ADVERTISEMENT

അച്ഛനിൽ നിന്നു പകർന്നു കിട്ടിയ ഇഷ്ടം! അതു സിരകളിൽ പടർന്നപ്പോൾ ആ കുട്ടി സ്കൂൾ ഹോക്കി ടീമിന്റെ ഗോൾകീപ്പറായി. പിൽക്കാലത്ത് ഒരു ദേശത്തിന്റെ തന്നെ നായകനായി വളർന്നപ്പോഴും ആ ഇഷ്ടം മായാതെ കിടന്നു. ഫലം: ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായിക തലസ്ഥാനമായി ആ ദേശം വളർന്നു; ഒഡീഷ! മകനു ഹോക്കി സ്നേഹം പകർന്നു നൽകിയ അച്ഛൻ ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കാണ്. മകൻ നവീൻ പട്നായിക്. 23 വർഷമായി ഒഡീഷയുടെ മുഖ്യമന്ത്രി. പ്രിയപ്പെട്ടവരുടെ നവീൻ ബാബു.

ആരും ചിന്തിക്കാത്തൊരു സ്നാപ് ഷോട്ടിലൂടെയാണ് ഒഡീഷ കായിക ലോകത്തു വിപ്ലവം സൃഷ്ടിച്ചത്. ദേശീയ ഹോക്കി ടീമിനെ ഒരു സംസ്ഥാന സർക്കാർ ‘ഏറ്റെടുക്കുക’യെന്ന അദ്ഭുതം! 2018 ൽ ഹോക്കി ഇന്ത്യ ‘സ്പോൺസറെ’ കിട്ടാതെ വലഞ്ഞപ്പോൾ സഹായക്കൈ നീട്ടിയ ഒഡീഷ ആദ്യം സമ്മാനിച്ചത് 5 വർഷത്തെ സ്പോൺസർഷിപ്. ‌ഈ വർഷം സ്പോൺസർഷിപ് 10 വർഷത്തേക്കു കൂടി നീട്ടി. 2033 വരെ ദേശീയ ഹോക്കി ടീമുകൾക്ക്! സ്പോൺസർഷിപ് ആകുലതകളില്ലാതെ കളിക്കാം.

രാജ്യത്തെ ഒന്നിപ്പിച്ച ഹോക്കി

നവീൻ പട്നായിക് പിന്നീടു പറഞ്ഞു: ‘‘ അച്ഛൻ പറഞ്ഞു തന്നതാണ്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപു ജനങ്ങളെ ഒന്നിപ്പിച്ച രണ്ടു കാര്യങ്ങളാണ് ; സ്വാതന്ത്ര്യ പോരാട്ടം, പിന്നെ ഒറ്റ രാജ്യമെന്ന വികാരം പകർന്ന ഹോക്കിയും. ദേശീയ ഹോക്കി ടീമിനു സ്പോൺസറില്ലാതെ വരികയെന്നതു വലിയ സങ്കടമാണ്.’’

കുറെ പണം നൽകി കയ്യും കെട്ടി ഇരിക്കുകയല്ല ഒഡീഷ ചെയ്തത്. രാജ്യാന്തര നിലവാരമുള്ള ഒന്നിലേറെ ഹോക്കി സ്റ്റേഡിയങ്ങൾ നിർമിച്ചു. ലോകകപ്പ് ഹോക്കി ഉൾപ്പെടെ വിവിധ രാജ്യാന്തര കായിക മത്സരങ്ങൾ കലിംഗയുടെ മണ്ണിൽ സംഘടിപ്പിച്ചു. കളിയിടങ്ങളും പരിശീലന സൗകര്യങ്ങളും ഒരുക്കി. രാജ്യാന്തര താരങ്ങൾ വളർന്നു വന്നു. ഹോക്കിയിൽ മാത്രം ഒതുങ്ങുന്നില്ല, ഒഡീഷയുടെ സംഭാവന. ഫുട്ബോളിൽ വലിയ പെരുമയില്ലാത്ത ഒഡീഷയിലാണു ലോക ഫുട്ബോൾ സംഘടനയായ ഫിഫ ഇന്ത്യയിൽ അവരുടെ ആദ്യ ഫുട്ബോൾ അക്കാദമി സ്ഥാപിച്ചത്; കഴിഞ്ഞ മാസം!

