500 ഗ്രാം തൂക്കവുമായി പിറവി, ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന പ്രവചനങ്ങൾക്കിടെ റെക്കോർഡുകളുമായി ഷീബയുടെ ‘തക്കുടു’

Mail This Article
ഒരു അധ്യയന വർഷത്തിൽ 100% ഹാജർ തികച്ച ആദ്യ പ്രീമച്വർ ബേബിക്കുള്ള അമേരിക്കൻ ബുക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ്, യുകെ ബുക് ഓഫ് റെക്കോർഡ്സ്... ഇന്നിതെല്ലാം ചെറുതുരുത്തി ജിഎൽപിഎസിലെ ഈ യുകെജിക്കാരിയുടെ പേരിലാണ്. ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് തക്കുടു എന്നു ചെല്ലപ്പേരുള്ള ആയത്ത് മറിയം ഫാത്തിമ ഇസ്രയേൽ ജിബ്രീൽ മസ്താൻവാലി ഷെയ്ഖ്.
പേര്: ബേബി ഓഫ് ഷീബ, തൂക്കം: 500 ഗ്രാം
പ്രസവത്തീയതിക്കും 4 മാസം മുൻപേ തന്റെ വയറൊഴിഞ്ഞ കുഞ്ഞ്. 2017 സെപ്റ്റംബർ 30നു പുലർച്ചെ 2.36ന് ഷീബയുടെ അഞ്ചാം മാസത്തിൽ വെറും 500 ഗ്രാം തൂക്കത്തിലായിരുന്നു, 'ജീവിച്ചിരിക്കില്ലെന്ന്' തറപ്പിച്ചെഴുതിയ വിധിയോടു പൊരുതാനായി അവളുടെ ജനനം. ‘തലനാരിഴപോലെ, ഞരമ്പു കനത്തിലൊരു രൂപം’. വെന്റിലേറ്ററിനുള്ളിൽ കുഞ്ഞിനെക്കണ്ട ആ കാഴ്ച ഇപ്പോഴും ഷീബയുടെ മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്. ഒരു കിലോഗ്രാം തൂക്കമെത്തും വരെ വെന്റിലേറ്റർ, ഇൻകുബേറ്റർ, എൻഐസിയു എന്നിവയെല്ലാം മാറിമറിഞ്ഞ് ഒരു വർഷത്തോളം കുഞ്ഞിനും അമ്മയ്ക്കും രണ്ടാമത്ത വീടായി മാറി ആശുപത്രി.
പിച്ചവച്ചു തുടങ്ങിയ മൂന്നാം വയസ്സിൽ തന്റെ പേരിലത്തുമ്പിൽ നിന്ന് അടർത്തി ആ പൂമ്പാറ്റയ്ക്ക് അമ്മ പേരിട്ടു-ആയത്ത് ഇസ്രയേൽ ജിബ്രീൽ. വിശുദ്ധിയുടെ ദൃഷ്ടാന്തമായ മാലാഖ. ഇന്നവൾക്ക് ആറര വയസ്സിൽ 13 കിലോഗ്രാം തൂക്കം. 500 ഗ്രാമിൽ നിന്ന് ഒരു കിലോഗ്രാം തൂക്കത്തിലേക്കുള്ള തൃശൂർ ചെറുതുരുത്തി നെടുമ്പുര പടിഞ്ഞാറേത്തല ചേരുംകുഴി മസ്താൻ വാലി-ഷീബ മസ്താൻ ദമ്പതികളുടെ കാത്തിരിപ്പിന് ഒരു യുഗത്തിന്റെ ‘കനമുണ്ടായിരുന്നു’. പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവർക്കുമിടയിൽ ജീവിതമായവൾ.
