ADVERTISEMENT

രാമു കാര്യാട്ടിനെയും അടൂർ ഭാസിയെയും ഡൽഹിയിൽ നിന്നു കണ്ടതിൽ എനിക്കു വളരെ സന്തോഷം തോന്നി. മദ്രാസിലെ ചന്ദ്രതാരയുടെ ഓഫിസ് നമ്പറും മറ്റും തന്നിട്ടാണു രാമു കാര്യാട്ട് പോയത്. കോഴ്സ് കഴിഞ്ഞു പോകുമ്പോൾ തീർച്ചയായും ചന്ദ്രതാരയിൽ ചെല്ലണമെന്നും മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞു തിരുവനന്തപുരത്തേക്കു പോയാൽ മതിയെന്നും അദ്ദേഹം നിർദേശിച്ചു. വൈഎംസിഎയിലെ സ്വീകരണ പരിപാടിയിൽ ഞാനും ചമൻ ബഗ്ഗയും പങ്കെടുത്തു. പിന്നെ ഞങ്ങൾ തൽക്കത്തോറ ഗാർഡൻസിലെ നാടകാവതരണം കണ്ടു രാത്രിയാണ് മടങ്ങിയത്. അന്നു രാത്രി മുഴുവൻ സിനിമാസ്വപ്നങ്ങളായിരുന്നു എനിക്ക്.

കോഴ്സിന്റെ ഭാഗമായുള്ള നാടകാവതരണത്തിനു സമയം അടുത്തു വന്നു. ‘വിശറിക്കു കാറ്റു വേണ്ട’ എന്ന നാടകത്തിന്റെ റിഹേഴ്സൽ കുറച്ചു കൂടി ഗൗരവത്തിലായി. സിനിമാ സങ്കൽപങ്ങൾക്ക് തൽക്കാലം ഞാൻ അവധികൊടുത്തു. അഭിനയത്തെക്കുറിച്ച് സാമാന്യം ബോധമുള്ള കലാകാരൻമാരെയാണ് എനിക്കു ലഭിച്ചത്. അതുകൊണ്ടു തന്നെ അഭിനയം ആരെയും എനിക്കു കാര്യമായി പഠിപ്പിക്കേണ്ടി വന്നില്ല.

പൊൻകുന്നം വർക്കിയുടെ നാടകം വലിയ തെറ്റില്ലാതെ തന്നെ അവതരിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഒരു ദിവസമല്ല, രണ്ടു ദിവസം അടുപ്പിച്ച് നാടകം കളിച്ചു. ഡൽഹിയെ സംബന്ധിച്ചിടത്തോളം ഒരു മലയാള നാടകം അടുപ്പിച്ചു രണ്ടു ദിവസം അവതരിപ്പിക്കുക എന്നത് അന്നു വരെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അതും ഹൗസ് ഫുൾ ആയി. ആ നിലയ്ക്ക് ‘വിശറിക്ക് കാറ്റു വേണ്ടാ’യുടെ അവതരണം ഒരു റെക്കോർഡായിരുന്നു. മുഖ്യവേഷം ചെയ്ത എസ്.ആർ.കെ.പിള്ള മികച്ച നടനെന്ന അംഗീകാരം നേടുകയും ചെയ്തു.

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ മൂന്നാം വർഷവും വിജയകരമായി ഞാൻ പൂർത്തിയാക്കി. ഡൽഹിവാസം അവസാനിപ്പിക്കേണ്ട സമയമായി. രാമു കാര്യാട്ട് പറഞ്ഞിരുന്ന കാര്യങ്ങൾ ഒരിക്കൽക്കൂടി ഉള്ളിൽ തെളിഞ്ഞു. ഞാൻ മദ്രാസിലേക്കു ടിക്കറ്റെടുത്തു. ചന്ദ്രതാരയുടെ ഓഫിസിലേക്കു ഫോൺ ചെയ്ത് വരുന്ന കാര്യം അറിയിച്ചു. കാര്യാട്ട് എന്നെക്കുറിച്ച് അവരോടു പറഞ്ഞിരുന്നതു കൊണ്ട് കൂടുതൽ വിശദീകരിക്കേണ്ടി വന്നില്ല. മൂന്നു വർഷം കൊണ്ട് ഡൽഹിയിൽ ഉണ്ടാക്കിയെടുത്ത സുഹൃത്തുക്കളെയെല്ലാം നേരിൽ കണ്ട് ഞാൻ യാത്ര പറഞ്ഞു.

