ADVERTISEMENT

അര നൂറ്റാണ്ടു തികയുകയാണെന്ന് എം. പത്മിനിയമ്മയ്ക്കു വിശ്വസിക്കാനാവുന്നില്ല. റജിസ്റ്ററിൽ ഒപ്പിടാനുള്ള പേന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ കൈകളിലേക്കു വച്ചുതന്ന ആ ചരിത്രനിമിഷം ഇന്നുമെന്ന പോലെ മനസ്സിൽ നിറയുകയാണ്. തന്നെ കാണാനെത്തിയ കെ.കെ. തുളസിയോട് എം. പത്മിനിയമ്മ പറഞ്ഞത് ആ ഓർമകളാണ്.

ലോകത്ത് ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടത് 1973 ഒക്ടോബർ 27ന് കോഴിക്കോട്ടാണ്. വനിതകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ ക്രമസമാധാന ചരിത്രത്തിൽ ലോകത്ത് ആദ്യ ചുവടുവയ്പ്. അന്നു കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ആദ്യ സബ് ഇൻസ്പെക്ടറായി ചാർജ് എടുത്തയാളാണു പത്മിനിയമ്മ. വനിതാ സ്റ്റേഷന്റെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് കോട്ടയം കങ്ങഴ മണ്ണുപുരയിടം ശ്രീശൈലം വീട്ടിൽ പത്മിനിയമ്മയെ കാണാനെത്തിയതാണ് വനിതാസ്റ്റേഷനിലെ ഇപ്പോഴത്തെ എസ്ഐ കെ.കെ.തുളസി. വനിതാ സ്റ്റേഷന്റെ ചുമതലയിലെത്തിയ ആദ്യ ‘ഡയറക്ട് എസ്ഐ’യുമാണ് (നേരിട്ടുള്ള നിയമനം) തുളസി.

പൊലീസിനെ പേടി, ഒടുവിൽ എസ്ഐ

‘‘ സ്കൂളിൽ പോകുമ്പോൾ റോഡിൽ ‌പൊലീസുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്കു പേടിയായിരുന്നു. അതുവഴി പോകാതെ ഊടുവഴികൾ കടന്നാണ് പിന്നെ സ്കൂളിലേക്കു പോകുക.’’ ചെറുചിരിയോടെ പത്മിനി പറഞ്ഞു. ആ പത്മിനി വളർന്നുവലുതായപ്പോൾ പൊലീസായി, വനിതാ സ്റ്റേഷനിലെ ആദ്യ എസ്ഐയായി. പൊലീസ് സൂപ്രണ്ടായി വിരമിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.

കോട്ടയം കങ്ങഴ ഏറനാട്ട് കുറ്റിക്കാട് ശ്രീധരൻപിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകളായാണ് എം. പത്മിനിയുടെ ജനനം. തിരുവനന്തപുരം വിമൻസ് കോളജിൽനിന്നു കെമിസ്ട്രിയും സുവോളജിയും പഠിച്ചു. ബിരുദ പഠനം കഴിഞ്ഞപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി കിട്ടി. ആയിടയ്ക്കാണു വനിതാ എഎസ്ഐമാരുടെ നിയമനത്തിന് സർക്കാർ അപേക്ഷ ക്ഷണിച്ചത്. പിഎസ്‌സി വഴിയല്ല, നേരിട്ട് കായികക്ഷമതാ പരിശോധനയും അഭിമുഖവുമൊക്കെ നടത്തിയാണ് നിയമനം. 1962ൽ ഇരുപത്തിരണ്ടാം വയസ്സിൽ പത്മിനിയമ്മ പൊലീസുകാരിയായി. ആറുമാസത്തെ പരിശീലനത്തിനു ശേഷം പൊലീസ് ട്രെയിനിങ് കോളജിൽ പരിശീലകയായി. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ നിയമിച്ചു. 10 വർഷത്തോളം തിരുവനന്തപുരത്ത് എഎസ്ഐ . അക്കാലത്ത് വനിതാ പൊലീസ് നാട്ടിൽ ഇറങ്ങി നടന്നാൽ ആളുകൾ കളിയാക്കും. പത്മിനിയമ്മ അതൊക്കെ അവഗണിച്ചു. പിന്നെപ്പിന്നെ കളിയാക്കലുകൾ ഇല്ലാതായി.

