ADVERTISEMENT

ആദ്യ കാലാവസ്ഥാ നിരീക്ഷകൻ– മഹാകവി കാളിദാസൻ തന്നെ. കാരണം ഋതുക്കളുടെ കൂടി പ്രകൃതിവർണനയാണ് മേഘസന്ദേശം. ആദ്യ സന്ദേശവാഹകൻ– പ്രളയശേഷം ഇലയും കൊത്തിക്കൊണ്ട് പെട്ടകത്തിലേക്കു തിരികെവന്ന പക്ഷിയാകാം. കാലാവസ്ഥയുമായുള്ള അഭേദ്യബന്ധത്തിന്റെ കഥയാണ് മാനവചരിത്രം.

ചിറാപുഞ്ചി കാലാവസ്ഥാ റഡാർ സ്റ്റേഷനിലെ 
സുര്യവികിരണത്തിന്റെ തോത് അളക്കുന്ന ഉപകരണം
ചിറാപുഞ്ചി കാലാവസ്ഥാ റഡാർ സ്റ്റേഷനിലെ സുര്യവികിരണത്തിന്റെ തോത് അളക്കുന്ന ഉപകരണം

മുന്നറിയിപ്പുകളുടെ ചൂടും തണുപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം ജനമനസ്സുകളിലേക്കു പെയ്തിറങ്ങാൻ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ട്. 1875 ജനുവരി 15ന് കൊൽക്കത്തയിൽ റവന്യു വകുപ്പിന്റെ ഭാഗമായി ഇന്ത്യൻ മിറ്റീയറോളജിക്കൽ ഡിപ്പാർട്മെന്റ് (ഐഎംഡി) ആരംഭിക്കുന്നതിനും മുൻപേ വാനനിരീക്ഷണ കേന്ദ്രം എന്ന നിലയിൽ 1793ൽ മദ്രാസിലും 1823ൽ ബോംബേ കൊളാബയിലും 1829 ൽ കൊൽക്കത്തയിലും 1837 ൽ തിരുവനന്തപുരത്തും ഒബ്സർവേറ്ററികൾ തുറന്നിരുന്നു. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ താൽപര്യത്തിലാണ് തിരുവനന്തപുരം നിലയം തുറക്കുന്നത്. ആലപ്പുഴയിൽ സ്വന്തം നിലയിൽ ഒബ്സർവേറ്ററി ഉണ്ടായിരുന്ന ജോൺ കാൽദിക്കോട്ടിനെ ആദ്യ അസ്ട്രോണമർ ആയി നിയമിച്ചു എന്ന് ചരിത്രം. 1973 ലാണ് തിരുവനന്തപുരത്തെ മിറ്റീയറോളജിക്കൽ സെന്ററായി പ്രഖ്യാപിച്ചത്.

പകർച്ചവ്യാധിയും കാലാവസ്ഥയും 

1857 ൽ സ്വാതന്ത്ര്യ സമരത്തിനു തുടക്കമിട്ട ലഹളയ്ക്കു ശേഷം 1860 ൽ കൊൽക്കത്തയിൽ ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി പകർച്ചവ്യാധികളെ ചെറുക്കാൻ ഒരു ശാസ്ത്ര–സാനിറ്റേഷൻ സമിതി രൂപീകരിച്ചു. മഴയും വെയിലും മാറി മാറി വരുന്നതിനനുസരിച്ച് പല രോഗങ്ങളും പൊട്ടിപ്പുറപ്പെടുന്നതായി ഇവർ നിരീക്ഷിച്ചു. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വന്നാൽ സാംക്രമിക രോഗങ്ങളും ഉറപ്പാണെന്ന തിരിച്ചറിവിൽ ഇവയെ ചെറുക്കാനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് മഴനിരീക്ഷണം തുടങ്ങുന്നത്. കാലാവസ്ഥാ റിപ്പോർട്ടറായി എച്ച്.എഫ് ബ്ലാൻഫോഡിന്റെ നിയമനമാണ് ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിന്റെ ആദ്യ വിത്തു പാകുന്നത്. 1887ൽ കൊൽക്കത്ത അലിപ്പൂരിൽ അദ്യ ഭൂകമ്പ നിരീക്ഷണ സംവിധാനം നിലവിൽ വന്നു.

