കേരളവുമായി ഒരു ജലഉടമ്പടി
Mail This Article
മൂന്നു തലമുറകളുടെ കഥയാണ് ഈ ഉടമ്പടി. 724 പേജുകളിലായി കേരളം ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു. കൊച്ചിയും മൂന്നാറും വയനാടും മുണ്ടക്കയവും റാന്നിയും പുനലൂരും മാരാമണ്ണും പരുമലയും ചങ്ങനാശേരിയും കോട്ടയവും ലോകമെങ്ങുമുള്ള വായനക്കാർക്കു മുൻപിൽ കാഴ്ചയുടെ ജാലകം തുറക്കുന്നു. ബ്രിട്ടിഷ് ഇന്ത്യയും മദ്രാസും മറനീക്കുന്നു.
1900 മുതൽ 1977 വരെയുള്ള കേരളമാണു പശ്ചാത്തലം. പട്ടിണി സമ്മാനിച്ച ലോകയുദ്ധങ്ങളും കരിതുപ്പുന്ന മീറ്റർഗേജ് ട്രെയിനും ചൂളംവിളിക്കുന്ന താളുകളിലൂടെ കഥ ചലിച്ചു തുടങ്ങുന്നു. പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഡോ. ഏബ്രഹാം വർഗീസിന്റേതാണു കേരളത്തിന്റെ കഥ പറയുന്ന പുതിയ നോവൽ: ദ് കവനന്റ് ഓഫ് വാട്ടർ. മലയാളമാക്കിയാൽ ജലഉടമ്പടി.
യുകെയിലെ ഗ്രോവ് അറ്റ്ലാന്റിക് പ്രസ് ഈയിടെ പുറത്തിറക്കിയ പുസ്തകം യുഎസിൽ ഉൾപ്പെടെ ലോകമെങ്ങും വൻ പ്രചാരം നേടി ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചു. ഇറ്റാലിയൻ ഭാഷയിലേക്ക് ഉൾപ്പെടെ ഈ കൃതി വിവർത്തനം ചെയ്തു കഴിഞ്ഞു. വൈകാതെ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യാനുള്ള ഒരുക്കത്തിലാണു കേരളത്തിലെ പ്രസാധകർ.
എയിഡ്സ് അതിജീവനത്തിന്റെ കഥ പറയുന്ന മൈ ഓൺ കൺട്രി (1994), ആത്മകഥാംശം നിറഞ്ഞ ടെന്നിസ് പാർട്നർ (1998), രണ്ട് അനാഥ സഹോദരങ്ങളുടെ കഥ പറയുന്ന കട്ടിങ് ഫോർ സ്റ്റോൺ (2009) എന്നിവയാണ് ഏബ്രഹാം വർഗീസിന്റെ മറ്റു രചനകൾ.
2010 മുതൽ പുതിയ നോവലിന്റെ പണിപ്പുരയിലായിരുന്ന ഏബ്രഹാം വർഗീസ് മാരാമൺ കൺവൻഷൻ എന്നായിരുന്നു ആദ്യം പേരിടാൻ നിശ്ചയിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റി. കൺവൻഷൻ സംബന്ധിച്ച് ചിലഭാഗങ്ങൾ നോവലിൽ ഇടംപിടിച്ചിട്ടുണ്ട്. 1900, ട്രാവൻകൂർ, സൗത്ത് ഇന്ത്യ എന്ന ഉപശീർഷകത്തിലാണു കൃതിയുടെ തുടക്കം.
