ADVERTISEMENT

വർഷങ്ങൾക്കു മുൻപു ഹൃദയം തകർന്നു, പടിയിറങ്ങിപ്പോയ വെസ്റ്റ് ലണ്ടൻ സർവകലാശാല ക്യാംപസിലേക്കു ജോമോൻ കുര്യാക്കോസ് വീണ്ടുമെത്തിയതു വിദ്യാർഥിയായല്ല. അധ്യാപകനായാണ്. ആദ്യ ക്ലാസ് എടുക്കാൻ എത്തിയ ദിവസം ജോമോന്റെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. പേടി കൊണ്ടല്ല. ഒരിക്കൽ കൈയെത്തും ദൂരത്തു നഷ്ടമായ അതേ സ്ഥലത്തേക്കു ഹൃദയം നിറഞ്ഞു തിരികെ ചെല്ലുമ്പോൾ കിട്ടുന്ന സന്തോഷത്തിന്റെ ഭാരം കൊണ്ടായിരുന്നു അത്. 

തോന്നയ്ക്കാട് ടു ലണ്ടൻ  

ലണ്ടൻ കോവെൻട്രിയിലെ ദ് ടിഫിൻ ബോക്സ്  റസ്റ്ററന്റ് ഡയറക്ടറും സെലിബ്രിറ്റി ഷെഫുമായ ജോമോൻ കുര്യാക്കോസിന്റെ ജീവിതം താനൊരുക്കുന്ന വിഭവങ്ങൾ പോലെ രുചിവൈവിധ്യം നിറഞ്ഞതാണ്. എരിവും പുളിയും മധുരവുമെല്ലാം കൃത്യമായ പാകത്തിന് ഇടയ്ക്കിടെ കടന്നു വന്നു കൊണ്ടിരിക്കും. മധുരം ആസ്വദിച്ചതു പോലെ തന്നെ എരിവും പുളിയുമെല്ലാം മടുക്കാതെ കൈകാര്യം ചെയ്തതിനാൽ ജീവിതം ഇപ്പോൾ ജോമോന് നൽകുന്നത് അധികവും മധുരമാണ്.   

ചെങ്ങന്നൂർ തോന്നയ്ക്കാട് ജോസ് കോട്ടേജിൽ പി.സി.കുര്യാക്കോസിന്റെയും സെലിൻ കുര്യാക്കോസിന്റെയും മകൻ വൻകിട റസ്റ്ററന്റുകളിലെ അടുക്കളിലേക്കുള്ള യാത്ര തുടങ്ങിയത് തോന്നയ്ക്കാട്ടെ വീട്ടിലെ അടുക്കളയിൽ നിന്നാണ്.  മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ പ്ലസ്ടു കാലം. പഠനമുറിയിലെക്കാളും വീട്ടിലെ അടുക്കളയിലാണ് സമയം ചെലവഴിക്കുന്നത് എന്നു പരാതിപ്പെട്ട അമ്മയോട് അധ്യാപകനായ സുനിൽ ഡി.കുരുവിളയാണ് അവനെ ഇഷ്ടത്തിനു വിടാനായി പറഞ്ഞത്. അവൻ ആഗ്രഹിച്ച വഴിക്കു വിട്ടിട്ടു നേരെയായില്ലെങ്കിൽ കുറ്റം നമുക്ക് അല്ലല്ലോ എന്നായിരുന്നു സുനിൽ സാറിന്റെ പക്ഷം. 

ആ വാക്കുകൾ ജോമോനെ എത്തിച്ചത് മംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനാണ്.  പഠനം കഴിഞ്ഞു പുണെയിലെ ഹോട്ടലിൽ ജോലി.  കൂട്ടുകാരനായ സുബീഷ് ഉപരിപഠനത്തിനു യുകെയിലേക്കു പോകുകയാണെന്നു പറഞ്ഞതോടെ ജോമോനും വിദേശത്ത് ഉപരിപഠനം എന്ന മോഹം തുടങ്ങി. വീട്ടുകാരെ സമ്മതിപ്പിച്ചു 2008 സെപ്റ്റംബറിൽ ലണ്ടനിലേക്കുള്ള യാത്ര.  

എരിവു മാത്രം 

പാചക കോഴ്സ് പഠിക്കാൻ വെസ്റ്റ് ലണ്ടൻ സർവകലാശാലയിൽ എത്തിയ ജോമോനെ കാത്തിരുന്നത് ലോ കോളജിലെ സീറ്റാണ്. അഡ്മിഷൻ ശരിയാക്കിയ ഏജൻസിയുടെ ചതി. രണ്ടു മൂന്നു ദിവസം കോളജിൽ പോയി നോക്കിയെങ്കിലും ശരിയാകുന്നില്ലെന്നു കണ്ടതോടെ ആ യാത്ര നിർത്തി. പിന്നീട് ഒരു ജോലിക്കായുള്ള അലച്ചിലായിരുന്നു. ഒപ്പം താമസിച്ചിരുന്ന ഒരാൾ വഴി റസ്റ്ററന്റിൽ വെയ്റ്ററായി ജോലിക്കു കയറി. എല്ലാ ജോലിയും ചെയ്യണം. ശമ്പളമില്ല, പ്രതിഫലമായി ഭക്ഷണം മാത്രം.  2009 ജൂലൈയിൽ ജോലിയിലെ ആത്മാർഥത തിരിച്ചറിഞ്ഞ ഹോട്ടൽ ഉടമ വർക് പെർമിറ്റ് നൽകി സ്ഥിരപ്പെടുത്തി. ആഗ്രഹിച്ചെത്തിയ ഷെഫ് ജോലി ആയിരുന്നില്ല അത്. എല്ലാ പണിയും ചെയ്യുന്ന ഒരാൾ മാത്രം.

