വിവർത്തനമെന്ന രസവിദ്യ; വിവർത്തന വഴികളിലെ യാത്രകളെക്കുറിച്ച് ജയശ്രീ കളത്തിൽ

Mail This Article
എസ്.ഹരീഷിന്റെ മീശയുടെ വിവർത്തനത്തിനു ജെസിബി പുരസ്കാരം, സന്ധ്യാമേരിയുടെ മരിയ വെറും മരിയ, എൻ. പ്രഭാകരന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറി എന്നിവയുടെ മൊഴിമാറ്റത്തിനു ക്രോസ്‌വേഡ് പുരസ്കാരം, ഷീല ടോമിയുടെ വല്ലിയുടെ വിവർത്തനത്തിനു പെൻ ആൻഡ് പേപ്പർ, വി.അബ്ദുല്ല, ഫിക്കി പുരസ്കാരങ്ങൾ.
ഇവ കൂടാതെ ജെസിബി, ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവൽ, അമേരിക്കൻ ലിറ്റററി ട്രാൻസ്‌ലേറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ വിവിധ പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട വിവർത്തന കൃതികൾ – മലയാള സാഹിത്യത്തിനു കേരളത്തിനു പുറത്തു ഗൗരവവായനക്കാരെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നയാളാണ് മലപ്പുറം കോട്ടയ്ക്കലിൽ വളർന്നു ഇംഗ്ലണ്ടിൽ താമസിക്കുന്ന ജയശ്രീ കളത്തിൽ എന്ന വിവർത്തക.
‘മീശ’ എന്റെ കൃതിയാണെങ്കിൽ ‘മുസ്റ്റാഷ്’ എന്റെയും ജയശ്രീയുടെയും കൃതിയാണ് എന്ന് എഴുത്തുകാരൻ എസ്.ഹരീഷ് പറഞ്ഞതു മാത്രം മതി ഓരോ വിവർത്തനകൃതികളിലും ജയശ്രീയുടെ ആത്മാംശം എത്രയുണ്ടെന്നു മനസ്സിലാക്കാൻ. രണ്ടാമത്തെ ക്രോസ് വേഡ് പുരസ്കാര നേട്ടത്തിന്റെ പ്രഭയിൽ ജയശ്രീ മനോരമയോടു സംസാരിക്കുന്നു.
മരിയ വെറും മരിയയിലൂടെ വീണ്ടുമൊരു ക്രോസ്‌വേഡ് പുരസ്കാരം തേടിയെത്തിയിരിക്കുന്നു. പുരസ്കാരലബ്ധിയിലെ ഈ നേട്ടം എങ്ങനെയാണ് കാണുന്നത്?
അച്ഛന്റെ മരണശേഷം കുറച്ചു കാലം നാട്ടിലുണ്ടായിരുന്നപ്പോൾ ആശ്വാസത്തിനായി ഒരു നോട്ടുബുക്കിൽ വെറുതേ എഴുതിനോക്കിയതാണ് എൻ.പ്രഭാകരൻ മാഷിന്റെ ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’ എന്ന നോവെല്ലയുടെ വിവർത്തനം. പിന്നെ വേറെ നാലു നോവെല്ലകളും ചേർത്താണ് ‘ഡയറി ഓഫ് എ മലയാളി മാഡ്മാൻ’ പ്രസിദ്ധീകരിക്കുന്നത്. ആദ്യത്തെ പുസ്തകത്തിനു തന്നെ ക്രോസ്‌വേഡ് പുരസ്കാരം കിട്ടിയത് വലിയ പ്രോത്സാഹനവും പ്രചോദനവും ആയിരുന്നു. പ്രഭാകരൻ മാഷെ കൂടാതെ ആനന്ദ്, സാറാ ജോസഫ്, നാരായൻ, എം. മുകുന്ദൻ തുടങ്ങിയവരുടെ കൂട്ടത്തിലേക്കാണു മരിയയുമായി സന്ധ്യാമേരി കടന്നുവരുന്നതെന്നതിൽ വലിയ സന്തോഷമുണ്ട്.