കാലാവസ്ഥയ്ക്ക് അതിരുകളില്ലെന്നതായിരുന്നു ആദ്യ തിരിച്ചറിവ്. യൂറോപ്പിലെ മഞ്ഞിന്റെ കാഠിന്യം മുതൽ പല ആഗോള ഘടകങ്ങളും ഇന്ത്യയിലെ മൺസൂണിന്റെ തോത് നിശ്ചയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു എന്നു മനസ്സിലാക്കിയതോടെ ലോക കാലാവസ്ഥാ സംഘടനയിൽ ഇന്ത്യയും അംഗമായി. പോസ്റ്റ് ഓഫിസ് വഴിയും ടെലിഗ്രാഫിക് വെതർ കോഡുകൾ വഴിയും ആശയവിനിമയം ആരംഭിച്ചു. 1878 ലാണ് ആദ്യ പ്രതിദിന കാലാവസ്ഥാ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. തുറമുഖങ്ങൾക്കുള്ള മുന്നറിയിപ്പ് 1886 ൽ നിലവിൽ വന്നു. അളവെടുപ്പ് ശാസ്ത്രീയമാക്കാൻ ഒരേ പോലെയുള്ള മഴമാപിനികൾ എല്ലായിടത്തും ഉപയോഗിക്കാൻ തുടങ്ങി.

യുദ്ധവും കാലാവസ്ഥയും 

പോർ വിമാനങ്ങളുടെ പറക്കലിന് ഉയരങ്ങളിലെ കാലാവസ്ഥാ തൽസ്ഥിതി അറിയേണ്ടതിനാൽ 1914 ൽ ആരംഭിച്ച ഒന്നാം ലോക യുദ്ധവും 1939ൽ ആരംഭിച്ച രണ്ടാം ലോക യുദ്ധവും കാലാവസ്ഥാ ഗവേഷണത്തിലും പല കാൽവയ്പ്പുകൾക്കും വഴി തുറന്നു. 1905ൽ ആദ്യ പൈലറ്റ് ബലൂൺ അന്തരീക്ഷത്തിലേക്ക് വിട്ട ഷിംലയിൽ നിന്നാണ് 1921ൽ ആദ്യ വ്യോമയാന കാലാവസ്ഥാ മുന്നറിയിപ്പു നൽകി തുടങ്ങുന്നത്. ഇതു വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഏറെ സഹായകമായി.  1911ൽ അലഹാബാദിൽ ഇന്ത്യയിലെ ആദ്യ വാണിജ്യ വിമാനം പറക്കലിന് വേണ്ട കാലാവസ്ഥാ വിവരങ്ങൾ നൽകാനും ഐഎംഡിക്ക് കഴിഞ്ഞു. 1908 മുതൽ 1925 വരെയുള്ള കാലത്താണ് ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും കാറ്റും കോളും വരുന്ന വഴി സംബന്ധിച്ച ഏകദേശ ചിത്രം വ്യക്തമാക്കുന്ന കാലാവസ്ഥാ ഭൂപടങ്ങൾ തയാറാകുന്നത്. കപ്പലുകളിൽ നിന്നുള്ള റേഡിയോ സന്ദേശങ്ങൾ സ്വീകരിക്കാൻ കറാച്ചി (അന്ന് ഇന്ത്യയുടെ ഭാഗം), ബോംബെ തുറമുഖങ്ങളിൽ സംവിധാനം വന്നു. 1936 ആയപ്പോഴേക്കും ഓൾ ഇന്ത്യ റേഡിയോ വഴി മഴയുടെയും കാറ്റിന്റെയും മുന്നറിയിപ്പുകൾക്കു ജനം കാതോർക്കാൻ തുടങ്ങി. കർഷകർക്കു വേണ്ടിയുള്ള അഗ്രോമെറ്റ് ബുള്ളറ്റിനുകൾ സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ ആരംഭിച്ചു. 

വെയിലും മഴയും കടന്ന് 

കൊൽക്കത്തയിൽ തുടക്കമിട്ട ഐഎംഡി 1905 ൽ ഷിംലയിലേക്കും 1928 ൽ പുണെയിലേക്കും ആസ്ഥാനം മാറ്റി. 1944ൽ ആണ് ഡൽഹിയിലേക്കു മാറുന്നത്. കൊൽക്കത്ത ഡംഡമ്മിൽ ആദ്യ ചുഴലിക്കാറ്റ് റഡാർ സ്ഥാപിച്ചാണ് സ്വതന്ത്ര ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണം ആധുനിക കാലത്തിന്റെ വരവറിയിച്ചത്. ഡോ. പി. കെ. ദാസിനെപ്പോലെയുള്ള സമർപ്പിത ശാസ്ത്രജ്ഞർ മേധാവികളായി എത്തിയതോടെ ഐഎംഡി ലോകത്തെ തന്നെ മികച്ച കാലാവസ്ഥാ വിഭാഗമായി മാറി.

ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പുണെയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീയറോളജി 1962 ൽ തുറന്നു. ഇന്ന് ഇത് ഐഐടിഎം എന്ന് അറിയപ്പെടുന്നു. ബംഗാളിയായ ഡോ.പി.കെ.ദാസിന്റെ നേതൃത്വത്തിൽ ലോക കാലാവസ്ഥാ ആശയവിനിമയത്തിന്റെ ഉത്തരധ്രുവ ആസ്ഥാനമായി 1970 കളിൽ ഡൽഹിയെ വികസിപ്പിക്കാൻ കഴിഞ്ഞു.  ‘മൺസൂൺ’ എന്ന പി. കെ. ദാസിന്റെ പുസ്തകം ലോകപ്രശസ്തമാണ്.

1950 ആയപ്പോഴേക്കും ഗണിത മാതൃകകൾ ഉപയോഗിച്ച് മഴയും മറ്റും പ്രവചിക്കുന്ന ന്യൂമെറിക്കൽ രീതിക്കു തുടക്കമായി. ദാമോദർവാലി അണക്കെട്ട് തുറന്നതോടെ രാജ്യത്തെ പ്രളയ സാധ്യതകളെപ്പറ്റി മുന്നറിയിപ്പുകളും വിലയിരുത്തലുകളും നയങ്ങളും മറ്റും നിലവിൽ വന്നു. പ്രളയ സമതലങ്ങൾ നികത്തരുതെന്നും സംരക്ഷിക്കണമെന്നും ഐഎംഡി ശാസ്ത്രജ്ഞർ 1949 മുതൽ മുന്നറിയിപ്പു നൽകിത്തുടങ്ങി. 1957 ആയപ്പോഴേക്കും പരിസ്ഥിതി സംരക്ഷണവും ഗവേഷകരുടെ പരിഗണനയ്ക്കു വന്നുതുടങ്ങി. ഓസോൺ അളവെടുപ്പും അന്തരീക്ഷത്തിലെ ധൂളികളുടെ ഒപ്പിയെടുക്കലും തുടങ്ങിവച്ചു. ഗ്രഹങ്ങളുടെ സ്ഥാനവും ചലനങ്ങളും വ്യക്തമാക്കുന്ന വാനശാസ്ത്രവുമായി ബന്ധപ്പെട്ട പൊസിഷനൽ അസ്ട്രോണമിക്ക് പ്രാധാന്യം വന്നതോടെ 1957 ൽ ആദ്യ പഞ്ചാംഗം പുറത്തിറക്കി. 1960 ൽ യുഎസ് ടിറോസ്–1 എന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെ കൊളാബയിലെ ഐഎംഡി കേന്ദ്രത്തിനും ഈ ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ അനുമതി കിട്ടി.

1974 നു ശേഷം കടലിൽ രൂപപ്പെടുന്ന എല്ലാ ചുഴലിക്കാറ്റുകളെയും മുൻകൂട്ടി കാണാൻ ഐഎംഡിക്ക് കഴിയുന്നുണ്ടെന്ന് ഐഎംഡി മേധാവി ഡോ. എം. മഹാപത്ര പറയുന്നു. ഒഡീഷയിലെ ചുഴലികൾ സൃഷ്ടിക്കുന്ന വേദനകൾ കണ്ടു വളർന്ന ബാല്യമാണ് മഹാപത്രയെ മികച്ച സൈക്ലോൺ മുന്നറിയിപ്പു ഗവേഷകനായി മാറ്റിയത്.

1982 മുതൽ ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിനു കരുത്തേകി ഐഎസ്ആർഒ ഇൻസാറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തുടങ്ങി. 1983 ൽ ഐഎംഡി അന്റാർട്ടിക്കയിൽ ഗവേഷണ കേന്ദ്രം തുറന്നു. 1984 മുതൽ ഇന്ത്യയ്ക്കു മീതേയുള്ള ദിനാവസ്ഥ വ്യക്തമാക്കുന്ന മേഘപടലങ്ങളുടെ ഉപഗ്രഹ ചിത്രം പതിവായി കിട്ടിത്തുടങ്ങി. ഇത് പ്രവചനങ്ങൾക്കു കൃത്യതയേകി.  

