ആരാണ് ജിജി? കവിക്ക് പറയാനുള്ളത്

Mail This Article
ഒരാളുടെയും സ്വഭാവ സർട്ടിഫിക്കറ്റിൽ വിശ്വസിക്കുന്ന കവിയല്ല കെ.ആർ.ടോണി. കവിതയിലും ജീവിതത്തിലുമതേ. തൃശൂർ കേരളവർമ കോളജിൽ പിജി പഠനം കഴിഞ്ഞതും ടോണിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ മേശവലിപ്പിലേക്കു മാറ്റിവച്ചതാണ്. ക്യാംപസിലെ രാഷ്ട്രീയ വക്കാണങ്ങളും സമരങ്ങളുമായിരുന്നു കാരണം. കേരളവർമ ക്യാംപസിലെ ‘ഊട്ടി’യെ ന്ന മരക്കാടു വെട്ടുന്നതിനോടുള്ള ടോണിയുടെയും ചങ്ങാതിമാരുടെയും രോഷമായിരുന്നു അതിൽ മുഖ്യം. ആ രോഷത്തിന്റെ കടയ്ക്കൽ, പ്രിൻസിപ്പൽ കട്ടിമഷിയിൽ ചുവന്ന വര വരച്ചുവെന്നു പറയാം,1986ലാണത്. കെ.രാധാകൃഷ്ണനും വി.എസ്.സുനിൽകുമാറും പി.ബാലചന്ദ്രനുമൊക്കെ അന്നു ടോണിയുടെ സഹപാഠികളും ആത്മസഖാക്കളുമായിരുന്നു. ഇടതുരാഷ്ട്രീയത്തിലേക്ക് അവർ ടോണിയെ കയറ്റിനിർത്തി. തോറ്റ് വേരറ്റുപോയില്ല, റാങ്ക് നേടിയാണ് ടോണി കേരളവർമ വിട്ടത്. നല്ല വാക്കോതുവാൻ ത്രാണിയുള്ള കടലാസൊന്നും കൂടാതെതന്നെ ടോണിക്ക് മദ്രാസ് സർവകലാശാലയിൽ എംഫിലിനു കയറ്റം കിട്ടിയതു പിന്നത്തെ കഥ. ടോണി എഴുതിത്തുടങ്ങിയതു കഥകളാണ്.
ഡിഗ്രി പഠനകാലത്ത് ‘കലാകൗമുദി’യിൽ ആദ്യകവിത വന്നു. ‘ഒളിച്ചു പോകുവാനൊരിടവുമില്ല, വെളിപ്പെടാനുള്ള പ്രതിഭയുമില്ലെന്ന’ മട്ടിൽ ടോണി പഠിപ്പും കവിതയുമായി നടന്നു. തൃശൂർ ഗവ. ക്വാർട്ടേഴ്സിൽനിന്നു വളരെ ദൂരത്തായിരുന്നില്ല ടോണിയുടെ വീട്. എഴുതിയ കവിതകളുമായി ആറ്റൂർ രവിവർമയെയും കെ.ജി.ശങ്കരപ്പിള്ളയെയും കാണാൻ പോയി. നിരൂപകൻ ഡോ.കെ.രാഘവൻപിള്ളയും ആ അയൽപക്കത്തുണ്ടായിരുന്നു. ആറ്റൂരിന്റെയും കെജിഎസിന്റെയും വായനയും കാവ്യരുചികളും പലതെന്നു ടോണി.
‘വയസ്സു മുപ്പത്തഞ്ചായി/ വാങ്ങീ പത്തിങ്ക്റിമെന്റുകൾ/ ഉറക്കം കുറവാ,ണില്ലാ/ രുചി,കേറീ കഷണ്ടിയും’ എന്നെഴുതിയ ആറ്റൂരിനു കുറുകേ ടോണി സ്വന്തം കവിതയുമായി നിന്നു. അത് ഇങ്ങനെയാണ്. ‘മുപ്പത്തഞ്ചു വയസ്സിന്നുള്ളിൽ/ ശമ്പളവർധന പത്തുരു നേടീ / ട്ടസ്തിത്വവ്യഥ പറയുന്നോർക്കീ / യനുഭൂതികളുടെയർഥം തെളിയാ!’ പിഎച്ച്ഡിയും നെറ്റുമൊക്കെ നേടി കരാർ അധ്യാപനവുമായി ചുറ്റിത്തിരിഞ്ഞൊടുവിൽ കേസും കൂട്ടവും കഴിഞ്ഞ് 52–ാം വയസ്സിൽ മാത്രം സ്ഥിരജോലി തരമായ ഒരാൾക്കെന്ത് ഇൻക്രിമെന്റെന്ന് ടോണി കവിതയ്ക്കു പുറത്തുനിന്നു ചോദിക്കുന്നു. 2024ൽ ശ്രീശങ്കര സംസ്കൃത സർവകലാശാലയുടെ പയ്യന്നൂർ കേന്ദ്രത്തിൽനിന്നാണ് ടോണി വിരമിച്ചത്.
‘ആദർശാത്മക ജീവിതത്തോട് അകലം പാലിച്ചാണ് നടപ്പ്. രാഷ്ട്രീയകക്ഷികളും മതവും ജാതിയുമൊന്നും എനിക്കൊപ്പമില്ല.എന്നെത്തന്നെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുന്നുമുണ്ട്’– ഇതിങ്ങനെ പറയുക മാത്രമല്ല എഴുതാറുമുണ്ട് ടോണി.
