തനിയെ പറന്ന പക്ഷി: അക്ഷരച്ചിറകിൽ ഷംല പറന്നുയർന്നത് പുതു ജീവിതത്തിലേക്ക്

Mail This Article
‘‘ ഹൃദയബന്ധങ്ങൾക്കിടയിൽ വീണ്ടും എത്തിച്ച കാലമേ നിനക്കു നന്ദി.. മിഴികളിൽ കാണുന്ന സ്നേഹമോവാക്കുകളിൽ കേൾക്കുന്ന സാന്ത്വനമോ ഹൃദയത്തിൽ തൊടുന്ന സൗഹൃദമോ.. അറിയില്ല.. അത്രയ്ക്ക് ഇഷ്ടമാണിവിടം..’’
-
Also Read
ആരാണ് ജിജി? കവിക്ക് പറയാനുള്ളത്
ഒറ്റപ്പെടൽ എന്ന ദ്വീപിൽനിന്നു സൗഹൃദത്തിന്റെ തണൽ നൽകി സംരക്ഷിച്ചവരെക്കുറിച്ചു ഷംല പി.തങ്ങൾ എഴുതി. തണൽമരങ്ങൾ നഷ്ടപ്പെട്ട കുട്ടിയുടെ വ്യസനങ്ങളായിരുന്നു ഒരുകാലത്ത് ഷംലയുടെ ജീവിതം. സെറിബ്രൽ പാൾസി എന്ന അസുഖത്തോടെയുള്ള ജനനം. പത്താംക്ലാസ് വിജയം ആഘോഷിക്കുന്നതു കാണാതെ പോയ ഉമ്മ. ഉയർന്ന മാർക്കോടെ ബിരുദം നേടിയപ്പോൾ അതിൽ സന്തോഷിക്കാൻ സമയം ലഭിക്കാതെ യാത്രയായ ഉപ്പ. എന്നാൽ രണ്ടുപേരും നൽകിയ കരുത്ത് ആ മനസ്സിൽനിന്നു ചോർന്നു പോയിരുന്നില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അവൾ നീന്തിക്കയറുകയായിരുന്നു. ഇപ്പോൾ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജിൽ രണ്ടാംവർഷ മലയാളം ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോഴും ഷംല ഒറ്റപ്പെട്ടു പോകുന്നില്ല. ശരീരത്തിനല്ല മനസ്സിനാണു കരുത്തു വേണ്ടതെന്നു ചക്രക്കസേരയിൽ നമുക്കടുത്തെത്തി അവൾ ബോധ്യപ്പെടുത്തുന്നു. ഒരു സ്കോളർഷിപ്പിന്റെയും സംവരണത്തിന്റെയും സഹായത്തോടെയല്ല, സ്വന്തം പുസ്തകം വിറ്റു നേടുന്ന പണം കൊണ്ടാണ് ഷംല കോളജിൽ പഠിക്കുന്നത്. പാതി മുറിഞ്ഞു പോകുന്ന വാക്കുകളിലൂടെയല്ല, എഴുത്തിന്റെ കരുത്തിലൂടെയാണ് ഷംല മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നത്.
മലപ്പുറം നിലമ്പൂർ രാമൻകുത്ത് പാലപ്പുറത്ത് വീട്ടിൽ മുഹമ്മദ് കോയ തങ്ങൾ–സുബൈദ ബീവി ദമ്പതികളുടെ മകൾ ഷംലയ്ക്കു കുട്ടിക്കാലം നിറമുള്ളതായിരുന്നില്ല. സെറിബ്രൽ പാൾസി ബാധിച്ചതിനാൽ കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയായിരുന്നു. ചികിത്സയുടെയും മരുന്നുകളുടെയും നാളുകൾ. തുടർചികിത്സയുടെ ഫലമായി പരസഹായമില്ലാതെ ഇരിക്കാനും പ്രാഥമികകാര്യങ്ങൾ ചെയ്യാനുമൊക്കെ സാധിച്ചു. എങ്കിലും എല്ലാറ്റിനും ഉമ്മ കൂടെ വേണമായിരുന്നു. ഉമ്മയുടെ മാറത്തെ ചൂടേൽക്കുമ്പോൾ താൻ എല്ലാ വേദനയും മറക്കുമായിരുന്നെന്നു ഷംല പറയും.
