പാർട്ടിയുടെ പിളർപ്പ്; കെപിഎസിയുടെയും

Mail This Article
കമ്യൂണിസ്റ്റ് അടിത്തറയിൽ രൂപം കൊണ്ട നാടക പ്രസ്ഥാനമായതു കൊണ്ടാകാം, കെപിഎസിയിൽ കർശന ചിട്ടകൾ ഉണ്ടായിരുന്നു. കൂടെ അഭിനയിക്കുന്ന നടീനടന്മാരുടെ വീട്ടിൽ പോകാൻ പോലും ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. നാടകം ഇല്ലാത്ത ദിവസങ്ങളിൽ പാമ്പാക്കുടയിലെ വീട്ടിൽ വരെ പോയി വരട്ടെ എന്നു ചോദിച്ചാലും അനുവാദം തരില്ല. അത്തരം ദിവസങ്ങളിൽ സഹനടിമാർ അവരുടെ വീട്ടിലേക്കു ക്ഷണിക്കും. സെക്രട്ടറിയോടു ചോദിക്കാതെ പറ്റില്ല. ചോദിച്ചാലും സമ്മതം കിട്ടില്ല. ഷോപ്പിങ്ങിനോ മറ്റോ പുറത്തുപോകാൻ അനുവാദം ചോദിച്ചാലും ഫലമില്ല.
നാടകം കണ്ട് ആരാധകരിൽ പലരും നടന്മാരുടെയും നടികളുടെയും പേരിൽ കെപിഎസിയിലേക്ക് അഭിനന്ദനക്കത്തുകൾ അയയ്ക്കും. അതൊന്നും അവരവർക്കു തുറന്നു വായിക്കാൻ പറ്റില്ല. ആരെങ്കിലും ഉപഹാരങ്ങൾ തന്നാൽ അതു വാങ്ങാനും അനുവാദമില്ല. ഒരിക്കൽ ഉത്തരേന്ത്യൻ പര്യടനത്തിനിടയിൽ ‘തുലാഭാര’ ത്തിലെ വിജയ ധരിക്കുന്നതുപോലെ ഒരു സ്കാർഫ് ഒരാൾ എനിക്കു സമ്മാനിച്ചു. അതുപോലും സ്വീകരിക്കാൻ അനുവദിച്ചില്ല.
നാടകത്തിനു പോകുമ്പോൾ ഹോട്ടലുകളിൽ താമസിക്കേണ്ടി വന്നാൽ സ്ത്രീകൾക്കായി ഒരു ഡബിൾ റൂം എടുത്തു തരും. എല്ലാവരും കൂടി അതിൽ കഴിയണം. കൂട്ടത്തിൽ സീനിയറായ സുലോചനച്ചേച്ചി (കെപിഎസി സുലോചന) ഒരു കട്ടിലിൽ കിടക്കും. ഞാനും കെപിഎസി ലളിതയുമൊക്കെ നിലത്തു തുണി വിരിച്ചു കിടക്കും. ചുരുക്കത്തിൽ നാടകത്തിന്റെ റിഹേഴ്സൽ നടക്കുമ്പോഴും വേദിയിൽ കയറുമ്പോഴും യാത്രയിലും മാത്രമേ നടീനടന്മാർ ഒരുമിച്ചു കാണാറുള്ളൂ...’ കൊല്ലം കടപ്പാക്കട ഭാവനാ നഗറിലെ ലീലാ ഭവൻ എന്ന പേരിട്ട വീടിന്റെ ഉമ്മറത്തിരുന്നു കെപിഎസി കഥകൾ ഓർത്തപ്പോൾ ലീലയുടെ മുഖം നിറഞ്ഞ സദസ്സായി.
ലളിത കരഞ്ഞു, ഞങ്ങളിപ്പോൾ മുങ്ങിച്ചാവുമേ...
