മെക്കാളെ ആൻഡ് മെക്കാളെ
Mail This Article
ഇന്ത്യയിൽ ഇംഗ്ലിഷ് വിദ്യാഭ്യാസം കൊണ്ടുവന്നത് മെക്കാളെ. ഒന്നര നൂറ്റാണ്ടിലധികമായി നിലവിലുള്ളതും ഇപ്പോൾ നാം മാറ്റാൻ ശ്രമിക്കുന്നതുമായ ഇന്ത്യൻ ശിക്ഷാനിയമം കൊണ്ടുവന്നത് മെക്കാളെ. ടിപ്പുവിന്റെ തടവറയിൽ മൂന്നു വർഷത്തെ വാസത്തിനുശേഷം മോചിതനായി, ഒടുവിലത്തെ മൈസൂർ യുദ്ധത്തിൽ കമ്പനിപ്പടയ്ക്ക് മലബാറിൽ നിന്നുള്ള രഹസ്യമാർഗം കാട്ടിക്കൊടുത്ത് ടിപ്പുവിന്റെ തോൽവിക്കും വധത്തിനും കളമൊരുക്കിയത് മെക്കാളെയാണ്. പാണ്ടിനാട്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് പൊരുതിത്തോറ്റ് തൂക്കിലേറിയ വീരപാണ്ഡ്യകട്ടബൊമ്മന്റെ മിച്ചമുണ്ടായിരുന്ന കുടുബത്തെ തകർത്ത് കുളം തോണ്ടിയതിലും പ്രധാനി മെക്കാളെയാണ്. തിരുവിതാംകൂറിൽ വേലുത്തമ്പി ദളവയ്ക്കെതിരെ മെക്കാളെ പട അയച്ചതും കൊച്ചിയിൽ വേലുത്തമ്പിയും പാലിയത്തച്ചനും ചേർന്ന് മെക്കാളെ വധിക്കാൻ ശ്രമിച്ചതും ചരിത്രം.
അപ്പോൾ ഇന്ത്യാ ചരിത്രത്തിൽ മെക്കാളെമാർ എത്ര? ഉത്തരം: രണ്ട്. ഇന്ത്യയിൽ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ച തോമസ് ബാബിങ്ടൻ മെക്കാളെയെയാണു മിക്കവരും അറിയുന്നത്. ഇന്ത്യയിലെ വിവിധ ശിക്ഷാ നിയമങ്ങൾ ക്രോഡീകരിച്ച് ആധുനിക ശിക്ഷാ സംഹിതയാക്കിയതും അദ്ദേഹം തന്നെ. അപ്പോൾ ടിപ്പുവുമായും കട്ടബൊമ്മന്റെ അനുജനുമായും വേലുത്തമ്പിയുമായും പാലിയത്തച്ചനുമായും കൊമ്പുകോർത്തതോ? അതദ്ദേഹത്തിന്റെ ചിറ്റപ്പൻ കോളിൻ മെക്കാളെ.
1778 ലാണു കോളിൻ മെക്കാളെ ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിൽ ഓഫിസറായി ഇന്ത്യയിലെത്തുന്നത്. ഹൈദരലിക്കും ടിപ്പുവിനും എതിരെ നടത്തിയ രണ്ടാം മൈസൂർ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട കോളിൻ മൂന്നുവർഷത്തോളം ടിപ്പുവിന്റെ ജയിലിൽ കഴിഞ്ഞു. 1799–ലെ നാലാം മൈസൂർ യുദ്ധത്തിൽ കമ്പനിപ്പടക്കുവേണ്ട കോപ്പുകൾ വിദഗ്ധമായി എത്തിച്ചുകൊടുത്തു എന്നു മാത്രമല്ല, മലബാറിൽ നിന്ന് ടിപ്പുവിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തേക്കു പടയ്ക്കുപോകാൻ രഹസ്യവഴികണ്ടെത്തുകയും ചെയ്തു. യുദ്ധത്തിൽ പോരാട്ടവീര്യത്തെക്കാൾ തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും പടയ്ക്കുവേണ്ട സജ്ജീകരണങ്ങൾ തയാറാക്കുന്നതിനുമാണ് പ്രധാന്യം എന്നതിന് ഉത്തമോദാഹരണമാണ് നാലാം മൈസൂർ യുദ്ധം. അങ്ങനെ യുദ്ധജേതാവായാണ് 1800–ൽ കേണൽ കോളിൻ മെക്കാളെ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും റസിഡന്റായി എത്തിയത്.