മുതുകാട് ഭാരത് മാതാ എയുപി സ്‌കൂൾ, ചക്കാലകുത്ത് മന്നം സ്‌മാരക എൻഎസ്എസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുമ്പോഴാണ് ഉമ്മയുടെ ചൂടു നഷ്ടമാകുന്നത്. ആസ്തമ ബാധിച്ച് ഉമ്മ മരിച്ചു. പ്രകാശം നഷ്ടപ്പെട്ടു പോയ അവസ്ഥ. വല്ലാത്ത ഒരു ശൂന്യത ഷംലയെ പിടികൂടി. ഉമ്മയില്ലാത്ത കുട്ടി എന്ന സഹതാപ നോട്ടവും വാക്കുകളുമായിരുന്നു അസഹനീയമായി തോന്നിയത്. തിരയെടുത്ത തീരം പോലെ ആയിരുന്നു അക്കാലത്തെ ജീവിതമെന്നു ഷംല പറയുന്നു.
മന്നം സ്കൂളിൽ പ്ലസ് വണ്ണിനു ചേർന്നു. ഉമ്മയില്ലാതെ തനിക്കാവില്ലെന്നു ഷംല കരഞ്ഞു കൊണ്ടു പറഞ്ഞപ്പോൾ ഉപ്പ വീണ്ടുമൊരു വിവാഹത്തിനു തയാറായി. ശാരീരിക പരിമിതികളെ അതിജീവിക്കുന്ന പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഉമ്മ ആവശ്യമായിരുന്നു. അങ്കണവാടി അധ്യാപികയായ ജുവൈരിയ അവളുടെ ജീവിതത്തിലേക്കു കടന്നു വന്നു. പകരം വയ്ക്കാനാകുമായിരുന്നില്ലെങ്കിലും ഉമ്മ തന്നെയായിരുന്നു ജുവൈരിയ. എങ്കിലും രാത്രിയിൽ അവൾ ഉമ്മയുടെ ചൂടിനായി പരതി നോക്കി. അപ്പോഴത്തെ സങ്കടങ്ങൾ വാക്കുകളായി ഒഴുകിയിറങ്ങി. അതെല്ലാം ആരും കാണാതെ നോട്ട്ബുക്കിലേക്കു പകർത്തി. ഹയർ സെക്കൻഡറിയിലെ അധ്യാപകരായ സജിത്തും സജുവുമാണ് ഷംലയിലെ എഴുത്തുകാരിയെ ആദ്യം പരിചയപ്പെടുന്നത്. അവളുടെ എഴുത്തുകൾ അവർ വായിച്ചു തിരുത്തിക്കൊടുത്തു.
