ADVERTISEMENT

തമിഴകത്തിൽ നിന്നെത്തി, ജലസമൃദ്ധമായ കേരളത്തിൽ, അതിന്റെ മഹത്വവും മൂല്യവും ആളുകളെ സ്വന്തം പ്രവൃത്തിയിലൂടെ ബേ‍ാധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഗിരിധര ഘനപാഠി. അമ്മയെപേ‍ാലെ നീ എന്നെ സംരക്ഷിക്കേണമേ എന്നു ജലത്തേ‍ാടു പുലർച്ചെ നടത്തുന്ന പ്രാർഥനയേ‍ാടെയാണ് അദ്ദേഹത്തിന്റെ ഒരു ദിവസം തുടങ്ങുന്നതുതന്നെ.

പാലക്കാട് രാമനാഥപുരം ഗ്രാമത്തിലെ യജുർവേദ പണ്ഡിതനും വേദപാഠശാല വാധ്യാരുമായ ഗിരിധര ഘനപാഠി പിന്നെ വേദപാഠശാലയിലേക്കു പോകുന്നു. അധ്യയനത്തിനിടയിൽ കിട്ടുന്ന സമയത്താണു ശിഷ്യരുമെ‍ാത്ത് ജലസേവനത്തിനിറങ്ങുക. കാലങ്ങളായി മൂടിക്കിടക്കുന്ന അഴുക്കുനിറഞ്ഞ കിണറുകളും ചെളിയടിഞ്ഞ കുളങ്ങളും ഗിരിധരയും ശിഷ്യരും വൃത്തിയാക്കുന്നു. 12 വർഷമായി അദ്ദേഹം ഈ പ്രവൃത്തി തുടങ്ങിയിട്ട്. കിണറുകൾ വൃത്തിയാക്കി, അതിലെ ജലം കുടിച്ചും അതിൽത്തന്നെ കുളിച്ചുമാണു സേവനം അവസാനിപ്പിക്കുക.

വേദമോതലിനെ‍ാപ്പം ഉറവകൾക്കു വഴികാട്ടൽ

ശൃംഗേരി ശങ്കരാചാര്യമഠത്തിനു കീഴിൽ, പാലക്കാട് ചന്ദ്രാനഗറിൽ വേദശാസ്ത്രവിദ്യാ ട്രസ്റ്റ് നടത്തുന്ന വേദപാഠശാലയിൽ യജുർവേദം പഠിപ്പിക്കുകയാണു ഗിരിധർ. വേദപാഠത്തിൽ ഒതുങ്ങിക്കഴിയാതെ സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങളിലും ശിഷ്യരെ ഇടപെടുത്താനുള്ള അവസരമായാണ് ജലസ്രേ‍ാതസുകൾ വൃത്തിയാക്കലിനെ അദ്ദേഹം കാണുന്നത്. ആദ്യമെ‍ാക്കെ ഗിരിധർ തനിച്ചായിരുന്നു. പിന്നെ ശിഷ്യരുമൊത്ത് അധ്യയനം കഴിയുമ്പേ‍ാൾ കയർ, കെ‍ാട്ട, വാൾ എന്നീ ഉപകരണങ്ങളുമായി പുറത്തിറങ്ങും. കുപ്പത്തെ‍ാട്ടിയായി മാറിയ പെ‍ാതുകിണർ, മാലിന്യം തള്ളി നികത്താൻ ശ്രമിക്കുന്ന കുളം എന്നിവ ശ്രദ്ധയിൽ‌പ്പെട്ടാൽ മാലിന്യം കേ‍ാരിയെടുത്തു പുറത്തെത്തിക്കും. ചില്ലുകളും പ്ലാസ്റ്റിക്കും തുണികളും ഒരേ‍ാന്നായി മാറ്റി ഉറവയ്ക്കു വഴികാട്ടും. അഴുക്കടിഞ്ഞു കറുത്തു കെ‍ാഴുത്ത വെള്ളം തേവി മാറ്റും. ഒരു മണിക്കൂർ മുതൽ രണ്ടു ദിവസം വരെ ദൗത്യം നീണ്ടേക്കും.