ഹെയ്‌ലി സെലാസി ചക്രവർത്തി കേരളത്തിലെത്തി മലയാളികളെ ഇത്യോപ്യയിൽ അധ്യാപകരായി നിയമിച്ചിരുന്ന സമയത്ത് അവിടെ നിയമനം ലഭിച്ചവരാണ് ഏബ്രഹാമിന്റെ മാതാപിതാക്കളായ ജോർജ് വർഗീസും മറിയവും. അവരുടെ ജീവിതാനുഭവങ്ങളും മദ്രാസ് ക്രിസ്ത്യൻ കോളജിലെയും മെഡിക്കൽ കോളജിലെയും തന്റെ ജീവിതവും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച കേരളത്തെക്കുറിച്ചുള്ള ഗവേഷണ വിവരണങ്ങളും ചേർത്ത് ചരിത്രത്തോടു നീതി പുലർത്തിയാണ് ഏബ്രഹാം ഈ കൃതിയുടെ പശ്ചാത്തലം ഒരുക്കുന്നത്. 1955ൽ ജനിച്ച ഏബ്രഹാം ഇത്യോപ്യൻ യുദ്ധം മൂലം മദ്രാസിലാണു മെഡിസിൻ പഠനം പൂർത്തിയാക്കുന്നത്. പിന്നീട് യുഎസിലേക്കു കുടിയേറി. മാതാവ് 2016 ൽ മരിച്ചു. പിതാവ് ജോർജ് യുഎസിലുണ്ട്. ഇടയ്ക്കിടെ കേരളത്തിലെത്താറുള്ള ഏബ്രഹാം മനസ്സുകൊണ്ട് മലയാളിയാണ്. കേരളം പശ്ചാത്തലമാക്കി കാലത്തെയും ഭൂമിശാസ്ത്രത്തെയും കൂട്ടിയിണക്കി നോവലെഴുതാൻ പ്രചോദനമേകിയത് ഈ മണ്ണും ഇവിടുത്തെ മനുഷ്യരുമാണെന്നു ഏബ്രഹാം പറയുന്നു.
മലയാള ലിപിയെ ലോകത്തിനു മുൻപിൽ പരിചയപ്പെടുത്താനും ഈ നോവലിൽ ശ്രമമുണ്ട്. ഇംഗ്ലിഷ് ഭാഷയുടെ മനോഹാരിതയ്ക്കു പുറമേ മലയാളത്തിലെ പല വാക്കുകൾക്കും തത്തുല്യ ഇംഗ്ലിഷ് പദങ്ങൾ കണ്ടെത്താനും എഴുത്തുകാരനു പിന്നിൽ വലിയൊരു സംഘം അണിനിരന്നതിന്റെ മികവ് ഈ കൃതിയിലുടനീളം കാണാം. തുടങ്ങിയാൽ താഴെ വയ്ക്കാൻ തോന്നാത്ത വിധം മാറുന്ന ഭൂമിശാസ്ത്രം വായനയുടെ ഭ്രമണപഥത്തെയും പ്രചോദിപ്പിക്കുന്നു. ചൂണ്ടുവിരലും പെരുവിരലും ചുണ്ടിലമർത്തി മുറുക്കാൻ തുപ്പൽ ചീറ്റിച്ചു വിടുന്ന മലയാളി മുത്തശ്ശിമാരുടെ സ്വഭാവത്തെ നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത് Puts two fingers to her compressed lips, and shoots out a jet of tobacco juice. എന്നാണ്.
സ്റ്റാൻഫഡ് സർവകലാശാലയിൽ മെഡിസിൻ വിഭാഗം വൈസ് ചെയർ സ്ഥാനം വഹിക്കുന്ന ഡോ. ഏബ്രഹാമുമായി നടത്തിയ ഇമെയിൽ സംഭാഷണത്തിൽ നിന്ന്:
കേരളം എങ്ങനെയാണ് ഈ നോവലിൽ പശ്ചാത്തലമായത്?
