പുന്നോർക്കോട്ടു നിന്ന് ബിജുവിന്റെ രസതന്ത്രം

Mail This Article
പിടിച്ചുനിൽക്കാനൊരു ജോലി, ചവിട്ടിനിൽക്കാൻ സ്വന്തം നാട്... എറണാകുളം ജില്ലയിലെ പള്ളിക്കരയ്ക്കു സമീപമുള്ള പുന്നോർക്കോട് ഗ്രാമത്തിൽ ജനിച്ചു വളർന്ന ആക്കാട്ട് ടി.ബിജു എന്ന ഡോ.എ.ടി. ബിജുവിന്റെ ആഗ്രഹം ഇതു മാത്രമായിരുന്നു. പക്ഷേ, കാലം കാത്തുവച്ചത് മറ്റൊന്നാണ്. എല്ലാവരും പഠിച്ച് 'വലിയ ആളാകാൻ' ശ്രമിച്ചപ്പോൾ, ബിജു പഠിച്ചത് ജീവിക്കാൻ വേണ്ടിയാണ്.
കൊച്ചിൻ റിഫൈനറിയിലെ ഏതെങ്കിലുമൊരു ചെറുതസ്തികയായിരുന്നു വൈക്കോൽ മേഞ്ഞ വീട്ടിലിരുന്ന് ബിജു കണ്ടിരുന്ന ഏറ്റവും വലിയ സ്വപ്നം. എന്നാൽ എത്തിപ്പെട്ടത് രാജ്യത്തെ പ്രിമിയർ ശാസ്ത്ര സ്ഥാപനമായ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‍സി) പ്രഫസർ പദത്തിൽ. ഒടുവിൽ, രാജ്യത്ത് 45 വയസ്സിനു താഴെയുള്ള മികച്ച ശാസ്ത്ര ഗവേഷകർക്കുള്ള 5 ലക്ഷം രൂപയുടെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരവും തേടിയെത്തി.
വൈക്കോൽ മേഞ്ഞ സ്വപ്നങ്ങൾ
അച്ഛൻ തങ്കപ്പൻ നായർക്കു വീടിനോടു ചേർന്നൊരു ചായക്കടയായിരുന്നു; അമ്മയും ചേച്ചിയും കൂടി അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാർഗം. ലാഭം വർധിപ്പിക്കണമെന്ന വാശിയൊന്നും അച്ഛനുണ്ടായിരുന്നില്ല. തനിക്കു പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലെങ്കിലും മക്കൾ നന്നായി പഠിക്കണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. പഠിപ്പിക്കാൻ കഴിവുണ്ടായിരുന്നില്ലെങ്കിലും പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ കഴിഞ്ഞു.
സഹോദരൻ കോട്ടയത്തൊരു ഹോട്ടൽ നടത്തിയപ്പോൾ ഒപ്പം കൂടാൻ അച്ഛനെ വിളിച്ചു. ആ ക്ഷണം സ്വീകരിച്ചില്ല. തന്റെ കൺവെട്ടത്തുനിന്നു മാറിയാൽ മകൻ ഉഴപ്പുമെന്നായിരുന്നു ആശങ്ക. കിട്ടാമായിരുന്ന അവസരങ്ങൾ പലതും അച്ഛൻ ഇക്കാരണത്താൽ വേണ്ടെന്നു വച്ചു. ചായക്കടയിൽ നിന്നുള്ള വരുമാനം പലപ്പോഴും തികയാറില്ല. അമ്മയായ ലക്ഷ്മിക്കുട്ടി പാടത്ത് ഞാറുനടാനും നെല്ലു കൊയ്യാനും പോയാണ് ഈ കുറവ് നികത്തിയത്. വൈക്കോൽ മേഞ്ഞ വീട്ടിൽ, ബിജു ബിഎസ്‍സിക്കു പഠിക്കും വരെ വൈദ്യുതി കണക‍്ഷനുണ്ടായിരുന്നില്ല. അന്നൊക്കെ കണക‍്ഷനെടുക്കാൻ തരക്കേടില്ലാത്തൊരു തുക കെട്ടിവയ്ക്കണമായിരുന്നു.