മാലിന്യം നിറഞ്ഞ പെ‍ാതുകിണർ വൃത്തിയാക്കിയ ശേഷം അതിലെ വെള്ളത്തിൽ യജുർവേദ പണ്ഡിതൻ ഗിരിധര ഘനപാഠി കുളിക്കുന്നു. ശിഷ്യന്മാരെയും കാണാം.	ചിത്രം: മനോരമ
മാലിന്യം നിറഞ്ഞ പെ‍ാതുകിണർ വൃത്തിയാക്കിയ ശേഷം അതിലെ വെള്ളത്തിൽ യജുർവേദ പണ്ഡിതൻ ഗിരിധര ഘനപാഠി കുളിക്കുന്നു. ശിഷ്യന്മാരെയും കാണാം. ചിത്രം: മനോരമ

ജലക്ഷാമത്തിൽ വശംകെട്ട ബാല്യം

വീണ്ടെടുത്ത ജലകേന്ദ്രങ്ങൾ മാലിന്യകേന്ദ്രങ്ങളായി മാറാതെ നേ‍ാക്കാനും ഇവരെത്തും. പലയിടത്തും അവയിൽ വീണ്ടും മാലിന്യം തള്ളുന്ന സ്ഥിതിയുണ്ട്. മറ്റു ചിലയിടങ്ങളിൽ വൃത്തിയാക്കുന്നതിന് എതിർപ്പു നേരിടേണ്ടിവരുന്നു. കുളവും പെ‍ാതുകിണറും വെട്ടിമൂടി അവിടെ നിർമാണം നടത്താനും വിൽപനയ്ക്കും ശ്രമിക്കുന്നവർക്ക് ഗിരിധരയുടെജലപാഠം മനസ്സിലാക്കാനും സഹിക്കാനും കഴിയില്ല. എന്നാൽ, പെ‍ാതുകിണർ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ, വെള്ളം എത്തിച്ചതിന്റെ സന്തേ‍ാഷം ഇവരെ അറിയിക്കുന്നുണ്ട്. ആദ്യം എതിർത്തവർ പിന്നീട് ഇവർക്കെ‍ാപ്പം ഇറങ്ങിയ സംഭവങ്ങളുമുണ്ട്.

എന്തായാലും ശ്രമത്തിൽ നിന്നു ഗിരിധര പിൻമാറില്ല. കാരണം, വെള്ളക്ഷാമംകെ‍ാണ്ട് അങ്ങേയറ്റം വശംകെട്ട ബാല്യമാണ് അദ്ദേഹത്തിന്റേത്. ആകെ വരണ്ടുണങ്ങിയ ആ കാലത്തിന്റെ കത്തുന്ന ചൂടും പുകച്ചിലും ഇപ്പേ‍‍ാഴും കൂടെയുണ്ടെന്നു ഗിരിധര പറയും. തമിഴ്നാട്ടിലെ കുംഭകേ‍ാണത്താണു ജനിച്ചുവളർന്നത്. വീട്ടിലേക്കു ശുദ്ധജലത്തിനായി അഞ്ചുകിലേ‍ാമീറ്റർ ദൂരം സൈക്കിളിൽ എത്രയേ‍ാകാലം നിത്യം യാത്രചെയ്തു. വെള്ളം ചെലവാക്കുന്നതിൽ എത്രത്തേ‍ാളം കരുതൽ വേണമെന്നതിനു ജീവിതപാഠമുണ്ട്. കാഞ്ചീപുരം ശങ്കരാചാര്യമഠത്തിൽ വേദംപഠിച്ചും പഠിപ്പിച്ചുമുള്ള 12 വർഷങ്ങളിലും ജലക്ഷാമത്തിന്റെ തീവ്രത മനസിൽപതിഞ്ഞു.

