പാട്ടു പാടി ഉറക്കാം... : മലയാളികൾ കേട്ടുറങ്ങിയ താരാട്ടുപാട്ടുകളുടെ കഥകൾ കേൾക്കാം..
Mail This Article
കോഴിക്കോട്ടെ അളകാപുരി ടൂറിസ്റ്റ് ഹോമിന്റെ കോട്ടേജിൽ തന്നെ കാണാനെത്തിയ ആരാധികയ്ക്കു മുൻപിലിരുന്ന് "കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നുമകളേ" എന്ന ഗാനം ഹൃദയം തുറന്നു പാടുന്ന പി.ലീലയുടെ മിഴിവാർന്ന ചിത്രമുണ്ട് ഓർമയിൽ; കാൽ നൂറ്റാണ്ടിനിപ്പുറവും. പാടിത്തീർന്നപ്പോൾ പ്രിയഗായികയുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ച ശേഷം മുംബൈ മലയാളിയായ സന്ദർശക പറഞ്ഞു: "ഞാൻ ജനിച്ച വർഷം പുറത്തിറങ്ങിയ പാട്ടാണിത്. എന്റെ അമ്മ എന്നെ നിത്യവും പാടിയുറക്കിയിരുന്ന പാട്ട്. പത്തു വയസ്സ് വരെ ഈ പാട്ടു കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്"
-
Also Read
ഗുരുവിന്റെ ഗാന്ധിധ്യാനം
തലേ വർഷം അമ്മ അവസാനനിദ്ര പുൽകിയതും അതേ പാട്ടിന്റെ കൈപിടിച്ചുതന്നെ. മരണത്തിന്റെ മൃദുപാദപതനങ്ങൾക്ക് കാതോർത്തു കിടക്കവേ ഇഷ്ടഗാനം ഒരിക്കൽ കൂടി കാതിൽ മൂളിക്കൊടുക്കാൻ മകളോട് ആവശ്യപ്പെടുകയായിരുന്നു അമ്മ. "പാട്ടു പാടിയ ഗായികയിൽ നിന്ന് അത് നേരിട്ട് കേൾക്കുക എന്നത് അമ്മയുടെ വലിയൊരു സ്വപ്നമായിരുന്നു. അത് നിറവേറ്റാനാവാതെ അവർ യാത്രയായി. ആ ഭാഗ്യം ഒടുവിൽ എന്നെത്തേടി വരുമെന്ന് സങ്കൽപിച്ചിട്ടു പോലുമില്ല... "
അതിഥിയായ ആരാധികയെ സ്നേഹപൂർവം യാത്രയാക്കി തിരിച്ചുവന്ന ലീലച്ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കാലത്തിേനപ്പുറത്തേക്കു തിരിച്ചു പോയിരിക്കണം ഒരു മാത്ര അവരുടെ മനസ്സ്; സ്നേഹസീമ (1954) എന്ന ചിത്രത്തിൽ അഭയദേവ്- ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ എ.എം.രാജയ്ക്കൊപ്പം പാടി റെക്കോർഡ് ചെയ്ത അനശ്വരമായ ഉറക്കുപാട്ടിന്റെ ജന്മനിമിഷങ്ങളിലേക്ക്. "വിവിധ ഭാഷകളിലായി പിന്നീട് എത്രയോ താരാട്ടുകൾ പാടി. പലതും ഹിറ്റായി.
ആ പാട്ടുകൾ കേട്ടാണ് നിങ്ങളൊക്കെ വളർന്നുവന്നതെന്ന് പറഞ്ഞുകേൾക്കുമ്പോൾ സന്തോഷം തോന്നും. അവയൊക്കെ പാടിയ എനിക്ക് മാത്രം പാടിയുറക്കാൻ ഒരു കുഞ്ഞിനെ ഭഗവാൻ തന്നില്ല എന്നത് വിധിനിയോഗമാകാം." ഒരു നിമിഷം നിർത്തി മേശപ്പുറത്തെ കൊച്ചു കൃഷ്ണവിഗ്രഹത്തിന് നേർക്കു കൈകൂപ്പി മലയാളത്തിന്റെ ആദ്യത്തെ പൂങ്കുയിൽ പറഞ്ഞു; ആത്മഗതമെന്നോണം: "എങ്കിലും ദുഃഖമില്ല. എന്റെ മരുമക്കൾ എല്ലാം എനിക്ക് മക്കളാണ്. അവർക്കു വേണ്ടി ഞാൻ പാടാത്ത താരാട്ടുകളില്ല. പിന്നെ നിങ്ങളൊക്കെ ആ പാട്ടുകളിലൂടെ എന്നെ എന്നും ഓർക്കില്ലേ? എനിക്കതു മതി..."