ഭൂമിശാസ്ത്രമാണ് മനുഷ്യരുടെ ഭാഗധേയം നിശ്ചയിക്കുന്നത്. കേരളത്തിന്റെ ഭൂമിശാസ്ത്രവും നമ്മുടെ ആചാരാനുഷ്ടാനങ്ങളും പ്രത്യേകത നിറഞ്ഞതാണ്. കേരളത്തിലല്ല ജനിച്ചതെങ്കിലും എല്ലാ വർഷവും ഇവിടെ വരാനും മദ്രാസിൽ മെഡിസിനു പഠിക്കുന്ന സമയത്ത് ഇവിടെയെത്തി വല്യപ്പച്ചനോടൊപ്പം ചെലവഴിക്കാനും സമയം കിട്ടി. അന്നൊരു ക്രിസ്ത്യൻ രാജ്യമായിരുന്ന ഇത്യോപ്യയിലും ആരാധനയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. അവിടെ തിയോളജിക്കൽ കോളജിലും മറ്റും പഠിപ്പിക്കാൻ മലയാളി വൈദികരുണ്ടായിരുന്നു. വായിക്കാൻ പ്രയാസമാണെങ്കിലും എനിക്കു മലയാളം നന്നായി മനസ്സിലാകും. മലയാളിക്കുട്ടിയായാണു ഞാൻ വളർന്നത്. എന്റെ സഹോദരപുത്രി ഒരിക്കൽ എന്റെ അമ്മയോടു ചോദിച്ചു. ‘അമ്മച്ചീ അഞ്ചു വയസ്സുള്ളപ്പോൾ നിങ്ങൾ എങ്ങനെയായിരുന്നു’? എന്ന്. എന്റെ അമ്മ അന്ന് അതു സംബന്ധിച്ച് 200 പേജ് നിറയെ കുറിപ്പെഴുതി ചിത്രങ്ങൾ സഹിതം അവൾക്കു കൊടുത്തു. അതേ രീതിയിലാണ് ഞാൻ ഈ നോവലിനു പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ഇതിനു മാത്രമായി പലതവണ കേരളത്തിൽ വന്നു. ഇത്യോപ്യയിൽ എന്നോടൊപ്പം വളർന്ന എന്റെ ബന്ധു തോമസ് വർഗീസാണ് ഈ നോവലിന്റെ രേഖാചിത്രങ്ങൾ തയാറാക്കിയത്. ഒട്ടേറെ ഗവേഷകർ നൽകിയ നിരീക്ഷണങ്ങൾ ഈ നോവലിന് ഊടും പാവും നെയ്യാൻ സഹായകമായി.
മെഡിസിൻ എന്നത് ജീവിതം തന്നെയാണ്. അഥവാ ലൈഫ് 2.0 ആണ്. ഏറ്റവും പ്രയാസമേറിയ വൈതരണിയാണു രോഗവും ചികിത്സയും. ഡോക്ടർമാർ നിരീക്ഷണത്തിലൂടെയും അനുഭവങ്ങൾ കേൾക്കുന്നതിലൂടെയുമാണ് രോഗം കണ്ടുപിടിക്കുന്നത്. പരസ്പര ബന്ധമില്ലെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന പല കാര്യങ്ങൾ ചേർത്തുവയ്ക്കുമ്പോൾ രോഗത്തിലേക്കുള്ള ചില തുമ്പുകൾ കിട്ടും. നോർമൽ എന്നു തോന്നുന്ന പല കാര്യങ്ങൾക്കു പിന്നിലും പല അസാധാരണ കാര്യങ്ങളും ഒളിച്ചിരിക്കും. വൈദ്യശാസ്ത്രത്തിലെ രോഗചരിത്ര പഠന രീതിയാണ് ഈ നോവലിന്റെയും രചനാസങ്കേതമായി സ്വീകരിച്ചിരിക്കുന്നത്.
പരസ്പര സ്നേഹം, വിശ്വാസം, കുടുംബം, വൈദ്യശാസ്ത്രം എന്നിവയെല്ലാം ഇതിലുണ്ട്. പല കുടുംബങ്ങളും രക്തബന്ധം മാത്രമല്ല, മഹാരഹസ്യങ്ങളും ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. പറമ്പിൽ എന്നത് ഒരു സാങ്കൽപിക വീട്ടുപേരാണ്. ഈ കുടുംബവും ഇത്തരമൊരു രഹസ്യം ചോരാതെ കാക്കുന്നു. കഴിഞ്ഞ ഏഴു തലമുറയായി ഓരോ തലമുറയിലെയും ഒരാളെങ്കിലും വെള്ളത്തിൽ വീണു മരിക്കുന്ന അവസ്ഥാ വിശേഷമാണ് ആ രഹസ്യം.