മരിയ വിവർത്തനത്തിനു തിരഞ്ഞെടുക്കാനുള്ള കാരണമെന്തായിരുന്നു?
വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങളേ ഞാൻ വിവർത്തനം ചെയ്യാറുള്ളൂ. ‘മരിയ വെറും മരിയ’ എന്ന നോവലിനെപ്പറ്റി ആദ്യം എന്നോടു പറഞ്ഞത് എസ്.ഹരീഷാണ്. വായിച്ചപ്പോൾ കഥ, കഥ പറച്ചിൽ, ഭാഷ, രാഷ്ട്രീയം എന്നിങ്ങനെ എല്ലാംകൊണ്ടും എനിക്കതു വളരെ ഇഷ്ടപ്പെട്ടു.
മലയാളഭാഷയിൽ വിവർത്തനത്തിന് അതിനുള്ള ശരിയായ പരിഗണന ലഭിക്കുന്നുണ്ടെന്നു കരുതുന്നുണ്ടോ
മൂല്യം നിർണയിക്കുന്നത് വായനക്കാരല്ലേ? കേരളത്തിലെ മലയാളികൾ മലയാള കൃതികളുടെ വിവർത്തനങ്ങൾ വായിക്കുന്നുണ്ടാവുമോ? മലയാളത്തിൽ നിന്നുള്ള വിവർത്തനങ്ങൾ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്ത് ഇനിയും വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല. കാരണം, മലയാളത്തിൽ നിന്നുള്ള വിവർത്തനങ്ങൾ ഇന്ത്യയ്ക്കു പുറത്തു പ്രസിദ്ധീകരിക്കുന്നില്ല എന്നതുതന്നെ. ബുക്കർ പ്രൈസ് ഫൗണ്ടേഷന്റെ റിസർച് പ്രകാരം വിവർത്തനം വായിക്കുന്നവരിൽ 48 ശതമാനം 34 വയസ്സിന് താഴെയുള്ളവരാണെന്നത് വളരെയധികം പ്രതീക്ഷ നൽകുന്ന കാര്യമാണ്. വിവർത്തനം ഒരു രണ്ടാംതരം സാഹിത്യമായി ഇന്നും കാണുന്നവരുണ്ട്.
അതുകൊണ്ടുതന്നെ വിവർത്തകരെയും രണ്ടാംകിട എഴുത്തുകാരായാണ് അവർ കാണുന്നത്. എസ്. ഹരീഷിനെപ്പോലെ വിവർത്തനം എഴുത്താളും വിവർത്തകയും ഒരുമിച്ചെഴുതിയ മറ്റൊരു ഭാഷയിലെ പുതിയൊരു പുസ്തകമായി കാണുന്ന, അതു തുറന്നു പറയുന്ന എഴുത്തുകാർ വിരളമാണ്. പലപ്പോഴും വിവർത്തനം ചെയ്യുന്ന സമയത്ത് വിവർത്തക ഒരു എഡിറ്ററുടെ പണിയും ചെയ്യേണ്ടിവരും. പുസ്തകം വന്ന ശേഷം അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല, അവരുടെ പുസ്തകം ഏതോ ദിവ്യശക്തിയാൽ ഭാഷ മാറിയതാണ് എന്നു നടിക്കുന്ന എഴുത്തുകാരെയും എനിക്കറിയാം.
വിവർത്തനങ്ങളുടെ തിരക്കുകൾക്കിടയിൽ ജയശ്രീയുടേതായി ഒരു ബാലസാഹിത്യകൃതി – The Sackclothman. ആ എഴുത്ത് സംഭവിച്ചത് എങ്ങനെയായിരുന്നു?