ആയത്തിന്റെ പിറവി
വിവാഹത്തിന്റെ മൂന്നാം വർഷത്തിലാണ് മസ്താനും ഷീബയ്ക്കും ഗർഭത്തിന്റെ ആദ്യ മാസത്തിൽ ആദ്യ കുഞ്ഞ് നഷ്ടപ്പെടുന്നത്. പിന്നീടു മൂന്നു വർഷത്തിനുശേഷം മാസം തികയാതെ ജനിച്ച രണ്ടാമത്തെ കുഞ്ഞും ഒരുനോക്കിനു കാക്കാതെ വിട്ടകന്നു. ഭർത്താവിനൊപ്പം നിന്ന് സൗദി അറേബ്യയിൽ ഗർഭധാരണ ചികിത്സകൾ തുടർന്നു. വീണ്ടും ഗർഭം സ്ഥിരീകരിച്ചു. നാലാം മാസത്തെ സ്‌കാനിങ്ങിനു ശേഷം, ‘നിങ്ങൾക്ക് അമ്മയാകാൻ കഴിയുമെന്ന് തോന്നുന്നില്ല, നാട്ടിൽ പോയി ചികിത്സ തുടരൂ’ എന്നായിരുന്നു ആദ്യ ഡോക്ടറുടെ മറുപടി.
ഒറ്റപ്പാലത്തെ ആശുപത്രിയിലെത്തി പരിശോധിച്ച മൂന്നു ഡോക്ടർമാർ ഒരേ സ്വരത്തിൽ തീരുമാനമറിയിച്ചു, ‘അമ്മയ്ക്ക് ആപത്താണ്, ഇതു നമുക്ക് എടുത്തുകളയാം’. പിന്നീടു പല ഡോക്ടർമാർ, പല ആശുപത്രികൾ, പല പല ടെസ്റ്റുകൾ. ഒടുവിൽ പ്രസവം നടക്കുന്നതിന് ഒരാഴ്ച മുൻപ് രാത്രി 11.55ന് ശാരീരിക അസ്വസ്ഥതകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബയ്ക്ക് മഗ്നീഷ്യത്തിന്റെ അളവു കുറഞ്ഞതോടെ ഇൻജക്ഷൻ എടുത്തു. അപ്പോഴും ആ ഐസിയുവിനു ചുറ്റും ഡോക്ടർമാരുടെ പ്രതീക്ഷകൾ ഷീബയ്ക്കു ചുറ്റും അലഞ്ഞുതിരിഞ്ഞു.
കുഞ്ഞിന് 5 മാസത്തെ വളർച്ച പോലുമായിട്ടില്ലെന്നു കണ്ട് അവിടെ നിന്നു വീണ്ടും മറ്റൊരു ആശുപത്രിയിലേക്കു റഫർ ചെയ്തു. അവിടെയെത്തി പരിശോധനകൾ തുടരുമ്പോൾ കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറഞ്ഞുവരുന്നതു കണ്ടെത്തിയോടെ അടിയന്തരമായി വെന്റിലേറ്റർ സൗകര്യമുള്ള പഴയ ആശുപത്രിയിലേക്കു തന്നെ തിരിച്ചുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. ഇതിനിടെ ഫ്ലൂയിഡ് നഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെയൊരു സെപ്റ്റംബർ 30 ശനിയാഴ്ചയിൽ ‘ബേബി ഓഫ് ഷീബ’ ജനിച്ചു.
ഉള്ളൊഴുക്ക്
‘ഇപ്പോഴും ആ കരച്ചിൽ എന്റെ കാതിലുണ്ട്. കുഞ്ഞിനെ എന്നെ കാണിച്ചില്ല. ഒരു നീല ടബ്ബിൽ എന്തോ കൊണ്ട് ഡോക്ടർമാരും നഴ്‌സുമാരും ഓടുന്നത് എനിക്കിപ്പോഴും തെളിഞ്ഞുകാണാം’ - ഷീബ ഓർക്കുന്നു. വണ്ണവും തൂക്കവുമുള്ള ഒരു കുഞ്ഞായിരുന്നു അപ്പോഴും മനസ്സിൽ. കുഞ്ഞിനെ കാണണമെന്നു വാശിപിടിച്ചപ്പോൾ വെന്റിലേറ്റർ ഐസിയുവിലേക്കു കൊണ്ടുപോയി. നിറയെ വയറുകൾ ഘടിപ്പിച്ച ഒരു രൂപം. പ്രസവിച്ച് 38 മണിക്കൂറിനു ശേഷമുള്ള ആദ്യ കാഴ്ചയുടെ ആകാംക്ഷയും കണ്ടതിന്റെ മരവിപ്പും ചേർന്നതോടെ ‘ഇതെന്താ ഇങ്ങനെയൊരു കുഞ്ഞ്’ എന്നാണ് കൂടിനിന്ന ഡോക്ടർമാരോട് ആദ്യമേ ചോദിച്ചത്.