മദ്രാസ് റെയിൽവേ സ്റ്റേഷനിൽ ഞാൻ ചെല്ലുമ്പോൾ അവിടെ എന്നെ കാത്ത് പി.എ.ബക്കർ ഉണ്ടായിരുന്നു. ഇൗ ബക്കറാണ് പിൽക്കാലത്ത് ഓളവും തീരവും സിനിമ നിർമിച്ചതും കബനീനദി ചുവന്നപ്പോൾ, സംഘഗാനം, ചാരം, മണിമുഴക്കം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തതും. രാമുകാര്യാട്ടിന്റെ വർണനയുടെ മിടുക്കു കൊണ്ടാണോ അതോ പരിചയക്കാരെ തിരയുന്ന എന്റെ ഭാവം കണ്ടിട്ടാണോ എന്തോ ബക്കർ നേരെ എന്റെ അടുത്തുവന്ന് ഒരു ചോദ്യം, ‘ പി.മാധവൻനായരല്ലേ ’ എന്ന്.

ബക്കർ വന്ന കാർ ഡ്രൈവ് ചെയ്തിരുന്നത് അലിയായിരുന്നു. അലി ഡ്രൈവർ മാത്രമല്ല. ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനുമാണ്. 
ഞങ്ങൾ നേരെ ചന്ദ്രതാരയുടെ ഓഫിസിൽ പോയി. ഞാൻ ചെല്ലുമ്പോൾ അവിടെ മാനേജർ ആർ.എസ്.പ്രഭുവുണ്ടായിരുന്നു. ഇദ്ദേഹമാണു പിന്നീട് ആഭിജാത്യം, അഭിമാനം, ആയുധം തുടങ്ങിയ സിനിമകൾ നിർമിച്ചത്. മേക്കപ്പ് ടെസ്റ്റ് പിറ്റേന്നു രാവിലെ മാത്രമേ ഉള്ളൂ എന്ന് പ്രഭുവിൽ നിന്നു മനസ്സിലാക്കി. അവിടെ നിന്നു ഞാനും ബക്കറും അലിയും കൂടി എനിക്ക് താമസിക്കാനുള്ള ഹോട്ടലിലേക്കു പോയി. ബക്കർ ചന്ദ്രതാരയുടെ പുതിയ സിനിമയുടെ പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ആണ്. ‘നാളെ രാവിലെ റെഡി ആയിരുന്നാൽ മതി ഞാൻ വന്ന് സ്റ്റുഡിയോയിലേക്കു കൂട്ടിക്കൊണ്ടുപൊയ്ക്കോളാം ’എന്നു ബക്കർ പറഞ്ഞു. പിറ്റേദിവസം

ബക്കറിനോടൊപ്പം കാറിൽ നേരെ പോയതു ചന്ദ്രതാരയുടെ ഓഫിസിലേക്കാണ്. അവിടെ നിന്ന് ആർ.എസ്. പ്രഭുവിനെയും കൂട്ടി നേരെ മദ്രാസിലെ ‘ന്യൂട്ടോൺ’ സ്റ്റുഡിയോയിൽ. അവിടെ ചെല്ലുമ്പോൾ ഷൂട്ടിങ് നടക്കുകയാണ്. പ്രേംനസീറും അംബികയും ചേർന്ന് അഭിനയിക്കുന്ന ഒരു പ്രണയ രംഗത്തിന്റെ ചിത്രീകരണമാണ്. ചിത്രത്തിന്റെ പേര് ‘നിണമണിഞ്ഞ കാൽപാടുകൾ’. സംവിധായകൻ എൻ.എൻ.പിഷാരടി.

