ADVERTISEMENT

മൂന്നാറിൽ നിന്നു കൊടൈക്കനാലിൽ എത്തണമെങ്കിൽ പഴനി വഴി 175 കിലോ മീറ്ററും പൂപ്പാറ- തേനി വഴി 169 കിലോ മീറ്ററും റോഡുമാർഗം സഞ്ചരിക്കണം. അതിന്റെ മൂന്നിലൊന്നു ദൂരം സഞ്ചരിച്ചാൽ അവിടെയെത്താവുന്ന ഒരു പാതയുണ്ടായിരുന്നു; ‘മൺമറി‍ഞ്ഞു’ ഒരു അന്തർ സംസ്ഥാന ഹൈവേ.

മൂന്നാറിലെ ടോപ്സ്റ്റേഷനിൽ നിന്നു തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് 49 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ബ്രിട്ടിഷ് കാലത്തെ ഐതിഹാസികമായ എസ്കേ‌പ് റോഡ്. മൂന്നാർ പട്ടണത്തിൽ വരുന്ന മിക്ക സഞ്ചാരികളും തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ടോപ്സ്റ്റേഷൻ വ്യൂ പോയിന്റ്. മൂന്നാറിൽ നിന്നു 35 കിലോമീറ്റർ ദൂരം.

ടോപ്സ്റ്റേഷനിൽ നിന്നും വട്ടവട- കോവിലൂരിലേക്ക് പോകുന്ന പാതയിൽ കേരള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിൽ നിന്നു വലത്തോട്ട് പാമ്പാടുംചോല ദേശീയ ഉദ്യാനത്തിലൂടെ മറ്റൊരു പാത 9 കിലോ മീറ്റർ ദൈർഘ്യത്തിൽ കേരളാ തമിഴ്നാട് അതിർത്തിയിലേക്ക് പോകുന്നുണ്ട്. ഈ 9 കിലോ മീറ്റർ പാതയിൽ ഇപ്പോൾ കേരള വനംവകുപ്പിന്റെ ജീപ്പുകൾ സഞ്ചരിക്കുന്നുണ്ട്. പാമ്പാടുംചോല പാർക്കിൽ കേരളാ അതിർത്തി വരെ ഈ പാതയിലൂടെ, വനംവകുപ്പ് സഞ്ചാരികൾക്കായി ട്രെക്കിങ് പ്രോഗ്രാം നടത്തുന്നുമുണ്ട്.

കേരള– തമിഴ്നാട് അതിർത്തിയിൽ വന്തരവ് പർവത മേഖലയിൽ വനംവകുപ്പിന്റെ വാച്ച് ടവറിനു സമീപത്തു കൂടി ഈ പാത Bander - Berijam Trail എന്ന പേരിൽ കൊടൈക്കനാലിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ബെരിജം തടാകക്കരയിലേക്കാണു പോകുന്നത്. ദിവസവും ബെരിജം തടാകക്കരയിലേക്ക് നിശ്ചിത എണ്ണം സന്ദർശകരെയും വാഹനങ്ങളെയും തമിഴ്നാട് വനംവകുപ്പ് കടത്തി വിടുന്നുണ്ട്. അതായത് 49 കിലോ മീറ്റർ പഴയ എസ്കേപ് റോഡിൽ, പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ നിന്നു കിഴക്കോട്ട് 9 കിലോ മീറ്റർ കേരളാ- തമിഴ്നാട് അതിർത്തി വരെയും കൊടൈക്കനാൽ പട്ടണത്തിൽ നിന്നു പടിഞ്ഞാറോട്ട് 24 കിലോമീറ്റർ വരെയും ഇപ്പോൾ വാഹനങ്ങൾക്ക് ഓടാം.