അതുവരെ മണ്ണെണ്ണവിളക്കും വീടിനു മുന്നിലുള്ള വഴിവിളക്കുമായിരുന്നു ആശ്രയം. അക്കാലത്താണു വൈക്കോൽ മാറ്റി ടാർഷീറ്റ് വിരിക്കുന്നത്. പഴന്തോട്ടം ഗവ.ഹൈസ്കൂളിലായിരുന്നു 5–ാം ക്ലാസ് വരെ പഠനം. സാമ്പത്തിക പ്രശ്നമുണ്ടെങ്കിലും ഇംഗ്ലിഷ് മീഡിയത്തിൽ പഠിപ്പിക്കണമെന്ന ആഗ്രഹത്തോടെ ബിജുവിനെ ആറാം ക്ലാസിൽ വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിൽ ചേർത്തു. തുടക്കത്തിൽ ബിജുവിന്റെ കാര്യത്തിൽ അച്ഛന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. ചേച്ചിയുമായുള്ള താരതമ്യം വച്ചായിരുന്നു അത്.
ചേച്ചി പഴന്തോട്ടം സ്കൂളിൽ തന്നെയാണു 10 വരെ പഠിച്ചത്. പത്താം ക്ലാസിൽ 600ൽ 450 മാർക്ക് വാങ്ങിയ ചേച്ചി സ്കൂളിൽ ഒന്നാമതെത്തി. ബിജുവിന് 525 മാർക്കുണ്ടായിരുന്നെങ്കിലും സ്കൂളിലെ മുൻനിരയിലുണ്ടായിരുന്നില്ല. കാരണം, വടവുകോട് സ്കൂളിൽ ഒന്നാം സ്ഥാനക്കാരന്റെ മാർക്ക് 570 ആയിരുന്നു. ചേച്ചിയെക്കാൾ ഉയർന്ന മാർക്ക് വാങ്ങിയിട്ടും കാര്യമുണ്ടായില്ല, ക്ലാസിൽ ഫസ്റ്റ് അല്ലല്ലോ എന്നായിരുന്നു അച്ഛന്റെ പരിഭവം.
നാട്ടിലെ 'വിദഗ്ധോപദേശം'
പുന്നോർക്കോട് വിട്ടുപോകുന്നത് ബിജുവിന്റെ സങ്കൽപ്പത്തിൽ പോലുമില്ലായിരുന്നു. ആലുവ യുസി കോളജിൽ നിന്ന് 80% മാർക്കോടെ പ്രീഡിഗ്രി പാസായി. ബിഎസ്‍സി കെമിസ്ട്രിക്ക് പോകണമെന്നായിരുന്നു ആഗ്രഹം. സ്കൂൾ മുതൽക്കെ കെമിസ്ട്രിയോടായിരുന്നു ഇഷ്ടം.
1993–94 കാലത്ത് ബിഎസ്‍സി ബിരുദധാരികൾ പലരും ജോലിയില്ലാതെ നടക്കുന്ന സമയമാണ്. മാതാപിതാക്കൾക്ക് വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് നാട്ടിൽ അൽപം പഠിപ്പുള്ള ചിലരിൽ നിന്ന് ഉപദേശം തേടി. മൂന്നു വർഷത്തെ പോളിടെക്നിക് ഡിപ്ലോമയെടുത്താൽ ഉറപ്പായും ജോലി കിട്ടുമെന്ന് അവർ ഉപദേശിച്ചു. ബിഎസ്‍സിക്ക് അപേക്ഷിച്ചിരുന്നെങ്കിലും 'വിദഗ്ധോപദേശം' മാനിച്ച് ആ ശ്രമം ഉപേക്ഷിച്ചു.
പോളിടെക്നിക്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ പാസായാൽ കൊച്ചിൻ റിഫൈനറിയിൽ പ്ലാന്റ് ഓപ്പറേറ്ററായി ജോലി കിട്ടുമെന്നായിരുന്നു സ്വപ്നം. എന്നാൽ ആദ്യ അലോട്മെന്റിൽ കിട്ടിയത് കളമശേരിയിൽ ഓട്ടമൊബീൽ എൻജിനീയറിങ്. ഒട്ടും താൽപര്യമില്ലാത്തതിനാൽ വീണ്ടും കാത്തിരുന്നു. കോഴിക്കോട്ട് കെമിക്കൽ എൻജിനീയറിങ് കിട്ടിയെങ്കിലും വീട്ടിൽ നിന്നു മാറിനിന്നു പഠിക്കാനുള്ള സാമ്പത്തികമില്ലാത്തതിനാൽ പോയില്ല. മൂന്നാമത്തെ ലിസ്റ്റിൽ കോതമംഗലം ചേലാട് പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കലിനു കിട്ടി. മനസ്സില്ലാമനസ്സോടെ ചേർന്നു. 35 കിലോമീറ്റർ യാത്രയുണ്ടെങ്കിലും വീട്ടിൽ നിന്നു പോയി വരാമെന്നതായിരുന്നു ഏക ആശ്വാസം. എന്നാൽ ആശ്വാസം ഏറെനാൾ നീണ്ടുനിന്നില്ല.
