ദാസ് ഓട്ടോ: ഒരു അപൂർവ യേശുദാസ് ആരാധകൻ

Mail This Article
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
തൃശൂർ തിരൂർ സ്വദേശി വർഗീസ് പടിക്കല (75) നഗരത്തിന് ഓട്ടോക്കാരൻ വർഗീസേട്ടനാണ്. പാട്ടും പാടി ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് 50 കൊല്ലം. വർഗീസിന്റെ ഓട്ടോയിൽ കയറുന്നവർക്ക് ദാസേട്ടന്റെ നല്ല പാട്ടുകളും സുരക്ഷിത യാത്രയും ഉറപ്പ്. ദാരിദ്ര്യത്തിന്റെ വെള്ളി വീണ് പാട്ടുപഠനം പാതിയിൽ നിലച്ചെങ്കിലും പാട്ടിനൊപ്പമുള്ള വർഗീസിന്റെ സവാരി അരനൂറ്റാണ്ടു പിന്നിട്ട് ഇപ്പോഴും പാട്ടുവൈബോടു കൂടി തുടരുന്നു.
ഓട്ടോയൊരു സ്റ്റുഡിയോ
‘പാട്ടാണ് എനിക്ക് എല്ലാം. പാട്ട് ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും’. വർഗീസ് ഇതു വെറുതേ പറയുന്നതല്ല. രാവിലെ ഓട്ടോയുമായി വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ വാഹനത്തിന്റെ രേഖകൾ വയ്ക്കുന്ന അറയിൽ തന്റെ പാട്ടു പുസ്തകം കൂടി ഉണ്ടെന്ന് ഉറപ്പാക്കും. പിന്നെ പാട്ടും പരിശീലനവും ഓട്ടത്തിനിടയിലാണ്. അതിനായി ഓട്ടോയിൽ തന്നെ ചെറിയ ഒരു ഇടമുണ്ട്. അതിൽ പാട്ട് എഴുതിയ പേപ്പർ ഘടിപ്പിച്ച് വച്ച് പാടും. ‘സംഗതികൾ’ ശരിയാക്കും. ദാസേട്ടൻ പാടിയ ആയിരത്തോളം പാട്ടുകൾ ഡയറിയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട്. പരിശീലിക്കാൻ വേറെ ഇടവും മാറ്റിവയ്ക്കാൻ സമയവും ഇല്ലാത്തതിനാൽ ഓട്ടോ വർഗീസേട്ടന്റെ പരിശീലന മുറിയായി. ഓട്ടമില്ലാത്ത സമയത്ത് ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയിട്ട് പാട്ട് പാടി പരിശീലിക്കും.
മകൻ യേശുദാസ്
തൃശൂർ കേന്ദ്രീകരിച്ചുള്ള സംഗീത ട്രൂപ്പുകളിൽ അംഗമായിരുന്നു വർഗീസ്. ഏറ്റവും ഒടുവിൽ നടത്തറ വോയ്സ് ഓഫ് ഫ്രണ്ട്സിലായിരുന്നു പാടിയിരുന്നത്. പ്രായത്തിന്റെ അവശതകൾ കാരണം പഴയതു പോലെ ഗാനമേളകൾക്ക് പോകാൻ സാധിക്കുന്നില്ലെന്ന പരിഭവം മാത്രമേ ഇദ്ദേഹത്തിനുള്ളൂ. പരിപാടിക്ക് പോയില്ലെങ്കിലും പരിശീലനം മുടക്കാറില്ല. യേശുദാസിനോടുള്ള ആരാധന കാരണം മകന് യേശുദാസ് എന്നാണ് പേരിട്ടത്.
കൺകുളിർക്കെ യേശുദാസ്
യേശുദാസ് പാടിയതിൽ ‘മുത്തുമണിത്തൂവൽ തരാം, അല്ലിത്തളിരാട തരാം,’ ‘മൗനം പോലും മധുരം കോകിലെ’ തുടങ്ങിയവയൊക്കെ വർഗീസിന്റെ ഇഷ്ടപാട്ടുകളിൽ ഉൾപ്പെടുന്നു. യേശുദാസിനെ ആദ്യമായി കണ്ടതും ഇന്നലെ എന്ന പോലെ ഓർമയിൽ ഉണ്ട്. പറവട്ടാനി പള്ളിയിൽ യേശുദാസ് പാടുന്നു എന്നറിഞ്ഞ് മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു. തന്റെ മാനസഗുരുവിനെ കണ്ണും കാതും മനസ്സും കൊണ്ട് കേട്ടു. തിരൂരുകാരി അന്നമ്മയാണ് വർഗീസിന്റെ ജീവിതതാളം. വിനി എന്നൊരു മകൾ കൂടിയുണ്ട്.