കുറച്ചു കഴിഞ്ഞപ്പോൾ എന്നോടു മറ്റൊരു മുറിയിലേക്കു ചെല്ലാൻ പറഞ്ഞു. അവിടെ എന്നെ കാത്ത് മേയ്ക്കപ്പ്മാൻ കെ.വി.ഭാസ്കർ ഉണ്ടായിരുന്നു. അദ്ദേഹം എന്റെ മുഖം ഒന്നു ചമയിച്ചെടുത്തു. പിന്നെ ചിത്രീകരണമായിരുന്നു. യു.രാജഗോപാലാണു ക്യാമറ. എന്നെ ഒട്ടേറെ പോസുകളിൽ നിർത്തി പല പല ആംഗിളുകളിൽ ഷൂട്ട് ചെയ്തു. ചില ഡയലോഗുകൾ തന്ന് അതഭിനയിച്ചു പറയാനും പറഞ്ഞു. ഞാനെല്ലാം ചെയ്തു. കുറെ നേരത്തെ അധ്വാനമുണ്ടായിരുന്നു. ഏതായാലും ഞാൻ എന്നെ ഏൽപിച്ച ജോലി വിജയകരമായി തന്നെ പൂർത്തിയാക്കി. പിന്നീട് ആർ.എസ്. പ്രഭു പ്രേംനസീറിനെയും അംബികയെയും ശോഭന പരമേശ്വരൻനായരെയും ഒക്കെ പരിചയപ്പെടുത്തി.

പ്രേംനസീറിനെ കണ്ടപ്പോൾ ഞാൻ ആദ്യം ഓർത്തത് പണ്ടു കോളജിൽ പഠിക്കുമ്പോൾ ഞങ്ങൾ അഭിനയിച്ച ഒരു നാടകത്തിന്റെ ടിക്കറ്റ് വിൽക്കാൻ അദ്ദേഹത്തിനടുത്ത് ചെന്നതാണ്. മെരിലാൻഡ് സ്റ്റുഡിയോയിൽ പോയാണ് കണ്ടത്. അന്നവിടെ തിക്കുറിശിയും പ്രേംനസീറും മുതുകുളം രാഘവൻ പിള്ളയുമുണ്ടായിരുന്നു. എല്ലാവരും ടിക്കറ്റെടുത്തു. പക്ഷേ, പണം കടം പറഞ്ഞു. ആ കടം പറഞ്ഞ പണം പിന്നീടു തന്നത് മുതുകുളം മാത്രമായിരുന്നു. പ്രേംനസീറും തിക്കുറിശിയുമൊക്കെ അവരുടെ തിരക്കിട്ട ജീവിതത്തിനിടയിൽ ഇതു മറുന്നുപോയി. ഓർത്തു വാങ്ങാൻ ഞാനും.

ബനാറസിൽ പഠിക്കുമ്പോൾ പ്രേംനസീറിനെ പിന്നെയും പലപ്പോഴും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ പോകുമ്പോൾ പ്രേംനസീർ ഉണ്ടാകും മദ്രാസ് വരെ. എന്റെ അന്നത്തെ യാത്ര തേഡ് ക്ലാസിലാണ്. പ്രേംനസീർ കൂടിയ ക്ലാസിലും. ചെങ്കോട്ട എത്തുമ്പോൾ ട്രെയിൻ കുറച്ചു നേരം പിടിച്ചിടും. ആ സമയത്ത് പ്രേംനസീർ വാതിൽക്കലേക്കു വരും. മലയാളികളായ ആരാധകർ  ഓടി അദ്ദേഹത്തിന്റെ അടുത്തെത്തും. എന്തെങ്കിലും കുശലം സംസാരിക്കും. ആ കൂട്ടത്തിൽ അവരിലൊരാളായി ഞാനും പോയി സംസാരിച്ചിട്ടുണ്ട് . ആരെയും മുഷിപ്പിക്കാതെ സംസാരിക്കാൻ അദ്ദേഹത്തിനു പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു.