മുഖം കാണിക്കാനെത്തിയപ്പോൾ തന്നെ അവിട്ടംതിരുനാൾ ബാലരാമവർമ മഹാരാജാവിന് കക്ഷിയെ പിടിച്ചില്ല. കൊട്ടാരത്തിലെ ഉദ്യോഗസ്ഥരോട് മെക്കാളെ കാര്യങ്ങൾ ചോദിച്ചറിയുന്നത് കേട്ട മഹാരാജാവ്, ‘ഇയാൾക്കെന്നോടു ചോദിച്ചാൽ പോരേ?’ എന്ന് ആത്മഗതമെന്നോണം പറഞ്ഞുവത്രെ. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ നൈപുണ്യമുണ്ടായിരുന്ന മെക്കാളെ അതു കേട്ടു നീരസപ്പെട്ടുവെന്നും പറയപ്പെടുന്നു. മഹാരാജാവിനും ബ്രിട്ടിഷുകാർക്കും വിശ്വസ്ഥനായിരുന്ന ദിവാൻ രാജാ കേശവദാസിന്റെ അകാലചരമം കൊലപാതകമായിരുന്നോ എന്നന്വേഷിച്ചുകൊണ്ടായിരുന്നു മെക്കാളെയുടെ തുടക്കം. കൊലപാതകത്തിലേക്കു വിരൽ ചൂണ്ടുന്ന തെളിവുകൾ തുടക്കത്തിൽ ലഭിച്ചെങ്കിലും സാക്ഷികൾ മൊഴിമാറ്റിയതോടെ അന്വേഷണം നിർത്തിവച്ചു.
ദളവാ ആയിരുന്ന വേലുത്തമ്പിയുമായി ആദ്യദിനങ്ങളിൽ മെക്കാളെ സൗഹൃദത്തിലായിരുന്നു. ഒട്ടേറെ കൊട്ടാരം ഗൂഢാലോചനകളിൽ നിന്നു രക്ഷപ്പെട്ട ദളവ, സായ്പിന്റെ ഉപദേശം കേട്ട് നായർപ്പടയെ പിരിച്ചുവിടാൻ തുനിഞ്ഞത് നാട്ടിൽ വിപ്ലവത്തിനു വഴിതെളിക്കുമെന്നായി. ഇതിനിടയിൽ നാട്ടുരാജ്യങ്ങളെയും നാട്ടുപ്രഭുക്കന്മാരെയും ഓരോന്നായി തകർത്തുവരികയായിരുന്നു മെക്കാളെ. ബ്രിട്ടിഷുകാരോടു പരാജയപ്പെട്ടു മരണം വരിച്ച പാണ്ഡ്യനാട്ടിലെ വീരപാണ്ഡ്യകട്ടബൊമ്മന്റെ അനുജൻ അവിടെ തലപൊക്കിയെന്നറിഞ്ഞ് പാഞ്ചാലക്കുറിച്ചിയിലേക്ക് പടനയിച്ച് അദ്ദേഹത്തെയും തകർത്ത് മെക്കാളെ തിരിച്ചെത്തിയതോടെ ആൾ അപകടകാരിയാണെന്നു വേലുത്തമ്പിക്കും ബോധ്യമായി.