1) 1973 ഒക്ടോബർ 27ന് കോഴിക്കോട്ട്  ആദ്യ വനിതാ പൊലീസ്‌ സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ  പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എം.പത്മിനിയമ്മയ്ക്കു പേന കൈമാറുന്നു. (മനോരമ ആർക്കൈവ്സ്) 2) കുട്ടിയമ്മ
1) 1973 ഒക്ടോബർ 27ന് കോഴിക്കോട്ട് ആദ്യ വനിതാ പൊലീസ്‌ സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എം.പത്മിനിയമ്മയ്ക്കു പേന കൈമാറുന്നു. (മനോരമ ആർക്കൈവ്സ്) 2) കുട്ടിയമ്മ

വനിതാ സ്റ്റേഷൻ വരുന്നു

വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ഒരു വനിതാ പൊലീസ് സ്റ്റേഷൻ രാജ്യത്ത് എവിടെ തുടങ്ങിയാലും താൻവന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ഒരിക്കൽ ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. കേരളത്തിൽ സി.അച്യുതമേനോൻ മന്ത്രിസഭയുടെ കാലം. കെ.കരുണാകരനാണ് ആഭ്യന്തരമന്ത്രി. കോഴിക്കോട്ടുകാരനായ സി.എച്ച് മുഹമ്മദ് കോയയാണ് മറ്റൊരു പ്രമുഖൻ. തമിഴ്നാട് കേഡറിലുള്ള ഐപിഎസ് ഓഫിസർ ശിങ്കാരവേലുവാണ് പൊലീസ് ഐജി. സംസ്ഥാനത്ത് വനിതാ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് ശിങ്കാരവേലുവാണ്. സി.എച്ചിന്റെ നാട്ടിൽ വനിതാ പൊലീസ് സ്റ്റേഷൻ തുടങ്ങാൻ തീരുമാനിച്ചു. പത്മിനിയമ്മയെ എസ്ഐ ആയി നിയമിക്കാൻ തീരുമാനമായി.

പ്രധാനമന്ത്രി വരുന്നു

പ്രധാനമന്ത്രി താൻ പറഞ്ഞ വാക്കു പാലിച്ചു. വനിതാ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എത്തിച്ചേർന്നു. ഒക്ടോബർ 27ന് ഉച്ചയ്ക്ക് കോയമ്പത്തൂരിൽനിന്ന് ഹെലികോപ്റ്ററിൽ വെസ്റ്റ്ഹില്ലിലിറങ്ങിയ പ്രധാനമന്ത്രി വെള്ളിമാടുകുന്ന് ഹൗസിങ് കോളനിയുടെ താക്കോൽദാനവും ജെഡിടി ഇസ്‌ലാം കോളജിലെ പരിപാടിയും കഴിഞ്ഞ ശേഷം വൈകിട്ട് അഞ്ചരയോടെയാണ് വനിതാ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് എത്തിയത്.

അന്നു കോഴിക്കോട് നഗരത്തിന്റെ മുഖം ഇന്നത്തേതുപോലെയല്ല. മാനാഞ്ചിറ സ്ക്വയർ നിർമിച്ചിട്ടില്ല. ഒരുവശത്തു കുളം. മറ്റൊരു വശത്ത് പാർക്ക്. കിഴക്കുമാറി മാനാഞ്ചിറ മൈതാനം എന്നിങ്ങനെയായിരുന്നു. മാനാഞ്ചിറ മൈതാനത്തിനു കിഴക്കുവശത്താണ് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനം. ഇതിനോടു ചേർന്നുള്ള ചെറിയൊരു കെട്ടിടത്തിലാണ് വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്.

വേദിയിൽ അന്നത്തെ ഗവർണർ എൻ.എൻ.വാഞ്ചു, ആഭ്യന്തരമന്ത്രി കെ.കരുണാകരൻ, ചീഫ് സെക്രട്ടറി കെ.പി.കെ.മേനോൻ, പൊലീസ് ഐജി ശിങ്കാരവേലു, ഡിഐജിമാരായ സൈമൺ മാഞ്ഞൂരാൻ, വി.എൻ.രാജൻ (സിഐഡി), പൊലീസ് സൂപ്രണ്ട് കെ.ജെ.ജോസഫ് തുടങ്ങിയവരുണ്ടായിരുന്നു.

