ADVERTISEMENT

1952. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും റോക്ക്‌ഫെല്ലർ ഫൗണ്ടേഷനും ചേർന്നു പുണെയിലെ വൈറസ് റിസർച് സെന്ററിൽ നടത്തുന്ന ഗവേഷണ പദ്ധതിയിൽ ഷഡ്പദ വിഭാഗത്തിൽ റിസർച് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച. പാലക്കാട് സ്വദേശിയായ അപേക്ഷകനോട്, മലമ്പനിയെ കുറിച്ചുള്ള ചോദ്യമെത്തി. അനോഫെലിസ് ജനുസ്സിൽ വരുന്ന പെൺകൊതുകുകളാണു മലമ്പനി പരത്തുന്നതെന്ന ഒറ്റ ഉത്തരമേ ആ യുവാവിനു പറയാനുണ്ടായിരുന്നുള്ളു. തുടർ ചോദ്യങ്ങൾക്ക് ആ ചെറുപ്പക്കാരൻ നൽകിയ മറുപടി ഇതായിരുന്നു: ‘ഏതു സർവകലാശാലയിലാണു സർ, മലമ്പനിയെക്കുറിച്ചു വിശദമായി പഠിപ്പിക്കുന്നത്? എന്നെ ഇക്കാലമത്രയും പഠിപ്പിച്ചതു കുതിരയുടെയും ആനയുടെയും പരിണാമവഴികളും ഷഡ്പദങ്ങളുടെ ശരീരഘടനയും മാത്രമാണ്.’ ആ മറുപടിയിൽ ഒരു ശാസ്ത്രജ്ഞൻ പിറന്നു. ഇന്ത്യ പനിച്ചു വിറച്ചപ്പോൾ കാവിലരുന്ന പ്രഫ. പയ്യാളോർ കൃഷ്ണയ്യർ രാജഗോപാലൻ എന്ന പികെആർ. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ ഷഡ്പദ ശാസ്ത്രജ്ഞൻ. മലമ്പനിയടക്കമുള്ള പകർച്ചവ്യാധികളെയും അവയുടെ വാഹകരായ ചെള്ളിനെയും കൊതുകിനെയും കുരങ്ങിനെയുമൊക്ക പഠിക്കുകയും രോഗനിർമാർജനത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ. പാലക്കാട്ടുകാരൻ. വയസ്സ് 92 കഴിഞ്ഞു. പക്ഷേ, ശാസ്ത്രത്തിനൊപ്പം നടക്കുകയാണിപ്പോഴും പികെആർ. താമസം ചെന്നൈ തിരുവന്മിയൂരിൽ.

ആ മറുപടിക്കു പിന്നിൽ

അച്ഛൻ ഡോ. പയ്യാളോർ കൃഷ്ണയ്യർ ഹിമാലയത്തോടു ചേർന്ന മുക്തേശ്വർ കുമാവോണിലെ ഇംപീരിയൽ ബാക്റ്റീരിയൽ ലബോറട്ടറിയിലെ വെറ്ററിനറി ഡോക്ടറായിരുന്നു. പാലക്കാട് തത്തമംഗലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം. 1951 ൽ ബനാറസ് ഹിന്ദു സംസ്കൃത സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ പികെആർ ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ‘അക്കാലത്ത് അധ്യാപകർ പുതിയ കണ്ടുപിടിത്തങ്ങളെപ്പറ്റി വേണ്ടത്ര അറിവുള്ളവരായിരുന്നില്ല. മലമ്പനിയുണ്ടാക്കുന്ന പരാദജീവി മനുഷ്യന്റെ അരുണരക്താണുക്കൾക്കു പുറത്തു നടത്തുന്ന ജീവിതചക്രം 1940കളിൽ തന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നുവെങ്കിലും അമ്പതുകളിൽ പോലും ഇന്ത്യയിലെ ജന്തുശാസ്ത്രപുസ്തകങ്ങളിൽ ഇടംപിടിച്ചില്ല. ആരും പഠിപ്പിച്ചതുമില്ല.’ പികെആർ പറഞ്ഞു. റോക്ക്ഫെല്ലർ ഫൌണ്ടേഷനും ഐസിഎംആറും ചേർന്ന് 1952ൽ പുണെയിൽ തുടങ്ങിയ വൈറസ് റിസർച് സെന്ററിൽ (വിആർസി) റിസർച് അസിസ്റ്റന്റായി പികെആർ ഔദ്യോഗിക ജീവിതം തുടങ്ങി. 23 വയസ്സ്. ശമ്പളം 160 രൂപ.