ആണ്ടുതോറും ബ്രിട്ടിഷുകാർക്കു നൽകേണ്ട കപ്പം വർധിപ്പിച്ചതിനെ തുടർന്നാണു മെക്കാളെയും വേലുത്തമ്പിയും തമ്മിലുള്ള സ്പർധ വഷളായത്. അതിനിടയിൽ കൊച്ചി രാജാവിന്റെ പ്രധാനമന്ത്രി പാലിയത്തച്ചനുമായി വേലുത്തമ്പി സഖ്യത്തിലായി. തങ്ങളെ ഒറ്റുകൊടുത്തിരുന്ന നടവരമ്പത്തു കുഞ്ഞുകൃഷ്ണമേനോൻ മെക്കാളെയുടെ കൊച്ചിയിലെ വസതിയായിരുന്ന ബോൾഗാട്ടി കൊട്ടാരത്തിൽ ഒളിച്ചിരിക്കുകയാണെന്നറിഞ്ഞ വേലുത്തമ്പിയുടെയും പാലിയത്തച്ചന്റെയും ആളുകൾ റെസിഡൻസി ആക്രമിച്ചു. കായലിൽ കിടന്നിരുന്ന ഒരു ബ്രിട്ടിഷ് കപ്പലിൽ കയറി രക്ഷപ്പെട്ട മെക്കാളെ തന്നെ അപായപ്പെടുത്താനായാണ് ആക്രമണമെന്ന് മുകളിലേക്കു റിപ്പോർട്ടയച്ചു.
കോഴിക്കോട്ട് പോർച്ചുഗീസുകാർ സാമൂതിരിയെയും കുഞ്ഞാലിമരക്കരെയും ഭിന്നിപ്പിച്ചപോലെ രാജാവിനെയും ദളവയെയും ഭിന്നിപ്പിച്ചുകൊണ്ടാണ് മെക്കാളെ അടുത്ത നടപടികളിലേക്കു നീങ്ങിയത്. രാജ്യം പിടിച്ചെടുക്കുന്നില്ല, വേലുത്തമ്പിയെ പുറത്താക്കിയാൽ മതി – എന്നായി നയം. താൻ ദളവയായി തുടർന്നാൽ അതു രാജ്യത്തിനും രാജാവിനും അപകടകരമാകുമെന്ന് ബോധ്യപ്പെട്ട വേലുത്തമ്പി, എല്ലാ ‘കുറ്റങ്ങളും’ സ്വയം ഏറ്റെടുത്ത്, തിരുവനന്തപുരം വിട്ടുപോയി. ഒടുവിൽ ശത്രുക്കളാൽ വളയപ്പെട്ടപ്പോൾ മണ്ണടി ക്ഷേത്രത്തിൽ അനുജന്റെ സഹായത്തോടെ വീരചരമം പ്രാപിക്കുകയായിരുന്നു. ആ തക്കം നോക്കി തിരുവിതാംകൂറിന്റെ ഭരണം രാജാവിൽ നിന്നു കമ്പനി തന്നെ ഏറ്റെടുക്കണമെന്ന മെക്കാെളെയുടെ നിർദേശം കമ്പനിയുടെ ഡയറക്ടർമാർ തള്ളി. അതോടെ 1810–ൽ കോളിൻ മെക്കാളെ രാജിവച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഇന്ത്യയിൽ നിന്നെത്തിയ കോളിനെ കണ്ട് സഹോദരൻ സക്കാറി എഴുതി – ‘‘ആകെ ക്ഷീണിച്ചും വലഞ്ഞുമാണ് അവൻ എത്തിയത്. യാത്രയ്ക്കിടയിലും ആകെ അസുഖമായിരുന്നു.’’.