സ്വപ്നങ്ങളുടെ നിറം
ആദ്യ കവിതാസമാഹാരം ‘നിറമുള്ള സ്വപ്നങ്ങൾ’ ഈ സമയത്താണ് പ്രസിദ്ധീകരിച്ചത്. പ്ലസ് ടു കഴിഞ്ഞപ്പോൾ മമ്പാട് എംഇഎസ് കോളജിൽ സാമ്പത്തിക ശാസ്ത്രത്തിനു ചേർന്നു. മകളുടെ പ്രയാസം കണ്ട് ഉപ്പ ഗൾഫ് ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയിരുന്നു. എന്നും ഉപ്പയ്ക്കൊപ്പം അവൾ ഓട്ടോയിൽ കോളജിൽ വരും. ജീവിതത്തിനു നിറം കൂടിവരികയായിരുന്നു. ഉപ്പയുടെ സാന്നിധ്യം അവളെ കൂടുതൽ ഊർജസ്വലയാക്കി. കൂട്ടുകാരികളായ മിസ്ന സിയാവ്, ജുമാന റമീസ് എന്നിവർ സഹായത്തിനായി കൂടെയുണ്ടാകും. അധ്യാപകരുടെ പ്രിയ വിദ്യാർഥിയായി. പക്ഷേ, സന്തോഷത്തിന്റെ നാളുകൾക്ക് എണ്ണമുണ്ടായിരുന്നു. സ്വപ്നങ്ങൾക്കു ചിറകറ്റു പോയി. അവസാനവർഷ പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ഉപ്പ കാൻസർ ബാധിച്ചു മരിച്ചു. ആ ആഘാതത്തിൽനിന്ന് പെട്ടെന്നൊന്നും മോചനം നേടാൻ ഷംലയ്ക്കായില്ല.
വിഷാദം തളർത്തിയ നാളുകൾ.. മൂത്ത സഹോദരൻ സിയാബ് റഹ്മാൻ വിവാഹിതനായി. ചെറിയ സഹോദരി ആയിഷ ഫിൽഷയെ വളർത്താനുള്ള തത്രപ്പാടിലായിരുന്നു ഉമ്മ. ജീവിതത്തിൽ ഓരോ വിജയത്തിന്റെ പടവുകളിൽ കയറുമ്പോഴും വിധി പരീക്ഷണത്തിന്റെ രൂപത്തിൽ തനിക്കൊപ്പം പതിയിരിക്കുന്നത് അവളറിഞ്ഞു. മുന്നിലെ ഇരുട്ടിനു കനംവച്ചു വരുന്നു. കോളജ് കഴിഞ്ഞപ്പോൾ ബന്ധുക്കളുടെ സംരക്ഷണത്തിൽ അവരുടെ വീട്ടിലായി താമസം.
തുടർപഠനം എന്ന മോഹം അടക്കിവച്ച് അവൾ ബന്ധു വീടുകളിലെ ചുമരുകൾക്കുള്ളിൽ ഏകാന്തതയിൽ അഭയം കണ്ടെത്തി. പ്ലസ് ടു സമയത്ത് വളാഞ്ചേരി വി.കെ.എം സ്പെഷൽ സ്കൂളിൽ ചികിത്സ നടത്തിയിരുന്നു. ഉമ്മയും ഉപ്പയും നഷ്ടപ്പെട്ടതിനെക്കുറിച്ച് ഷംല എഴുതിയ കുറിപ്പ് വായിച്ച സ്കൂൾ ഡയറക്ടർ സിനിൽദാസ് പൂക്കോട്ട്, ചെയർമാൻ വി.കെ.മുഹമ്മദ് അഷ്റഫുമായി ഒരുദിവസം കാണാനെത്തി. ഷംലയുടെ തുടർ ചികിത്സയ്ക്കൊപ്പം ഓഫിസിലൊരു ജോലിയും വാഗ്ദാനം ചെയ്തു. കെഎംസിസി ജിദ്ദ യൂണിറ്റ് നൽകിയ ഇലക്ട്രിക് ചക്രക്കസേര അവളെ പുറത്തേക്കു നയിച്ചു. വീണ്ടും എഴുത്തിന്റെ ലോകത്ത്. വീടിന്റെ അന്തരീക്ഷത്തിൽനിന്നു മാറി നിന്ന ആ മൂന്നു കൊല്ലം ഷംല സ്വയം പുതുക്കിപ്പണിതു. പരസഹായം കൂടാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞവർക്കും സഹതാപത്തോടെ മാത്രം നോക്കിക്കണ്ടവർക്കും മുന്നിൽ അഭിമാനത്തോടെ ജീവിച്ചു കാണിച്ചു കൊടുത്തു.