ഇതിൽ നോവലിസ്റ്റിന്റെ ആത്മകഥാംശം കലർന്നിട്ടില്ലേ ?
എന്റെ ചിന്തയിലൂടെ പുറത്തുവന്നെന്നു കരുതി ഇതെന്റെ ആത്മകഥയല്ല. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ നാലു മാസമായി ഒന്നാമതാണ് ഈ പുസ്തകം. എന്റെ ശബ്ദത്തിൽ തന്നെ ഇതിന്റെ ഓഡിയോയും നന്നായി സ്വീകരിക്കപ്പെടുന്നു. 20 ഭാഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്യാൻ കരാറായി. ഇറ്റാലിയൻ ഭാഷയിൽ നോവൽ പുറത്തിറങ്ങി. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ധാരാളം കോപ്പികൾ വിറ്റു.
അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സും സമാന പശ്ചാത്തലമുള്ള കൃതിയല്ലേ ?
അതെ. താൻ വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്ന വ്യക്തി, എഴുത്തുകാരി എന്നീ നിലകളിൽ ഞാൻ അരുന്ധതിയുടെ ആരാധകനാണ്. ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. വൈകാതെ കാണണം എന്നുണ്ട്. കേരളത്തിലെ നസ്രാണി ജീവിതമാണ് അവരുടെ ആദ്യ നോവലിന്റെയും ഈ നോവലിന്റെയും പശ്ചാത്തലം. കൃതികൾക്കിടയിലെ മാണിക്യമാണ് ഗോഡ് ഓഫ് സ്മോൾ തിങ്സ്. നദികളും തടാകങ്ങളും തോടും പാടവും എന്നുവേണ്ട എങ്ങോട്ടു തിരിഞ്ഞാലും വെള്ളമാണ് കേരളത്തെ അടയാളപ്പെടുത്തുന്നത്. നമ്മെയെല്ലാം കൂട്ടിയിണക്കുന്ന വലിയൊരു ചക്രമാണ് ജലം. ജലത്തിലാണ് നമ്മുടെ സ്പന്ദനം. ബൈബിളിലെ പഴയനിയമകാല ഉടമ്പടികളെ ധ്വനിപ്പിച്ചാണ് ദ് കവനന്റ് ഓഫ് വാട്ടർ പേരിട്ടത്. മുങ്ങിമരണങ്ങൾക്കിടയിലും കുടുംബത്തെ തകരാതെ കാക്കുന്നത് അദൃശ്യമായ കരാറിന്റെ കാണാച്ചരടാണ്.
മലയാള മനോരമ ദിനപത്രം വായിക്കുകയും ചർച്ച ചെയ്യുകയും പ്രാദേശിക വികസന വാർത്തകളിൽ ചെറിയ തോതിൽ ഇടംപിടിക്കുകയും ചെയ്യുന്നവരും കോളമെഴുതുന്നവരുമൊക്കെ ഈ നോവലിൽ കഥാപാത്രങ്ങളായുണ്ടല്ലോ.?
കുട്ടിയായിരുന്ന കാലം മുതൽ നാട്ടിൽ വരുമ്പോൾ ജനജീവിതത്തിന്റെ അവിഭാജ്യഘടകമാണ് മനോരമ എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ആഴ്ചപ്പതിപ്പും. ഞാൻ പോകുന്ന ഓരോ വീട്ടിലും മനോരമ ഇടം പിടിച്ചിരുന്നു. സാക്ഷരസമൂഹമായതിനാൽ എല്ലാവർക്കും വായിക്കാനറിയാം. പല തലമുറകളിലേക്കു നീണ്ടു കിടക്കുന്ന മനോരമയുടെ ചരിത്രവും പാരമ്പര്യവും എനിക്കു നന്നായറിയാം. മനോരമ ഓരോ കുടുംബത്തിന്റെയും ഭാഗമായതിനാൽ പറമ്പിൽ കുടുംബത്തിന്റെ കഥയിലും അത് അനുയോജ്യമാണെന്നു തോന്നി. അക്കാലത്തെ പ്രവാസിസമൂഹത്തിനു മനോരമയോടുള്ള ആദരവു പ്രകടിപ്പിക്കാനാണു മുഖ്യകഥാപാത്രമായ ഫിലിപ്പോസിനെ മനോരമയിലെ കോളമഴുത്തുകാരനായി നോവലിൽ ചിത്രീകരിച്ചത്.