mile-stone
എസ്കേപ്  റോഡിലെ ബ്രിട്ടിഷ് കാലത്തെ മൈൽക്കുറ്റി

തമിഴ്നാട് ഭാഗത്ത് ബെരിജം തടാകത്തിനു പടിഞ്ഞാറോട്ട് കേരളാ അതിർത്തി വരെ ഏകദേശം 16 കിലോമീറ്റർ വാഹന ഗതാഗതം സാധ്യവുമല്ല. ഇതിനു കാരണം പഴയ എസ്കേപ് റോഡിന്റെ ഈ ഭാഗത്ത് റോഡിൽ യാത്ര തടയുന്നതിനായി തമിഴ്നാട് സർക്കാർ കുഴിച്ച ട്രഞ്ചുകളും കൂടാതെ വളർന്നു കിടക്കുന്ന കുറ്റിക്കാടുകളുമാണ്. ഈ പാത നവീകരിച്ചാൽ എസ്കേപ് റോഡ് പഴയതുപോലെ ഗതാഗതയോഗ്യമാകും. പാത തുറക്കുന്നതിനുള്ള യാതൊരു സൂചനകളും തമിഴ്നാട് തന്നിട്ടില്ല. ബദൽ പാത (തേനി- കുരങ്ങണി- ടോപ് സ്റ്റേഷൻ ഹൈവേ) നിർമാണങ്ങൾ തമിഴ്നാട് നടത്തുന്നുണ്ട്.

എസ്കേപ് റോഡ് വരുന്നു

1900ത്തിൽ കേരള ഭാഗത്ത് മൂന്നാറിൽ നിന്നു കുണ്ടള വഴി ടോപ്സ്റ്റേഷനിലേക്ക് ട്രാംവേയും ശേഷം മോണോറെയിലും റോഡും നിർമിച്ചിരുന്നു. കണ്ണൻദേവൻ ടീ കമ്പനി തേയിലയുടെ സുഗമമായ ചരക്കുനീക്കത്തിന് വേണ്ടിയാണിത്. എന്നാൽ 1924ലെ മഹാപ്രളയത്തിൽ മൂന്നാർ- ടോപ്സ്റ്റേഷൻ റെയിൽവേയും ടോപ്സ്റ്റേഷനിൽ നിന്നു ലോവർ സ്റ്റേഷനിലേക്കുള്ള റോപ് വേയും തകർന്നുപോയിരുന്നു. ആ കാരണത്താൽ ടോപ്സ്റ്റേഷനിൽ നിന്നും തമിഴ്നാട്ടിലേക്കും അവിടെനിന്നും ഇംഗ്ലണ്ടിലേക്കുമുള്ള തേയില കയറ്റുമതിയും നിലച്ചു.

escape-road-tamil-nadu-area
എസ്കേപ് റോഡ്  തമിഴ്നാട് ഭാഗം, 34 വർഷം മുൻപ്.

ആ സാഹചര്യത്തിലാണ് ടോപ്സ്റ്റേഷനിൽ നിന്നു കൊടൈക്കനാലിലേക്കു മൂന്നാർ തേയിലയുടെ ചരക്കു നീക്കത്തിനായി ഒരു പുതിയ പാതയുടെ ആവശ്യം ഉയർന്നുവരുന്നത്. 1915 ൽ മദ്രാസ് പ്രസിഡൻസി, ബ്രിട്ടിഷുകാരുടെ ഹിൽസ്റ്റേഷൻ സുഖവാസ ലക്ഷ്യത്തോടെ ബട‌‌്‌ലാഗുണ്ടുവിലൂടെ നിർമിച്ച ലോസ് ഗാട്ട് പാത കൊടൈക്കനാലിനെ തമിഴ്നാട്ടിലെ ധനുഷ്കോടി, തൂത്തുക്കുടി തുറമുഖങ്ങളുമായി ബന്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നാർ തേയിലയുടെ കയറ്റുമതിക്ക് വേണ്ടി 1925 ൽ കൊടൈക്കനാലിൽ നിന്നു ബെരിജം തടാകം വഴി ടോപ്സ്റ്റേഷനിലേക്ക് മൺപാതയായ എസ്കേപ് റോഡ് പിറന്നുവീഴുന്നത്. പക്ഷേ അന്ന് ആ പാതയ്ക്ക് എസ്കേപ് റോഡ് എന്ന പേരു വീണിരുന്നില്ല.

