ഭക്തി, കാഴ്ച, നാസിക്; ‘കോക്ടെയ്ൽ ഓഫ് എക്സ്ട്രീംസി’ലേക്ക് ഒരു യാത്ര

Mail This Article
വലുപ്പത്തിൽ നഗരമായിരിക്കുമ്പോഴും, നാലും കൂടിയ ഒരു കവലയാണു വടക്കുപടിഞ്ഞാറൻ മഹരാഷ്ട്രയിലെ നാസിക്. ഭക്തി, വീഞ്ഞ്, കൃഷി, ഐടി എന്നിങ്ങനെ പലതും സംഗമിക്കുന്ന നാൽക്കവല. രാജ്യത്തെ ഓരോ വീട്ടിലെത്തുമെന്ന സവാള മാത്രമല്ല, അതു വാങ്ങാൻ ഉപയോഗിക്കുന്ന കറൻസി നോട്ടും ഉണ്ടാകുന്നത് ഇവിടെ നിന്നാണ്. ‘കോക്ടെയ്ൽ ഓഫ് എക്സ്ട്രീംസ്’ എന്നു സഞ്ചാരികൾ നാസിക്കിനെ വിളിക്കുന്നതു വെറുതേയല്ല.

രാജ്യത്തെ കർഷകരുടെ ആദ്യത്തെ ലോങ് മാർച്ച് തുടങ്ങിയതു നാസിക്കിൽനിന്നാണ്. ലോങ് മാർച്ചിന്റെ മാത്രമല്ല, മഹാരാഷ്ട്രയിലെ കൃഷിഭൂമികളിലേക്കുള്ള ജലധമനിയുടെയും തുടക്കം ഇവിടെയാണ്. ബ്രഹ്മഗിരി മലനിരകളിൽ നിന്നുദ്ഭവിക്കുന്ന ഗോദാവരി നദിയിലും തീരത്തുമായാണു നാസിക്കിന്റെ ടൂറിസവും സംസ്കാരവുമുള്ളത്.
ഗോദാവരിയുടെ കരയിൽ
സമുദ്രനിരപ്പിൽനിന്നു 2300 അടി ഉയരത്തിലാണു നാസിക്. ഗോദാവരിയാണു നാസിക്കിന്റെ നാഡീഞരമ്പ്. ശിവനെ തപസ്സു ചെയ്തു ഗൗതമ മഹർഷിയാണ് ശിവന്റെ ജഡയിലിരുന്ന ഗോദാവരിയെ നാസിക്കിലേക്കു കൊണ്ടുവന്നതെന്നാണ് ഐതിഹ്യം. ബ്രഹ്മഗിരി മലകൾക്കു താഴെയുള്ള ത്രയംബകേശ്വര ക്ഷേത്രം ഈ ഐതിഹ്യം ഇപ്പോഴും പേറുന്നു. ഗംഗാദ്വാർ വഴി ത്രയംബകേശ്വര ക്ഷേത്രത്തിലെ കുശാവർത്ത് കുണ്ഡിലേക്കൊഴുകിയിറങ്ങിയാണു ഗോദാവരി നാടാകെ പരക്കുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവായ ശിവനാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നാരായണ നാഗബലിക്കായി കാർത്തിക, പൂർണിമ, ശിവരാത്രി ഉത്സവങ്ങളിൽ ആയിരങ്ങളെത്തുന്നു. മരിച്ചുപോയ കുടുംബാംഗങ്ങൾക്കുള്ള പുണ്യകർമവും ചെയ്ത പാപങ്ങളിൽനിന്നുള്ള മോക്ഷവും തേടിയെത്തുന്നവരാണ് ഏറെയും. തല മുണ്ഡനം ചെയ്തു കുശാവർത്ത് കുണ്ഡിൽ കുളിച്ചുകയറിയാൽ പുണ്യം നേടിയെന്നു വിശ്വാസം.

രാജ്യത്തു പ്രധാന കുംഭമേള നടക്കുന്ന നാലിടങ്ങളിൽ ഒന്നാണ് ഈ ഗോദാവരി തീരം. നാസിക്കിലെ കുംഭമേള ആദ്യം കുശാവർത്ത് കുണ്ഡിലായിരുന്നു. ശൈവരും വൈഷ്ണവരും തമ്മിലുള്ള തർക്കത്തിനൊടുവിൽ കുശാവർത്ത് കുണ്ഡ് ശൈവർക്കും പഞ്ചവടി ഘട്ടിലെ രാമകുണ്ഡ് വൈഷ്ണവർക്കുമായി സ്നാനത്തിനു നൽകി.