പോളിടെക്നിക് കാലം
പോളിടെക്നിക് പഠിച്ചിട്ടും നേരാംവണ്ണം ഒരു സോൾഡറിങ് അയൺ കയ്യിൽ പിടിക്കാൻ പോലും അറിയില്ലായിരുന്നു. കോളജിൽ മിക്കപ്പോഴും സമരമുണ്ടായിരുന്നതിനാൽ ക്ലാസുകൾ മുടങ്ങും. യാത്ര ചെയ്ത് അവിടെ വരെ പോകുമ്പോഴായിരിക്കും ഇതറിയുക. അക്കാലത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോളിടെക്നിക്കിലെ സൗകര്യങ്ങളും പരിമിതമായിരുന്നു. അവിടെ വലിയ പ്രതീക്ഷയില്ലാത്തതുകൊണ്ട് എൻജിനീയറിങ് എൻട്രൻസ് എഴുതി. എണ്ണായിരത്തിനടുത്ത് റാങ്ക് കിട്ടി. പ്രവേശനം ലഭിച്ചത് പാലക്കാട് എൻഎസ്എസ് കോളജിൽ. സാമ്പത്തികപ്രതിസന്ധി വീണ്ടും വില്ലനായതോടെ അങ്ങോട്ടുള്ള പോക്കും ഉപേക്ഷിച്ചു. ഒന്നരവർഷത്തെ പോളിടെക്നിക് പഠനം കഴിഞ്ഞപ്പോഴാണ് എടത്തല അൽ അമീൻ കോളജിന്റെ ബിഎസ്‍സി പെട്രോകെമിക്കൽസ് എന്ന പുതിയ സ്പെഷലൈസ്ഡ് കോഴ്സിനെക്കുറിച്ചറിഞ്ഞത്.
വലിയ ആവേശമായി. പോളിടെക്നിക്കിൽ അപ്പോഴേക്കും ഒന്നരവർഷം കഴിഞ്ഞിരുന്നു. ഒന്നരക്കൊല്ലം കൂടി കഴിഞ്ഞാൽ കോഴ്സ് പൂർത്തിയാക്കാം. അതിനു കാത്തുനിന്നില്ല. ഇതല്ല തന്റെ വഴിയെന്ന് അച്ഛനോടു തുറന്നുപറഞ്ഞു. സമ്മതം മൂളിയതോടെ പോളിടെക്നിക് കോഴ്സ് ഉപേക്ഷിച്ച് അൽ അമീനിൽ ചേർന്നു. കൊച്ചിൻ റിഫൈനറി തന്നെയായിരുന്നു സ്വപ്നങ്ങളിൽ. 22 പേർ മാത്രമുള്ള കോഴ്സിൽ ഫസ്റ്റ് റാങ്ക് ബിജുവിനായിരുന്നു. എന്നാൽ ആ പെട്രോകമിക്കൽസ് ബാച്ചിലുള്ള ആർക്കും അന്നു റിഫൈനറിയിൽ ജോലി കിട്ടിയില്ല. ഉപരിപഠനമെന്ന സ്വപ്നമേ അന്നു മനസ്സിൽ ഇല്ലായിരുന്നു.
ഇതിനിടയ്ക്ക് 'സിന്തൈറ്റ്' കമ്പനിയിൽ ചെറിയൊരു ജോലി കിട്ടിയതോടെ സന്തോഷമായി. 2,000 രൂപയായിരുന്നു ശമ്പളം. വീട്ടിലെ സ്ഥിതി വച്ച് നോക്കുമ്പോൾ അത് വലിയ ആശ്വാസമായിരുന്നു. വീട്ടിൽ നിന്ന് 45 കിലോമീറ്റർ ദൂരമുണ്ടെങ്കിലും നാട്ടിൽ നിൽക്കാമെന്നതായിരുന്നു ആകർഷണം. കുറെ നാൾ കഴിഞ്ഞ് ഒരു ദിവസം അച്ഛൻ പറഞ്ഞു–'ജോലി മതി, നീ ഉപരിപഠനത്തിനു പോണം'. അന്നതു പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ എ.ടി. ബിജു എന്ന രാജ്യമറിയുന്ന ഗവേഷകനുണ്ടാകുമായിരുന്നില്ല.
