മുന്നിലുണ്ട് ദീദി

Mail This Article
' അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുന്നിലായി എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ '... എന്ന വരികൾ ജീവിതത്തിൽ അന്വർഥമാക്കിയ ഒരാൾ. ഇന്ത്യൻ ഗ്രാമങ്ങളുടെ ഒരേയൊരു ദീദി. പരിസ്ഥിതി പോരാട്ടത്തിന്റെ ചിറകടി ശബ്ദമായ മേധ പട്കർ എന്ന ആ ദീദിക്ക് ഇന്ന് എഴുപതാം പിറന്നാളിന്റെ സപ്തതി നിറവ്.
-
Also Read
സൂപ്പർഹിറ്റുകൾ, സൂപ്പർസ്റ്റാറുകൾ
മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്ന് എംഎ പഠനം പൂർത്തിയാക്കി, അവിടെ അധ്യാപികയും ഗവേഷകയുമായെങ്കിലും പിഎച്ച്‌ഡി പഠനം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമര സേനാനിയും മുംബൈയിലെ ട്രേഡ് യൂണിയൻ നേതാവുമായ പിതാവ് വസന്ത് കനോൽക്കറുടെ വഴികളിലൂടെയാണ് മേധ സഞ്ചരിച്ചത്.
രാജ്യത്ത് പടിഞ്ഞാറേക്കു ഒഴുകുന്ന ഏറ്റവും വലിയ നദിയായ നർമദയ്ക്കു കുറുകെ ഗുജറാത്തിലെ നവഗാമിൽ ഡാം നിർമിക്കാനുള്ള പദ്ധതിക്ക് എതിരെയുള്ള സമരമാണ് മേധയെ ലോകമെങ്ങും അറിയപ്പെടുന്ന സമരമുഖം ആക്കിയത്. മധ്യപ്രദേശിൽ നദിയുടെ ഉദ്ഭവ പ്രദേശത്തിനു താഴെ കുടിയിറക്കപ്പെടുന്നവരുടെ കൃഷിയിടങ്ങൾക്കു പകരം ഭൂമി നൽകണമെന്ന ആവശ്യത്തോട് അധികൃതർ കണ്ണടച്ചതോടെയാണ് നർമദാ ബച്ചാവോ ആന്തോളൻ എന്ന സംഘടന പിറന്നത്.
പ്ലാച്ചിമട, എൻഡോസൾഫാൻ, കെ റെയിൽ തുടങ്ങി കേരളത്തിലെ സമരമുഖങ്ങളിലും ദീദിയെന്ന പോരാട്ട വീര്യമുണ്ടായിരുന്നു. ഊർജത്തിന്റെയും ഓർമയുടെയും കാര്യത്തിൽ ‘മേധാക്ഷയം’ ബാധിക്കാത്ത ദീദി അടുത്തിടെ വയനാടും സന്ദർശിച്ചു. ജീവിതവും സമരങ്ങളും നൽകിയ അനുഭവങ്ങളെ കുറിച്ചു മേധ പട്കർ മനോരമയോട്
Q പരിസ്ഥിതി പോരാട്ടങ്ങൾ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ കാണുന്നു?
A പാരിസ്ഥിതിക സന്തുലനം തകർത്ത്, ജനങ്ങളെ പലായനം ചെയ്യിക്കുന്ന ഇപ്പോഴത്തെ വികസന സങ്കൽപം മാറണം. അനുബന്ധ സംവിധാനങ്ങൾ ഉപയോഗിച്ചു ഭരണകൂടങ്ങൾ സന്നദ്ധ പ്രവർത്തകരെയും സംഘടനകളെയും ശ്വാസം മുട്ടിക്കുകയാണ്. കേസുകൾ നടത്താൻ തന്നെ ഏറെ സമയം വേണ്ടി വരുന്നു. ഇതിനാവശ്യമായ പണം കണ്ടെത്താനും പാടുപെടുന്നു. ജനങ്ങളെയും അവരുടെ പ്രതിഷേധ ശബ്ദങ്ങളെയുമാണ് ഈ രീതിയിൽ അടിച്ചമർത്തുന്നത്.
Q 40 വർഷം നീണ്ട സമരകാലം നൽകിയ പാഠം എന്താണ്?
Aകാലാവസ്ഥാ മാറ്റവും തീവ്രദുരന്തങ്ങളും യാഥാർഥ്യമായതോടെ സാധാരണ ജനങ്ങൾ പരിസ്ഥിതി പ്രവർത്തകർ പറയുന്നതിലെ പ്രവാചകധ്വനി തിരിച്ചറിയുന്നു. എന്നാൽ പൊതു സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഒരു ജനകീയ സന്നദ്ധസംഘടന ഏറെക്കാലം നടത്തിക്കൊണ്ടു പോവുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്.