കാറ്റിനും പേരായി 

 2004 ആയപ്പോഴേക്കും ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന രീതി ആരംഭിച്ചു. 2004 ൽ അറബിക്കടലിൽ ഉടലെടുത്ത ഒനീൽ മുതൽ കഴിഞ്ഞ മാസം വീശിയടിച്ച ഫെയ്ഞ്ചൽ വരെ എൺപതോളം ചുഴലിക്കാറ്റുകൾ. ബംഗ്ലദേശ്, ഇന്ത്യ , ഇറാൻ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, യെമൻ തുടങ്ങി ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തി പങ്കിടുന്ന 13 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഈ പേരുകൾ നിർദേശിക്കുന്നത്. മേഖലയിലെ വല്യേട്ടനായി മറ്റു രാജ്യങ്ങൾ ഇന്ത്യയെ കരുതുന്നതിന്റെ കാരണം ഐഎംഡിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഗവേഷണ മികവു തന്നെ.

    2010 ൽ സൂപ്പർ കംപ്യൂട്ടറുകൾ എത്തിയതോടെ ദീർഘകാല ഡേറ്റകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളുടെ കൃത്യത വർധിച്ചു. 2013 ലെ ഫൈലിൻ ചുഴലി ഡോ. മഹാപത്രയുടെ നേതൃത്വത്തിൽ കൃത്യമായി പ്രവചിച്ചത് ഐഎംഡിയുടെ ആഗോള ആധികാരികത വർധിപ്പിച്ചു.

 രാജ്യത്തെ ഏകദേശം 2300 കാലാവസ്ഥാ മാപിനികളിൽ നിന്ന് പ്രതിദിന ഡേറ്റ ന്യൂ‍ഡൽഹി ലോധി റോഡിലെ ഐഎംഡി ആസ്ഥാനമായ മൗസം ഭവനിൽ എത്തുന്നുണ്ട്. മഴമാപിനികളുടെ മാത്രം എണ്ണം 5896. നാലായിരത്തോളം ജീവനക്കാരും യന്ത്രസംവിധാനങ്ങളുമുള്ള പടുകൂറ്റൻ ശൃംഖല.

മൺസൂൺ കവാടമായി കേരളം 

മൺസൂണിന്റെ കവാടം എന്ന നിലയിൽ കേരളം എക്കാലവും ഐഎംഡിയുടെ റഡാറിൽ നിന്നു മായാതെ നിൽക്കുന്നു. മഴ കേരളത്തിൽ എത്തുന്ന ദിവസം 2005 മുതലാണ്  ഐഎംഡി പ്രവചിച്ചു തുടങ്ങിയത്. ലക്ഷദ്വീപിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും തിരുവനന്തപുരം കേന്ദ്രത്തിന്റെ ചുമതലയിലാണ്. ഏകദേശം 200 സ്ഥലങ്ങളിൽ നിരീക്ഷണ സംവിധാനമുള്ള കേന്ദ്രത്തിന്റെ മേധാവി നീതാ കെ. ഗോപാൽ ആണ്.  അന്ന മാണി, പി.ആർ.പിഷാരടി, ഡോ. വൈനുബാപ്പു,  രണ്ടാം ദക്ഷിണധ്രുവ സംഘം ഉപനേതാവ് ഡോ.സി.ആർ. ശ്രീധരൻ,  പി.വി.ജോസഫ്, ലക്ഷ്മീനാരായണൻ, എഴുത്തുകാരൻ സി. രാധാകൃഷ്ണൻ തുടങ്ങി ഒട്ടേറെ മലയാളികളും ഐഎംഡിയുടെ ഭാഗമാണ്. ആഗോള താപനം ഭീഷണി ഉയർത്തുന്ന ലോകത്ത് ദുരന്ത അതിജീവന ശേഷിയുമുള്ളവരായി ഇന്ത്യൻ സമൂഹത്തെ കാലാവസ്ഥാ സജ്ജമാക്കുക എന്ന വെല്ലുവിളിയാണ് ഐഎംഡിയെ കാത്തിരിക്കുന്നത്. 

English Summary:

History of Weather Forecasting in India: Founded in 1875, the Indian Meteorological Department (IMD) has evolved from ancient weather observations into a key institution for disaster preparedness and climate research

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com