ജീവിതം മാറ്റിമറിച്ച ജെആർഎഫ്
അച്ഛന്റെ ഗ്രീൻ സിഗ്നലോടെ 1999ൽ എംഎസ്‍സിക്ക് അപേക്ഷിച്ചു. പെട്രോകെമിക്കൽസിൽ ഒന്നാം റാങ്കുണ്ടായിരുന്നതിനാൽ എവിടെ വേണമെങ്കിലും അഡ്മിഷൻ കിട്ടുമായിരുന്നു. തേവര എസ്എച്ച് കോളജ് തിരഞ്ഞെടുത്തു. അക്കാലത്ത് സിഎസ്ഐആർ–നെറ്റ് പരീക്ഷ വിദ്യാർഥികൾക്കിടയിൽ വലിയ ചർച്ചാവിഷയമാണ്.
മോഡൽ ചോദ്യങ്ങൾ പോലും ലഭ്യമല്ലാത്ത കാലമായിരുന്നു. ഇന്നത്തപ്പോലെ കോച്ചിങ്ങും അത്ര പോപ്പുലർ അല്ല. 2001ലാണ് എംഎസ്‍സി പാസ്ഔട്ട് ആകേണ്ടത്. എന്നാൽ 2000 ഡിസംബറിലെ നെറ്റ് പരീക്ഷയ്ക്ക് തന്നെ അപേക്ഷ നൽകി. പരീക്ഷയിലെ ചോദ്യങ്ങൾ പരിചയപ്പെടുക മാത്രമായിരുന്നു ലക്ഷ്യം. അപേക്ഷാ ഫീസ് നൽകിയത് സമീപവാസിയും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനുമായ സുരേഷ് പിണക്കാട്ട് ആയിരുന്നു. എംഎസ്‍സിക്ക് ഫീസടയ്ക്കേണ്ടി വന്നപ്പോഴും സുരേഷിന്റെ പിന്തുണയുണ്ടായി.
എംഎസ്‍സി പാസായ ശേഷം എഴുതുന്നവർക്കു പോലും നെറ്റ് കിട്ടുന്നില്ലെന്ന് ചില അധ്യാപകർ പറഞ്ഞു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആദ്യശ്രമത്തിൽ ജെആർഎഫ് (ജൂനിയർ റിസർച് ഫെലോഷിപ്) കിട്ടി. എസ്‍എച്ചിലെ കെമിസ്ട്രി വിഭാഗത്തിൽ ഒരാൾക്ക് ആദ്യമായാണ് ജെആർഎഫ് കിട്ടുന്നത്. ഇത് കോളജിൽ വലിയ വാർത്തയായി. എംഎസ്‍സിക്ക് സർവകലാശാലയിൽ ഫസ്റ്റ് റാങ്കും ലഭിച്ചു. അടുത്ത 15 വർഷത്തിനിടെ എസ്എച്ചിൽ അൻപതോളം ജെആർഎഫുകൾ പിറന്നു.
നെറ്റ് പാസാകുന്നവരിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് ഗവേഷണത്തിനായി നൽകുന്നതാണ് ജെആർഎഫ്. റിസർച്ച് എന്നൊരു സങ്കൽപം പോലും മനസ്സിലുണ്ടായിരുന്നില്ല. നെറ്റ് പാസായാൽ ഏതെങ്കിലും കോളജിൽ പഠിപ്പിക്കാൻ കയറാമെന്നതായിരുന്നു മനസ്സിൽ. എന്നാൽ ജെആർഎഫ് തന്നെ കിട്ടിയതോടെ റിസർച്ചിലേക്കു തിരിയണമെന്നായി അധ്യാപകർ. താൽപര്യമില്ലെന്ന് ആകുന്നത്ര പറഞ്ഞുനോക്കി. രക്ഷയുണ്ടായില്ല.
5,650 രൂപയാണ് അന്ന് ജെആർഎഫ് സ്റ്റൈപെൻഡ് തുകയായി പ്രതിമാസം ലഭിക്കുക. ഇത് വലിയൊരു ആകർഷണമായിരുന്നു. കിട്ടാവുന്ന ജോലിക്കൊന്നും ഇത്രയും ശമ്പളം കിട്ടില്ല. തിരുവനന്തപുരത്ത് റീജനൽ റിസർച് ലബോറട്ടറിയിൽ (ഇന്നത്തെ സിഎസ്ഐആർ–നിസ്റ്റ്) ഡോ.വിജയ് നായരുടെ കീഴിൽ പിഎച്ച്ഡിക്കു ചേർന്നു.