ഇപ്പറഞ്ഞ സഹോദരൻ സക്കാറിയുടെ മകനാണു തോമസ് ബാബിങ്ടൻ മെക്കാളെ. ചെറുപ്പത്തിലേ അതിബുദ്ധിമാൻ. പുസ്തകങ്ങൾ മാത്രമായിരുന്നു കൂട്ട്. നാലുവയസ്സുള്ളപ്പോൾ കാലിൽ ചൂടുകാപ്പി വീണു പൊള്ളി, അൽപ്പം കഴിഞ്ഞ് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ ‘‘വേദനയുടെ തീവ്രതയ്ക്കു ശമനമുണ്ട്’’ (ദ് ആഗണി ഹാസ് അബേറ്റഡ്) എന്നു മറുപടി പറഞ്ഞ് ആതിഥേയയുടെ കണ്ണുതള്ളിച്ച കൊച്ചുമിടുക്കൻ. ഏതു നീണ്ട കാവ്യവും ഒരിക്കൽ കേട്ടാൽ ജീവിതകാലം മുഴുവൻ ഓർത്തിരിക്കും.
കുറച്ചുകാലം ബ്രിട്ടിഷ് പാർലമെന്റിൽ അംഗമായിരുന്ന ശേഷമാണു തോമസ് മെക്കാളെ 1833–34ൽ ഇന്ത്യയിൽ ഗവർണർ–ജനറലിന്റെ കൗൺസിലിൽ നിയമഅംഗമായി (നിയമമന്ത്രിയുടെ തുല്യമായ തസ്തിക) എത്തുന്നത്. ചിറ്റപ്പനെപ്പോലെ ഭാഷകൾ പഠിക്കാൻ താൽപര്യമായിരുന്നു. ഇരുവരും വിവാഹം കഴിച്ചിട്ടുമില്ല. കാര്യമായ വരുമാനമാർഗമൊന്നുമില്ലാതിരുന്ന തോമസിന് ചിറ്റപ്പൻ നല്ലൊരു തുക വിൽപ്പത്രത്തിൽ വകയിരുത്തിയിരുന്നു.
കമ്പനിയുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശത്ത് ഏതു വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കണമെന്ന കാര്യത്തിൽ വിവാദം നടക്കുന്ന കാലമായിരുന്നു അത്. സർക്കാർ മേൽനോട്ടത്തിൽ ഒരു സെക്കൻഡറി വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായിരുന്നില്ല. സുൽത്താൻമാരുടെയു മുഗളരുടെയും കാലത്തുണ്ടായിരുന്ന പേർഷ്യൻ–അറബിക് വിദ്യാഭ്യാസരീതിയും സംസ്കൃതത്തെ ആധാരമാക്കിയുള്ള പരമ്പരാഗത ഭാരതീയ വിദ്യാഭ്യാസസമ്പ്രദായങ്ങളും കൂടാതെ നൂറുകണക്കിന് നാട്ടുഭാഷകളിലൂടെയുള്ള അടിസ്ഥാനവിദ്യാഭ്യാസ സമ്പ്രദായങ്ങളുമാണു നിലനിന്നിരുന്നത്. ഇവയിൽ ഓരോന്നിനും പ്രാമുഖ്യം അവകാശപ്പെട്ടുകൊണ്ടുള്ള വ്യത്യസ്ത വാദഗതികളുമുണ്ടായിരുന്നു.
