ADVERTISEMENT

മണിപ്പുരിന്റെ സമരനായിക ഇനി ഒരിക്കലും പിറന്നനാട്ടിലേക്കു മടങ്ങുന്നില്ല. പക്ഷേ, സ്വന്തം ജനതയ്ക്കു വേണ്ടി 16 വർഷം നീണ്ട നിരാഹാരത്തിലൂടെ ലോകത്തു തന്നെ ഏറ്റവും ദീർഘമായ സഹന സമരം നടത്തി ഇതിഹാസ നായിക ഇറോം ചാനു ശർമിള മണിപ്പുരിനു വേണ്ടി ഇനിയും പ്രതികരിക്കും. ശക്തമായ ഇടപെടലുകൾ നടത്തും.

മൂവാറ്റുപുഴയിൽ നടന്ന മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ശർമിള എത്തിയത്. മണിപ്പുർ കലാപം ശക്തമായതോടെ പലയിടത്തു നിന്നും ശർമിളയ്ക്കായി വിളികൾ വന്നിരുന്നു. എന്നാൽ എല്ലായിടത്തും പഴയതുപോലെ ഓടിയെത്താൻ ശർമിളയ്ക്കാകില്ല.

‘‘ മണിപ്പുരിനു വേണ്ടി നടത്തിയ സമരങ്ങൾ എന്റെ സ്വന്തം തീരുമാനമായിരുന്നു. ജനിച്ച നാടിനു വേണ്ടിയായിരുന്നു. അതിന്റെ ശരിയും തെറ്റും എല്ലാം എന്റേതു മാത്രമാണ്. ഒന്നരപ്പതിറ്റാണ്ടു നീണ്ടുനിന്ന സമരത്തിന്റെ ഫലം എന്തായിരുന്നു എന്നാലോചിച്ചു ദുഃഖമില്ല. പരാതികളും പരിഭവങ്ങളുമില്ല. ഇപ്പോൾ ഭർത്താവിനും രണ്ടു കുട്ടികൾക്കൊപ്പം സന്തോഷവതിയാണ്. ഇനി സമരങ്ങളിലേക്ക് എടുത്തു ചാടുമ്പോൾ അവരുടെ അഭിപ്രായം കൂടി തേടേണ്ടതുണ്ട്. ഒരു പാർട്ടിയിലും അംഗമല്ല. ഏതെങ്കിലും ഗോത്രവർഗ വിഭാഗത്തിന്റെ ഭാഗവുമല്ല. ഒരു നല്ല മനുഷ്യസ്ത്രീ ആയിരിക്കാനാണ് ആഗ്രഹം ’’– ശർമിള നിലപാട് വ്യക്തമാക്കി.

കുടുംബത്തോടൊപ്പം ബെംഗളൂരുവിൽ താമസിക്കുമ്പോഴും മണിപ്പുരിലെ കലാപം വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് ശർമിളയെ. മണിപ്പുരിനുമേൽ കാർമേഘമായി നിലനിന്നിരുന്ന പട്ടാള നിയമത്തിനെതിരെ സമാനതകളില്ലാത്ത സഹനസമരം നടത്തിയ ശർമിളയ്ക്കു സമരത്തിൽ നിന്നു പിൻവാങ്ങേണ്ടി വന്നു. സമരത്തെ പരാജയപ്പെടുത്താൻ അധികാരകേന്ദ്രങ്ങൾ മത്സരിച്ചു നിന്നപ്പോൾ ശർമിളയുടെ ജീവൻതന്നെ തുലാസിലായി. പിന്നീട് നാടിന്റെ വികസനത്തിനായുള്ള ആശയങ്ങൾ ജനങ്ങൾക്കു മുന്നിൽ നിരത്തി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. മത്സരത്തിൽ വലിയ പരാജയം ഇറോം ശർമിള നേരിട്ടു. 90 വോട്ടാണ് ആകെ കിട്ടിയത്. സ്വന്തം ജനതയ്ക്കു വേണ്ടി ജീവതത്തിലെ ഏറ്റവും പ്രധാന കാലഘട്ടം ത്യജിച്ചിട്ടും നാടും ഉറ്റവരും ഒരു പോലെ തള്ളിപ്പറഞ്ഞതോടെ കടുത്ത നിരാശയിലേക്കു ജീവിതം മുങ്ങി. സമരപാതയിലും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്ന ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം കഴിച്ച് 2017ൽ ഇറോം ശർമിള മണിപ്പുർ വിട്ട് ബെംഗളൂരുവിലേക്കു താമസം മാറ്റിയത്. മണിപ്പുർ വിടുമ്പോൾ തന്നെ ഇനി ഒരു തിരിച്ചു വരവില്ലെന്ന ഉറച്ച തീരുമാനം എടുത്തിരുന്നു.