ഉദ്ഘാടനച്ചടങ്ങിൽ പത്മിനിയമ്മ വേദിയിലെത്തിയില്ല. സ്വാഗതം പറഞ്ഞത് വനിതാ സ്റ്റേഷനിലെ ആദ്യ ഹെഡ്കോൺസ്റ്റബിൾ എം.സി.കുട്ടിയമ്മയാണ്. ബിരുദധാരിയായ കുട്ടിയമ്മ നല്ല ഒഴുക്കുള്ള ഹിന്ദിയിലാണു പ്രസംഗിച്ചത്. കുട്ടിയമ്മയുടെ പ്രസംഗം കേട്ട് ഇന്ദിരാഗാന്ധിയുടെ മുഖത്ത് അഭിമാനത്തിന്റെ ചിരി വിടർന്നു. പിന്നീട് സ്റ്റേഷന്റെ അകത്തെത്തിയ ഇന്ദിരാഗാന്ധി സന്ദർശകപുസ്തകത്തിൽ ഒപ്പുവച്ചു. ആ പേന ചാർജെടുക്കുന്ന എസ്ഐ പത്മിനിയമ്മയ്ക്കു കൈമാറി.

കോഴിക്കോട്ടെ പൊലീസ് ജീവിതം

‘‘ അക്കാലത്ത് പച്ചക്കരയുള്ള വെള്ള സാരിയും പച്ച ബ്ലൗസുമായിരുന്നു വനിതാ പൊലീസിന്റെ വേഷം. സ്വന്തമായി വണ്ടിയൊന്നുമില്ല. എവിടെയെങ്കിലും പ്രശ്നമുണ്ടായാൽ നടന്നുപോകണം.’’ പത്മിനിയമ്മ തന്റെ എസ്ഐ ജീവിതത്തിന്റെ ആദ്യനാളുകൾ പറയുകയാണ്. പത്തു പൊലീസുകാരുമായാണ് വനിതാ സ്റ്റേഷൻ തുടങ്ങിയത്.

പരിശീലനകാലത്ത് 60 രൂപ സ്റ്റൈപൻഡാണ് ലഭിച്ചിരുന്നത്. ജോലി തുടങ്ങിയപ്പോൾ 600 രൂപ ശമ്പളമായി. ഉയർന്ന വിദ്യാഭ്യാസമുള്ള വനിതാ പൊലീസുകാർ വളരെ കുറവായിരുന്നു. പലർക്കും എഴുത്തും വായനയും കഷ്ടി. ചില ജീവനക്കാർ വനിതാപൊലീസുകാരെക്കൊണ്ട് ഒപ്പിടുവിച്ചതിനു ശേഷം തുച്ഛമായ തുക കൊടുക്കുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. ഉന്നത ഉദ്യോഗസ്ഥരോടു താൻ‍ നേരിട്ടു പറഞ്ഞാണ് ആ തട്ടിപ്പു നിർത്തിച്ചതെന്നും പത്മിനിയമ്മ പറഞ്ഞു. 1973ൽ സ്റ്റേഷൻ രൂപീകരിച്ചെങ്കിലും ഒരുവർഷം കഴിഞ്ഞാണു കേസ് റജിസ്റ്റർ ചെയ്യാനുള്ള അനുമതി കിട്ടിയത്.

വനിതാ പൊലീസ് സ്റ്റേഷനിൽ പതിവായി ഗാർഹിക പീഡന പരാതികളാണ് എത്തിയിരുന്നത്. ഭാര്യയെ മർദിച്ച ശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്ന ഭർത്താക്കൻമാരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതു പതിവായിരുന്നു. കല്യാണം കഴിച്ച ശേഷം പറ്റിച്ചുമുങ്ങുന്ന വിരുതൻമാരും ഒട്ടേറെയുണ്ടായിരുന്നു. അറബിക്കല്യാണങ്ങളും പതിവായിരുന്നു. ഇത്തരം പരാതികളാണ് ഏറ്റവുമധികം വന്നിരുന്നത്.

‘‘ പരാതിയുമായി ഒരു വനിതയ്ക്ക് പുരുഷ പൊലീസുകാരുള്ള സ്റ്റേഷനിൽ പോകാൻ അക്കാലത്തു ഭയമായിരുന്നു. വനിതാ സ്റ്റേഷൻ വന്നതോടെ അവർ പേടിയില്ലാതെ പരാതിയുമായി വന്നുതുടങ്ങി. ഒരു രക്ഷയുമില്ലാതെ വരുമ്പോഴാണല്ലോ ഒരു മനുഷ്യൻ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുക.’’ പത്മിനിയമ്മ പറഞ്ഞു.