ബിഗ് അമ്മച്ചിയുടേത് ശൈശവവിവാഹം
പിതാവു വേർപെട്ട ദുഖം അടങ്ങും മുൻപു വിവാഹവേദിയിലേക്കു വള്ളംകയറി പോകേണ്ടി വന്ന ഒരു 12 വയസ്സുകാരിയുടെ കഥ പറഞ്ഞാണു നോവൽ തുടങ്ങുന്നത്. അവളുടെ പിതാവ് മുണ്ടക്കയത്തു പള്ളിയിലെ വൈദികനാണ്. പിതാവ് അകാലത്തിൽ മരിച്ചതോടെ അവളും മാതാവും അമ്മാവന്റെ സംരക്ഷണയിൽ. വൈദികന്റെ മകളായതുകൊണ്ടു റാന്നിയിലുള്ള ദല്ലാൾ നല്ലൊരു ആലോചനയുമായി വന്നപ്പോൾ പ്രായമൊന്നും നോക്കാതെ പിടിച്ചു ‘കെട്ടിക്കുന്ന’തിന് ഒരുങ്ങുകയാണു കാരണവന്മാർ. പറമ്പിൽ എന്ന സാങ്കൽപ്പിക പേരുള്ള വീട്ടിലേക്കെത്തുന്ന വധുവിന് ചിരിയും കളിയും മാറിയിട്ടില്ല. പിന്നീട് 70 വർഷത്തോളം ഈ 500 ഏക്കർ തറവാടിനെ നയിക്കുന്ന ബിഗ് അമ്മച്ചി എന്ന നായികാ കഥാപാത്രമാണ് ഈ കൊച്ചുപെൺകുട്ടി.
തിരുവിതാംകൂർ എന്ന ഹരിതദേശം
കഥാപാത്രങ്ങളെക്കൊണ്ട് ചരിത്രം പറയിക്കുന്ന രീതിയാണ് ഏബ്രഹാം വർഗീസിന്റേത്. വെള്ളം ഓരോരുത്തരുടെയും വിധി തീരുമാനിക്കുന്നിടം എന്നാണ് തിരുവിതാംകൂറിനെക്കുറിച്ചുള്ള നിരീക്ഷണം. കേരളത്തിന്റെ ആകൃതി തന്നെ മത്സ്യത്തിന്റേതാണ്.
മുണ്ടും തോർത്തും ചട്ടയും കവണിയും
പുഴുക്ക്, ഇറച്ചി ഉലത്തിയത്, മീൻ വേവിച്ച കറി, പുട്ട്, മത്തി വറുത്തത്, തോരൻ, ജീരകവെള്ളം തുടങ്ങിയവയെല്ലാം നോവലിൽ അണിനിരക്കുന്നു. എല്ലാറ്റിനും രുചി പകരുന്നത് തേങ്ങയും വെളിച്ചെണ്ണയും. Life would cease in Travancore without the coconut. മഴയില്ലെങ്കിൽ ജീവിതം ഇവിടെ കുടമടക്കും. Without the monsoon, this land whose flag is green and whose coin is water would cease to exist.
വസൂരിയുടെ വിളയാട്ടം; നക്സലിസം, കമ്യൂണിസം
വയനാട്ടിലേക്കു കടന്ന പറമ്പിൽ കുടുംബത്തിലെ ലിസിയും ഭർത്താവ് മാനേജർ കോരയും വസൂരിയോടു മല്ലടിക്കുന്ന രംഗമാണ് 57–ാം അധ്യായം. ചെന്നാൽ പട്ടിയെ അഴിച്ചുവിടുമെന്നു പറയുന്ന അയൽക്കാർ. ഇവരുടെ മകൻ ലെനിന് ഒരു നേരം ചോറു കൊടുക്കുന്നത് പാവപ്പെട്ട അക്ക. വൈദികനാകാൻ ആഗ്രഹിച്ച ലെനിൻ നക്സൽ നേതാവായി.
