ADVERTISEMENT

ഉപേക്ഷിക്കപ്പെട്ട സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു ജീവൻ അപകടത്തിലാകുന്ന വാർത്തകൾ കണ്ണൂരിൽനിന്നിപ്പോൾ പതിവാണ്. തലശ്ശേരി എരഞ്ഞോളിയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നു കിട്ടിയ സ്റ്റീൽ ബോംബ്, പാത്രമെന്നു കരുതി തുറക്കാൻ ശ്രമിക്കുന്നതിനിടെ വയോധികനു ജീവൻ നഷ്ടപ്പെട്ടിട്ടു ദിവസങ്ങളേ ആയുള്ളൂ. അതുപോലെയൊരു ഉപേക്ഷിക്കപ്പെട്ട സ്ഫോടക വസ്തുവാണു വിജിന്റെ ജീവിതവും മാറ്റിമറിച്ചത്.

ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടമാക്കി, ഇടതു കൈയുടെ വിരലുകളുമെടുത്തു അഞ്ചുവർഷം മുൻപുണ്ടായൊരു സ്ഫോടനം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു വിജിൻ. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ചരിത്രത്തിൽ ബിരുദമെടുക്കാൻ ചേർന്ന വിജിന്റെ ആദ്യ കവിതാസമാഹാരം വെളിച്ചം കാണാൻ പോകുകയാണ്. ഇരുട്ടിനെ അക്ഷരങ്ങൾ കൊണ്ട് അതിജീവിച്ചു നേടിയ ജയം. വിജിന്റെ തന്നെ വാക്കിൽ പറഞ്ഞാൽ ‘പുനർജന്മത്തിലെ അക്ഷരവെട്ടം’.

അങ്ങനെയൊരു അവധിക്കാലത്ത്

‘വിധിയെ പഴിച്ചൊരാ നാക്കിന്റെ അറ്റത്ത് വിധി മാറി, ഗതിമാറി ഒഴുകുന്ന പുഴയാണു ഞാനിന്ന്’...

‘വിധി’ എന്ന കവിതയിൽ വിജിൻ സ്വയം വിശേഷിപ്പിക്കുന്നത് ഗതിമാറിയൊഴുകുന്ന പുഴയെന്നാണ്. മട്ടന്നൂർ പരിയാരം കാട്ടുകണ്ടി നയനത്തിൽ ടി.കെ.വിജിന്റെ ജീവിതം ഗതിമാറിയെത്തിയതാണ്. പരേതനായ കുഞ്ഞിപ്പറമ്പത്ത് വിജയന്റെയും ടി.കെ.പുഷ്പലതയുടെയും മകനായ വിജിന്റെ (19) ജീവിതം ഗതിമാറിയൊഴുകുന്നത് 2019ലെ വേനലവധിക്കാലത്താണ്.

ഒൻപതാം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയം. ഏപ്രിൽ 3ന് വൈകിട്ട് മൂന്നിന് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു. കളിക്കളത്തിനു പുറത്തു കൂട്ടിയിട്ട മരച്ചില്ലകളിലേക്കു പന്തുപോയപ്പോൾ വിക്കറ്റ് കീപ്പറായ വിജിൻ അതെടുക്കാൻ ഓടി. അന്നേരമാണു പന്തിനു പകരം മറ്റൊരു ഉരുണ്ട വസ്തു കയ്യിൽ തടയുന്നത്. പന്തെടുത്തു കൂട്ടുകാർക്ക് എറിഞ്ഞുകൊടുത്ത ശേഷം കയ്യിൽ കിട്ടിയ സാധനം പരിശോധിക്കാൻ തുടങ്ങി. ഉരുണ്ട വസ്തുവിൽ നിന്നു പുറത്തേക്കു നിൽക്കുന്ന കമ്പിയിൽ എന്തെല്ലാമോ ചുറ്റിയിട്ടുണ്ടായിരുന്നു. അതിനു മുകളിലൂടെ ഉണ്ടനൂൽകൊണ്ടു നന്നായി കെട്ടിയിട്ടുണ്ട്. അതവിടെയിട്ടു കളിക്കാൻ വരാൻ കൂട്ടുകാർ പറഞ്ഞെങ്കിലും വിജിന്റെ കൗതുകം അതിനു സമ്മതിച്ചില്ല.

പെട്ടെന്നാണ് അതു സംഭവിച്ചത്. കയ്യിൽ നിന്ന് ഉഗ്രശബ്ദത്തോടെ അതു പൊട്ടി . എന്താണെന്നു തിരിച്ചറിയാൻ പറ്റിയില്ല. ചുറ്റും ഇരുട്ടായിരുന്നു. വീണിടുത്തുനിന്നെഴുന്നേറ്റ് വിജിൻ നടന്നു. എന്താണുണ്ടായതെന്നു കൂട്ടുകാർക്കും മനസ്സിലായില്ല. മണ്ണും പുകയും ഉയരുന്നു. അതിനുള്ളിൽ നിന്ന് വിജിൻ ചോരയൊലിച്ചുകൊണ്ടു നടന്നുവരുന്നു. വിരലെല്ലാം അറ്റുതൂങ്ങി ചോരയിൽ കുളിച്ചുള്ള അവനെ കണ്ടപ്പോൾ കൂട്ടുകാർ അലറി. അമ്മാവന്റെ മകൻ അക്ഷയ് ഒരു സുഹൃത്തിന്റെ സ്കൂട്ടറിൽ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകി കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചു.