‍‌സ്പോർട്സിന്റെ സയൻസ്

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം കോംപ്ലക്സ്. നവംബറിലെ നേരിയ തണുപ്പു മൂടിയൊരു പ്രഭാതം. വിശാലമായൊരു ബഹുനില മന്ദിരം. പടിക്കെട്ടുകൾ കയറിയെത്തുന്നതു രാജ്യത്തെ ഏറ്റവും വലിയ സ്പോർട്സ് സയൻസ് സെന്ററിൽ! കായിക താരങ്ങളുടെ ന്യൂനതകൾ ശാസ്ത്രീയമായി വിലയിരുത്താനും മികവു വർധിപ്പിക്കാനുമുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കിയ ആഗോള നിലവാരമുള്ള സ്പോർട്സ് സയൻസ് സെന്റർ. ശാസ്ത്രീയമായ ഡേറ്റ ഉപയോഗിച്ച് ഇൻജറി മാനേജ്മെന്റും റിഹാബിലിറ്റേഷനും റിക്കവറിയും പെർഫോമൻസ് എൻഹാൻസ്മെന്റും സാധ്യമാക്കുന്ന കേന്ദ്രം. ഇതെല്ലാം ഒഡീഷയിലെ താരങ്ങൾക്കു വേണ്ടി മാത്രമുള്ളതല്ല; ഇന്ത്യയ്ക്കു വേണ്ടിയുള്ളതാണ്.

കായികതാരത്തിന്റെ ചലനങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുന്ന വോക്കർ വ്യൂ, അത്യാധുനിക സൈക്ലിങ് മെഷീനുകൾ, കളിക്കാരുടെ റിയൽ ടൈം കാർഡിയോ മോണിറ്ററിങ്ങും ചലനങ്ങളും നിരീക്ഷിക്കാൻ കഴിയുന്ന ഡിജിറ്റൽ വോൾ, ഓൾട്ടിറ്റ്യൂഡ് ട്രെയിനിങ് ചേംബർ, മസിൽ കണ്ടിഷനിങ് സൈക്കിൾസ്.... ബയോമെക്കാനിക്സ് ലാബിൽ നിറയെ ത്രീ ഡി ക്യാമറകളാണ്. മിനിറ്റിൽ അവ പകർത്തുന്നത് 300 ദൃശ്യങ്ങൾ. ത്രോ, ജംപ് അത്‌ലീറ്റുകളുടെ ആക്‌ഷൻ പിഴവുകൾ കണ്ടെത്തി പരിഹരിക്കുകയാണു ലക്ഷ്യം. നാഡിവ്യവസ്ഥയുടെ ക്ഷീണം മാറ്റുന്ന ഡ്രീം പോഡ് വേറിട്ടൊരു ഉപകരണമാണ്. കടുകട്ടിയായ ഒരു മത്സരത്തിനു ശേഷം അതിനുള്ളിൽ ഇറങ്ങിയിരിക്കുകയേ വേണ്ടൂ; ഉഷാറാകും! ഇത്തരമൊരു ഡ്രീം പോഡ് ഇന്ത്യയിൽ ഒരെണ്ണമേയുള്ളൂ!

dream-pod
‍ഡ്രീം പോഡ്.

സ്പോർട്സ് ഹബ്

കലിംഗ രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയം, രാജ്യാന്തര ടെന്നിസ് സെന്റർ, സ്പോർട്സ് സയൻസ് സെന്റർ, കലിംഗ ഹോക്കി സ്റ്റേഡിയം, ഒളിംപിക് നിലവാരമുള്ള സ്വിമ്മിങ് കോംപ്ലക്സ്, ഇൻഡോർ അക്വാറ്റിക് സെന്റർ, റൂർക്കേലയിലെ ബിർസ മുണ്ട രാജ്യാന്തര ഹോക്കി സ്റ്റേഡിയം... ബാഡ്മിന്റൻ ഹൈ പെർഫോമൻസ് സെന്ററും ഇൻഡോർ അത്‌ലറ്റിക് ഹൈ പെർഫോമൻസ് സെന്ററും സജ്ജമായി വരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇൻഡോർ അത്‍ലറ്റിക് സെന്ററാണിത്!