പുണെയിലെ കൊതുകുകൾ

മനുഷ്യനിൽ രോഗമുണ്ടാക്കുന്ന വൈറസുകളെ, പ്രത്യേകിച്ച് അർബോ വൈറസുകളെ, മനുഷ്യനിൽ നിന്നും കൊതുകളിൽ നിന്നും മറ്റു ജീവികളിൽ നിന്നും കണ്ടെത്തുകയായിരുന്നു അക്കാലത്ത് വിആർസിയുടെ ലക്ഷ്യം. പികെആർ അടക്കം 6 ഗവേഷകർ പുണെയിലെ റോഡുകളിലൂടെ സൈക്കിളിൽ രാവിലെ ആറിനും രാത്രി 10 മണി വരെയും കൊതുകുകളെ ശേഖരിച്ചു. അവയിൽ നിന്നു വൈറസുകളുടെ ശേഖരമുണ്ടാക്കി.

1954ൽ ആണു ജപ്പാൻ ജ്വരം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ക്യൂലെക്സ് ജനുസ്സിലെ ക്യൂലെക്സ് വിഷ്ണുഐ എന്നയിനം കൊതുകുകളാണ് ജപ്പാൻ ജ്വരത്തിന്റെ വാഹകരെന്നു കണ്ടെത്തി. ‌അടുത്തത്, ആന്ധ്രപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ അക്കിവീട് എന്ന ഫീൽഡ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ദേശാടനപ്പക്ഷികളുടെ രക്തസാംപിളുകളുടെ പരിശോധനയെന്ന ചുമതലയായിരുന്നു. സമീപത്തെ എലൂരു ജില്ലയിൽ പെട്ട കൊല്ലേരു തടാകത്തിലെത്തുന്ന ദേശാടനപ്പക്ഷികളിൽ, പ്രത്യേകിച്ച് ചാരമുണ്ടികളിൽ നിന്നു രക്തസാംപിളുകളും കൂടുകളിൽ നിന്നു പരാദങ്ങളെയും ശേഖരിക്കുകയായിരുന്നു ലക്ഷ്യം. താറാവ് മുട്ടയും കനാൽ വെള്ളവും ഭക്ഷിച്ചു ജീവിച്ച 6 മാസം. അസൗകര്യങ്ങളിലാണു യഥാർഥ ശാസ്ത്രജ്ഞർ രൂപപ്പെടുന്നതെന്നു തെളിയിച്ച കാലം. പിന്നീട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയ ഡോ. പി.കെ ലാംബയോടൊപ്പമായിരുന്നു താമസവും പഠനവും.

കുരങ്ങുകളുടെ മരണകാരണം തേടി

1957 മാർച്ച്. ഷിമോഗയിലെ ഗ്രാമങ്ങളോടു ചേർന്നുള്ള വനപ്രദേശങ്ങളിൽ കുരങ്ങിൽ ക്യാസനുർ ഫോറെസ്റ് ഡിസീസ് (കെഎഫ്ഡി) എന്ന പകർച്ചവ്യാധി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. കാരണം റഷ്യൻ സ്പ്രിങ് സമ്മർ എൻസെഫാലൈറ്റിസ് കോംപ്ലക്സിൽ വരുന്ന ബി വൈറസാണെന്നു തിരിച്ചറിഞ്ഞു. ഇതിനിടെ, 25,000 മനുഷ്യരെ ബാധിക്കുകയും 7,000 കുരങ്ങുകൾ ചത്തുപോവുകയും ചെയ്തിരുന്നു. സസ്തനികൾ, പക്ഷികൾ, ചെള്ളുകൾ, എലികൾ, വവ്വാലുകൾ അങ്ങനെ ഒട്ടേറെ ജന്തുക്കൾ വൈറസുകളുടെ വ്യാപനത്തിനും മറ്റും ഇടനിലക്കാരായി വർത്തിക്കുന്നുവെന്ന് പികെആർ അടക്കമുള്ള ഗവേഷക സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞു. കെഎഫ്ഡി വൈറസിന്റെ വ്യാപനത്തിനും നിലനിൽപ്പിനും ഈ ജീവികളുടെ പങ്കെന്തായിരിക്കും? ഈ സൂക്ഷ്മജീവികളും ജന്തുക്കളും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ ഉടമ്പടികൾ മാറ്റി എഴുതപ്പെടുന്നുണ്ടോ. ഈ ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ലെന്നു പറയുന്നു പികെആർ. ‌‌