താങ്ങിപ്പിടിച്ച് ഒരു സ്ഥലത്തു കൊണ്ടിരുത്തി ഡോക്ടർമാർ കുഞ്ഞിന്റെ ഗർഭകാല വളർച്ചയെപ്പറ്റി ആറ്റിക്കുറുക്കി പറഞ്ഞു, ‘ഇതാണു ഗർഭപാത്രത്തിലെ ശിശുവിന്റെ രൂപം. അഞ്ചാം മാസത്തിൽ വയറ്റിൽ സ്‌കാനിങ്ങിലൂടെ മാത്രം കാണുന്ന ജീവൻ. അതു കാണാൻ ഷീബയ്‌ക്കൊരവസരം ഈശ്വരൻ തന്നു.’ അമ്മയുടെ അനിയത്തി മാറിനിന്ന് കണ്ണുതുടയ്ക്കുന്നതു കാണാം. സഹോദരനെക്കൊണ്ട് ആശുപത്രിക്കാർ പല പേപ്പറുകളിൽ ഒപ്പിടീച്ചു വാങ്ങുന്നു.
പ്രാണസഞ്ചാരം
ഹൃദയവും ശ്വാസകോശവും ആമാശയവും ഒന്നും തന്നെ വളർച്ചയെത്താത്തതിനാൽ 3 മാസത്തോളം വെന്റിലേറ്ററിൽ തന്നെ. അത്രതന്നെ ഇൻകുബേറ്ററിലും എൻഐസിയുവിലും കൂടി. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് ഉണ്ടായേക്കാവുന്ന കാഴ്ചത്തകരാർ (ആർഒപി) പരിശോധിക്കേണ്ട സമയം. കുഞ്ഞിനെ പുറത്തു കൊണ്ടുപോകാൻ കഴിയാത്തതിനാൽ കോയമ്പത്തൂരിൽ നിന്ന് 14 അംഗ ഡോക്ടർമാരുടെ സംഘത്തെ ആശുപത്രിയിലെത്തിച്ചു.
-
Also Read
പാർട്ടിയുടെ പിളർപ്പ്; കെപിഎസിയുടെയും
അമൃത ആശുപത്രിയിൽ നിന്ന് ഹൃദയ പരിശോധനയ്ക്ക് വിദഗ്ധ സംഘവുമെത്തി. കുഞ്ഞിന്റെ സ്ഥിതിയെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ തൂക്കം ഒരു കിലോഗ്രാം എങ്കിലും ആകണം. ദിവസവും 5 ഗ്രാം വച്ച് കൂടണം. പിന്നീട് ഒരു കിലോഗ്രാം തൂക്കമായപ്പോൾ ഓക്‌സിജൻ ലെവലും ഹൃദയമിടിപ്പും അളക്കുന്ന മോണിറ്ററിങ് മെഷിൻ അടക്കം മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ മെഷിനിൽ ഏറ്റക്കുറച്ചിൽ കാണിച്ചതോടെ വീണ്ടും പഴയ ആശുപത്രിയിലേക്ക്.