പാത തെളിയുന്നു

പാതയുടെ തലവര തെളിയുന്നതു രണ്ടാം ലോകയുദ്ധ കാലത്താണ്. 1942 ഏപ്രിൽ 7 ന് പുലർച്ചെ 4.35 ന് മദ്രാസ് നഗരത്തിൽ അപായ സൈറൻ മുഴങ്ങി മുഴങ്ങി. നഗരവാസികൾ ഉറക്കത്തിൽ നിന്നു ചാടിയെഴുന്നേറ്റു പരിഭ്രാന്തരായി. ഏപ്രിൽ 5 ന് സിലോണിലെ കൊളംബോയും ഏപ്രിൽ 6 ന് ആന്ധ്രയിലെ കാക്കിനഡയും വിശാഖപട്ടണവും ജപ്പാൻ ബോംബറുകൾ ആക്രമിച്ചെന്ന വാർത്ത അവരും അറിഞ്ഞതാണ്.

1941 ഡിസംബർ 7 ന് ഹവായിലെ പേൾ ഹാർബർ അമേരിക്കൻ നേവൽ ബേസിനെ ജപ്പാൻ ആക്രമിച്ച് മറീനുകളും സിവിലിയനും ഉൾപ്പെടെ 2400 ഓളം പേരെ കൂട്ടക്കൊല ചെയ്തതും അവർ ഓർത്തു കാണണം. ഏപ്രിൽ 11ന് അന്നത്തെ മദ്രാസ് പ്രസിഡൻസി ഗവർണർ ജനങ്ങളോടു സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനുള്ള അറിയിപ്പും നൽകി. ജനങ്ങൾ വസ്തുവകകൾ കിട്ടിയ വിലയ്ക്കു കൈയൊഴിഞ്ഞു പലായനം ചെയ്തു. അന്ന് ഓരോ ദിവസവും മദ്രാസ് റയിൽവേ സ്റ്റേഷനിൽ നിന്ന് അരലക്ഷത്തിൽപരം ജനങ്ങളാണ് സമീപ പ്രദേശങ്ങളിലേക്ക് ട്രെയിനിലൂടെ രക്ഷപ്പെട്ടുകൊണ്ടിരുന്നത്.

മദ്രാസ് മൃഗശാലാ അധികൃതർ മൃഗങ്ങളെ വെടിവച്ചുകൊന്ന് ബോംബാക്രമണത്തിന് ശേഷമുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ മദ്രാസ് നഗരത്തിലെ പ്രമുഖരും ധനികരും കൊടൈക്കനാലിലേക്ക് ചേക്കേറാൻ തുടങ്ങി.

മദ്രാസിലെ ജപ്പാന്റെ ബോംബു ഭീഷണിയോടെ ബംഗാൾ- ഇന്ത്യൻ മഹാസമുദ്രങ്ങളിലൂടെ ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെടുന്നത് അപകടമാകുമെന്ന് ബ്രിട്ടിഷ് അധികൃതർക്കു തോന്നി. അതിനു പരിഹാരമായി കൊടൈക്കനാൽ- ടോപ്സ്റ്റേഷൻ പാത സൈനിക വാഹനങ്ങൾക്ക് പാകമായ നിലയിൽ മെറ്റൽ ചെയ്തു ബലപ്പെടുത്തി.

15 കിലോ മീറ്റർ ഇടവിട്ട് സൈനികർക്ക് വിശ്രമത്തിനായി ട്രാൻസിറ്റ് ക്യാംപുകൾ നിർമിച്ചു. അങ്ങനെ മദ്രാസ് പ്രസിഡൻസിയിലെ ഉന്നത അധികാരികൾക്കും ബന്ധുക്കൾക്കും കൊടൈക്കനാൽ- ബെരിജം- ടോപ്സ്റ്റേഷൻ- മൂന്നാർ- കൊച്ചി വഴി ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെടുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത പാത എന്ന നിലയിലാണ് കൊടൈക്കനാൽ-മൂന്നാർ പാതയ്ക്ക് എസ്കേപ് റോഡ് എന്ന പേര് വീഴുന്നത്.