ന്യൂട്ടോൺ സ്റ്റുഡിയോയിൽ നിന്നു ചന്ദ്രതാരയുടെ ഓഫിസിലേക്കു പോകുമ്പോൾ പ്രേംനസീർ അദ്ദേഹത്തിന്റെ കാറിൽ കയറാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ കയറി. ബക്കറും അലിയും പ്രഭുവും മറ്റൊരു കാറിൽ വരുന്നുണ്ടായിരുന്നു. എന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും എല്ലാം പ്രേംനസീർ കൗതുകത്തോടെ ചോദിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ചന്ദ്രതാരയുടെ ഓഫിസിൽ എന്നെ ഇറക്കിയിട്ട് പ്രേംനസീർ പോയി. തൊട്ടുപിന്നാലെ പ്രഭുവും സംഘവും കാറിലെത്തി.

രാമു കാര്യാട്ട്, പി.എ. ബക്കർ, ശോഭന പരമേശ്വരൻ നായർ
രാമു കാര്യാട്ട്, പി.എ. ബക്കർ, ശോഭന പരമേശ്വരൻ നായർ

രാമു കാര്യാട്ട് വന്നശേഷം മൂടുപടത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ ആകുമ്പോൾ അറിയിക്കാമെന്നും അപ്പോൾ വന്നാൽ മതിയെന്നും പ്രഭു അറിയിച്ചു. ചന്ദ്രതാരയുടെ ഓഫിസിൽ നിന്ന് എന്നെ ബക്കർ വീണ്ടും ഹോട്ടൽ റൂമിൽ കൊണ്ടാക്കി.

അന്നു വൈകിട്ടു ഞാൻ റെയിൽവേസ്റ്റേഷനിലേക്കു പോകാൻ തയാറാകുന്ന വേള. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശോഭന പരമേശ്വരൻനായർ ആ ഹോട്ടലിൽ എത്തി. രാവിലെ അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടതേ ഉണ്ടായിരുന്നുള്ളു. കേവലം സ്റ്റിൽ ഫൊട്ടോഗ്രഫർ മാത്രമല്ല അദ്ദേഹം എന്നെനിക്ക് അപ്പോൾത്തന്നെ ബോധ്യമായതുമാണ്.

അവർ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്ന ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന ചിത്രത്തിൽ ഒരു വേഷമുണ്ട് അതു ചെയ്യാൻ ഞാൻ തയാറാണോ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. മൂടുപടത്തിൽ അഭിനയിക്കാൻ മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞതേ ഉള്ളൂ. അതിനു മുമ്പിതാ വരുന്നു മറ്റൊരു ഓഫർ. ഇൗശ്വരാ എന്റെ വഴി സിനിമ തന്നെ ആണെന്നു നീ എന്നോടു പറയാതെ പറയുകയാണോ?

എന്തായാലും ഞാൻ കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല. സമ്മതിച്ചു. ശോഭന പരമേശ്വരൻനായർക്ക്  സന്തോഷമായി. തിരുവനന്തപുരത്തിനുള്ള യാത്ര തൽക്കാലം മുടക്കേണ്ട. അടുത്ത ഷൂട്ടിങ് ഷെഡ്യൂൾ ആകുമ്പോൾ അറിയിക്കാം. അപ്പോൾ വന്നാൽ മതി എന്നെല്ലാം എന്നോട് അദ്ദേഹം പറഞ്ഞു. എന്റെ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു.

ശോഭന പരമേശ്വരൻനായർ എന്നോടൊപ്പം റെയിൽവേസ്റ്റേഷൻ വരെ വന്നു. പ്രേംനസീറും അദ്ദേഹവും ചിറയിൻകീഴുകാരെന്നു മാത്രമല്ല സഹപാഠികളുമായിരുന്നെന്ന് എന്നോടു പറഞ്ഞു. അനന്തരവളുടെ പേരിൽ ശോഭന എന്നൊരു സ്റ്റുഡിയോ തുടങ്ങിയതിനു ശേഷമാണ് ശോഭനാ പരമേശ്വരൻനായർ എന്ന പേരു വന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ മദ്രാസ് റെയിൽവേ സ്റ്റേഷൻ വിടുംവരെ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. എന്റെ ഹൃദയത്തിൽ ‘സിനിമ’ മൂടുപടമില്ലാതെ സ്ഥാനം പിടിച്ചു.

English Summary: Madhu mudrakal by Actor Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com