ആ ദിവസം ഇന്നും ഭീതിയോടെ ഓർമയിലുണ്ട്. കെപിഎസിയുടെ ഉത്തരേന്ത്യൻ നാടക പര്യടനം. ഭോപ്പാലിൽ നിന്നു നാഗ്പുരിലേക്കുള്ള യാത്രയ്ക്കിടെ കൊടുംമഴ. നാഗ്പുരിൽ മാത്രമല്ല, മറ്റു പലയിടത്തും നാടകം ബുക്ക് ചെയ്തിട്ടുള്ളുകൊണ്ട് യാത്ര ഉപേക്ഷിക്കാനും വയ്യ. നർമദാ നദിക്കു കുറുകെയുള്ള പാലം കടന്നുവേണം നാഗ്പുരിലേക്ക് പോകാൻ. കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന നദിയുടെ കരയിലെത്തിയപ്പോഴാണ് ഞങ്ങളറിയുന്നത്, അവിടെ അങ്ങനെയൊരു പാലം ഉണ്ടായിരുന്നതിന്റെ അടയാളം പോലും ഇല്ല ! തലേദിവസത്തെ പേമാരിയിൽ പാലം ഒലിച്ചു പോയി. വേറൊരു വഴിയിലൂടെ പോയാൽ നാഗ്പുരിലെത്താൻ രണ്ടു ദിവസമെങ്കിലും പിടിക്കും.
വേറെ എന്തു വഴിയെന്ന് ആലോചിച്ച് തോപ്പിൽ ഭാസിയും കെ.പി ഉമ്മറും ഉൾപ്പെടെയുള്ളവർ തല പുകയ്ക്കുമ്പോൾ നാട്ടുകാരിൽ ചിലർ മുന്നോട്ടു വന്നു. 1000 രൂപ തന്നാൽ നാടൻ ചങ്ങാടത്തിൽ മറുകരയെത്തിക്കാം. അന്നത്തെ കാലത്തെ 1000 രൂപയാണെന്ന് ഓർക്കണം. എങ്ങനെയെങ്കിലും മറുകര എത്തിയാൽ മതിയെന്നു വിചാരിച്ച് ആ തുകയ്ക്കു സമ്മതിക്കേണ്ടി വന്നു. സ്ത്രീകളെ സമിതിയുടെ വാനിനുള്ളിൽ ഇരുത്തി ചങ്ങാടത്തിൽ കയറ്റി. പുരുഷന്മാർ ചുറ്റിനും നിന്നു. ആടിയുലഞ്ഞു ചങ്ങാടം മുന്നോട്ടു നീങ്ങി. വാനിന്റെ ഒരു ഭാഗം ഏതാണ്ടു വെള്ളത്തിലാണ്. വാനിലേക്കു വെള്ളം ഇരച്ചു കയറുന്നു. എത്ര കോരിക്കളഞ്ഞിട്ടും വെള്ളം ഇരച്ചെത്തുന്നു.
ചെരിഞ്ഞു കൊണ്ടിരിക്കുന്ന വാൻ ഇരു കൈകൾ കൊണ്ടും താങ്ങിപ്പിടിക്കാൻ ശ്രമിക്കുകയാണു കൂട്ടത്തിൽ കരുത്തനായ ഉമ്മർ. ഞാനും സുലോചനച്ചേച്ചിയും ലളിതയുമൊക്കെ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. ‘ അയ്യോ, ഞങ്ങളിപ്പോൾ മുങ്ങിച്ചാവുമേ...’ എന്ന ലളിതയുടെ നിലവിളി എല്ലാവരെയും ഭയചകിതരാക്കി. ഒരു മണിക്കൂറോളം മരണത്തെ മുന്നിൽക്കണ്ട് ഒരു വിധത്തിൽ ചങ്ങാടം മറുകരയെത്തിയപ്പോൾ നേരം പുലർന്നു. അവിടെ നിന്നു നാഗ്പുരിലേക്ക് വാൻ ചീറിപ്പാഞ്ഞു. രാത്രി എട്ടു മണിയോടെ നാഗ്പുരിലെത്തുമ്പോൾ കാണികളാകെ പൊട്ടിത്തെറിച്ച മട്ടായിരുന്നു...’