അന്നത്തെ സൈനിക രേഖകളിൽ കൊടൈക്കനാൽ- കൊച്ചി തുറമുഖ പാതയെ എസ്കേപ് റൂട്ട് എന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ നമുക്ക് പറയാൻ കഴിയുന്ന യഥാർഥ എസ്കേപ് റോഡ് കൊടൈക്കനാലിലെ മോയി‍ർ പോയിന്റ്- ബെരിജം തടാകം-കോണലാർ ഡാം-വന്തരവ്- ടോപ്സ്റ്റേഷൻ വരെയുള്ള ഏകദേശം 40 കിലോ മീറ്റർ ഭാഗത്തെയാണ്.

1990ൽ എസ്കേപ് റോഡ് അടച്ചതിനു ശേഷം കർഷകർ കൃഷി ഉൽപ്പന്നങ്ങളുമായി കൊടൈക്കനാലിലേക്ക് പോകുന്ന ബദൽ പാത ടോപ്സ്റ്റേഷൻ- കോവിലൂർ- കൊട്ടക്കാമ്പൂർ- കടവരി- കിളിവരൈ- പൂണ്ടി- മണ്ണവന്നൂർ- പൂമ്പാറ- കൊടൈക്കനാൽ പാതയാണ്. ഏകദേശം 100 കിലോമീറ്റർ. കേരളാ അതിർത്തിയിലെ കടവരി നിന്നു തമിഴ്നാട് ഭാഗത്തെ കിളിവരൈ വരെയുള്ള ഭാഗം ഇപ്പോൾ തദ്ദേശീയർ അല്ലാത്തവർക്ക് സ്വകാര്യ വാഹനങ്ങളിൽ യാത്രാ വിലക്കുള്ളതായി പറയുന്നു.

എന്നാൽ മുൻപ് കടവരി- കിളിവരൈ ഭാഗം വഴി മലയാളി സഞ്ചാരികൾ സ്വകാര്യ വാഹനങ്ങളിൽ കൊടൈക്കനാലിലേക്കു യാത്ര നടത്തിയിരുന്നു. ഇപ്പോൾ കിളിവരൈ നിന്നും കൊടൈക്കനാനാലിലേക്ക് ബസ് സൗകര്യവുമുണ്ട്. മുൻപ് കേരളാ തമിഴ്നാട് സർക്കാരുകൾ ഈ റൂട്ടിനെ എസ്കേപ് റോഡിനു പകരം മൂന്നാർ കൊടൈക്കനാൽ യാത്രാ മാർ‌ഗമായി കണ്ട് പുതിയ ഹൈവേ നിർമാണത്തിന് ആലോചിച്ചിരുന്നു. എന്നാൽ കടവരി- കിളിവരൈ ഭാഗങ്ങൾ നിർദിഷ്ട കുറിഞ്ഞി സാങ്ച്വറി ആൻഡ് നാഷനൽ പാർക്കിന്റെ ഭാഗമായതോടെ ആ ശ്രമം നിർജീവമായി.

ഈ മേഖലയിലൂടെ പുതിയ പാത വരണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതിയെന്ന കടമ്പ കടക്കുക പ്രയാസകരമാണ്. ഈ പാതയെ എസ്കേപ് റോഡെന്ന നിലയിൽ ചിലർ തെറ്റായി അവതരിപ്പിക്കുന്നുണ്ട്. യഥാർഥ എസ്കേപ് റോഡ് ടോപ്സ്റ്റേഷനിൽ നിന്ന് ഇന്നത്തെ പാമ്പാടുംചോല നാഷനൽ പാർക്കിലൂടെ കിഴക്കോട്ടേക്ക് വന്തരവ് മേഖലയിലെ 17 ഹെയർ പിൻ റോഡുകൾ കയറി വന്തരവ് പീക്കിന് സമീപത്ത് കൂടി കുറുകെയാണ് കൊടൈക്കനാലിലേക്ക് പോയിരുന്നത്. വന്തരവിലെ എസ്കേപ് റോഡ് കടന്നു പോകുന്ന ഭാഗം 8140 അടി ഉയരത്തിലാണുള്ളത്. ഇത് ഇന്ത്യയിൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ പാതയായിരുന്നു.