ഗ്ലാസ്ഗോയുടെ അനാഥമകൻ മദ്രാസിന്റെ സർജൻ
നോവലിലെ റൊമാന്റിക് വില്ലനായി മാറുന്ന ബ്രിട്ടീഷുകാരനായ ഡിഗ്ബി ഇംഗ്ലണ്ട് വിട്ട് ഇന്ത്യയിലേക്കു വരുന്നത് കപ്പലിലാണ്. ഗ്ലാസ്ഗോയിലെ ആശുപത്രിയിൽ സർജറിയിൽ തുടർപഠനം നടത്താൻ അവസരം കിട്ടാതെ പോയതിൽ മനംനൊന്തിരുന്ന പയ്യനെ അമ്മയുടെ ആത്മഹത്യ കൂടുതൽ ദുഖിതനാക്കി. ഇന്ത്യൻ മെഡിക്കൽ സർവീസ് എന്ന വലയത്തിലേക്ക് അങ്ങനെയാണ് ആകൃഷ്ടനാകുന്നത്.
ഡിഗ്ബിയും എൽസിയും കുഷ്ടരോഗവും പ്രണയവും
ബിഗ് അമ്മച്ചിയുടെ മകനാണു ഫിലിപ്പോസ്. ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെടുന്ന എൽസിയുമായി വിവാഹം. ആദ്യകുട്ടി മരിച്ച ശേഷം കുറെ നാൾ എൽസി ഹൈറേഞ്ചിലെ സ്വന്തം എസ്റ്റേറ്റിലായിരുന്നു. തിരികെയെത്തി മറിയാമ്മ എന്ന മകളെ പ്രസവിക്കുന്നു.
കുളിക്കാനാണെന്നു പറഞ്ഞു കടവിലേക്കുപോയ എൽസിയെ കാണാതാകുന്നു. ചെരിപ്പും മറ്റും കരയിൽ വച്ചിട്ടുണ്ട്. അവൾ ഒഴുക്കിൽപ്പെട്ടതായി ഫിലിപ്പോസും മകൾ മറിയാമ്മയും ബിഗ് അമ്മച്ചിയും കരുതി. താഴെ പാലത്തിൽ കാത്തിരുന്ന ഡിഗ്ബിയുടെ കാറിൽ കയറി എൽസി എസ്റ്റേറ്റിലേക്കു രക്ഷപ്പെടുന്നു. മദ്രാസിലും മറ്റും ഒളിച്ചു താമസിച്ച് ചിത്രം വരച്ചു വിറ്റും മറ്റും എൽസിയും ഡിഗ്ബിയും കാലം കഴിച്ചു. ഇതിനിടെ ബിഗ് അമ്മച്ചി ഉൾപ്പെടെ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എൽസി ജീവനോടെ മദ്രാസിലുണ്ടെന്നു മനസ്സിലാക്കിയ ഫിലിപ്പോസ് മറ്റൊരു രഹസ്യംകൂടി മനസ്സിലാക്കി. തന്റെ മകൾ മറിയാമ്മയുടെ പിതാവ് താനല്ല, ഡിഗ്ബി ആണെന്ന സത്യമായിരുന്നു അത്. ഈ സത്യം പറയാനായിരിക്കാം ഫിലിപ്പോസ് മെഡിസിനു പഠിക്കുന്ന മകളെ കാണാൻ മദ്രാസിലേക്കു ട്രെയിൻ കയറുന്നത്. ആ യാത്രയിൽ അയാൾ ട്രെയിൻ വെള്ളത്തിലേക്കു മറിഞ്ഞു മരിക്കുന്നു. പ്രസവിച്ച് അധികം വൈകാതെ പോയതിനാൽ മാതാവിനെ കണ്ട ഓർമപോലും മറിയാമ്മയ്ക്കില്ല. അവളെ വളർത്തുന്നത് ബിഗ് അമ്മച്ചിയാണ്. മാരാമൺ കൺവൻഷൻ സമയത്ത് പുതപ്പുധരിച്ച ഒരു സ്ത്രീ പറമ്പിൽ വീട്ടിൽ ഓരോ വർഷവും വരുമായിരുന്നു. കുഷ്ടരോഗിയാണന്നു തോന്നും. ഭിക്ഷ യാചിച്ച് അവർ മടങ്ങും. അത് മകൾ മറിയാമ്മയെ കാണാൻ വന്നിരുന്ന എൽസി ആയിരുന്നോ ?