1,700 രൂപയ്ക്കു താമസം
തിരുവനന്തപുരം പാപ്പനംകോട്ട് 4 സുഹൃത്തുക്കൾ ചേർന്നെടുത്ത വാടകവീട്ടിലായിരുന്നു താമസം. 5,650 രൂപ ഫെലോഷിപ് ആയി ലഭിക്കുമ്പോൾ അതിൽ 4,000 രൂപ വീട്ടിലേക്ക് അയയ്ക്കും. ഓരോ മാസവും ലഭിച്ച സ്റ്റൈപൻഡിൽ നിന്നടക്കം സ്വരുക്കൂട്ടി സഹോദരിയുടെ വിവാഹം നടത്തി. വീട് വളരെ മോശം അവസ്ഥയിലായതിനാൽ വിവാഹത്തിനു മുന്നോടിയായി അൽപം സൗകര്യമുള്ള ഒരു വാടകവീട്ടിലേക്കു മാറി. പിഎച്ച്ഡിയിൽ തീർന്നില്ല. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനായി വിദേശത്തേക്കു പോയി. മുൻപ് പോയ സീനിയേഴ്സിൽ നിന്നു കടം വാങ്ങിയായിരുന്നു യാത്ര. ജർമനിയിൽ അലക്സാണ്ടർ വോൺ ഹുംബോൾഡ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് നേടിയാണ് പോസ്റ്റ് ഡോക് നേടിയത്. ഇതിനിടയ്ക്കാണ് സ്വന്തം നാട്ടുകാരി കൂടിയായ രമ്യ രാധാകൃഷ്ണനുമായുള്ള വിവാഹം.
ബെംഗളൂരു ജവാഹർലാൽ നെഹ്‍റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ ടെക്നിക്കൽ സ്റ്റാഫാണു നിലവിൽ രമ്യ. മക്കൾ: നിവേദ്യ, വേദിക. പുണെ സിഎസ്ഐആർ–നാഷനൽ കെമിക്കൽ ലബോറട്ടറിയിൽ (എൻസിഎൽ) സീനിയർ സയന്റിസ്റ്റ് ആയിട്ടാണ് 2011ൽ ബിജുവിന്റെ കരിയറിന്റെ തുടക്കം. 2017ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അസോഷ്യേറ്റ് പ്രഫസറായി. ഇപ്പോൾ പ്രഫസർ. 'ഓർഗനോകറ്റാലിസിസ്' മേഖലയിലെ ഗവേഷണമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
രാസപ്രക്രിയകളുടെ വേഗം വർധിപ്പിക്കാനായി 'കറ്റാലിസിസ്' രീതി ഉപയോഗിക്കുമ്പോൾ നിലവിൽ ലോഹത്തിന്റെ ചെറിയതോതിൽ സാന്നിധ്യമുണ്ടാകാം. ലോഹാംശം പിന്നീട് നീക്കുകയാണ് ചെയ്യുന്നത്. എന്നാൽ ലോഹ കാറ്റലിസ്റ്റുകൾക്ക് പകരം ഓർഗാനിക് കാറ്റലിസ്റ്റുകൾ ഉപയോഗിക്കുന്നതു വഴി ലോഹാംശം ഒഴിവാക്കുന്നതാണ് ഓർഗനോകറ്റാലിസിസ് രീതി. മരുന്നുനിർമാണരംഗത്ത് അടക്കം കാര്യമായി പ്രയോജനം ചെയ്യുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം.
ഐഐഎസ്‍സിയിലെ 'എ.ടി. ബിജു ലാബിൽ' നിന്ന് ഇതുവരെ 15 പേർ പിഎച്ച്ഡി നേടി, നിലവിൽ 12 പേർ ഗവേഷണം ചെയ്യുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ വഴിത്തിരിവുകളാണ് ബിജുവിന്റെ ജീവിതം മെനഞ്ഞെടുത്തത്. ബിഎസ്‍സിയോ എംഎസ്‍സിയോ കഴിഞ്ഞ് തരക്കേടില്ലാത്തൊരു സ്ഥിരജോലി കിട്ടിയിരുന്നെങ്കിൽ തുടർപഠനം എന്നെന്നേക്കുമായി അവസാനിപ്പിക്കുമായിരുന്നു. എല്ലാം നല്ലതിനായിരുന്നല്ലോ... എൻജിനീയറിങ്ങിന് സീറ്റ് കിട്ടിയിട്ടും പോകാഞ്ഞത്, പോളിടെക്നിക് പഠനം ഇടയ്ക്കുവച്ച് നിർത്തിയത്, കൊച്ചിൻ റിഫൈനറിയിൽ ജോലി കിട്ടാതിരുന്നത്...അങ്ങനെ എല്ലാം!