സുന്ദർഗഢ് ജില്ലയിൽ മാത്രം സിന്തറ്റിക് ടർഫുള്ള 17 ഹോക്കി പരിശീലന കേന്ദ്രങ്ങളുണ്ട്. മറ്റു ജില്ലകളിൽ 6 ഹോക്കി പരിശീലന കേന്ദ്രങ്ങൾ സജ്ജമായി വരുന്നു. 40 മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾക്കു പുറമേ, 50 സ്റ്റേഡിയങ്ങൾ കൂടി അതിവേഗം ഒരുങ്ങുകയാണ്. ബാഡ്മിന്റൻ, വെയ്റ്റ് ലിഫ്റ്റിങ്, ടേബിൾ ടെന്നിസ് പരിശീലന സൗകര്യങ്ങൾ, ജിം, യോഗ സെന്റർ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഇൻഡോർ സ്റ്റേഡിയങ്ങൾ. പ്രഫഷനൽ ചെസ് അക്കാദമിയുമുണ്ട്. 100 ചെസ് സെന്ററുകൾ കൂടി ഉടൻ സജ്ജമാകും. ഫിഫ നിലവാരമുള്ള 6 ഫുട്ബോൾ മൈതാനങ്ങളുണ്ട്, ഒഡീഷയിൽ. കേരളത്തിലോ?

കളിക്കാൻ സ്വകാര്യ മേഖലയും

ഒഡീഷയുടെ വിജയ സൂത്രവാക്യം ലളിതമാണ്. വ്യക്തമായ ആസൂത്രണത്തോടെ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയാണ് എല്ലാ പദ്ധതികളും. റിലയൻസ് ഫൗണ്ടേഷൻ, ജെഎസ്ഡബ്ല്യു സ്പോർട്സ്, ആദിത്യ ബിർല ഗ്രൂപ്പ്, ഡാൽമിയ ഗ്രൂപ്പ്, ടാറ്റ ട്രസ്റ്റ്സ്, ടാറ്റ സ്റ്റീൽ.... സ്വകാര്യ പങ്കാളികൾ ഇനിയുമേറെ. ഹോക്കി ഇന്ത്യയ്ക്ക് 500 കോടി രൂപ സ്പോൺസർഷിപ് തുക നൽകിയതാകട്ടെ, സർക്കാർ സ്ഥാപനമായ ഒഡീഷ മൈനിങ് കോർപറേഷൻ!

മികച്ച കായിക താരങ്ങളുടെ സേവനവും ഒഡീഷ തേടുന്നു. ‘‘സ്പോർട്സ് സയൻസ് സെന്ററിനു പിന്നിൽ ഒളിംപിക് സ്വർണ ജേതാവ് അഭിനവ് ബിന്ദ്രയുണ്ട്. ബാഡ്മിന്റൻ അക്കാദമിക്കു പി.ഗോപീചന്ദാണു പിന്തുണ. ഗഗൻ നരംഗ് സ്പോർട്സ് പ്രമോഷൻ ഫൗണ്ടേഷനാണു ഷൂട്ടിങ് സൗകര്യങ്ങളുടെ ചുമതല’’ – ഒഡീഷ കായിക സെക്രട്ടറി വിനീൽ ആർ.കൃഷ്ണയുടെ വാക്കുകൾ. 2000 – 01 ൽ വെറും 4 കോടി രൂപയാണു കായിക വികസനത്തിനായി ഒഡീഷ സർക്കാർ വകയിരുത്തിയത്. ഇപ്പോഴത് 1300 കോടി രൂപ.