‘താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്കൃതം അന്യരനുഭവിച്ചീടുകെന്നേ വരൂ’ വെന്ന് ടോണിയുടെ മനഃസാക്ഷിപറച്ചിൽ. രക്തസാക്ഷികളെക്കുറിച്ച് ഇതുവരെ കവിതയെഴുതിയിട്ടില്ലെന്നു കടുംകയ്പൻ പരിഹാസവുമുണ്ട്. ‘മരിച്ചുപോയവരെ മാന്യമായാദരിക്കുന്ന ഈ നാട്ടിൽ/ എന്റെ സാമൂഹ്യബോധത്തിന്റെ കാര്യം കഷ്ടം തന്നെ! / സനിൽദാസ്, സുബ്രഹ്മണ്യദാസ്, സുഗതൻ, ലൂയീസ്, / വർഗീസ്, രാജൻ, ഹഷ്മി,നെരൂദാ, കിംചിഹായ്,/ മയക്കോവ്സ്കി, ഹോചിമിൻ, പോൾ സെലാൻ... കെ.വേണു... മരിച്ചിട്ടില്ല,മരിക്കും.- (പൊള്ളുന്ന പനിക്കിടക്കയിൽ കിടന്ന്...)’ ‘ശിഷ്ടം’ എന്ന ടോണിക്കവിത ഇങ്ങനെ തുടരുന്നു. ‘പൊള്ളുന്ന പനിക്കിടക്ക’ വേണ്ടെന്ന് ആറ്റൂർ വടിയെടുത്തതാണ്. ശാഠ്യം ജന്മാവകാശമായ ടോണി കവിതയെ പൊളളിച്ചു തന്നെ കിടത്തി.
‘ഭാഷാപോഷിണി’യുടെ 2025 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘ജിജി’ എന്ന കവിത ടോണിയെ പനിക്കിടക്കയിലാക്കിയോ? ടോണിക്ക് ഒപ്പമോ മുൻപോ പിൻപോ എഴുതുന്ന 4 കവികൾ ടോണിയോട് ‘ജിജി’യെക്കുറിച്ച് ചോദിക്കുന്നതു കേൾക്കാം, അതിനു ടോണിയുടെ ഉത്തരവും.
എസ്.കലേഷ്: ജിജിയെ അനുകൂലിച്ചും ട്രോൾ ചെയ്തും ഉണ്ടായ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലടക്കമുള്ള കവിതവായനയെക്കുറിച്ച് എന്താണു പറയാനുള്ളത്?
ടോണി: വായന ‘കാണുകയാണ് ’ അവിടെ. വരികളിൽ ശ്രദ്ധിക്കാൻ നേരമില്ല. വായിക്കാതെ തന്നെ ലൈക്കാം. കമന്റാം. അത്രത്തോളം വായനക്കാരന്റെ ഉത്തരവാദിത്തം കുറഞ്ഞു. അത് ഉപരിപ്ലവമായി.
ലോപാമുദ്ര: വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടാകുന്ന സമൂഹമാധ്യമക്കാലത്ത് ജിജി എന്ന മതരഹിത ജെൻഡർ ന്യൂട്രൽ പേര് എവിടെ അടയാളപ്പെടുത്തുന്നു?, ജിജിക്കു പകരം മറ്റൊരു പേരായിരുന്നുവെങ്കിൽ?
ടോണി: സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട എല്ലാവരെയും ജിജി പ്രതിനിധീകരിക്കുന്നു. പെണ്ണിനെയും ദലിതരെയുമൊക്കെ. തൂണിലും തുരുമ്പിലും പുല്ലിലും പുഴുവിലും ദൈവത്തിനിരിക്കാമെങ്കിൽ ജിജിക്കും ഇരിക്കാം.
പി.രാമൻ: സാഹിത്യത്തിലെയും ജീവിതത്തിലെയും ബഹുസ്വരത ഇന്നേറക്കുറെ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ബഹുസ്വരത പറയുകയും ഇങ്ങനെ കവിതയെഴുതുന്നതിനെ പരിഹസിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് എന്താണു പറയാനുള്ളത്?
ടോണി: ജിജിയെ പരിഹസിച്ചവരിൽ ഒരാളും എന്തു കാരണം കൊണ്ടാണ് ആ പരിഹാസമെന്നു പറഞ്ഞിട്ടില്ല. ഒരു കടുത്ത വാക്കും ഇല്ലാത്ത ജിജി അവർക്കു മനസ്സിലായില്ലെന്നാണു പറയുന്നത്. ആ സംവേദനഹീനത ബഹുസ്വരതയുമായി ബന്ധപ്പെടുത്തി പറയാൻ അർഹതയുള്ളതല്ല.
മനോജ് കുറൂർ: ഇക്കാലം വരെയുള്ള കവിതകൾ സ്വാംശീകരിക്കുന്നതിലൂടെ ലഭിക്കുന്ന കാവ്യസംസ്കാരം കവികൾക്ക് ആവശ്യമെന്നു പറയാറുണ്ടല്ലോ. ഇങ്ങനെയൊരു ശീലം വായനക്കാർക്കും വേണ്ടതല്ലേ?
ടോണി: തീർച്ചയായും. മുദ്ര അറിയാത്ത ആൾക്കു കഥകളി ആസ്വദിക്കാനാവില്ല. അതുപോലെ എല്ലാ കലാസ്വാദനത്തിനും മിനിമം അനുശീലനം വേണം.