എൽസിയെ തോട്ടമുടമയും ഡോക്ടറുമായ ഡിഗ്ബി കണ്ടുമുട്ടുന്നതും ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലാണ്. ചിത്രകാരിയായ എൽസിയെ ഡിഗ്ബിക്ക് ഇഷ്ടമായിരുന്നു. Art is never finished, only abandoned എന്നായിരുന്നു ഡിഗ്ബി അവളുടെ കലാമോഹങ്ങളെ ഉണർത്താനായി പറഞ്ഞത്. Every stone has a figure locked in it. എന്ന് ഡിഗ്ബി പറയുക മാത്രമല്ല അവളിലെ പ്രണയശിൽപ്പത്തെ പുറത്തെടുക്കുക തന്നെ ചെയ്തു.
ഫിലിപ്പോസിന്റെ മൃതദേഹം മദ്രാസിലെ ആശുപത്രിയിലാണു പോസ്റ്റ് മോർട്ടം ചെയ്യുന്നത്. തളർന്നു പോകുന്ന മകൾ മറിയാമ്മ ഏതാനും ആഴ്ചകൾക്കു ശേഷം തിരികെ മെഡിക്കൽ കോളജിൽ എത്തുമ്പോൾ പിതാവിന്റെ തലച്ചോർ ഫൊറൻസിക് പഠനത്തിനായി എടുത്ത കാര്യം പ്രഫസർ അറിയിക്കുന്നു. ഈ തലച്ചോറിന്റെ പ്രത്യേകത ഗവേഷണം ചെയ്ത് മറിയാമ്മ പിന്നീട് ന്യൂറോളജിയിൽ ഉന്നത പഠനങ്ങൾ നടത്തുകയാണ്. വെള്ളത്തെ പേടിക്കുന്ന ഒരുതരം ന്യൂറോ രോഗം പറമ്പിൽ കുടുംബത്തിനു ജനിതക പാരമ്പര്യമായി ഉണ്ടെന്ന വിവരവും ഗവേഷണത്തിലൂടെ പുറത്തു വരുന്നു.
ഇതിനിടെ ഡിഗ്ബിയുടെ അടുത്തെത്തുന്ന മറിയാമ്മ മറ്റൊരു രഹസ്യം അറിയുന്നതോടെ ഉലഞ്ഞുപോകുന്നു. എൽസിക്ക് ഡിഗ്ബിയിൽ ഉണ്ടായ കുട്ടിയാണ് താനെന്ന സത്യം ഏറ്റവുമൊടുവിൽ അറിഞ്ഞതിന്റെ ആത്മനിന്ദയും ആ മുഖത്തു നിഴലിക്കുന്നു. എൽസിക്കു കുഷ്ടരോഗം കലശലായി.
മാരാമൺ കൺവൻഷനിൽ ഉയർന്ന ഒരു ആഹ്വാനത്തിൽ നിന്നാണ് പറമ്പിൽ വീടിനോടു ചേർന്ന സ്ഥലത്ത് ഒരു മിഷൻ ആശുപത്രി ആരംഭിക്കുന്നത്. അവിടെ മറിയാമ്മ മികച്ച ഡോക്ടറായി തിളങ്ങുന്നതോടെ ജലഉടമ്പടിയുടെ നനവ് വായനക്കാരുടെ കണ്ണുകളെയും ഈറനണിയിക്കും.
English Summary : Sunday special about the Novel, 'The Convenant of water' written by Abraham Verghese