മലയാളികളുടെ എത്രയോ തലമുറകളെ പാടിയുറക്കുകയും ഉണർത്തുകയും ചെയ്ത ശബ്ദം. താരാട്ടു പാടുവാൻ വേണ്ടി ജനിച്ചതല്ലേ ലീലച്ചേച്ചി എന്നു തോന്നും ആ പാട്ടുകൾ കേൾക്കുമ്പോൾ. ഓമനത്തിങ്കൾ കിടാവോ (സ്ത്രീ), ഉണ്ണിക്കൈ വളര് വളര് (പുനർജന്മം), പഞ്ചമിയോ പൗർണ്ണമിയോ (ഏഴു രാത്രികൾ), എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാൻ (കുടുംബിനി), ഊഞ്ഞാല് പൊന്നൂഞ്ഞാല് (ആദ്യകിരണങ്ങൾ)... എല്ലാം ഒരു തലമുറയുടെ ഹൃദയത്തിന്റെ ഭാഗമായിരുന്ന പാട്ടുകൾ. "മാതൃത്വത്തിന്റെ സമസ്തഭാവങ്ങളും നിറഞ്ഞ ശബ്ദമാണ് ലീലയുടേത്. താരാട്ടുകൾ പാടുമ്പോൾ അവരിൽ ഒരു സ്നേഹനിധിയായ അമ്മ വന്നു നിറയാറുണ്ട്." ലീലയുടെ സംഗീതജീവിതം രൂപപ്പെടുത്തിയവരിൽ പ്രധാനിയായ ദക്ഷിണാമൂർത്തിയുടെ വാക്കുകൾ.
‘സീത’യിലെ (1960) പ്രശസ്തമായ "പാട്ടു പാടി ഉറക്കാം ഞാൻ" എന്ന താരാട്ട് ചിട്ടപ്പെടുത്തുമ്പോൾ ലീലയായിരുന്നു സ്വാമിയുടെ മനസ്സിൽ. തിരക്കു മൂലം ലീലയ്ക്ക് സമയത്തിനെത്താൻ കഴിയാത്തതു കൊണ്ടാണ് താരതമ്യേന നവാഗതയായ പി.സുശീലയ്ക്ക് വിധിനിയോഗം പോലെ നറുക്ക് വീണതെന്ന് സ്വാമി തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്.
"മലയാളം വാക്കുകളുടെ ഉച്ചാരണമാണ് ആദ്യ ചിത്രത്തിൽ എനിക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചത്.'' സുശീല പറയും. "കൂടുതൽ പ്രശ്നമുണ്ടാക്കിയത് ന, റ എന്നീ അക്ഷരങ്ങൾ. ഞങ്ങളുടെ ഭാഷയിലെ ഉച്ചാരണമല്ല രണ്ടിനും ഇവിടെ. മലയാളത്തിൽ രണ്ടു തരത്തിൽ ന ഉച്ചരിക്കാം. പല്ലുകൊണ്ട് നാക്കിന്റെ കീഴെ സ്പർശിച്ച് പറഞ്ഞുപഠിക്കാനാണ് സ്വാമി എനിക്ക് നൽകിയ നിർദേശം. കഠിനമായിരുന്നു ആ പരിശീലനം.
ചോര പൊടിയും വരെ തുടർന്നു അത്. റ വേണ്ടിടത്ത് ര കടന്നുവരുന്നു എന്നതായിരുന്നു മറ്റൊരു പ്രശ്നം. എന്തായാലും പാട്ടു പുറത്തുവന്നപ്പോൾ അത്തരം പിഴവുകളൊന്നും ആരും ശ്രദ്ധിച്ചില്ല. തമിഴിലും തെലുങ്കിലുമെന്ന പോലെ മലയാളത്തിലെയും എന്റെ ആദ്യ ഗാനം സൂപ്പർഹിറ്റായി. അതൊരു ഭാഗ്യം തന്നെയായിരുന്നു.''
