പ്രകാശം തേടിയ പക്ഷി

Mail This Article
ചിലരങ്ങനെയാണ്, സ്വയമെരിഞ്ഞ് ചുറ്റും പ്രകാശം പരത്തും. ഉള്ള് നോവുമ്പോഴും പ്രതീക്ഷയുടെ ഒരു തരി കണ്ടു പിടിച്ച് ഊതിത്തെളിച്ച് ചുറ്റും വെളിച്ചം നിറയ്ക്കും. അങ്ങനെയൊരു പെൺകുട്ടിയുടെ കഥയാണിത്. രണ്ടാം വയസ്സിൽ അമ്മയുടെ മരണത്തോടെ തുടങ്ങിയ നഷ്ടങ്ങളാണു ജിനി ജോണിന്റേത്. 90 ശതമാനം കാഴ്ചശക്തി നഷ്ടപ്പെട്ടു. നഷ്ടങ്ങളെ അതിജീവിച്ച്, പഠിച്ച എല്ലാ കോഴ്സുകളിലും റാങ്കോടെ വിജയം. പരീക്ഷകളിലും അഭിമുഖങ്ങളിലുമെല്ലാം മുന്നിലെത്തിയിട്ടും കാഴ്ചക്കുറവിന്റെ പേരിൽ നൂറിലേറെ കമ്പനികൾ ജോലി നിഷേധിച്ചു. ഒരു ജോലി കിട്ടാൻ ഒത്തിരി അലഞ്ഞ ജിനി പിന്നീട് ഏറെ പേർക്ക് ജോലി നൽകിയ ഒരു റിക്രൂട്ടിങ് സ്ഥാപനത്തിന്റെ ഉടമയായി. പരിമിതികളുടെ പേരിൽ പിന്തള്ളപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യാനായി വിദേശ പഠനത്തിനായുള്ള ദീർഘനാളത്തെ പരിശ്രമങ്ങൾ. കാനഡ മക്ഗിൽ സർവകലാശാലയിൽ റിസർച് അസിസ്റ്റന്റാണിപ്പോൾ ജിനി. ഒന്നോ രണ്ടോ പരീക്ഷകൾ എഴുതി ജോലി കിട്ടാതാവുമ്പോൾ തളരുന്നവർക്ക് മുന്നിൽ സ്വന്തം ജീവിതമാണ് ജിനി പാഠപുസ്തകമായി വയ്ക്കുന്നത്.
-
Also Read
പന്തയനഷ്ടം
നഷ്ടങ്ങളുടെ കുട്ടിക്കാലം
പത്തനംതിട്ട കോന്നി അട്ടച്ചാക്കലിലായിരുന്നു കുട്ടിക്കാലം. ജിനിയുടെ രണ്ടാം വയസ്സിൽ ടിബി ബാധിച്ച് മരിച്ച മമ്മിയെപ്പറ്റി പറഞ്ഞുകേട്ട ഓർമ മാത്രം. ആറാം വയസ്സിൽ പപ്പയും നഷ്ടമായതോടെ ഒറ്റപ്പെടാതെ അട്ടച്ചാക്കലിലെ തൈപ്പറമ്പിൽ തറവാട്ടിൽ അപ്പച്ചനും അമ്മച്ചിയും അവളെ ചേർത്തു പിടിച്ചു. എട്ടാം വയസ്സിൽ ജീവിതത്തിലെ അടുത്ത തിരിച്ചടി. ഞരമ്പുകൾ പൊടിഞ്ഞു പോകുന്നതിനാൽ ഇടതു കണ്ണിന് കാഴ്ചക്കുറവ്. അങ്ങനെ ആദ്യ ശസ്ത്രക്രിയ. എട്ടാം ക്ലാസ് കാലത്ത് വലതു കണ്ണിനും പ്രശ്നങ്ങൾ തുടങ്ങി. വീണ്ടും ശസ്ത്രക്രിയ ചെയ്തെങ്കിലും ചികിത്സപ്പിഴവ് മൂലം വലതു കണ്ണിന് ഉള്ള കാഴ്ച കൂടി നഷ്ടമായി. പിന്നീട് കാണുന്നവരെ പേടിപ്പെടുത്തും വിധം ആ കണ്ണ് ഉള്ളിലേക്ക് കുഴിഞ്ഞു തുടങ്ങി. അതോടെ വലതുകണ്ണിന്റെ സ്ഥാനത്ത് ഒരു പ്ലാസ്റ്റിക് കണ്ണ് പിടിപ്പിച്ചു.
പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തതിന് ശേഷം തുടർപഠനത്തിന് ബെംഗളൂരുവിലേക്ക്. അവിടെ വച്ച് വീണ്ടും ആരോഗ്യപ്രശ്നങ്ങളും ശസ്ത്രക്രിയകളും. ഇതിനിടയിൽ അപ്പച്ചന്റെയും അമ്മച്ചിയുടെയും മരണം. പ്രതിസന്ധികൾ പഠനത്തെ ബാധിക്കരുതെന്ന നിർബന്ധമുണ്ടായിരുന്ന ജിനി തളരാതെ പഠിച്ചു. ബെംഗളൂരു സർവകലാശാലയിൽ നിന്നു പിജി പൂർത്തിയാക്കിയത് റാങ്കോടെ.
തിരിച്ചറിവുകളുടെ പഠനകാലം
പപ്പയുടെ സഹോദരങ്ങളായിരുന്നു ജിനിക്ക് തുണയായി ഉണ്ടായിരുന്നത്. ഒരു ജോലി എന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂരുവിൽ നിന്നു കൊച്ചിയിൽ എത്തിയത്. ഒരുപാട് അലഞ്ഞു. എഴുത്തു പരീക്ഷകളിൽ ഒന്നാമതായിട്ടും അഭിമുഖങ്ങളിൽ അവസാന റൗണ്ടു വരെ എത്തിയിട്ടും 90 ശതമാനം കാഴ്ചശക്തിയില്ലാത്ത പെൺകുട്ടിക്കു ജോലി കൊടുക്കാനുള്ള വിശ്വാസം ഒരു കമ്പനിക്കുമുണ്ടായില്ല. അങ്ങനെ നൂറിലേറെ കമ്പനികൾ... മനസ്സു മടുത്തു പോകുന്ന അവസ്ഥയിലും തോൽക്കില്ലെന്നു ജിനി ഉറപ്പിച്ചു. തോറ്റാൽ മുൻപിൽ ഒരു വഴിയുമില്ലെന്ന് അറിയാമായിരുന്നു. ഒടുവിൽ ഒരു സുഹൃത്തു വഴി ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി കിട്ടി.
അതിജീവനത്തിന്റെ ഒന്നാംകാലം
ആയിടയ്ക്ക് ഒരു കോളജിൽ ഗെസ്റ്റ് ലക്ചററായി ജോലി കിട്ടി. ജോലി തേടി അലയുന്ന കാലത്ത് ഏറ്റവും വലിയ ആശ്വാസവും പിന്തുണയും സുഹൃത്ത് മിതിൻ ചാക്കോ ആയിരുന്നു. പിന്നീട് ആ സൗഹൃദം ജീവിതത്തിലേക്കും കൂട്ടായി വന്നു. അക്കാലത്താണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തോന്നിയത്. ജോലി തേടി അലഞ്ഞ അനുഭവ പരിചയം ധാരാളം ഉള്ളതു കൊണ്ടു എച്ച്ആർ റിക്രൂട്മെന്റ് നന്നായി ചെയ്യാൻ പറ്റും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ആ അത്മവിശ്വാസവും മിതിന്റെ പിന്തുണയും മുടക്കുമുതലാക്കിയതോടെ ആക്സിലിയോൺ എന്ന സ്ഥാപനം പിറന്നു. ജോലിക്കായി ഒട്ടേറെ തവണ കയറിയിറങ്ങിയ പല കമ്പനികളും പിന്നീട് ജിനിയുടെ ക്ലയന്റ്സായി.