എസ്കേപ് റോഡ് അടച്ചിട്ടതിലൂടെ തമിഴ്നാട് ലക്ഷ്യമിട്ടത് കൊടൈക്കനാലിൽ നിന്നുള്ള സഞ്ചാരികളുടെ മൂന്നാറിലേക്കുള്ള ഒഴുക്കു തടയുക എന്നത് മാത്രമാണെന്ന് കുരങ്ങിണിയിലൂടെയുള്ള പാത നിർമാണത്തിലൂടെ തമിഴ്നാട് തെളിയിക്കുകയാണ്. അതായത് ബെരിജം തടാകത്തിൽ എത്തുന്ന ടൂറിസ്റ്റുകൾ മൂന്നാറിന്റെ പ്രകൃതി ഭംഗിയിലേക്ക് നിസ്സാരമായി 'എസ്കേപ് ' ചെയ്യരുതെന്ന തമിഴ്നാടിന്റെ താൽപര്യം മാത്രമാണ് എസ്കേപ് റോഡിന്റെ അടച്ചു പൂട്ടലിലൂടെ ബോധ്യമാകുന്നത്.

റോഡ് പൂട്ടലും കാരണങ്ങളും

മൂന്നാറിലെ കൊട്ടക്കാമ്പൂരിൽ റിസോർട്ട് മാഫിയ വ്യാപകമായ തോതിൽ സർക്കാർ ഭൂമികൾ കയ്യേറുന്ന കാലത്തുതന്നെയാണ് 1990 ൽ എസ്കേപ് റോഡ് അടച്ച് പൂട്ടുന്നതും എസ്കേപ് റോഡിന് ബദൽ കൊട്ടാക്കമ്പൂർ കടവരി മേഖലയിലൂടെ കൊടൈക്കനാലിലേക്ക് പുതിയ പാത എന്ന ആശയം വരുന്നതും?! പക്കാ വനഭൂമിയിലൂടെ മാത്രം കടന്നു പോയിരുന്ന എസ്കേപ് റോഡിൽ സ്വകാര്യഭൂമികൾ ലഭ്യമല്ലാതിരുന്നതിനാൽ എസ്കേപ് റോഡ് പൂട്ടി, കൊട്ടാക്കമ്പൂർ കടവരി മേഖലയിലൂടെ, കൊടൈക്കനാലിലേക്ക് ബദൽ പാത വരുന്നതിൽ ആയിരുന്നു റിസോർട്ട് ലോബിക്ക് താൽപര്യമെന്ന് തദ്ദേശവാസികൾ പറയുന്നു.

ദക്ഷിണേന്ത്യയിലെ രണ്ടു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ 16 കിലോമീറ്റർ അകലത്തിൽ നിൽക്കുകയാണ്. ഈ 16 കിലോ മീറ്ററിൽ, മൃഗജീവിതങ്ങളെ ഹനിക്കാത്ത ഒരു ഫ്ലൈഓവർ. അല്ലെങ്കിൽ ഗവി - ബെരിജം മോഡലിൽ നിയന്ത്രിതമായി സഞ്ചാരികളെയും വാഹനങ്ങളെയും കടത്തി വിടുന്ന പാത.

ഇത് സാധ്യമായാൽ തലേദിവസം കൊടൈക്കനാലിൽ വന്ന സഞ്ചാരി അടുത്ത ദിവസം രാവിലെ ബെരിജം കണ്ട് മണിക്കൂറുകൾക്കകം ടോപ്സ്റ്റേഷനിൽ എത്തി മൂന്നാറിൽ രാത്രി ആഘോഷിക്കും. അതേപോലെ പകൽ മൂന്നാറിൽ കറങ്ങിയ സഞ്ചാരികൾ രാത്രിയിൽ കൊടൈക്കനാലിൽ ഉറങ്ങിയെന്നു വരും. ചുരുക്കത്തിൽ കൊടൈക്കനാലിലെയും മൂന്നാറിലെയും ടൂറിസ്റ്റ് സ്പോട്ടുകൾ ഒരു ഒറ്റ ട്രാവൽ സർക്കീറ്റിന്റെ ഭാഗങ്ങളായി തീരും. 

English Summary:

Sunday Special about escape road from Munnar Topstation to Kodaikanal in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com