പച്ചക്കരയുള്ള വെള്ളസാരിയും പച്ച ബ്ലൗസും ആദ്യകാലത്ത് വനിതാ പൊലീസിനെ ഏറെ വലച്ചു. പ്രതികളെ പിടിക്കാൻ ഓടുമ്പോൾ ബുദ്ധിമുട്ടായിരുന്നു. കലക്ടറേറ്റിലും സെക്രട്ടേറിയറ്റിലമൊക്കെ ധർണയിൽ സംഘർമുണ്ടാകുമ്പോൾ വനിതാപൊലീസുകാരുടെ സാരിയിൽ പിടിച്ചുവലിക്കുന്നതു പതിവായി. ഇതോടെയാണു കാക്കി ഷർട്ടും പാന്റ്സും മതിയെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് പത്മിനിയമ്മ പറഞ്ഞു.

അൻപതാം പിറന്നാളിന് ആശംസകൾ

ആറു വർഷത്തെ കോഴിക്കോട് ജീവിതത്തിനുശേഷം 1979ലാണ് പത്മിനിയമ്മ ട്രാൻസഫറായി തിരുവനന്തപുരത്തേക്കു പോയത്. പിൽക്കാലത്ത് വിമാനത്താവളത്തിലും കമ്മിഷണർ ഓഫിസിലുമൊക്കെയായി ജോലി ചെയ്തു. 1994ൽ വനിതാ സെൽ രൂപീകരിച്ചപ്പോൾ ആദ്യ എസ്പിയായി നിയമിതയായി. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

1995ൽ പത്മിനിയമ്മ വിരമിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ കൃഷ്ണനാണ് പത്മിനിയമ്മയുടെ ഭർത്താവ്. അദ്ദേഹം സൈനികനായിരുന്നു. മൂത്തമകൻ ഡോ.ചന്ദ്രമോഹൻ റീജനൽ കാൻസർ സെന്ററിലെ ഓങ്കോളജി പ്രഫസറാണ്. രണ്ടാമത്തെ മകൻ മനോജ്കുമാർ പ്രവാസി. ഒക്ടോബർ 27ന് വനിതാ സ്റ്റേഷന്റെ അൻപതാം പിറന്നാൾ ആഘോഷിക്കാൻ താനും കോഴിക്കോട്ടെത്തുമെന്ന് പത്മിനിയമ്മ എസ്ഐ കെ.കെ.തുളസിയോട് പറഞ്ഞു.

കുട്ടിയമ്മ: രണ്ടാമത്തെ എസ്ഐ

1979ൽ എം.പത്മിനിക്കുശേഷം വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐയായി ചുമതലയേറ്റത് കുട്ടിയമ്മയാണ്. ഫറോക്കിലെ ഒരു വീട്ടിലെ മോഷണത്തിൽ പ്രതിയിൽനിന്ന് 17 പവൻ സ്വർണം കണ്ടെടുത്തത് കുട്ടിയമ്മയുടെ അന്വേഷണമികവിന്റെ ഉദാഹരണം. വീട്ടിലെ വേലക്കാരിയാണ് മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസുകാർ പലതവണ ചോദിച്ചിട്ടും സ്വർണം എവിടെയാണ് ഒളിപ്പിച്ചതെന്നു പറഞ്ഞില്ല. ഒടുവിൽ കുട്ടിയമ്മയെത്തി. വളരെ സ്നേഹത്തോടെ പെരുമാറിയ കുട്ടിയമ്മയോട് സൗഹൃദത്തിന്റെ പുറത്ത് മോഷ്ടാവ് സത്യം വെളിപ്പെടുത്തി. ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര കേസുകളുടെ കഥ കുട്ടിയമ്മയ്ക്കു പറയാനുണ്ട്. 1999ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. വനിതാ സെൽ എസ്പിയായാണ് കുട്ടിയമ്മ വിരമിച്ചത്. കണ്ണൂർ സ്വദേശിയായ കുട്ടിയമ്മ ഇപ്പോൾ കോഴിക്കോട് നഗരത്തിൽ വിശ്രമജീവിതം നയിക്കുന്നു.

English Summary:

First SI of Women Police Station kozhikode M. Padminiyamma and present SI KK Tulasi meet during Golden Jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com