The Sackclothman വന്നത് 2009ൽ ആണ്. 2021ൽ ബാലസാഹിത്യ പ്രസാധകരായ ഏകലവ്യ അതു പുനഃപ്രസിദ്ധീകരിച്ചു. മലയാളം (ഞാൻ തന്നെ വിവർത്തനം ചെയ്തത്), തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ വിവർത്തനം വന്നു. ഇപ്പോൾ കന്നഡയിലും ഉർദുവിലും വിവർത്തനം നടന്നുകൊണ്ടിരിക്കുന്നു. ബാലസാഹിത്യത്തിൽ പൊതുവായി കാണാത്ത കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവ കൊണ്ടുവരാനായി ‘Different Tales’ എന്ന ഒരു പ്രോജക്ടിന്റെ ഭാഗമായാണ് അതെഴുതിയത്. വിഭ്രാന്ത മനസ്സുകളുടെ ഒരു കഥ, കുട്ടികൾക്ക് വേണ്ടി.
വിഭ്രാന്ത മനസ്സുകളുടെ വിവിധ ഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന പുസ്തകങ്ങളാണ് ജയശ്രീ വിവർത്തനത്തിന് തിരഞ്ഞെടുക്കുന്നവയിൽ കൂടുതലും. വിഭ്രാന്ത മനസ്സുകളോടുള്ള ഈ താൽപര്യം ജനിക്കുന്നത് എങ്ങനെയാണ്?
'ഭ്രാന്ത്' എന്ന് നമ്മൾ പേരിട്ടു വിളിക്കുന്ന മനുഷ്യാനുഭവങ്ങളിൽ എനിക്ക് വ്യക്തിപരവും അക്കാദമിക്കും രാഷ്ട്രീയവുമായ താൽപര്യം ഒരുപാട് കാലമായി ഉണ്ട്. മനോരോഗാശുപത്രികളിൽ അടച്ചുപൂട്ടിയവരുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനായി ‘സർവൈവർ റിസർച്’ എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങിയത് ഇതിന്റെ ഭാഗമായാണ്. സാഹിത്യത്തിലും സിനിമയിലും പലപ്പോഴും ഈ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതിനിധാനങ്ങൾ തീർത്തും വിവേചനപരവും ദോഷകരവും ഭീതിജനകവുമാണ്. എം.ടി.വാസുദേവൻ നായരുടെ 'ഇരുട്ടിന്റെ ആത്മാവ്' എന്ന കഥ അല്ലെങ്കിൽ ‘തനിയാവർത്തനം’ എന്ന സിനിമ പോലെയുള്ള ഏറെ ആഘോഷിക്കപ്പെട്ട കഥകൾ പോലും ഭ്രാന്തിനെ തലമുറകളിലൂടെ പിന്തുടരുന്ന ഒരു ശാപമായി, എല്ലാം ദഹിപ്പിക്കുന്ന, ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത, എല്ലാവരാലും വെറുക്കപ്പെടുന്ന, ഭയപ്പെടുത്തുന്ന ഒരവസ്ഥയായാണ് ചിത്രീകരിച്ചിട്ടുള്ളത്.
കോട്ടയ്ക്കലിലെയും കോഴിക്കോട്ടെയും ബാല്യ, കൗമാര ജീവിതവും പഠനകാലവും ജയശ്രീ എന്ന എഴുത്തുകാരിയെ രൂപപ്പെടുത്തുന്നതിൽ എത്രമാത്രം സ്വാധീനം ചെലുത്തി?
ചെറുപ്പത്തിൽത്തന്നെ വായന ഉണ്ടായിരുന്നു. അമ്മ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കോട്ടയ്ക്കൽ കോവിലകത്ത് ഉണ്ണി അനുജൻ രാജ അമ്മയെ പഠിപ്പിച്ച മാഷായിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറിയിലിരുന്ന് വായിക്കുമായിരുന്നു. അവിടെയിരുന്നാണ് ഞാൻ എന്റെ ആദ്യത്തെ കഥ എഴുതിയത്. ഫാറൂഖ് കോളജിൽ പഠിക്കുന്ന കാലത്ത് കലാസാഹിതി എന്നൊരു കൂട്ടായ്മയുടെ ഭാഗമായിരുന്നു. അന്നൊക്കെ കവിതയായിരുന്നു കൂടുതലും എഴുതിയിരുന്നത്, മലയാളത്തിലും ഇംഗ്ലിഷിലും. വി.സി.ഹാരിസ്, ഹാഫിസ് മുഹമ്മദ് എന്നിവരൊക്കെ നല്ലപോലെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പിന്നീട്, പിഎച്ച്ഡി കാലത്ത് ഹൈദരാബാദിൽ സൂസി താരുവും. എന്റെ ആദ്യ വിവർത്തനം – സാറാ ജോസഫിന്റെ ‘ഒടുവിലത്തെ സൂര്യകാന്തി’ എന്ന കഥ വന്നത് വി.സി.ഹാരിസ് എഡിറ്റ് ചെയ്ത ഒരു കലക്‌ഷനിലാണ്.