ഈ വാദങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് 1835–ൽ തോമസ് മെക്കാളെ ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് തന്റെ പ്രസിദ്ധമായ കുറിപ്പും അതിൽ കുപ്രസിദ്ധമായ വരികളും തയാറാക്കുന്നത്. മെക്കാളെ സമർഥിച്ച ഇംഗ്ലിഷ് വിദ്യാഭ്യാസ സമ്പ്രദായമല്ല ഇന്നും ഇന്ത്യാക്കാരെ പ്രകോപിപ്പിക്കുന്നത്. പൗരസ്ത്യ പാണ്ഡിത്യത്തെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ടുള്ള മെക്കാളെയുടെ വരികളാണ് ഇന്നും ഇന്ത്യക്കാരിൽ രോഷമുണ്ടാക്കുന്നത്. ഇന്ത്യയിലെയും അറബ് ലോകത്തെയും അറിവുകൾ മുഴുവൻ ചേർന്നാലും നല്ലാരു യൂറോപ്യൻ ലൈബ്രറിയിലെ ഒരു ഷെൽഫ് പുസ്തകങ്ങൾക്കൊപ്പമാവില്ല എന്ന പുച്ഛത്തോടെയുള്ള വാചകം ഇന്നും ഇന്ത്യക്കാർ മറന്നിട്ടില്ല. ഏതായാലും ആറാം സ്കൂൾവർഷം വരെ നാട്ടുഭാഷയിൽ പഠനവും തുടർന്ന് ഇംഗ്ലിഷിൽ പഠനവും എന്ന സമ്പ്രദായം മെക്കാളെയുടെ ശുപാർശയിൽ ഇന്ത്യയിൽ നടപ്പായി. ഈ സംരംഭത്തിൽ മെക്കാളെയോടൊപ്പം നിന്നത് അദ്ദേഹത്തിന്റെ സഹോദരീഭർത്താവും പിന്നീട് മദ്രാസ് ഗവർണറുമായിരുന്ന ചാൾസ് ട്രവല്യനാണ്.
1857–ലെ സ്വാതന്ത്ര്യവിപ്ലവത്തിനുശേഷമാണ് ഇന്ത്യയിൽ ഏകീകൃതശിക്ഷാനിയമം ആവശ്യമാണെന്ന വാദമുയർന്നത്. എന്നാൽ അതിനു മുമ്പുതന്നെ മെക്കാളെ അംഗമായുള്ള നിയമകമ്മിഷൻ ശിക്ഷാ നിയമത്തിന്റെ കരടുരേഖ തയാറാക്കിയിരുന്നു. 1860–ൽ ഇന്നു നാം അറിയുന്ന ശിക്ഷാ നിയമം നടപ്പിലായി. ഈ നിയമമാണ് ഇന്നു മാറ്റാൻ ശ്രമിക്കുന്ന മൂന്നു നിയമസംഹിതകളിൽ ഒന്ന്. രണ്ടു മെക്കാളെമാരെയും കടുത്ത സാമ്രാജ്യവാദികളായാണ് ഇന്ത്യയിൽ കാണുന്നത്. പൗരാണിക ഭാരതീയവിജ്ഞാനത്തെ ഒരാൾ പുച്ഛിച്ചുവെങ്കിൽ, മറ്റെയാൾ ടിപ്പുവിനെയും കട്ടബെമ്മന്റെ കുടുംബത്തെയും വേലുത്തമ്പിയെയും പാലിയത്തച്ചനെയും തകർത്ത് തെക്കേ ഇന്ത്യയിൽ ബ്രിട്ടിഷ് മേൽക്കോയ്മ സ്ഥാപിച്ചവരിൽ ഒരാളാണ്.
എന്നാൽ കോളനികളിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ചവരായാണ് ഇവരെ ബ്രിട്ടിഷ് ചരിത്രത്തിൽ അറിയുന്നത്. മെക്കാളെ കുടുംബത്തിലെ മിക്കവരെയും ഇത്തരത്തിലാണ് ബ്രിട്ടിഷ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും കോളനികളിലെ ജനങ്ങളെ പിടികൂടി അടിമക്കച്ചവടം നടത്തുന്നതിനെതിരായി വില്യം വിൽബർഫോഴ്സിനോടൊപ്പം പടപൊരുതിയവരാണ് തോമസിന്റെ പിതാവായ സക്കാറിയും സഹോദരൻ കോളിനും. ഇരുവരുടെയും സഹോദരീഭർത്താവായി മറ്റൊരു തോമസ് ബാബിങ്ടനുണ്ടായിരുന്നു. വിൽബർഫോഴ്സിനോടൊപ്പം അടിമക്കച്ചവടത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയവരിൽ ഒരാളാണ് അദ്ദേഹം. തന്റെ ഭാര്യാസഹോദരന്മാരെ അടിമത്തവിരോധപോരാട്ടത്തിലേക്ക് കൊണ്ടുവന്നതും അദ്ദേഹമാണെന്നു പറയാം. അളിയനോടുള്ള ബഹുമാനം നിമിത്തം അദ്ദേഹത്തിന്റെ പേരാണ് സക്കാറി തന്റെ പുത്രനു നൽകിയത് – തോമസ് ബാബിങ്ടൻ മെക്കാളെ.