എങ്ങനെയെങ്കിലും മറ്റൊരു ജോലി കിട്ടണം എന്ന ആഗ്രഹവുമായുള്ള അലച്ചിലായി പിന്നീട്. കൈയിലുണ്ടായിരുന്ന ഒരു പൗണ്ടിനു ബയോഡേറ്റയുടെ നാലു പ്രിന്റെടുത്തു.  അതുമായി ഹോട്ടലുകൾ കയറിയിറങ്ങി. ജോലിക്കെടുക്കുന്നില്ലെങ്കിൽ ബയോഡേറ്റ തിരികെ തരണമെന്നു ഹോട്ടലുകാരോട് ആവശ്യപ്പെടുമായിരുന്നു. വീണ്ടും പ്രിന്റെടുക്കാൻ പണമില്ലാത്തതിനാലായിരുന്നു അത്. കുറച്ചു മാസങ്ങൾക്കു ശേഷം വേറൊരിടത്ത് ജോലി ലഭിച്ചു. ഭക്ഷണവും താമസവും കിട്ടും, പക്ഷേ ശമ്പളമില്ല. അവിടെ കുറച്ചുകാലം ജോലി ചെയ്ത ശേഷം പിന്നീട് അൽപം കൂടി വലിയ ഒരു ഹോട്ടലിൽ ജോലിക്കു കയറി. ജോമോൻ കുര്യാക്കോസ് എന്ന ഷെഫിന്റെ ശരിക്കുമുള്ള തുടക്കം. 

മധുരകാലം 

ജീവിതത്തിലേക്കു വെളിച്ചം വന്നു തുടങ്ങിയ സമയം. ജോലിക്കായുള്ള അലച്ചിൽ അവസാനിച്ചതോടെ വിവാഹിതനായി. പത്തനംതിട്ട റാന്നി സ്വദേശിനി ലിൻജോ കൂട്ടായി എത്തി. 2017ൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലിക്കു കയറി. ബിബിസി മാസ്റ്റർ ഷെഫ് ഷോയുടെ ഒരു എപ്പിസോഡ് ആ ഹോട്ടലിൽ ചിത്രീകരിച്ചതാണ് ജോമോന്റെ ജീവിതവും മാറ്റിമറിച്ചത്.  മത്സരാർഥികൾക്കു പരിശീലനം നൽകുന്ന ചുമതല ജോമോനായിരുന്നു.  10 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി കണ്ടു വിളിച്ചവരിൽ ജോമോൻ ആരാധിച്ചിരുന്ന ഷെഫുമാരും ഉണ്ടായിരുന്നു.  അതിനു ശേഷം ഹോട്ടലിൽ എത്തുന്ന സെലിബ്രിറ്റികൾക്കിടയിൽ ജോമോൻ എന്ന പേര് അറിയപ്പെടാൻ തുടങ്ങി. ഒരിക്കൽ ഹോട്ടലിലെത്തിയ മോഹൻലാലിനോട് ഓട്ടോഗ്രാഫ് ചോദിച്ച ജോമോനെ ഞെട്ടിച്ചുകൊണ്ടു മെനു കാർഡിൽ ജോമോന്റെ ഓട്ടോഗ്രാഫ് വാങ്ങിയാണ്  മോഹൻലാൽ മടങ്ങിയത്. 2021ൽ യുകെയിലെ നാഷനൽ ഷെഫ് ഓഫ് ദി ഇയർ പരിപാടിയിൽ സെമിഫൈനലിസ്റ്റുമായി. വെസ്റ്റ് ലണ്ടൻ സർവകലാശാലയിലേക്ക് അതിഥി അധ്യാപകനായും ഇതിനിടയ്ക്ക് ക്ഷണം കിട്ടി. ഇപ്പോഴും അവിടെ ക്ലാസ് എടുക്കുന്നുണ്ട്.  

ഫൈവ് സ്റ്റാർ മത്തി വറുത്തത് 

പഞ്ചനക്ഷത്ര ഹോട്ടലിന്റെ തീൻമേശയിലേക്കു കേരളത്തിലെ നാടൻ ഭക്ഷണങ്ങൾ എത്തിക്കുന്നതാണ് ജോമോന്റെ മാസ്റ്റർപീസ്.  നാടൻ രുചികളെ വിദേശ രീതിയിലേക്കു മാറ്റി അവതരിപ്പിച്ചുള്ള ഒരു ഫ്യൂഷൻ. മത്തങ്ങ എരിശ്ശേരി, വട്ടയപ്പം, പാലട പ്രഥമൻ, കൊഞ്ച് തീയൽ തുടങ്ങിയവ അങ്ങനെ ലണ്ടനിലെ തീൻമേശകളിലും ഇടംപിടിച്ചു. ലോക്ഡൗൺ കാലത്തെ പരീക്ഷണങ്ങളിലൂടെ ഇങ്ങനെ കൂടുതൽ വിഭവങ്ങൾ കണ്ടെത്തി ജോമോൻ സമൂഹമാധ്യമങ്ങളിലും പ്രശസ്തനായി. ഭാര്യ ലിൻജോ, മക്കളായ ജോവിയാൻ, ജോഷെൽ, ജോഷ്ലീൻ എന്നിവർക്കൊപ്പം  പുതിയ രുചികൾ തേടി ജോമോന്റെ യാത്രകൾ തുടരുകയാണ്. 

English Summary:

Success story of chef Jomon Kuriakose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com