കേരളത്തെ മുക്കിയ മഹാപ്രളയസമയത്താണ് കണ്ണു പരിശോധനയ്ക്കു കുഞ്ഞിനെയും കൊണ്ട് കോയമ്പത്തൂരിലേക്കു തിരിച്ചത്. നാല് മഫ്‌ളറുകളിൽ പൊതിഞ്ഞുപിടിച്ചു. രണ്ടു മണിക്കൂർ കൂടുമ്പോൾ 2 മില്ലീഗ്രാം വീതം പാൽപ്പൊടി കലക്കി ട്യൂബിലൂടെ നൽകിക്കൊണ്ടേ ഇരിക്കണം. വീട്ടിലെത്തിയ ശേഷം ഉമ്മയുടെ അനിയത്തിയുടെ മരുമകൾ സാജിത നിഷാദ് കുഞ്ഞിന്റെ പോറ്റമ്മയായതോടെയാണ് ഷീബ പ്രസവം കഴിഞ്ഞുള്ള വിശ്രമമറിഞ്ഞത്.
ആയത്തിന്റെ ലോകം
അങ്കണവാടിയാണ് ആയത്ത് ആശുപത്രിക്കു പുറത്ത് ആദ്യമായി കണ്ട ലോകം. അണുബാധ ഭയന്ന് കോവിഡിനു മുൻപേ വീട്ടിൽ മാസ്‌ക്കും സാനിറ്റൈസറും ശീലമാക്കിയിരുന്നു. മറ്റു കുട്ടികളുമായി കൃത്യമായ അകലത്തോടെ ഇടപഴകി വളർന്നു. ദിവസവും പത്തും പതിനഞ്ചും മാസ്‌ക് മാറ്റണം; വീട് അടിച്ചുതുടച്ചിടണം. അണുബാധ ഭയന്ന് തുമ്മൽപോലും അടക്കിപ്പിടിച്ച നാളുകൾ. രണ്ടു കിലോഗ്രാം തൂക്കം വരെ കുഞ്ഞിന്റെ ശരീരത്തിൽ വെള്ളം തൊടീച്ചിട്ടില്ല. വൈപ്‌സ് വച്ച് തുടയ്ക്കും. അങ്കണവാടി പോക്കിനിടെ ഒരിക്കലൊരു മഴക്കാലത്ത് ചാണകക്കുഴിക്കു സമീപം വീണ് ആയത്തിന് ശാരീരിക അസ്വസ്ഥതകൾ തുടങ്ങി.
ചെവി കാണിക്കാൻ കൊണ്ടിരുത്തിയപ്പോൾ ടോർച്ച് അടിച്ചുനോക്കിയ ശേഷം ഡോക്ടർ ഷീബയെ തറപ്പിച്ചൊന്നു നോക്കിയ ശേഷം ഭീഷണി സ്വരത്തിൽ ചോദിച്ചു, ‘നിങ്ങൾ ഈ കുഞ്ഞിനെ എന്താണ് ചെയ്തത്? സത്യം പറഞ്ഞില്ലെങ്കിൽ ഞാൻ പൊലീസിനെ വിളിക്കും’. ചാണകം പറ്റിപ്പിടിച്ച് ചെവിക്കകത്ത് തൊലി അടർന്ന നിലയിൽ കണ്ട്, വളർത്താൻ കഴിയാതെ താൻ കുഞ്ഞിനെ കുഴിയിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു ഡോക്ടറുടെ സംശയമെന്ന് പറഞ്ഞപ്പോൾ ഷീബയുടെ കണ്ണിൽ വിഷമദ്രവത്തിന്റെ തുള്ളിയടർന്നു. ഇന്ന് വിഷമകാലം ദൂരെയകന്നു. ആയത്ത് മിടുക്കിയായി തുള്ളിച്ചാടി സ്കൂളിൽ പോകുന്നു. നിഴലായി ഷീബയുണ്ട് കൂടെ. ഹാജർ നിലയിൽ മാത്രമല്ല, പഠിപ്പിലും പാട്ടിലും വരയിലും അധ്യാപകർക്കും ഇടയിൽ ഒരു ‘തൂക്കം’ മുന്നിലുണ്ട് ആയത്ത്.