Q കാലാവസ്ഥാമാറ്റവും തീവ്രദുരന്തങ്ങളും വർധിക്കുന്നു? എന്താണ് പോംവഴി?
Aഇപ്പോഴത്തെ പോക്ക് അപകടത്തിലേക്കാണ്. പ്രകൃതിയെയോ പ്രകൃതി വിഭവങ്ങളെയോ ആശ്രയിക്കാതെ ഉപഭോക്തൃ വസ്തുക്കളെ മാത്രം ആശ്രയിക്കുന്ന സമൂഹമായി മാറുന്നതോടെ നമ്മൾ കുത്തക കോർപറേറ്റ് സംസ്കാരത്തിന്റെ ഭാഗമാകും. ഇതു സമൂഹത്തെ ദുർബലമാക്കും. വികസന കാഴ്ചപ്പാട് അടിയന്തരമായി തിരുത്തണം. കൽക്കരി ഖനനത്തിനായി കമ്പനികൾക്ക് അല്ല വനം വിട്ടുകൊടുക്കേണ്ടത്. വനത്തിന്റെ യഥാർഥ അവകാശികൾ വനവാസി–ആദിവാസി സമൂഹങ്ങളാണ്.
Q ആഗോള കാലാവസ്ഥാ ഉച്ചകോടികൾ ഫലം ചെയ്യുമോ ?
Aകോപ് 29– തന്നെ ഉദാഹരണം. കുറെ ഫണ്ട് കിട്ടിയതു കൊണ്ട് ഭൂമിയുടെ നഷ്ടസന്തുലനം തിരിച്ചു പിടിക്കാനാവില്ല. പരിസ്ഥിതി നിയമങ്ങളും ആഗോള കരാറുകളും പാലിക്കാനുള്ള ആർജവമാണ് രാഷ്ട്രങ്ങൾ കാട്ടേണ്ടത്. ഛത്തീസ്ഗഡിലും വയനാട്ടിലും ഒക്കെ നിയമങ്ങൾ പാലിച്ചാൽ അതിജീവന പ്രതിസന്ധി ഉണ്ടാവുകയില്ലായിരുന്നു. ഉത്തരവാദിത്തമില്ലാത്ത വെറും ടൂറിസ്റ്റുകളെ അല്ല നമുക്കു വേണ്ടത്. പ്രകൃതിക്കു വേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റ് ടൂറിസ്റ്റുകളായി ആളുകൾ മാറണം.
Q സപ്തതി വേളയിൽ എന്താണ് ഭാവിയെക്കുറിച്ചുള്ള ആലോചന ?
Aഈ രാജ്യത്ത് അതിജീവനത്തിനായി കരയുന്ന അനേകം പാവപ്പെട്ട മനുഷ്യരുടെ ജീവിതം തന്നെയാണ് എന്റെ ആത്മകഥ. അത് ഇനി പ്രത്യേകിച്ച് ഒന്നും എഴുതാനില്ല. അനേക പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നർമദയുടെ വേദനയെപ്പറ്റി ലോകം അറിയുന്നു. വിരമിക്കൽ എന്നൊന്ന് എന്റെ ജീവിതത്തിൽ ഇല്ല. ആവുന്നത്ര ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്ക് ശബ്ദം നൽകാനാണ് ശ്രമം. പ്രായമേറുന്തോറും ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും കുറയുകയല്ല, കൂടുതലായി മുന്നിൽ വരികയാണ്. വിരമിക്കാൻ പറ്റില്ല.
Q യുവജനങ്ങളിൽ പ്രതീക്ഷയുണ്ടോ ?
Aതീർച്ചയായും. പക്ഷേ കരിയറിന് പ്രാധാന്യം നൽകുന്നവരുടെ ഇടയിൽ സേവന സന്നദ്ധത ഉള്ളവരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എന്നാലും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്ന ഒരു ചെറിയ വിഭാഗം യുവജനങ്ങൾ രാജ്യമെമ്പാടും ഉണ്ട്. യുവജനങ്ങളിൽ ഒരു വിഭാഗം പലപ്പോഴും കരിയർ പോലെ തന്നെ മതത്തിന്റെ അമിത സ്വാധീനവലയത്തിൽ പെടുന്നതായും തോന്നിയിട്ടുണ്ട്. പണ്ടത്തെപ്പോലെ ഐക്യവും സമർപ്പണവും ഇപ്പോൾ കാണുന്നില്ല.