ഭക്തിയുടെ തണൽ വിരിച്ചു പഞ്ചവടി
കുശാവർത്ത് കുണ്ഡിൽനിന്നു താഴേക്കൊഴുകിയെത്തുന്ന ഗോദാവരിയാണു നാസിക് നഗരത്തിലെ പഞ്ചവടി ഘട്ടിലും ഭക്തർക്കു പുണ്യമാകുന്നത്. പഞ്ചവടിയെന്നാൽ ‘അഞ്ച് ആൽമരങ്ങൾ’ എന്നാണർഥം. വനവാസകാലത്തു ശ്രീരാമന്റെയും സീതയുടെയും താമസം ഇവിടെയായിരുന്നുവെന്നാണ് ഐതിഹ്യം. രാവണന്റെ സഹോദരി ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്മണൻ മുറിച്ചതും ഇവിടെ വച്ചെന്നു പറയപ്പെടുന്നു. വനവാസകാലത്തു രാമൻ കുളിച്ചതെന്നു വിശ്വസിക്കപ്പെടുന്ന കൽറാം ക്ഷേത്രം, സീത താമസിച്ച ഗുഹ എന്നിങ്ങനെ രാമായണവുമായി ചേർത്തുവായിക്കുന്നതാണ് ഇവിടെ ഓരോന്നും. രാമനും സീതയും ഇവിടെ ആരാധിക്കപ്പെടുന്നു.
കുംഭമേള നടക്കുന്ന രാമകുണ്ഡും കുശാവർത്ത് കുണ്ഡും തമ്മിൽ 25 കിലോമീറ്ററിന്റെ മാത്രം അകലം. 12 വർഷത്തിലൊരിക്കലാണു കുംഭമേള. ഇനി നടക്കുക 2027ൽ. കുംഭമേളയ്ക്കു വലിയ ഇടവേളയുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിലെ രാമനവമി രഥയാത്ര വലിയ ഉത്സവമാണ്. ഓരോ ആഘോഷവേളയിലും ഭക്തർ പൂക്കളും ദീപങ്ങളുമായി രാമകുണ്ഡിലെത്തുന്നു.

വീഞ്ഞിന്റെ തലസ്ഥാനം
ഭക്തി മാത്രമല്ല, നാസിക്കിൽ വീഞ്ഞും ലഹരിയാണ്. ഇന്ത്യയുടെ വൈൻ തലസ്ഥാനം എന്ന പേരു നാസിക്കിനാണ്. രാജ്യത്തു വിൽക്കുന്ന വൈനിൽ പകുതിയും നാസിക് മേഖലയിൽനിന്നാണ്. സഹ്യാദ്രിയും പശ്ചിമഘട്ടവും വൈൻ യാഡുകളും ചേർന്നുള്ള പച്ചപ്പാണു ചുറ്റിനും.
പ്രസിദ്ധമായ സുല വൈൻ യാഡിലേക്കു നാസിക് നഗരത്തിൽനിന്നു കഷ്ടിച്ചു 10 കിലോമീറ്റർ ദൂരമേയുള്ളൂ. സുലയുടെ ‘ചെനിൻ ബ്ലാങ്ക്’ ഉൾപ്പെടെയുള്ള മുപ്പത്തിരണ്ടിലധികം വൈൻ ബ്രാൻഡുകളിൽ രാജ്യാന്തര അവാർഡ് നേടിയവയുമുണ്ട്. രാജീവ് സാമന്ത് എന്ന യുവ വ്യവസായി അമ്മ സുലഭയുടെ പേരിൽനിന്നു കണ്ടെത്തിയ ബ്രാൻഡാണു സുല. 30 ഏക്കറിൽ തുടങ്ങിയ സുല വൈൻ യാഡ് ഇപ്പോൾ കർണാടകയിലും മഹാരാഷ്ട്രയിലുമായി 3500 ഏക്കറിലേക്കു വ്യാപിച്ചു. സുലയുടെ ആസ്ഥാനം 35 ഏക്കർ ക്യാംപസാണ്. വൈൻ ടേസ്റ്റിങ്, വൈൻ യാഡ് ടൂർ എന്നിങ്ങനെ ടൂറിസ്റ്റുകൾക്കായി അണിയിച്ചൊരുക്കിയിരിക്കുകയാണു വൈൻ യാഡ്. ജനുവരിക്കും മാർച്ചിനുമിടയിൽ എത്തിയാൽ വൈൻ നിർമിക്കുന്നതിൽ പങ്കാളികളുമാകാം. സുല ഫെസ്റ്റ് എന്ന പേരിൽ എല്ലാവർഷവും രണ്ടുദിവസം മ്യൂസിക് ഫെസ്റ്റ് ഉണ്ട്. വർഷം ഒരു കോടി ലീറ്ററാണ് ഉൽപാദനം.