അതിജീവനത്തിന്റെ രണ്ടാംകാലം
ബിസിനസിൽ ഒന്നു കാലുറപ്പിച്ച ശേഷമാണ് വിദേശപഠനത്തിനു പോകണം എന്ന് ആഗ്രഹിച്ചു തുടങ്ങിയത്. ഒരു പാട് ബുദ്ധിമുട്ടിയെങ്കിലും ഓരോ പടവുകളായി കയറി, മിതിനും ജിനിയും കാനഡയിലെത്തി. നിലവിൽ ജോലിക്കൊപ്പം പഠനവും ഒപ്പം കൊണ്ടുപോകുന്നു. മക്ഗിൽ യൂണിവേഴ്സിറ്റി റിസർച് ഡിപ്പാർട്മെന്റിന്റെ ഇഡിഐ (ഇക്വിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ) കമ്മിറ്റി മെംബർ കൂടിയാണ് ജിനി. ശാരീരിക പരിമിതി നേരിടുന്നവർക്ക് എങ്ങനെ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഒരുക്കാം എന്നൊക്കെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇഡിഐ കമ്മിറ്റി ആണ്.
യാഥാർഥ്യങ്ങളുടെ വർത്തമാനകാലം
എത്ര പോസിറ്റീവ് ആയി സംസാരിച്ചാലും ശാരീരിക പരിമിതി ഒരു യാഥാർഥ്യമാണെന്നു ജിനി പറയുന്നു. 90 ശതമാനമാണ് കാഴ്ചക്കുറവ്. റൈറ്റിനൽ ഡിറ്റാച്മെന്റിനു സാധ്യതയേറെയാണെന്നു ഡോക്ടർമാർ പറഞ്ഞു കഴിഞ്ഞു. പക്ഷേ അതു കേട്ടു നിരാശപ്പെട്ടിരിക്കാതെ ഒരായുഷ്കാലം കൊണ്ടു കണ്ടു തീർക്കാൻ പറ്റുന്നത്ര കാഴ്ചകൾ കണ്ണിലെ വെളിച്ചം കെടും മുൻപ് ഉള്ളിലേക്ക് പകർത്തി വയ്ക്കാനുള്ള ഓട്ടത്തിലാണ് ജിനിയും മിതിനും. കഴിയുന്നത്ര രാജ്യങ്ങളിലെ വൈവിധ്യങ്ങളും രുചികളും അറിയാനുള്ള യാത്രകൾ.
സ്വപ്നങ്ങളുടെ വരുംകാലം
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി കേരളത്തിൽ എന്തെങ്കിലും ചെയ്യാനുള്ള അന്വേഷണത്തിലാണ് ജിനി. ഭിന്നശേഷിയുടെ പേരിൽ ജോലി ലഭിക്കാതെ പോകുന്ന ഉദ്യോഗാർഥികൾക്കു വേണ്ടി ഒരു ജോബ് പോർട്ടൽ. കോർപറേറ്റുകളുടെ സഹകരണം ഉണ്ടായാൽ ഏറെ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ശാരീരിക പരിമിതിയുടെ പേരിൽ ആർക്കും ജോലിയോ ജീവിതമോ നിഷേധിക്കപ്പെടരുതെന്നാണ് ആഗ്രഹം. അവരെ സഹായിക്കാനും വഴികാട്ടാനും പ്രചോദിപ്പിക്കാനും ഒരിടം ഉണ്ടാകണം. അതിനുള്ള പദ്ധതികളും മനസ്സിലുണ്ട്. ലക്ഷ്യങ്ങൾ ഒരുപാട് ബാക്കിയാണ്. സ്വപ്നങ്ങൾ ഉള്ളവരുടെ ഉള്ളിലൊരു ‘അഗ്നി’യുണ്ടാകും. അതങ്ങനെ ജ്വലിച്ചു നിൽക്കുമ്പോൾ ഏതിരുട്ടാണ് തടസ്സമാവുക.