സ്ഫോടനത്തിൽ  കാഴ്ച നഷ്ടമായിരുന്നു. ഉടൻ കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിൽ എത്തിക്കാനായിരുന്നു നിർദേശം. ഈ സമയമാകുമ്പോഴേക്കും വിജിനു ബോധം നഷ്ടമായി. അടുത്ത ദിവസം കോയമ്പത്തൂരിലെത്തിച്ചു. മൂന്നുമാസം അവിടെ ആശുപത്രിയിൽ. അറ്റുതൂങ്ങിയ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. പരുക്കേറ്റ ശരീരഭാഗത്തെല്ലാം പ്ലാസ്റ്റിക് സർജറി ചെയ്തു. സ്ഫോടനം കണ്ണിന്റെ ഞരമ്പുകളെ നശിപ്പിച്ചതിനാൽ കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.

ഹൈദരാബാദിലെ എൽവി പ്രസാദ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും കാഴ്ചയ്ക്കൊരു മാറ്റവും ഉണ്ടായില്ല. ഒരു വർഷം ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു വിജിനും കുടുംബവും. വിജിന് ഒന്നര വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. പിന്നീട് അമ്മ പുഷ്പലതയും അമ്മാവൻ ടി.കെ.സഹദേവനുമാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ആശുപത്രിയിൽ കൂടെ നിന്നതെല്ലാം അമ്മാവനാണ്.

മയൂഖ് എന്ന കാഴ്ച

ഒരു വർഷം ചികിത്സയുടെ കാലമായിരുന്നു. ആശുപത്രിയിലും വീട്ടിലും വെറുതെയിരിക്കുമ്പോഴാണു പഠിത്തം നഷ്ടപ്പെടുന്നതിന്റെ വേദന മനസ്സിലായത്. കാഴ്ചയില്ലാതെ എങ്ങനെ സ്കൂളിൽ പോകും? വിജിന്റെ പ്രയാസം മനസ്സിലാക്കി അമ്മയും അമ്മാവനും ധർമശാലയിലെ മാതൃകാ അന്ധവിദ്യാലയത്തിൽ കൊണ്ടുപോയി.

പുതുജീവിതം വിജിന്റെ വാക്കുകളിൽ...

‘‘ എന്റെ ജീവിതം വീണ്ടും ആരംഭിക്കുന്നത് അവിടെയാണ്. അവിടത്തെ സി.വി.നാരായണൻ മാഷാണ് എന്നെ അറിവിന്റെ ലോകത്തേക്കു തിരികെ കൊണ്ടുവരുന്നത്. ബ്രെയ്‌ൽ ലിപിയിൽ എഴുതാനും മൊബൈൽ ഫോൺ ഉപയോഗിക്കാനും അദ്ദേഹം പഠിപ്പിച്ചു. പ്രവീൺ മാഷ് എന്നെക്കൊണ്ട് കഥയെഴുതിപ്പിച്ചു. ആദ്യമായിട്ടാണ് അതൊക്കെ. കാഴ്ചയില്ലെങ്കിലും അതിനെ മറികടന്നുകൊണ്ടു പഠിക്കാൻ പറ്റുമെന്ന് എനിക്കുറപ്പായി. വീണ്ടും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ ചേർന്നു.

കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസൊന്നും എന്നെ വിഷമിപ്പിച്ചില്ല. ഫോൺ ഉപയോഗിക്കാൻ പഠിച്ചതിനാൽ ക്ലാസുകൾ എളുപ്പമായിരുന്നു. 65 ശതമാനം മാർക്കോടെ ജയിച്ച് ഇതേ സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസിനു ചേർന്നു. അവിടെ വച്ചാണ് മയൂഖ് എന്റെ ജീവിതത്തിലേക്കു വരുന്നത്. സഹപാഠിയായ അവനാണു രണ്ടുവർഷവും എന്നെ കൊണ്ടുനടന്നത്. സ്കൂളിലെത്തിയാൽ എന്റെ എല്ലാ കാര്യത്തിനും അവനുണ്ടാകും. ശരിക്കും എന്റെ കണ്ണായിരുന്നു അവൻ. സ്കൂളിലെ അധ്യാപകരും സഹപാഠികളുമൊക്കെ ശരിക്കും സഹായിച്ചു.