സവാളയുടെ നാസിക് ബ്രാൻഡ്
ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര ചന്ത നാസിക്കിലാണ്. അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ ലസാഗോൺ മണ്ഡി. നാസിക് മേഖലയിലെ ഉള്ളിക്കു രുചിയും നിറവും ചേർന്നൊരു രസക്കൂട്ടുണ്ട്. രാവിലെ എട്ടിനു ചന്ത തുറക്കുമ്പോഴേക്കും മുന്നിലെ റോഡ് നിറഞ്ഞു സവാളയുമായെത്തുന്ന ട്രാക്ടറുകളുണ്ടാകും. ഇ ലേലമാണ്. ചന്ത നിരീക്ഷിക്കാൻ സിസിടിവി ക്യാമറകളുണ്ട്. പണ്ട് ഈ മേഖല കരിമ്പിനു പ്രസിദ്ധമായിരുന്നു. പഞ്ചസാര മില്ലുകൾ മറ്റു മേഖലകളിലേക്കു മാറിയതോടെ കരിമ്പു കൃഷിയും മാറി. പകരം വന്നതാണു സവാള. നാസിക്കിന്റെ ഏതു ദിക്കിലേക്കു യാത്ര ചെയ്താലും സവാളപ്പാടങ്ങൾ ഒരു കാഴ്ചയാണ്.
ഇന്നു നാസിക്കിലെ സവാള കൃഷിയിലെ മാത്രമല്ല, രാഷ്ട്രീയത്തിലെയും ബ്രാൻഡാണ്. ഉള്ളിവില കയറുകയും ഇറങ്ങുകയും ചെയ്യുന്നതനുസരിച്ച് ഇവിടുത്തെ രാഷ്ട്രീയം മാറിമറിയും. പരുത്തിയും പഞ്ചസാരയും എണ്ണയുമെല്ലാം നാസിക്കിലെ കർഷകർ ഉൽപാദിപ്പിക്കുന്നു.
മമ്മൂട്ടി പറഞ്ഞ കമ്മട്ടം
‘നാസിക്കിൽ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന പ്രസുണ്ടല്ലോ, കമ്മട്ടം, അതെടുത്തു കൊണ്ടുവന്നു തുലാഭാരം തൂക്കിയാലും മാരാർ ഇരിക്കുന്ന തട്ടു താണു തന്നെയിരിക്കും’– നരസിംഹം സിനിമയിൽ അഡ്വ.നന്ദഗോപാൽ മാരാറായി വേഷമിട്ട മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ്. അതെ, റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന കമ്മട്ടവും നാസിക്കിലാണ്.
1928ൽ സ്ഥാപിച്ച നാസിക്കിലെ കറൻസി നോട്ട് പ്രസ്. ബ്രിട്ടിഷുകാരുടെ കാലത്തു സ്ഥാപിച്ച പ്രസ് ഇപ്പോൾ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ്. 14 ഏക്കറിലായി പരന്നുകിടക്കുന്ന അതീവസുരക്ഷാ മേഖല. രണ്ടായിരത്തിലധികം ജീവനക്കാർ. സിഐഎസ്എഫ് സുരക്ഷ. രാജ്യത്തെ 40 ശതമാനം നോട്ടും അച്ചടിക്കുന്നത് ഇവിടെയും, സഹോദര യൂണിറ്റായ ദേവാസ് ബാങ്ക് നോട്ട് പ്രസിലുമാണ്.
നോട്ടടിക്കുന്ന പ്രസ് മാത്രമല്ല, ഇന്ത്യയിലെ കറൻസി സംവിധാനത്തിന്റെ പരിണാമം കാണിച്ചുതരുന്ന കോയിൻ മ്യൂസിയവും നാസിക്കിലാണ്. പല കാലഘട്ടത്തിലെ നാണയങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ വേർപെടുത്താനാകാത്ത വൈരുധ്യങ്ങളിലാണു നാസിക്കിന്റെ ആത്മാവ്. അവിടേക്കു ശാന്തി തേടി മാത്രമല്ല, സന്തോഷം തേടിയും സഞ്ചാരികളെത്തുന്നു.