എതിർപ്പും മാലിന്യം തള്ളലും

20 വർഷം മുൻപാണു വേദാധ്യാപകനായി ഗിരിധര പാലക്കാട്ടെത്തിയത്. രാമനാഥപുരം ഗ്രാമത്തിലെ മൂടിപ്പോയ കിണർ തിരിച്ചെടുത്തായിരുന്നു ജലസേവയുടെ തുടക്കം. നിറയെ പാടവും മിക്കയിടത്തും വലുതും ചെറുതുമായ കുളങ്ങളും, പരമ്പരാഗത കിണറുകളും ഉണ്ടായിട്ടും കൃഷിക്കും വീട്ടാവശ്യത്തിനും ജലമില്ലാതെ വിഷമിക്കുന്ന സ്ഥിതി പലയിടത്തും അദ്ദേഹം കണ്ടു. മഴക്കാലത്തും വെള്ളവുമായി ടാങ്കറുകളെത്തുന്ന ഗ്രാമങ്ങളുമുണ്ട്. ചില കിണറുകൾ വീട്ടിലെ അഴുക്കു തള്ളാനുള്ള കുഴികളാക്കിയിരിക്കുന്നു.

പലർക്കും ആശ്രയമായ പാലക്കാട് നഗരത്തിനേ‍ാടു ചേർന്ന ഒരു പെ‍ാതുകിണർ ഇവർ വൃത്തിയാക്കിയത് പലർക്കും ഇഷ്ടപ്പെട്ടില്ല. കിണർ മൂടിയാൽ, അവിടെ വെള്ളമെടുക്കാനെത്തുന്നവരുടെ ശല്യമുണ്ടാകില്ലല്ലേ‍ാ എന്നായിരുന്നു എതിർത്തവരുടെ നിലപാട്. എതിർപ്പ് കണക്കാക്കാതെ റേ‍ാഡരികിലെ കിണർ വൃത്തിയാക്കി സംഘം മടങ്ങിയതിനു പിന്നാലെ പുറത്തു കേ‍ാരിയിട്ടിരുന്ന മാലിന്യം ചിലർ കിണറ്റിൽ തള്ളി. വീണ്ടും കിണർ നന്നാക്കിയെങ്കിലും അവർ മാലിന്യമിട്ടു. കറുത്തിരുണ്ട്, കെ‍ാതുകുലാവർവകൾ നിറഞ്ഞ കിണറിലെ വെള്ളത്തിൽ റേ‍ാഡരികിൽ കുളിച്ചാണ് ഗിരിധര അന്നു പ്രതിഷേധിച്ചത്.

ഉറവകൾക്കെ‍ാപ്പം ദാഹജലവിതരണവും

മറ്റെ‍ാരിടത്ത് കുളം വൃത്തിയാക്കുമ്പേ‍ാൾ ചിലർ കയ്യേറ്റത്തിനു മുതിർന്നു. ഒരക്ഷരം മിണ്ടാതെ ഗിരിധര കുളത്തിലെ അഴുക്കിൽ അരയേ‍ാളം ഇറങ്ങിനിന്നു. രണ്ടാം ദിവസം പ്രതിഷേധം കുറഞ്ഞുതുടങ്ങി. പിന്നെ പലരും നല്ല സുഹൃത്തുക്കളായി. കുളം വൃത്തിയാക്കി അത് നാട്ടുകാർക്കു നൽകി സംഘം മടങ്ങി. നഗരത്തിൽ സംഭാരവും ശുദ്ധജലവും ഗിരിധരയും സംഘവും വിതരണം ചെയ്യാറുണ്ട്. ഭാര്യ രമ്യയും മക്കളായ അശ്വഥും സുവാഷിണിയും ഗിരിധര ഘനപാഠിയുടെ ജലസേവനത്തിനെ‍ാപ്പമുണ്ട്.

English Summary: Sunday Special about Giridhara Ghanapati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com