കെപിഎസിയിൽ ഭിന്നിപ്പ്
പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അടക്കമുള്ളവർ പ്രമുഖർ സാക്ഷ്യം വഹിച്ച ഡൽഹി നാടകോത്സവം വൻ വിജയത്തിൽ കലാശിച്ചെങ്കിലും കെപിഎസിയിൽ ഭിന്നിപ്പിന്റെ നാമ്പുകൾ തലയുയർത്തിത്തുടങ്ങിയിരുന്നു. യഥാർഥത്തിൽ അതിനും മുൻപേ ഒ.മാധവൻ അടക്കമുള്ള ചിലർ സമിതിയുമായി വല്ലാത്തൊരു അകൽച്ചയിലുമായിരുന്നു. ചില പ്രശ്നങ്ങൾ കെപിഎസിയിൽ വല്ലാതെ നീറിപ്പുകഞ്ഞ കാലം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി സ്ഥാനം ആയിടെ ഏറ്റെടുത്ത ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ കെപിഎസിയുടെ ജനറൽ ബോഡി യോഗം ചേർന്നു. 1953 മുതൽ കെപിഎസിയുടെ സെക്രട്ടറി സ്ഥാനത്തു തുടരുന്ന ഒ.മാധവനെതിരെ ചില ഒളിയമ്പുകൾ ആ യോഗത്തിൽ കണ്ടു. കെപിഎസിയുടെ തുടക്കം മുതൽ പ്രസിഡന്റ് സ്ഥാനത്തു തുടരുകയായിരുന്ന അഡ്വ. ജി.ജനാർദനക്കുറുപ്പ് മുഴുവൻ സമയ അഭിഭാഷകനായി മാറുന്നതിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. കുറുപ്പ് മാറുകയാണെങ്കിൽ സെക്രട്ടറി സ്ഥാനം താനും ഒഴിയുമെന്ന് ഒ.മാധവൻ അറിയിച്ചു. മാധവനു പകരം കേശവൻ പോറ്റി സെക്രട്ടറിയായി. പ്രസിഡന്റായി കുറുപ്പ് തുടരട്ടെയെന്നും ധാരണയായി.
എങ്കിലും ഒ.മാധവനും വിജയകുമാരിയുമൊക്കെ ‘പുതിയ ആകാശം പുതിയ ഭൂമി’ യുടെ അവതരണത്തിൽ അങ്ങേയറ്റം ആത്മാർഥതയോടെ പങ്കു ചേർന്നു. ആയിടയ്ക്കാണു ഡൽഹി പര്യടനം. പുതിയ ആകാശം കളിക്കുമ്പോൾ ഒരു സംഭവമുണ്ടായി. മേക്കപ്പ് ഇടാൻ വേണ്ടി ഊരി വച്ചിരുന്ന താലിമാല ഉൾപ്പെടെ വിജയകുമാരിയുടെ സകല സ്വർണാഭരണങ്ങളും പണവും മോഷണം പോയി. നാടകത്തിൽ നിന്നു കിട്ടിയ പ്രതിഫലത്തുക ഉൾപ്പെടെ ആ പെട്ടിയിലായിരുന്നു. മാധവനും വിജയകുമാരിക്കും ഉണ്ടായ നഷ്ടം നികത്താൻ എന്തു വേണമെന്ന ആലോചനയിലായി സമിതി അംഗങ്ങൾ. എല്ലാവരും സഹകരിച്ച്, നാട്ടിൽ കൊല്ലത്ത് ‘മുടിയനായ പുത്രൻ’ എന്ന നാടകം കളിച്ചു തന്നാൽ മതി എന്നായിരുന്നു മാധവൻ മുന്നോട്ടു വച്ച നിർദേശം. എല്ലാവരും സമ്മതിച്ചു.