ഒഡീഷയെ ‘കളി’ പഠിപ്പിച്ച പാണ്ഡ്യൻ

‘‘ മയൂർഭഞ്ജിൽ കലക്ടായിരിക്കെ, ഗോത്ര മേഖലകളിൽ പോകുമ്പോഴെല്ലാം ഞാൻ കുറെ പന്തുകളെടുത്തു ജീപ്പിലിടും. അഞ്ചാറു കുട്ടികളെ ഒരുമിച്ചു കണ്ടാൽ അവർക്കൊരു ഫുട്ബോൾ സമ്മാനിക്കും! അക്കാലത്ത് മയൂർഭഞ്ജ് നക്സൽ മേഖലയായിരുന്നു. ഇന്ന്, അങ്ങനെയല്ല. കുട്ടികളിലൂടെ, സ്പോർട്സിലൂടെ ആ നാടു മാറി. പന്തു തട്ടിക്കളിച്ചു വളർന്ന കുട്ടികൾ വഴി തെറ്റിയില്ല. സ്പോർട്സ് വല്ലാത്തൊരു മാജിക്കാണ്!’’ – വി.കെ.പാണ്ഡ്യന്റെ മുഖത്ത് അഭിമാനം!

തമിഴ്നാട് സ്വദേശിയായ ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണു മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വലംകൈ. ഒഡീഷയുടെ 5 ടി (ട്രാൻസ്ഫർമേഷനൽ ഇനിഷ്യേറ്റീവ്സ്) ചെയർമാൻ. സിവിൽ സർവീസിൽ നിന്നു രാജിവച്ച പാണ്ഡ്യൻ (49) രാഷ്ട്രീയക്കാരന്റെ വേഷം സ്വീകരിച്ചതു കഴിഞ്ഞ മാസം. ബിജു ജനതാദളിൽ (ബിജെഡി) പട്നായിക്കിന്റെ പിൻഗാമിയെന്നു വിശേഷിക്കപ്പെടുന്ന അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്:

തിങ്ക് ബിഗ്, അച്ചീവ് ബിഗ്

നവീൻ ബാബുവിന്റെ ദീർഘവീക്ഷണവും പിന്തുണയുമാണ് ഒഡീഷയുടെ കുതിപ്പിനു പിന്നിൽ. സ്പോർട്സ് വികസനത്തിൽ മാത്രമല്ല, ഭരണത്തിന്റെ എല്ലാ തലത്തിലും അതുണ്ട്.

അപേക്ഷ വേണ്ട, ജോലി തരാം

ഞാനൊരു പരാജയപ്പെട്ട അത്‌ലീറ്റാണ്! ഓട്ടക്കാരനായി വളരാൻ കഴിഞ്ഞില്ലെങ്കിലും കായിക മേഖലയ്ക്ക് എന്താണ് ആവശ്യമെന്നറിയാം. ഒരു പാവപ്പെട്ട കുട്ടി മികച്ച പ്രകടനം നടത്തിയാൽ ഞങ്ങൾ വീടു വരെ വച്ചു കൊടുക്കും. അതു മറ്റുള്ളവർക്കുള്ള സന്ദേശമാണ്. കളിക്കാൻ പോയാൽ പണവും ജോലിയും വീടുമൊക്കെ കിട്ടുമെന്ന സന്ദേശം. അതിനപ്പുറം, സമൂഹത്തിൽ ലഭിക്കുന്ന ബഹുമാനവും ചെറുതല്ലല്ലോ?

കോർപറേറ്റ്‌വൽക്കരണം!

എങ്ങനെ കോർപറേറ്റുകളെ പങ്കാളികളാക്കുന്നു എന്നു ചോദിച്ചാൽ അതു വലിയ പ്രയാസമുള്ള കാര്യമല്ല എന്നാണുത്തരം. അവർ സഹകരിക്കാൻ തയാറാണ്. വ്യക്തമായ പദ്ധതി വേണമെന്നു മാത്രം. 20 ലക്ഷം രൂപ മുടക്കി ഒരു വിദേശ കോച്ചിനെ നിയമിക്കാൻ സർക്കാരിനു കഴിയില്ല. അവിടെ, നാം കോർപറേറ്റുകളുടെ പിന്തുണ തേടും. സ്പോൺസർഷിപ്, കായിക സൗകര്യങ്ങളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളൊക്കെ അവരുടെ പിന്തുണയോടെ നടത്തും. 

English Summary:

Sunday Special about sponsership of indian hockey team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com