ഇതിനിടെ, കലിഫോർണിയ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്ന് എംപിഎച്ച് (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്) ബിരുദം പൂർത്തിയാക്കി. പുണെ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടി. ഐസിഎംആറിൽ റിസർച് അസിസ്റ്റന്റിൽ നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി. കെഎഫ്ഡി വൈറസിനെ ഇന്ത്യയിൽ ആദ്യമായി വേർതിരിച്ചെടുത്തതും ആയിടയ്ക്കു തന്നെ. സാൻ ഫ്രാൻസികോയിലെ ഹൂപ്പർ ഫൗണ്ടേഷൻ ഫോർ മെഡിക്കൽ റിസർചിൽ ലൂയിസ് ഹാക്കെറ്റിനു കീഴിൽ മലമ്പനിയെ പ്പറ്റിയും കെ.എഫ്.മെയെറിനു കീഴിൽ സൂനോസിസിലും (മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ) തുടർപഠനം നടത്തി. ചാൾസ് എൽട്ടന്റെ കീഴിൽ ഓക്സ്ഫഡിൽ നിന്നു പരിസ്ഥിതി പഠനത്തിൽ ഒരു കോഴ്സിനു ശേഷം ചെള്ളുകളിൽ വിദഗ്ധ പഠനം കൂടി പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്കു മടങ്ങിയത്.

പുതുച്ചേരിയിലേക്ക്

1975ൽ അന്നത്തെ ഐസിഎംആർ ഡയറക്ടറായ ഡോ. കെ.സി ഗോപാലന്റെ നേതൃത്വത്തിലാണു പുതുച്ചേരിയിൽ വെക്ടർ കൺട്രോൾ റിസർച് സെന്റർ (വിസിആർസി) സ്ഥാപിക്കുന്നതും പികെആർ അതിൽ ചേരുന്നതും. പുതുച്ചേരി അക്കാലത്തു പകർച്ചവ്യാധികളുടെ നാടായിരുന്നു. സേലം ജില്ലയിൽ അനോഫലീസ് വിഭാഗത്തിൽ പെട്ട രണ്ടു കൊതുകുവംശങ്ങൾ അർബൻ മലേറിയയും റിവേറിയെൻ മലേറിയയും പടർത്തിക്കൊണ്ടിരുന്നു. ബാങ്ക്രോഫ്ടിൻ മന്ത് ഇവിടെ അക്കാലത്ത് പതിവായിരുന്നു. ഇവിടെയെല്ലാം മികച്ച നിയന്ത്രണ മാർഗങ്ങൾ നടപ്പിൽ വരുത്താനും പകർച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞു. ഇതിനിടെ, ബംഗാളിൽ ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. പഠനം വിസിആർസിക്കായിരുന്നു. ബംഗാളിൽ ജപ്പാൻ ജ്വരത്തിന്റെ വൈറസ് വാഹകർ ക്യൂലെക്സ് ബൈറ്റേനിയോറൈങ്കസ് എന്നയിനം കൊതുകാണ് എന്നതായിരുന്നു നിർണായക കണ്ടെത്തൽ. പറക്കമുറ്റാറായ താറാവു കുഞ്ഞുങ്ങളാണ് ഈ വൈറസിന്റെ സംഭരണികളെന്നും കണ്ടെത്താൻ കഴിഞ്ഞു.

കൊതുകിനെ കൊന്നു, പായലിൽ നിന്ന് കടലാസുണ്ടാക്കി

പുതുച്ചേരി പുതുക്കുപ്പം കടലോരഗ്രാമത്തിൽ മൽസ്യത്തൊഴിലാളികളിൽ മലമ്പനി പരത്തുന്നത് പ്രധാനമായും അനോഫിലസ് സബ്പിക്റ്റസ് എന്നയിനം കൊതുകുകളാണ്. ഇവയുടെ പ്രജനനം പ്രദേശത്തെ കായലുകളിലെ ഒരിനം പായലിലാണെന്നു കണ്ടെത്തി. പായൽ നീക്കി കൊതുകുകളെ നശിപ്പിച്ചു. മലേറിയ നിയന്ത്രണവിധേയമായി. നീക്കം ചെയ്ത പായലിൽ നിന്ന് ആർട്ട് പേപ്പർ ഉണ്ടാക്കുകയും ഇതിനുള്ള സാങ്കേതിക വിദ്യ അരവിന്ദ ആശ്രമത്തിനു കൈമാറുകയും ചെയ്ത ശേഷമാണു ഗവേഷണ സംഘം മടങ്ങിയത്.