‘പ്യൂപ്പയിൽ നിന്നു ചിത്രശലഭത്തിലേക്കുള്ള ദൂരം’ എന്ന രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി. വികെഎമ്മിൽ നിന്നു ലഭിച്ച സ്നേഹമായിരുന്നു ആ പുസ്തകത്തിനു കാരണം. ആ പേരു പോലെ തന്നെയായിരുന്നു അപ്പോഴത്തെ ജീവിതവും. വർണച്ചിറകുകളോടെ അവൾ പാറി നടക്കുകയായിരുന്നു. മൂന്നുവർഷം കഴിഞ്ഞ് ഷംല വീട്ടിലേക്കു മടങ്ങി. ഉമ്മയുടെ സഹോദരൻ ബഷീറിന്റെ വീട്ടിലേക്കാണ് പോയത്. ഉമ്മയുടെ അനുജത്തി സലീനയും ഭർത്താവ് റഫീഖും ഉപ്പയുടെ സഹോദരി സിനിയും ഭർത്താവ് ഹംസയും സഹായത്തിനുണ്ടായിരുന്നു. ഇപ്പോൾ അവധിക്കു വരുമ്പോൾ സിനിയുടെ വീട്ടിലാണു താമസിക്കാറുള്ളത്. നിലമ്പൂർ മുനിസിപ്പാലിറ്റി സ്നേഹവീട് പദ്ധതിയിൽ ഈ വീട്ടിലൊരു മുറി ഭിന്നശേഷി സൗഹൃദരീതിയിൽ ഒരുക്കിക്കൊടുത്തിട്ടുണ്ട്. സഹോദരൻ സിയാബ് റഹ്മാന്റെ ഭാര്യ രഹനയോടാണ് സമപ്രായത്തിന്റെ പ്രശ്നങ്ങളൊക്കെ പങ്കുവയ്ക്കുന്നത്. രഹനയുടെ സാമീപ്യം വലിയൊരു സാന്ത്വനമാണ്.
‘ഷംലയെന്തേ തുടർന്നു പഠിക്കാത്ത’തെന്ന് ഒരു സുഹൃത്ത് അയച്ച സന്ദേശമാണു വീണ്ടും കോളജിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. തിരൂർ തുഞ്ചൻ കോളജിൽ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിച്ചു. അഞ്ചു വർഷത്തിനു ശേഷം വീണ്ടും കോളജിലേക്ക്. ആരുടെ മുന്നിലും കൈ നീട്ടാതെ പഠിക്കണമെന്നതൊരു വാശിയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം പുസ്തകങ്ങൾ വിറ്റു ലഭിക്കുന്ന ലാഭം പഠനാവശ്യത്തിലേക്കു മാറ്റി. കോളജ് ഹോസ്റ്റലിലെ കൂട്ടുകാർ പഠനത്തിൽ സഹായിച്ചു. സൗഹൃദങ്ങളുടെ വലിയൊരു ലോകത്തിനു നടുവിലാണ് ഷംലയിപ്പോൾ. ഷഹനാസ്, റൗഫിയ, ദീപ്തി, അനുശ്രീ, നീതു, ഭാഗ്യദേവ്. ജിഷ്ണു, അധ്യാപകരായ സ്റ്റാലിൻ, ദയാനന്ദ്, പ്രസീത, നിമ്മി, ജിൻസി, മുത്തു, അനൂപ് എന്നിവർ സഹായത്തിന് എപ്പോഴുമുണ്ട്. ‘‘ ഇപ്പോൾ എന്റെ സ്വപ്നങ്ങൾക്ക് അതിരില്ല. ആരുടെ സഹായവുമില്ലാതെ ജീവിക്കണം. അതിനായി ഒരു ജോലി. പിന്നെ എന്നെപ്പോലെയുള്ള സ്വപ്നസഞ്ചാരികൾക്ക് ഒരു കൈത്താങ്ങും’’.