ADVERTISEMENT

വിരലുകളാൽ വീണകൾക്ക് ഉയിര് നൽകിയ അതുല്യ കലാകാരി പത്മാവതി അനന്തഗോപാലൻ നവതിയുടെ നിറവിലേക്ക്. രാജ്യത്തെ ഏറ്റവും മുതിർന്ന വീണ വിദുഷിയും സംഗീതജ്ഞയും പ്രശസ്‌ത വയലിനിസ്റ്റ്‌ ലാൽഗുഡി ജയരാമന്റെ സഹോദരിയുമായ പത്മാവതി 12നു തൊണ്ണൂറാം വയസ്സിന്റെ പടി ചവിട്ടുകയാണ്.

ത്യാഗരാജ വഴി

ത്യാഗരാജ ശിഷ്യപരമ്പരയുടെ പിൻഗാമിയായ ലാൽഗുഡി ഗോപാല അയ്യരുടെയും സാവിത്രിയുടെയും മകളായി 1934 ജൂലൈ 12നാണ്‌ പത്മാവതി അനന്തഗോപാലൻ ജനിച്ചത്‌. ധാരാളം സംഗീതോപകരണങ്ങൾ വായിച്ചിരുന്ന ഗോപാല അയ്യരിൽ നിന്നാണു വീണ ആദ്യമായി പത്മാവതി അഭ്യസിച്ചത്. അധികം വൈകാതെ തന്നെ വീണ വാദനത്തിൽ തന്റേതായ ശൈലി അവർ രൂപപ്പെടുത്തി. ജ്യേഷ്‌ഠൻ ലാൽഗുഡി ജയരാമനും സംഗീതത്തിന്റെ വഴിയിൽ പത്മാവതിക്കു പ്രചോദനമായി. നാഗസ്വരവും മൃദംഗവുമെല്ലാം പത്മാവതിക്കു വഴങ്ങുമെങ്കിലും വീണയുടെ തന്ത്രികൾക്കൊപ്പമായിരുന്നു ആ ജീവിതം ഏറെയും.

വീണ വിദ്വാൻ എസ്‌.ബാലചന്ദറിനെ മാനസഗുരുവായി സ്വീകരിച്ച പത്മാവതി അദ്ദേഹത്തിന്റെ ശൈലി പിന്തുടർന്ന്‌ സ്വന്തമായി ഒരു വീണവാദക ശൈലി രൂപപ്പെടുത്തി. പിന്നീട്‌ അദ്ദേഹത്തോടൊപ്പം നിരവധി വേദികളിലും പത്മാവതിയുണ്ടായിരുന്നു. ബാലചന്ദറിന്റെ നിർദേശപ്രകാരമാണ്‌ പത്മാവതി കുട്ടികളെ വീണ പഠിപ്പിച്ച്‌ തുടങ്ങുന്നത്‌. ചെന്നൈ അണ്ണാനഗറില ശ്രീ സദ്‌ഗുരു സംഗീതവിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരുടെ എണ്ണം ആയിരത്തിലേറെയാണ്. മാമിയെന്നാണു ശിക്ഷ്യരിൽ പലരും അവരെ വിളിച്ചിരുന്നത്.

വീഴ്ചയില്ലാ പരിശീലനം

എല്ലാ സമയത്തും ഞാൻ സംഗീതത്തോടൊപ്പമായിരുന്നു പത്മാവതിയുടെ ജീവിതം. പഠനവും പരിശീലനവും കണ്ണിമുറിയാതെ നടന്നു. കണിശക്കാരനായ ഗോപാല അയ്യർ പുലർച്ചെ 3 മണിക്ക് മക്കളെ ഉണർത്തും. ആ വിളിയിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റില്ലെങ്കിൽ, ബാക്കിയുള്ള ദിവസങ്ങളിൽ അദ്ദേഹം ഒരക്ഷരം മിണ്ടില്ല. തെറ്റുകളോട് അതിരൂക്ഷമായും പ്രതികരിച്ചിരുന്നു.

അച്ഛന്റെ പാത പിന്തുടർന്ന് സഹോദരൻ ലാൽഗുഡി ജയരാമനും സഹോദരിമാരായ ലാൽഗുഡി രാജലക്ഷ്‌മിയും ശ്രീമതി ബ്രഹ്മാനന്ദനും വയലിൻ കയ്യിലെടുത്തപ്പോൾ പത്മാവതിയെ വീണ പരിശീലിപ്പിക്കാൻ ആവശ്യപ്പെട്ടത് പിതൃസഹോദരിയായിരുന്നു. ഗോപാല അയ്യർ സമ്മതിച്ചു, അന്നുമുതൽ വീണയുടെ തന്ത്രികളിലായി പത്മാവതിയുടെ ജീവിതം. വീട്ടിൽ അധ്യാപകരെ നിയോഗിച്ച് മക്കളെ സംസ്കൃതം, ഇംഗ്ലിഷ്, തമിഴ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു.

15 വയസ്സുള്ളപ്പോൾ അവർ വിവാഹിതയായി. അന്തരിച്ച ഭർത്താവ്‌ അനന്തഗോപാലനും അറിയപ്പെടുന്ന വൈണികനായിരുന്നു. ചെന്നൈയിലെ നീണ്ട വാസത്തിനു ശേഷം ഇപ്പോൾ ബന്ധുവും പ്രിയ ശിഷ്യയുമായ ജയന്തി കുമരേഷിന്റെ കരുതലിലാണ് മാമിയിപ്പോൾ.

വീണയുടെ ഉള്ളറിഞ്ഞ്

35ൽ അധികം വീണകൾ സ്വന്തമായിട്ടുള്ള പത്മാവതിക്ക് വീണകളുടെ അറ്റകുറ്റപ്പണികളും നടത്താൻ വൈദഗ്ധ്യമുണ്ട്. യാത്രസൗകര്യത്തിനായി വേർപെടുത്താവുന്ന തരത്തിലുള്ള വീണയും നടേശ ആചാരിയുടെ സഹായത്തോടെ പത്മാവതി ചെയ്‌തിട്ടുണ്ട്‌. സിംഗപ്പൂരിലെ ഇന്ത്യൻ ഫൈൻ ആർട്‌സ്‌ സൊസൈറ്റിയിൽ എട്ടു വർഷത്തോളം അധ്യാപികയായിരുന്നു. ഇന്ത്യൻ ഫൈൻ ആർട്‌സ്‌ സൊസൈറ്റിയുമായി ചേർന്നു പത്മാവതി എഴുതിയ പുസ്‌തകങ്ങളാണു ഷഡ്‌ജം, ഋഷഭം എന്നിവ.

വയലിനും വീണയും ഒഴികെ മറ്റൊന്നും പത്മാവതിയുടെ വീട്ടിൽ ഇല്ല. കച്ചേരികൾക്കായി വിദേശത്തു പോകുമ്പോഴെല്ലാം വീണയുടെ ഘടകങ്ങളാണു വാങ്ങുക. ജർമനിയിലാണ് ഏറ്റവും മികച്ച വീണക്കമ്പികൾ ലഭിക്കുകയെന്നാണു പത്മാവതിയുടെ അനുഭവം. ആകാശവാണി എ ഗ്രേഡ്‌ ആർട്ടിസ്റ്റായിരുന്ന പത്മാവതി അനന്തഗോപാലൻ ഒട്ടേറെ കച്ചേരികൾ ആകാശവാണിക്കും ദൂരദർശനും വേണ്ടി അവതരിപ്പിച്ചിട്ടുണ്ട്‌. 

English Summary:

Sunday special about Padmavathi Ananthagopalan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com