വിവർത്തനം പോലെ രണ്ടോ അതിലധികമോ ഭാഷകളിൽ പണിയെടുക്കുന്ന ഒരാൾ തന്റെ ഭാഷയെയും ചിന്തയെയും നിരന്തരം നവീകരിച്ചും പരിഷ്കരിച്ചും മൂർച്ച കൂട്ടി നിലനിർത്തേണ്ടതുണ്ട്. ജയശ്രീ അതു നിർവഹിക്കുന്നത് എങ്ങനെയാണ്?
മലയാളം സംസാരിക്കാൻ അധികം അവസരം കിട്ടാറില്ല, വീട്ടുകാരോടും കൂട്ടുകാരോടും ഫോണിൽ സംസാരിക്കുന്നതല്ലാതെ. വായന തന്നെയാണ് ഏറ്റവും പ്രധാനം. മലയാളം പുസ്തകങ്ങൾ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ വരുത്തി വായിക്കുന്നത് പതിവാണ്. ഇംഗ്ലിഷിൽ എഴുപത്തഞ്ച് ശതമാനവും വിവർത്തന സാഹിത്യമാണ് വായിക്കുന്നത്. ഇന്ത്യൻ ഭാഷകളിൽനിന്നും ലോകഭാഷകളിൽനിന്നും. പ്രത്യേകിച്ച് ജാപ്പനീസ്, കൊറിയൻ, സ്പാനിഷ്, അറബിക് തുടങ്ങിയവ. മറ്റു ഭാഷകൾ ഇംഗ്ലിഷുമായി എങ്ങനെ സംവദിക്കുന്നു എന്നറിയാൻ ഇതൊരു നല്ല വഴിയായി തോന്നാറുണ്ട്.
ഇതുവരെ മലയാളത്തിൽ നിന്നു വിവർത്തനം ചെയ്ത കൃതികൾ പകർന്ന വായനാനുഭവം ചുരുക്കിപ്പറയാമോ?
ബഷീറിന്റെയും തകഴിയുടെയും മറ്റും കൃതികളുടെ ആദ്യകാല വിവർത്തനങ്ങളിൽനിന്ന് നമ്മൾ വളരെ മുൻപോട്ടു വന്നിട്ടുണ്ട്. വിവർത്തനം കലയായും സ്വതന്ത്രമായ ഒരു സാഹിത്യരൂപമായും കാണുന്ന, രണ്ടു ഭാഷയിലും നൈപുണ്യമുള്ള വിവർത്തകരാണ് ഇന്ന് മലയാളത്തിൽ. അതിൽ ചിലരെങ്കിലും, ഞാനുൾപ്പെടെ, ഇതൊരു പൊളിറ്റിക്കൽ ആക്റ്റിവിറ്റി ആയും കാണുന്നു. ഗീത കൃഷ്ണൻകുട്ടി, പ്രേമ ജയകുമാർ, വി.അബ്ദുല്ല തുടങ്ങിയ വിവർത്തകരുടെ കൃതികൾ വായിച്ചാണ് ഞാൻ വളർന്നത്. ഇപ്പോൾ ഇ.വി.ഫാത്തിമ, ജെ.ദേവിക, മിനിസ്തി എസ്, കാതറിൻ തങ്കമ്മ, പ്രിയ നായർ, നിഷ സൂസൻ തുടങ്ങിയവരുടെ കൂടെ ഞാനുമുണ്ടെന്നതിൽ സന്തോഷം.