രൺബീർ കപൂറിന്റെ ഉണ്ണീ വാവാവോ
മലയാളത്തിലെ ഒരു ഉറക്കുപാട്ട് ഭാഷയുടെയും കാലദേശങ്ങളുടെയുമൊക്കെ അതിരുകൾക്കപ്പുറത്തേക്കു യാത്ര ചെയ്തു വീണ്ടും വാർത്തകളിൽ ഇടം നേടിയത് അടുത്തിടെയാണ് ; ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയിലൂടെ. റാഹ നിത്യവും ഉറങ്ങുന്നത് അച്ഛൻ മൂളിക്കൊടുക്കാറുള്ള "ഉണ്ണീ വാ വാ വോ" കേട്ടിട്ടാണെന്ന് വെളിപ്പെടുത്തിയത് അമ്മ ആലിയ തന്നെ.
ഈണത്തിന്റെ ഇന്ദ്രജാലമാകാം. സാർവജനീനമായ ഒരു ഭാവതലമുണ്ട് താരാട്ടുകളുടെ ഈണത്തിന്. ജർമൻ സംഗീതജ്ഞൻ ജൊഹാനസ് ബ്രാംസിന്റെ "ബ്രാംസ് ലലബൈ" കേട്ടാലും "ദോ ബിഗാ സമീ"നിൽ സലിൽ ചൗധരിയുടെ ഈണത്തിൽ ലതാ മങ്കേഷ്ക്കർ പാടിയ "ആജാരി ആ നിന്ദിയാ തൂ ആ" കേട്ടാലും സുഖസുഷുപ്തിയിലേക്ക് വഴുതിവീഴും കുഞ്ഞുങ്ങൾ. ഈണവും താളവുമാണവിടെ പ്രധാനം. എങ്കിലും കൈതപ്രം എഴുതിയ ലളിതസുന്ദരമായ വരികളെ ഒഴിച്ചുനിർത്തി "ഉണ്ണീ വാവാവോ" യെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല തനിക്കെന്ന് സംഗീത സംവിധായകൻ മോഹൻ സിതാര പറയുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. "വാത്സല്യം നിറഞ്ഞ ആ വരികൾ, പ്രത്യേകിച്ച് തുടക്കം, ആണ് പാട്ടിനെ ഇത്രയും ജനകീയമാക്കിയത് എന്നാണ് എന്റെ വിശ്വാസം." മോഹന്റെ വാക്കുകൾ.
പൊതുവേ സിനിമയിലെ താരാട്ടുകൾ അമ്മമാർ പാടിക്കേട്ടാണ് നമുക്ക് ശീലം. "സ്നേഹസീമ"യിലെ പാട്ടിൽ അഭയദേവ് എഴുതിയ പോലെ "താരാട്ടുപാടുവാൻ അമ്മയുണ്ടല്ലോ താളം പിടിക്കുവാൻ അച്ഛനുണ്ടല്ലോ" എന്നതാണ് നടപ്പുശീലം. എങ്കിലും മലയാളത്തിലെ സൂപ്പർ ഹിറ്റ് ഉറക്കുപാട്ടുകൾ പലതും നാം കേട്ടത് പുരുഷ ശബ്ദത്തിലാണ്. "മംഗളം നേരുന്നു"വിലെ "അല്ലിയിളം പൂവോ" ഓർക്കുക. യേശുദാസിന് പാടാൻ വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനം യുവഗായകൻ കൃഷ്ണചന്ദ്രനെ തേടിയെത്തിയത് തികച്ചും യാദൃച്ഛികമായി. "ദാസേട്ടന് വേണ്ടി ട്രാക്ക് പാടാൻ ചെന്നതാണ് ഞാൻ. അദ്ദേഹം അന്നു സ്ഥലത്തില്ല.