ഇന്ത്യയിലേക്കു വരും മുമ്പുതന്നെ തോമസ് ബാബിങ്ടൻ മെക്കാളെ അച്ഛനോടൊപ്പം അടിമത്തവിരുദ്ധസമിതിയുടെ നേതൃനിരയിലുണ്ടായിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ കോളനികളിലാകമാനം അടിമത്തം നിരോധിക്കാനുള്ള രാജ്യാന്തരചർച്ചകൾക്കു നേതൃത്വം നൽകാൻ ഇവർ ബ്രിട്ടിഷ് ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തുക മാത്രമല്ല, ഭരണകൂടം അതിന് തയാറായപ്പോൾ ഭരണത്തലവന്മാർക്ക് വേണ്ട നയതന്ത്രഉപദേശവും നൽകിക്കൊണ്ടിരുന്നു.
ചരിത്രത്തിലുള്ള താൽപര്യവും കുടുംബരക്തത്തിലുണ്ടായിരുന്നുവേണം കരുതാൻ. ചരിത്രരേഖകൾ ശേഖരിച്ച് പണ്ഡിതന്മാർക്ക് കൈമാറുകയായിരുന്നു കോളിനു താത്പര്യം. കേരളചരിത്രത്തിൽ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന തരിസാപ്പള്ളി ചെപ്പേട് കണ്ടെത്തിയത് കോളിനാണ്. അതിന്റെ ഒറിജിനൽ ഇന്ത്യയിൽ സുരക്ഷിതകൈകളിലേക്ക് നൽകിയശേഷം അവയുടെ കോപ്പികൾ തയാറാക്കി അദ്ദേഹം ഇംഗ്ലണ്ടിലെ പണ്ഡിതന്മാർക്ക് പഠിക്കാനായി കേംബ്രിജ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചുകൊടുത്തു. അതുപോലെ ബൈബിൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താൻ ഫ്രാൻസിസ് ബുക്കാനന് സഹായം ചെയ്തുകൊടുക്കുകയും അച്ചടിയുടെ മേൽനോട്ടം വഹിക്കുകയും ചെയ്തു.
മികച്ച ചരിത്രകാരനും പൗരാണിക റോമാചരിത്രത്തെ ആധാരമാക്കിയുള്ള കാവ്യങ്ങൾ രചിച്ച പണ്ഡിതനുമായാണു തോമസ് ബാബിങ്ടൻ മെക്കാളെ സാഹിത്യലോകത്ത് അറിയപ്പെടുന്നത്. തോമസ് മെക്കാളെയോടൊപ്പം ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ട ചാൾസ് ട്രവല്യൻ തോമസിന്റെ സഹോദരി ഹാനയെയാണു രണ്ടാം വിവാഹം കഴിച്ചത്. പിന്നീട് മദ്രാസ് ഗവർണറുമായി ട്രവല്യൻ. ഇന്ത്യക്കാരുടെ മേൽ വരുമാനനികുതി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ പരസ്യമായി എതിർത്തതിന്റെ പേരിൽ ചാൾസ് ട്രവല്യന് ഉദ്യോഗം നഷ്ടപ്പെട്ടു. ഈ ചാൾസ് ട്രവല്യന് ആദ്യഭാര്യയിൽ ജനിച്ച പുത്രനാണ് പ്രസിദ്ധചരിത്രകാരനായ ജി.എം.ട്രവല്യൻ.
English Summary : Sunday Special about indian penal code and Macaulay