പക്ഷേ, കാര്യങ്ങൾ മാറിമറിഞ്ഞു. നാടകത്തിന്റെ തീയതി അടുത്തപ്പോഴേക്കും കെപിഎസി സുലോചനയും കെ.എസ് ജോർജും കെപിഎസിയുടെ ഗാനങ്ങൾ റിക്കോർഡ് ചെയ്യാനായി മദ്രാസിലേക്കു പോകുന്നു. മുടിയനായ പുത്രനു പകരം പുതിയ ആകാശം പുതിയ ഭൂമി അവിടെ കളിച്ചെങ്കിലും വൻ നഷ്ടമായിരുന്നു ഫലം. വൈകാതെ ഒ. മാധവനും വിജയകുമാരിയും െകപിഎസിയുടെ പടിയിറങ്ങി. മാധവന്റെ നേതൃത്വത്തിൽ കൊല്ലം കേന്ദ്രമായി കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതി രൂപം കൊണ്ടതു പിന്നാലെയാണല്ലോ.
പിന്നാലെ പാർട്ടിയും പിളർന്നു
‘അശ്വമേധം’, ‘മൂലധനം’ എന്നീ നാടകങ്ങളുമായി കെപിഎസി രാജ്യമാകെ സഞ്ചരിക്കുന്നതിനിടെ ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ആ വാർത്ത തേടിയെത്തിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ 32 സഖാക്കൾ ഇറങ്ങിപ്പോയിരിക്കുന്നു. പാർട്ടി പിളർപ്പിലേക്ക്.
യഥാർഥത്തിൽ കെപിഎസി അംഗങ്ങൾ ഇത് മുൻകൂട്ടി കണ്ടുവെന്നു വേണം കരുതാൻ. കെപിഎസിക്കാർക്കിടയിൽ ഇതെക്കുറിച്ചു വാദപ്രതിവാദങ്ങൾ കുറെനാളായി നടന്നുവരുന്നുണ്ടായിരുന്നു. സുലോചന, കെ.പി. ഉമ്മർ, കെ.എസ്.ജോർജ് തുടങ്ങിയവരെല്ലാം എകെജിയുടെയും ഇഎംഎസിന്റെയും പക്ഷത്ത് നിലയുറപ്പിച്ചു. തോപ്പിൽ കൃഷ്ണപിള്ള, സി.ജി ഗോപിനാഥ് തുടങ്ങിയവർ മറുപക്ഷത്തും– കെപിഎസി നേരിട്ട ഏറ്റവും നിർണായക ദിനങ്ങളെക്കുറിച്ച് ലീല ഓർത്തു.
‘എനിക്കും ലളിതയ്ക്കും പ്രത്യേകിച്ച് നിലപാട് ഇല്ലായിരുന്നു. എന്റെ അച്ഛനും ലളിതയുടെ അച്ഛനും കമ്യൂണിസ്റ്റുകാരാണല്ലോ. അവരെടുക്കുന്ന നിലപാട് ഞങ്ങളും സ്വീകരിക്കാമെന്നു കരുതി. യാത്രയ്ക്കിടയിൽ തന്നെ കെപിഎസി സംഘത്തിൽ വാദപ്രതിവാദം രൂക്ഷമായി. കെപിഎസി സംഘം താമസിച്ചിരുന്ന ഹോട്ടലിൽ തന്നെ ജനറൽ ബോഡി യോഗം ചേർന്ന് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള വിമത പക്ഷത്തിനു പിന്തുണ നൽകാൻ തീരുമാനിച്ചു. തോപ്പിൽ ഭാസി ആ സമയം കെപിഎസി സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. വിമത സംഘത്തിനു കെപിഎസി പിന്തുണ പ്രഖ്യാപിച്ച വിവരം അറിഞ്ഞ് തോപ്പിൽ ഭാസി മദ്രാസിൽ നിന്നു വിമാനത്തിൽ ബെംഗളൂരുവിലെത്തി. അത്രയേറെ നിർണായകമായിരുന്നു ആ യാത്ര.
(തുടരും)