകളെ വേറിട്ടു നിർത്തുന്നവയിൽ മധുബനിയിലെ ചിത്രങ്ങളുമുണ്ട്. ബിഹാറിന്റെ വടക്കേയറ്റത്തുള്ള മധുബനി ജില്ലയിലെ ഏതാനും ഗ്രാമങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രത്യേക കലാപൈതൃകമാണു മധുബനിയിലെ ചിത്രരചന. മധുബനി ചിത്രങ്ങൾ മിക്കതും വരയ്ക്കുന്നത് അവിടത്തെ സ്ത്രീകളാണ്.

ഹീലിയം കാക്കുന്ന മഷി

ഇന്ത്യൻ ഭരണഘടനയുടെ അസ്സൽ കയ്യെഴുത്തുപ്രതി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിലെ അപൂർവ നിധികളിൽ ഒന്നാണ്. ഇംഗ്ലിഷിലും ഹിന്ദിയിലുമായി എഴുതപ്പെട്ട ആ അമൂല്യരേഖ വിശേഷപ്പെട്ടൊരു രീതിയിലാണ് പരിപാലിക്കുന്നത്. പഴയ കെട്ടിടത്തിന്റെ ഭാഗമായിരുന്ന ലൈബ്രറി ഹാളിൽ പ്രത്യേക ഹീലിയം ചേംബർ ഒരുക്കിയാണ് ഇത്.

അന്തരീക്ഷത്തിലെ ഓക്സിജൻ മൂലകവുമായി ചേർന്നു നശിച്ചുപോകാതിരിക്കാനാണ് ഇത്തരത്തിൽ സംരക്ഷിക്കുന്നത്. ഈർപ്പാവസ്ഥ നിരീക്ഷിക്കാൻ മോണിറ്ററുകളും പൂർണ നിരീക്ഷണത്തിനു സിസിടിവി ഉൾപ്പെടെ സജ്ജീകരിച്ചുമാണ് ഭരണഘടനയുടെ അസൽപ്രതി പഴയ ഹാളിൽ കാത്തുസൂക്ഷിക്കുന്നത്. ഈ ഹീലിയം ചേംബർ പുതിയ മന്ദിരത്തിലുള്ള ഭരണഘടനാഹാളിന്റെ ഭാഗമാകും.

ധോൽപുരിന്റെ ഈട്

പഴയ പാർലമെന്റ് മന്ദിരത്തിൽ ഉപയോഗിച്ചിരിക്കുന്ന ധോൽപുർ കല്ലുകൾ (റെഡ് സാൻഡ്സ്റ്റോൺ) തന്നെയാണു പുതിയതിനും ഏറിയ പങ്കും ഉപയോഗിച്ചിരിക്കുന്നത്. ദീർഘകാലം ഈടു നിൽക്കുമെന്നതും പോളിഷ് ചെയ്ത് ഭംഗി കൂട്ടാമെന്നതും പ്രത്യേകത. പുതിയതിന്റെ ഉൾഭാഗത്തു ചിലയിടത്തു ജയ്സൽമേറിൽ നിന്നുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചിട്ടുണ്ട്.

മാറാതെ മരങ്ങൾ

മന്ദിരം മാറുമ്പോഴും മരങ്ങളും അതു നൽകുന്ന തണലും പുതിയ പാർലമെന്റ് വളപ്പിലുമുണ്ടാകും. പഴയ കെട്ടിടത്തിനു തൊട്ടടുത്തു നിർമിച്ചതു കൊണ്ടു തന്നെ പരിസരത്തെ ചെറുതും വലുതുമായ 92 മരങ്ങൾ നിലനിർത്താൻ കഴിഞ്ഞു. വലിയ ചില മരങ്ങൾ പക്ഷേ, മുറിച്ചുനീക്കി. പുതിയതു വച്ചുപിടിപ്പിച്ചതുൾപ്പെടെ ആകെ 495 മരങ്ങളുണ്ടാകുമെന്നാണു കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കണക്ക്. കെട്ടിടത്തിനുള്ളിൽ പാകമാകുന്ന തരം ഇൻഡോർ ചെടികളുമുണ്ട്.

മറയുന്ന തൂൺ നിരകൾ

എത്രയോ കാലമായി ഇന്ത്യൻ പാർലമെന്റിന്റെ അടയാളം വൃത്താകാരമായ മന്ദിരവും അതിൽ തൂണുകളുടെ നിരയുമാണ്. എന്നാൽ, ഇന്നു പിറക്കുന്ന പുതിയ മന്ദിരത്തിൽ അത്തരം തൂണുകൾ ഇല്ല. പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വരാന്തയുടെ പുറത്തേക്കുള്ള അരികിലാണു 144 തൂണുകളുള്ളത്. 27 അടിയാണ് തൂൺ ഓരോന്നിന്റെയും ഉയരം.

1921ൽ തറക്കല്ലിട്ട് 1927-ൽ നിർമാണം പൂർത്തിയാക്കിയ പഴയ മന്ദിരം വ്യത്യസ്ത റോളുകൾ ഭംഗിയാക്കി. ഭരണഘടന രൂപീകരണവും നിയമനിർമാണവും മാത്രമല്ല, സുപ്രീം കോടതിയുടെ ആദ്യ നാളുകളും ഈ മന്ദിരത്തിലായിരുന്നു. രാഷ്ട്രപതിമാരുടെ സത്യപ്രതിജ്ഞ വേദിയായും സർക്കാരുകളുടെ മാറിമറിയൽ വേദിയായും നിന്ന മന്ദിരമാണു പുതിയ കാലത്തിനായി വഴിമാറുന്നത്. 

English Summary : Sunday special about Parliament building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com