മണിപ്പുരിന്റെ പ്രക്ഷോഭ ചരിത്രത്തിൽ ഇറോം ചാനു ശർമിള നടത്തിയ പോരാട്ടവും മണിപ്പുർ കലാപത്തിൽ അവരുടെ മൗനവും ചർച്ചയാകുന്നതിനിടെയാണു മൂവാറ്റുപുഴയിൽ മണിപ്പുരിലും രാജ്യത്തെമ്പാടും സ്ത്രീകൾ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ സംഘടിപ്പിച്ച വിമൻ ഇന്ത്യ ക്യാംപെയ്നിൽ ഇറോം ശർമിള എത്തിയത്. സമരവേദിയിൽ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിദ്യാർഥികൾ മണിപ്പുരിലെ കലാപത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ചെറുനാടകം കണ്ട് ഇറോം ശർമിള നിർത്താതെ പൊട്ടിക്കരഞ്ഞു. മണിപ്പുരിലെ ജനതയെ എന്തിനാണ് ഇത്രയും ക്രൂരമായ നടപടികൾക്കു വിട്ടു നൽകുന്നതെന്നു ചോദിച്ചായിരുന്നു ശർമിളയുടെ കണ്ണീർ.

മണിപ്പുർ കലാപം സങ്കീർണം

മണിപ്പുരിലെ കലാപത്തിനു പിന്നിൽ സങ്കീർണമായ പ്രശ്നങ്ങളുണ്ടെന്നു ഇറോം ശർമിള പറയുന്നു. നർകോട്ടിക് ടെററിസം ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മ്യാൻമറിൽ നിന്നുള്ള ലഹരി മരുന്നിന്റെയും മറ്റും കള്ളക്കടത്ത്. ലഹരി മരുന്നായി ഉപയോഗിക്കുന്ന പോപ്പി പ്ലാന്റേഷനുകളുമായി ബന്ധപ്പെട്ടു മണിപ്പുരിലെ ഭരണകക്ഷി എംഎൽഎമാരും തീവ്രവാദികളും എല്ലാം ചേർന്നു നടത്തുന്ന നീക്കങ്ങൾ, ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കോടതിവിധി ഇവയൊക്കെ കാലാപം തീവ്രമാകാൻ കാരണമായിട്ടുണ്ട്. നാർക്കോ ടെററിസത്തിൽ മണിപ്പുർ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രി ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ബിരേൻ സിങ് ഏതെങ്കിലും സമുദായത്തിന്റെയും ഗോത്രത്തിന്റെയോ മാത്രം പ്രതിനിധിയല്ല. സംസ്ഥാനത്തിന്റെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ് എന്ന കാര്യം മറക്കരുതെന്നു ശർമിള പറയുന്നു.

ഭൂപരിഷ്കരണ നിയമങ്ങളുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പേരിലുള്ള തർക്കങ്ങളെ തുടർന്നാണു കലാപം ആരംഭിച്ചതെങ്കിലും പിന്നീട് അതിനു വർഗീയ സ്വഭാവം ഉണ്ടായി. ഗോത്ര വർഗക്കാരെ ഉൾപ്പെടെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. ഇവർ നേരിടുന്ന വിവേചനം എരിതീയിൽ എണ്ണ ഒഴിക്കുന്നു. സുപ്രീം കോടതിയിൽ നിന്നു വിമർശനം ഉണ്ടായിട്ടും മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കാര്യമായ ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നുള്ളതും ഗൗരവമുള്ളതാണ്.

സ്ത്രീകൾ ആയുധമെടുക്കുന്നു

കലാപകാരികൾ സ്ത്രീകളെ കൂടുതലായി ലക്ഷ്യമിടുന്നത് എന്തിനെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്നാൽ കലാപം കൂടുതൽ രൂക്ഷമാക്കുന്ന നിലയിൽ സ്ത്രീകൾ ആയുധങ്ങളുമായി രംഗത്തിറങ്ങി അക്രമങ്ങളിൽ പങ്കെടുക്കുന്നതിനോടു യോജിക്കുന്നില്ല. കൃത്യമായ ലക്ഷ്യങ്ങളോടെ കൃത്യമായ സമയം തിരിച്ചറിഞ്ഞു ശക്തമായി പ്രതികരിക്കാനാണു സ്ത്രീകൾ ശ്രമിക്കേണ്ടത്. അതു മണിപ്പുരിലെ സ്ത്രീകൾക്കു കൃത്യമായി അറിയാം. പോരാട്ട വീര്യം ഏറെയുള്ള സ്ത്രീകളാണ് അവർ. 

English Summary : Sunday Special about Irom Chanu Sharmila 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com