എന്റെ ട്രാക്ക് വച്ചു രംഗം ഷൂട്ട് ചെയ്ത ശേഷം പിന്നീട് ദാസേട്ടന്റെ ശബ്ദം മിക്സ് ചെയ്തു ചേർത്താൽ മതിയല്ലോ. എവിഎം ആർആർ സ്റ്റുഡിയോയിൽ ചെന്നു പത്തു മിനുട്ട് കൊണ്ടു പാട്ട് പഠിച്ചു. ട്രാക്ക് ആയതു കൊണ്ടു ഒഴുക്കൻ മട്ടിൽ പാടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ചിത്രീകരണ സമയത്ത് പാട്ടു കേട്ടപ്പോൾ ഇന്നസന്റ് ഉൾപ്പെടെ പലരും പറഞ്ഞത്രേ : അയാൾ നന്നായി പാടിയിട്ടുണ്ടല്ലോ; നമുക്ക് ഇത് മാറ്റേണ്ട. അങ്ങനെയാണ് ആ പാട്ട് സിനിമയിൽ വരുന്നത്. വീണ്ടും ഒരിക്കൽ കൂടി ശ്രദ്ധയോടെ പാടി അതു നന്നാക്കാൻ പറ്റിയില്ലല്ലോ എന്ന ദുഃഖം ഇപ്പോഴുമുണ്ട്..'' ലാഘവത്തോടെ പാടിയിട്ടു പോലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടു എന്നത് കൃഷ്ണചന്ദ്രനെ ഇന്നും അദ്ഭുതപ്പെടുത്തുന്ന കാര്യം. കഥാകൃത്ത് പ്രിയ എ.എസ് ഒരിക്കൽ എഴുതി : "മണ്ണിൽ വിരിഞ്ഞ നിലാവോ എന്ന് കൃഷ്ണചന്ദ്രൻ പാടി ചോദിക്കുമ്പോൾ മനസ്സിൽ ഒരു കിനാവ് വിരിയുന്നത് പോലെ, മടിയിൽ ഒരു കുഞ്ഞു വന്നിരിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്... ''
പാട്ടിന്റെ ഈണം മൂളിത്തരുമ്പോൾ ഇളയരാജയുടെ മുഖത്തു വന്നു നിറഞ്ഞതും അതേ വാത്സല്യഭാവമായിരുന്നു എന്ന് ഗാനരചയിതാവായ എം.ഡി.രാജേന്ദ്രൻ. "ട്രാക്ക് കേട്ടപ്പോഴേ എന്റെ മനസ്സ് പറഞ്ഞു ഇത് മറ്റാരു പാടിയാലും ശരിയാവില്ല എന്ന്. അത്രയും ഹൃദയസ്പർശിയായിരുന്നു കൃഷ്ണചന്ദ്രന്റെ ആലാപനം."
സിനിമയുടെ രൂപഭാവങ്ങളും സംഗീത സങ്കൽപ്പങ്ങളും കഥാപരിസരങ്ങളും മാറിയതോടെ താരാട്ടുപാട്ടുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കാം. എങ്കിലും ദുഃഖിക്കേണ്ട കാര്യമില്ല. എക്കാലവും ആസ്വദിക്കാനും മൂളിനടക്കാനും വൈവിധ്യമാർന്ന താരാട്ടുകൾ സമ്മാനിച്ചിട്ടുണ്ട് വയലാർ രാമവർമ മുതൽ അജീഷ് ദാസൻ വരെയുള്ള ഗാനരചയിതാക്കൾ. കുഞ്ഞിനെ പാടിയുറക്കാൻ ഓമനത്തിങ്കൾപ്പക്ഷി (രാഗം– വയലാർ ), കാമുകനെ ഉറക്കാൻ ഇനിയുറങ്ങൂ (വിലയ്ക്കു വാങ്ങിയ വീണ- പി.ഭാസ്കരൻ), കാമുകിയെ ഉറക്കാൻ കിലുകിൽ പമ്പരം (കിലുക്കം- ബിച്ചു തിരുമല), ഭാര്യയെ ഉറക്കാൻ രാജീവനയനേ നീയുറങ്ങു (ചന്ദ്രകാന്തം - ശ്രീകുമാരൻ തമ്പി), അമ്മയെ ഉറക്കാൻ കൈനിറയെ വെണ്ണ തരാം (ബാബാ കല്യാണി- ശരത് വയലാർ), അമ്മയെയും മകളെയും ഒന്നിച്ചുറക്കാൻ പൂമുത്തോളേ (ജോസഫ്- അജീഷ് ദാസൻ)... അങ്ങനെയങ്ങനെ. "അഭിമാനം" എന്ന ചിത്രത്തിലെ "കണ്മണിയേ ഉറങ്ങ് എൻ കണിമലരേ ഉറങ്ങ് മതിമതി നിനക്കിളയവരിനി വരികയില്ല നീയുറങ്ങ്" (ശ്രീകുമാരൻ തമ്പി - എ.ടി ഉമ്മർ) പോലെ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള താരാട്ടുപാട്ടുകളും സുലഭം.