പുതുക്കുപ്പത്തു നേടിയ ഈ വിജയം ആലപ്പുഴ ചേർത്തലയിൽ വ്യാപകമായിരുന്ന ബ്രൂജിയൻ ഫൈലേറിയാസിസ് എന്ന മലയൻ മന്തുരോഗത്തിന്റെ നിർമാർജന ശ്രമങ്ങൾക്ക് വഴികാട്ടിയായി. മലയൻ മന്തുരോഗത്തിന് കാരണം ബ്രൂഗിയ മലായി എന്നയിനം കൃമിയാണ്. വാഹകരാകട്ടെ, മാൻസോണിയ കൊതുകുകളും. ഈ കൊതുകുകൾ പ്രജനനം നടത്തുന്നത് പ്രധാനമായും പിസ്റ്റിയ എന്നയിനം ചണ്ടിയുടെ സഹായത്തോടെയാണ്. ചേർത്തലയിൽ കടലോര മേഖലയിലെ തെങ്ങുകൾക്കിടയിലെ ചെറുകുളങ്ങളിൽ പിസ്റ്റിയ വളർന്നു, ആ പിസ്റ്റിയയിൽ കൊതുകുകളും. പൊതുജന പങ്കാളിലത്തത്തോടെ പിസ്റ്റിയയയെ കുളങ്ങളിൽ നിന്നു നീക്കിയും കുളങ്ങൾ ശുദ്ധീകരിച്ചും കൊതുകിന്റെ പ്രജനനത്തെ തടഞ്ഞു. പിസ്റ്റിയയെ വളമാക്കി. പിസ്റ്റിയ ഉള്ള കുളങ്ങളിൽ ഗൗരാമിയെ വളർത്തിയും കൊതുകിനെ തുരത്തി. മലയാളിയായ ശാസ്ത്രജ്ഞന്റെ സേവനം, ശ്രദ്ധേയമായ ഈ പദ്ധതിയിലൂടെ കേരളത്തിനും ലഭിച്ചു. പിന്നീട് അദ്ദേഹം ഐസിഎംആറിൽ തിരിച്ചെത്തി. ഗവേഷണവും ഫീൽഡ് വർക്കുമടങ്ങിയ, പരിമിതമായ സൗകര്യങ്ങളിൽ നിന്നു ഗവേഷണങ്ങളിലൂടെ നിർണായക കണ്ടെത്തലുകൾ നടത്തിയ പികെആർ 38 വർഷത്തെ സേവനത്തിനു ശേഷം 1990 ഒക്ടോബർ 31ന് ഐസിഎംആറിൽ നിന്നു വിരമിച്ചു.

പുരസ്കാരങ്ങൾ

ഇന്ത്യൻ നൊബേൽ പ്രൈസെന്നു വിളിക്കുന്ന ഓം പ്രകാശ് ഭാസിൻ അവാർഡ്, പ്രേഗിലെ ചാൾസ് സർവകലാശാലയുടെ സ്വർണ മെഡൽ, ആജീവനാന്ത നേട്ടങ്ങൾക്കുള്ള അസോസിയേഷൻ ഓഫ് മെഡിക്കൽ മൈക്രോബിയളോജിസ്റ്റ്സ് പുരസ്കാരം, നാഷനൽ കോൺഗ്രസ് ഓഫ് പാരാസൈറ്റോളജിയുടെ പുരസ്കാരം, അണ്ണാ സർവകലാശാലയുടെ ബയോ ടെക്‌നോളജി വിഭാഗത്തിന്റെ പുരസ്കാരം തുടങ്ങിയവ നേടിയ പികെആറിനെ 1990 ൽ രാജ്യം പത്‌മശ്രീ നൽകി ആദരിച്ചു.

(ഡോ.സി.പി.ഷാജി ശുദ്ധജല മത്സ്യ ഗവേഷകനും, ഡോ.കെ.എ.സുബ്രഹ്മണ്യൻ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ചെന്നൈ റീജനൽ സെന്ററിൽ സയന്റിസ്റ്റുമാണ്)

English Summary : Sunday Special about Pylore Krishnaier Rajagopalan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com