ഈ സമയത്താണ് പഠനത്തിൽ മികവുള്ള കുട്ടികൾക്കായി ജില്ലാ സമഗ്ര ശിക്ഷാ ഓഫിസിൽ ക്യാംപ് നടത്തിയത്. സ്കഫോൾഡ് എന്ന പദ്ധതിയിൽ ഞാനടക്കമുള്ള 25 കുട്ടികളുണ്ടായിരുന്നു. ഞങ്ങളെയൊക്കെ എഴുത്തിലേക്ക് ആകർഷിക്കാനുള്ള ക്യാംപ് ആയിരുന്നു അത്. അവിടെ വച്ച് ‘നാട്ടിലേക്കുള്ള യാത്ര’ എന്നൊരു കഥ എഴുതി. ക്യാംപ് കഴിഞ്ഞെത്തിയതോടെ എഴുത്ത് സജീവമാക്കി. ബ്രെയ്‌ൽ വഴി ഞാനെഴുതിയത് അമ്മയോ ചേച്ചി വിജിലയോ മാറ്റിയെഴുതും. സമഗ്ര ശിക്ഷയിലെ രതി ടീച്ചറും രാജേഷ് മാഷുമൊക്കെ അത് വാട്സാപ് ഗ്രൂപ്പുകളിലിട്ട് എന്നെ പ്രോത്സാഹിപ്പിച്ചു.

സമഗ്ര ശിക്ഷ കേരളയുടെ ‘കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ’ എന്ന പുസ്തകത്തിൽ ‘ഞാൻ’ എന്ന എന്റെ കവിത പ്രസിദ്ധീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയ പ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊക്കെ പങ്കെടുത്തു. എനിക്കാദ്യമായി ഒരു സമ്മാനം കിട്ടുന്നത് അവിടെ വച്ചാണ്.

കുറച്ചു മാസങ്ങൾക്കു ശേഷം മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എന്നെ ‘ഹെലൻ കെല്ലർ’ അനുസ്മരണം നടത്താൻ വിളിച്ചു. എന്റെ അനുഭവമാണ് ഞാനവരോടു പങ്കുവച്ചത്. അതവർക്ക് ഇഷ്ടമായി. അതോടെ എന്നെ കേൾക്കാൻ ആളുകളുണ്ടെന്നു മനസ്സിലായി. എന്റെ ആദ്യ മോട്ടിവേഷൻ ക്ലാസായിരുന്നു അത്. വിധി മാറി, ഗതി മാറിയൊഴുകുന്ന പുഴയായി ഞാൻ മാറി. പിന്നീട് ഒട്ടേറെ സ്ഥലത്ത് ഞാൻ മോട്ടിവേഷൻ ക്ലാസെടുക്കാൻ പോയി. 

‘എന്നിലൂടെ നിങ്ങളിലേക്ക്’ എന്ന എന്റെ ആദ്യ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കാൻ പോകുകയാണ്. രാജേഷ് മാഷും കണ്ണൂർ കൈരളി ബുക്സിലെ ഒ.അശോക് കുമാറുമാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ താൽപര്യമെടുത്തത്. ഇപ്പോൾ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ബിഎ ഹിസ്റ്ററിക്കു ചേർന്നു. എന്റെ സുഹൃത്ത് മയൂഖും അവിടെയുണ്ട്. കൈപിടിക്കാൻ അമ്മാവൻ കൂടെയുണ്ടാകും. വഴികാട്ടാൻ അമ്മയും. ആ ധൈര്യമാണ് പുതിയ ക്യാംപസിലെത്തുമ്പോൾ എനിക്കുള്ളത്. ചരിത്രാധ്യാപകനാകാനാണ് എന്റെ ആഗ്രഹം.

ഇരുട്ടിനെ മറികടക്കാൻ എനിക്കു സാധിച്ചു. ഇന്ത്യയിലെ 100 പ്രമുഖരുടെ ശബ്ദം കേട്ടു തിരിച്ചറിയാൻ എനിക്കു സാധിക്കും. ലോകത്തിലെ പ്രമുഖരുടെ ശബ്ദം തിരിച്ചറിഞ്ഞ് ഗിന്നസിൽ ഇടം നേടാനാണ് എന്റെ ആഗ്രഹം. അതിനുള്ള ശ്രമത്തിലാണിപ്പോൾ. അന്നത്തെ ആ സ്ഫോടന ശബ്ദം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അതാണല്ലോ എന്നെ ഞാനാക്കിയത്. ആ എന്നിലൂടെ ഞാൻ നിങ്ങളിലേക്കെത്തും’’– വിജിൻ പറഞ്ഞു.

ഇരുട്ടിനെ തോൽപിക്കുന്ന വെളിച്ചമാണ് ഈ യുവാവിന്റെ ശബ്ദത്തിൽ ഇപ്പോഴുള്ളത്. ഉപേക്ഷിക്കപ്പെട്ട എത്രയോ സ്ഫോടക വസ്തുക്കൾ കണ്ണൂരിലെ ഒഴിഞ്ഞ പറമ്പുകളിൽ ഇപ്പോഴുമുണ്ട്. അതൊന്നും ആരുടെയും ജീവിതം തകർക്കരുതേയെന്ന് ഈ നാടിനൊപ്പം വിജിനും ആഗ്രഹിക്കുന്നു.

English Summary:

Sunday story about Vijin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com