ഏറ്റവുമധികം ഹിറ്റ് താരാട്ടുകളെഴുതിയതിനുള്ള ക്രെഡിറ്റ് ഒരു പക്ഷേ കൈതപ്രത്തിനായിരിക്കാം. "ഉണ്ണീ വാവാവോ"യ്ക്കു പുറമേ അത്ര തന്നെ സ്വീകാര്യത നേടിയ വേറെയും ലളിതസുന്ദരമായ രചനകളുണ്ട് കൈതപ്രത്തിന്റെ വകയായി: താമരക്കണ്ണനുറങ്ങേണം (വാത്സല്യം), ആറ്റുനോറ്റുണ്ടായൊരുണ്ണി (ശാന്തം), ഏതോ വാർമുകിലിൻ (പൂക്കാലം വരവായി), എങ്ങനെ ഞാൻ ഉറക്കേണ്ടൂ (ദേശാടനം), കണ്ണേ ഉറങ്ങുറങ്ങൂ (താലോലം), ചാഞ്ചക്കം ചാഞ്ചക്കം (തൂവൽസ്പർശം), കണ്ണനെന്നു പേര് (ഇരട്ടക്കുട്ടികളുടെ അച്ഛൻ), ചാഞ്ചാടിയാടി ഉറങ്ങു നീ (മകൾക്ക്), അച്ഛന്റെ പൊന്നുമോളേ (ഹൃദയത്തിൽ സൂക്ഷിക്കാൻ).... പൂർണ അർഥത്തിൽ താരാട്ടല്ലെങ്കിലും താരാട്ടിന്റെ അന്തരീക്ഷമുള്ള പാട്ടുകളുമുണ്ട് ഇക്കൂട്ടത്തിൽ.
പനിയിൽ നിന്നൊരു താരാട്ട്
"സാന്ത്വന"ത്തിലെ ഉണ്ണീ വാവാവോ എന്ന പാട്ടിലേക്ക് വീണ്ടും. സത്യമോ മിഥ്യയോ എന്ന് ഇന്നുമറിയാത്ത ഒരു രൂപത്തിനോടാണ് ആ പാട്ടിന്റെ പിറവിക്കു കടപ്പാടെന്നു പറയും മോഹൻ സിതാര. പുലർച്ചെ രണ്ടു മണിക്ക് ഹോട്ടൽ മുറിയുടെ പാതി ചാരിയ വാതിലിനപ്പുറത്ത് പതുങ്ങിനിന്നു പേടിപ്പെടുത്തിയ രൂപം. സിബി മലയിൽ സംവിധാനം ചെയ്ത "സാന്ത്വന"ത്തിന്റെ ഗാനസൃഷ്ടിക്കായി ആലുവ പാലസിൽ ഒരു പകൽ മുഴുവനിരുന്നിട്ടും ട്യൂൺ ഉരുത്തിരിഞ്ഞു വരുന്നില്ല.
പിറ്റേന്ന് യജ്ഞം തുടരാം എന്ന് തീരുമാനിച്ചാണ് പാതിരാത്രിയോടെ ഉറങ്ങാൻ കിടന്നത്. എന്തുചെയ്യാം? വാതിലിനപ്പുറത്ത് ക്ഷണിക്കാതെ വിരുന്നു വന്ന രൂപം ആ പദ്ധതി അപ്പടി തകർത്തു. പാതി മയക്കത്തിൽ വാതിൽപ്പാളിക്കപ്പുറത്തു കണ്ട രൂപം കണ്ട് ഞെട്ടിവിറച്ചു പോയെന്ന് മോഹൻ. അസമയമല്ലേ. മുറിയിൽ ആരുമില്ല താനും. പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ പൊള്ളുന്ന പനി. രണ്ടു ദിവസം കൂടി പനിച്ചു കിടന്ന ശേഷമേ ഗാനസൃഷ്ടിയിൽ തിരിച്ചെത്താനായുള്ളൂ.
രോഗശയ്യയിൽ നിന്ന് മോഹൻ ഉയിർത്തെഴുന്നേറ്റത് "സാന്ത്വന"ത്തിലെ സൂപ്പർ ഹിറ്റ് ഈണവുമായാണ്. "ഉറക്കുപാട്ട് ആയതിനാൽ ട്യൂൺ വളരെ ലളിതമാവണമെന്ന് നിശ്ചയിച്ചിരുന്നു."- ഒന്നു മുതൽ പൂജ്യം വരെയിലെ രാരി രാരീരം രാരോ എന്ന താരാട്ടുമായി സിനിമയിൽ രംഗപ്രവേശം ചെയ്ത സംഗീതസംവിധായകന്റെ വാക്കുകൾ. "സാധാരണക്കാരിയായ ഒരമ്മയ്ക്ക് പാടാൻ കഴിയണമല്ലോ ആ പാട്ട്. അധികം അലങ്കാരമൊന്നും വേണ്ട. കഴിയുന്നത്ര സിംപിൾ ആകുന്നതാണ് നല്ലത്. അതിനിണങ്ങുന്ന വരികൾ കൂടിയായപ്പോൾ പാട്ട് ജനങ്ങൾ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു."
നിത്യേനയെന്നോണം "ഉണ്ണീ വാവാവാ"യുടെ ആരാധകരെ കണ്ടുമുട്ടാറുണ്ട് മോഹൻ. ഇന്ന് മുപ്പതുകളിലെത്തി നിൽക്കുന്ന തലമുറയുടെ ഗൃഹാതുരസ്മരണകളുടെ ഭാഗമാണല്ലോ ആ പാട്ട്. ചലച്ചിത്രസംഗീത സങ്കൽപങ്ങൾ മാറിയിരിക്കാം. ആസ്വാദന ശീലങ്ങൾ മാറിയിരിക്കാം. സാങ്കേതികവിദ്യ മാറിയിരിക്കാം. എങ്കിലും അമ്മയുടെ മനസ്സിലെ സ്നേഹവാത്സല്യങ്ങൾക്ക് ഇന്നും അതേ സുഗന്ധം, അതേ സൗന്ദര്യം. "ഉണ്ണീ വാ വാ വോ" എന്ന താരാട്ട് തലമുറകളിൽ നിന്നു തലമുറകളിലേക്ക് സഞ്ചരിക്കുന്നതിനു കാരണവും അതുതന്നെ.
വർഷങ്ങൾക്കു മുൻപ് ലീലച്ചേച്ചിയെ കാണാൻ വന്ന ആരാധിക ഇഷ്ടഗായികയുടെ കൈകൾ ചേർത്തുപിടിച്ച് വികാരവായ്പോടെ പറഞ്ഞ വാക്കുകളാണ് ഓർമയിൽ: " ബാല്യത്തിലേക്കും അമ്മയുടെ സ്നേഹവാത്സല്യങ്ങളിലേക്കും ക്ഷണനേരം കൊണ്ട് നമ്മെ കൈപിടിച്ച് നടത്താൻ ഒരു പാട്ടിന് കഴിയുമെങ്കിൽ ആ പാട്ടിനെ ദൈവദൂതനെന്നല്ലാതെ മറ്റെന്താണ് വിളിക്കുക? ആ അർഥത്തിൽ ദൈവദൂതനാണ് എനിക്ക് കണ്ണും പൂട്ടിയുറങ്ങുക നീ എന്ന പാട്ട്."